sections
MORE

സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രതിവര്‍ഷം 7 ലക്ഷം വരുമാനം- ഇത് ഉണ്ണിമായാസ് സിമ്പിള്‍ സ്റ്റൈല്‍

HIGHLIGHTS
  • ഇഷ്ടമുള്ള ഒരു ഹോബി ആസ്വദിച്ചുചെയ്തു. അതിന് യൂ ട്യൂബിലെ അവസരം പ്രയോജനപ്പെടുത്തി
unnimaya
SHARE

ഉണ്ണിമായയുടെ സിമ്പിള്‍ സ്റ്റൈല്‍സ് സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 23 കാരിയായ ഈ പെണ്‍കുട്ടിയുടെ കൊച്ചുകൊച്ചു ബ്യൂട്ടി, ഹെല്‍ത്ത് ടിപ്‌സ് കാണാനും കേള്‍ക്കാനും യൂ ട്യൂബില്‍ മാത്രം എട്ട് ലക്ഷം മലയാളികളാണ് കാത്തിരിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയവയിലെ ഫാന്‍സിന്റെ കൂടി എണ്ണം എടുത്താല്‍ 10 ലക്ഷത്തിലേറെ മലയാളികള്‍ ഉണ്ണിമായാസ് സിമ്പിള്‍ സ്റ്റൈല്‍സ് ജീവിതത്തില്‍ പരീക്ഷിക്കുന്നു. സ്വന്തം വീട്ടിലെ ഒരു പെണ്‍കുട്ടി, അല്ലെങ്കില്‍ തൊട്ടടുത്ത വീട്ടിലുള്ള പെണ്‍കുട്ടി. മലയാളികള്‍ ഉണ്ണിമായയെ കാണുന്നത് അങ്ങനെയാണ്. അവളുടെ വാതോരാതെയുള്ള വര്‍ത്തമാനത്തില്‍ അവര്‍ ടിപ്‌സ് പരീക്ഷിക്കുന്നു. ഇതിലൂടെ കൊച്ചിയിലെ പാലാരിവട്ടത്തുള്ള  ഉണ്ണിമായയുടെ അക്കൗണ്ടില്‍ പ്രതിമാസം 50,000 മുതല്‍ 70,000 രൂപവരെ എത്തുന്നു. ഡോളറായിട്ട്. പ്രതിവര്‍ഷം ഇത് ഏഴ്‌ലക്ഷത്തോളം രൂപയാണ്.

'ഈ ചെറിയ പ്രായത്തില്‍ സ്വന്തമായി വരുമാനം ഉണ്ടാക്കാന്‍ കഴിയുന്നു എന്നതാണ് പല ത്രില്ലുകളില്‍ ഒന്ന്. എന്റെ വിദ്യാഭ്യാസ യോഗ്യതവെച്ച് എനിക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ വരുമാനമാണ് ഇ്‌പ്പോള്‍ കിട്ടുന്നത്. എന്റെ കാര്യങ്ങള്‍ എനിക്ക് തനിയെ നോക്കാന്‍ പറ്റുന്നു. അതുപോലെ വീട്ടുകാരെയും സഹായിക്കാന്‍ പറ്റുന്നു.' ഉണ്ണിമായ പറയുന്നു. ഈ പ്രായം എന്ന് ഉണ്ണിമായ പറയുമ്പോള്‍ വയസ് 23 ആണ് കേട്ടോ. വിദ്യാഭ്യാസ യോഗ്യത എന്നുപറയുമ്പോള്‍ ഡിഗ്രി. ഇപ്പോള്‍ കോസ്മറ്റോളജിയില്‍ ഡിപ്ലോമയ്ക്ക് പഠിക്കുന്നുമുണ്ട്.

യൂ ട്യൂബില്‍ ഉണ്ണിമായയ്ക്ക് രണ്ട് ചാനലുകളാണ് ഉള്ളത്. സിമ്പിളി മൈസ്റ്റൈല്‍ ഉണ്ണി എന്നതാണ് ആദ്യത്തേത്. ഇത് ബ്യൂട്ടി ചാനലാണ്. സ്ത്രീകളെയാണ്  പ്രധാനമായും ഈ ചാനല്‍ ലക്ഷ്യമിട്ടുള്ളത്. പുതിയ ഫാഷന്‍, ട്രന്‍ഡ്‌സ്, പ്രോഡക്ട് റിവ്യൂസ്,സ്‌കിന്‍ കെയര്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ ചാനലില്‍ കൈകാര്യം ചെയ്യുന്നു. എട്ട് ലക്ഷത്തിലേറെ വരിക്കാരുണ്ട്.

സിമ്പ്‌ളി ഉണ്ണി വ്‌ളോഗ്‌സ് എന്നതാണ് രണ്ടാമത്തെ ചാനല്‍. ഇത് ലൈഫ്‌സ്റ്റൈല്‍ വ്‌ളോഗിങ് ചാനലാണ്.

ട്രാവലിങ്, ഫുഡ് എക്‌സിപിരിമെന്റ്‌സ് തുടങ്ങിയവയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. എല്ലാർക്കും കാണുവാനും അറിയാനും താല്‍പര്യമുള്ള വിഷയങ്ങളാണ് ഇതില്‍ കൈകാര്യം ചെയ്യുന്നത്. ഈ ചാനലിന്  75,000 ലേറെ വരിക്കാരുണ്ട്.

വളരെ ചെറുപ്പത്തിലെ ഫാഷനോട് വലിയ താല്‍പര്യമായിരുന്നു ഉണ്ണിമായയ്ക്ക്. യൂ ട്യൂബാകട്ടെ ഇഷ്ടമാധ്യമവും. ഫാഷനോടുള്ള പാഷനും യൂ ടൂബിന്റെ പാക്കിങും കൂടി ചേര്‍ന്നതോടെ ഉണ്ണിമായാസ് സിമ്പിള്‍ സ്റ്റൈല്‍ പിറന്നു.

'എനിക്ക് യൂടൂബ് വളരെ ഇഷ്ടമാണ്. അതില്‍ വീഡിയോ ഉണ്ടാക്കുക എന്നത് എന്റെ ഒരു പാഷനായിരുന്നു. ഒരു വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യാന്‍ രണ്ടും മൂന്നും ദിവസം വരെ എടുക്കും. ഉള്ളടക്കത്തിനുവേണ്ട വിവരങ്ങള്‍ എടുക്കണം, അത് ഷൂട്ട് ചെയ്യണം, സ്‌ക്രിപ്റ്റ് എഴുതണം, എഡിറ്റ് ചെയ്യണം. ഇതിനെല്ലാം ഏറെ സമയവും എടുക്കുന്നു. അദ്ധ്വാനവും വേണം. എനിക്കതൊക്കെ വളരെ ഇഷ്ടമാണ്. വളരെ പാഷനേറ്റ് ആയിട്ടാണ് ഞാനത് ചെയ്യുന്നത്. യൂ ട്യൂബില്‍ ചാനല്‍ തുടങ്ങുന്നതിനു മുമ്പേ തന്നെ ഞാന്‍ ബ്യൂട്ടി എക്‌സിപിരിമെന്റ് ചെയ്യുമായിരുന്നു. വ്യത്യസ്തമായ ലുക്‌സ് ക്രിയേറ്റ് ചെയ്യുമായിരുന്നു. പുതിയ ട്രന്‍ഡ്‌സുകള്‍ നോക്കിയിരുന്നു കണ്ടുപിടിക്കുമായിരുന്നു. അതൊക്കെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ' ഉണ്ണിമായ പറയുന്നു.

ഉണ്ണിമായയെപ്പോലെ സോഷ്യല്‍ മീഡിയയില്‍ വിജയം വെട്ടിപ്പിടിക്കണം എന്നുണ്ടോ നിങ്ങള്‍ക്ക്. എങ്കില്‍ ഉണ്ണിമായയുടെ വിജയരഹസ്യങ്ങള്‍ നമുക്കൊന്നു വിശകലനം ചെയ്തുനോക്കാം. തനിക്ക് ഇത്രയും വലിയ ഒരു വിജയം നേടാന്‍ എങ്ങനെ കഴിഞ്ഞുവെന്നാണ് ഉണ്ണിമായ വിശ്വസിക്കുന്നത്. ഉണ്ണിമായ തന്നെ പറയുന്നത് കേള്‍ക്കൂ-'ആളുകള്‍ക്ക് അവരുമായി റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഉള്ളടക്കം ഉണ്ടാക്കുക. എന്താണ് ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്നത് അത് നല്‍കാന്‍ കഴിയണം. നമ്മളുണ്ടാക്കുന്ന വീഡിയോ കാണുമ്പോള്‍ ഇത് ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്ന വിവരമാണല്ലോ എന്ന കാഴ്ചക്കാര്‍ക്ക് തോന്നണം. അത്തരം ഉള്ളടക്കമാണ് ഞാന്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വീട്ടിലുള്ള ഒരാള്‍ പറഞ്ഞുതരുന്നതുപോലെ ഫീല്‍ ചെയ്യിക്കാന്‍ എനിക്ക് കഴിഞ്ഞു. അതുകൊണ്ടായിരിക്കാം എനിക്ക് ഈ രംഗത്ത് അത്തരത്തില്‍ ഒരു സ്വീകാര്യത വന്നത് എന്ന ഞാന്‍ വിശ്വസിക്കുന്നു'

എന്താണ് മറ്റു വിജയഘകങ്ങള്‍

1. ക്ഷമയോടെ കാത്തിരുന്നു, കാരണം അവള്‍ക്കിത് പാഷനായിരുന്നല്ലോ

ചാനല്‍ തുടങ്ങി വീഡിയോസ് ഇഷ്ടം പോലെ അപ് ലോഡുചെയ്യുമായിരുന്നെങ്കിലും ആദ്യമൊക്കെ കാഴ്ചക്കാര്‍ വലുതായൊന്നും  കണ്ടിരുന്നില്ല. 6-7 മാസം കഴിഞ്ഞിട്ടാണ് 1000 പേരെ വരിക്കാരായി കിട്ടിയത്. കഷ്ടപ്പെട്ട് ചെയ്തിടുന്ന വീഡിയോ ആകെ 100-150 പേര്‍ കാണും. അത്രമാത്രം. പക്ഷേ ഉണ്ണിമായ അതില്‍ നിരാശ പൂണ്ടിരുന്നില്ല.  അപ്പോഴേക്കും 45-50 വീഡിയോസ് ചെയ്ത് അപ്ലോഡ് ചെയ്തിട്ടുണ്ടായിരുന്നു. ഓരോ വീഡിയോ ഉണ്ടാക്കുമ്പോഴും നമുക്ക് ഒരു ആത്മ സംതൃപ്തി കിട്ടുമായിരുന്നു. അതുകൊണ്ടാണ് വ്യൂസിന്റെ എണ്ണം നോക്കാതെ ഞാന്‍ വീഡിയോ ചെയ്തുകൊണ്ടിരുന്നത്. ഉണ്ണിമായ പറയുന്നു.  വളരെ ഇഷ്ടത്തോടെ ചെയ്യുന്നതുകൊണ്ട് നിരാശയൊന്നും ഉണ്ണിമായയ്ക്ക് തോന്നിയിരന്നില്ല.

'വ്‌ളോഗിങിലേക്ക് വരുന്ന പുതിയ കുട്ടികള്‍ എന്നോട് എപ്പോഴും സങ്കടപ്പെടാറുണ്ട്. ഞാനെന്തിട്ടാലും അതൊന്നും ആരും കാണുന്നില്ല എന്ന്. നല്ല ക്ഷമവേണം ഈ രംഗത്ത് ജയിക്കാന്‍. നല്ല കണ്ടന്റ് ഉണ്ടാക്കാനുള്ള സമയം കണ്ടെത്തി  ഇഷ്ടത്തോടെ വീഡിയോസ് ചെയ്യണം. എന്റെ വിജയത്തിന്റെ ഒരു പ്രധാന കാരണം ഇതാണ്.' ഉണ്ണിമായ പറയുന്നു.

2. പണമുണ്ടാക്കുക എന്നത് ഒരിക്കലും ഒരു ലക്ഷ്യമായിരുന്നില്ല.

ഇഷ്ടമുള്ള ഒരു ഹോബി ആസ്വദിച്ചുചെയ്യുക. അതിന് യൂ ട്യൂബിലെ അവസരം പ്രയോജനപ്പെടുത്തി. ഉണ്ണിമായ തന്റെ ചാനലിനെ കണ്ടിരുന്നത് അങ്ങുനെയാണ്. പണം പിന്നാലെ വന്നതുമാത്രം.

പെട്ടെന്ന് പണമുണ്ടാക്കാന്‍ വേണ്ടി മാത്രം ഈ രംഗത്തേക്ക് വന്നാല്‍ വിജയിക്കണമെന്നില്ല. നമ്മുടെ ആത്മസംതൃപ്തിക്ക് ഇണങ്ങുന്നവിധം അത് ഭംഗിയാക്കുക. പണമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യവുമായി വന്നാല്‍ ഇതൊന്നും നടക്കില്ല.

3. തുടക്കം വളരെ സിമ്പിളാക്കി.

ഒരു പാട് പണം മുടക്കി  ഉപകരണങ്ങള്‍ ആദ്യമേ വാങ്ങി സാങ്കേതിക തികവ് നേടിയിട്ടൊന്നുമില്ല ഉണ്ണിമായ ചാനല്‍ തുടങ്ങിയത്.  ചാനലിന്റെ തുടക്കത്തില്‍ ആളുകള്‍ നമ്മളെ അംഗീകരിക്കുമോ എന്നൊന്നും അറിയില്ലല്ലോ. ഒരുപാട് മല്‍സരമുള്ള മേഖലയാണ്. നമ്മള്‍ വിജയിക്കാം പരാജയപ്പെടാം. തുടക്കത്തിലെ ഒരു പാട് പണം ഇതിനായി ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു എന്ന് ഉണ്ണിമായ പറയുന്നു. തുടക്കത്തില്‍ സെല്‍ഫി സ്റ്റിക് ഉപയോഗിച്ച് ഫോണിലാണ് ഉണ്ണിമായ വീഡിയോ എടുത്തിരുന്നത്. ഗ്ലാസില്‍ കല്ലിട്ട് അതില്‍ സെല്‍ഫിസ്റ്റിക് കുത്തിനിര്‍ത്തിയാണ് വീഡിയോ എടുത്തത്. ട്രൈപോട് പോലും തുടക്കത്തില്‍ ഉണ്ടായിരന്നില്ല. 'നല്ലൊരുഫോണ്‍ വാങ്ങാം. അത് അത്യാവശ്യമാണ്. വേണമെങ്കില്‍ ഒരു ട്രൈപോഡും വാങ്ങാം. ബാക്കിയൊക്കെ ചാനലില്‍ നിന്നുള്ള വരുമാനം വന്നിട്ട് വാങ്ങുന്നതാണ് ബുദ്ധി. തുടക്കത്തിലേ എച്ച്.ഡി ക്വാളിറ്റി ക്യാമറ, ലൈറ്റുകള്‍, വേണ്ട.' ഉണ്ണിമായ പറയുന്നു.

4. നന്നായി ഗൃഹപാഠം ചെയ്തു.

ചാനല്‍ തുടങ്ങും മുമ്പ് നന്നായി ഗൃഹപാഠം ചെയ്തു. സോഷ്യല്‍ മീഡിയയെക്കുറിച്ച് അടിസ്ഥാന കാര്യങ്ങളില്‍ കഴിയാവുന്നവയെല്ലാം മനസിലാക്കി.  വീഡിയോ എങ്ങനെ അപ്ലോഡ് ചെയ്യണം, ടൈറ്റില്‍ എന്ത് കൊടുക്കണം, എങ്ങനെയാണ് ഡിസ്‌ക്രിപ്ഷന്‍ നല്‍കേണ്ടത്, എങ്ങനെ നല്ല ടാഗ്‌സ് കൊടുക്കാം എന്നൊക്കെ അറിഞ്ഞു. അതിനനുസരിച്ച് പ്രവര്‍ത്തിച്ചു.  

5. ട്രന്‍ഡിന് പുറകെ പോയില്ല

ഏറ്റവും ട്രന്‍ഡിയായ വിഷയത്തിന്റെ പിന്നാലെ പോകാതെ തനിക്ക് ഇഷ്ടമുള്ള വിഷയത്തില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു ഉണ്ണിമായ. ഒരുസമയത്ത് കുക്കിങ് ആയിരുന്നു ട്രന്‍ഡ്. അപ്പോള്‍ ഒരുപാട് കുക്കിങ് ചാനലുകള്‍ വന്നു. ഇപ്പോള്‍ ബ്യൂട്ടി ആണ് ട്രന്‍ഡ്. 'ഇത്തരം വിഷയങ്ങള്‍ എടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ അത്തരം വിഷയങ്ങള്‍ ഇഷ്ടത്തോടെ ചെയ്യാന്‍ പറ്റണം. കുക്കിങ് ഇഷ്ടമുള്ള ആള്‍ കൂടുതല്‍ സാധ്യതയുള്ളതുകൊണ്ട് മാത്രം ബ്യൂട്ടി ചാനല്‍ തുടങ്ങിയാല്‍ വിജയിക്കാന്‍ കഴിയണം എന്നില്ല. 

6. വിമര്‍ശനങ്ങളില്‍ തളര്‍ന്നില്ല.

ഇത് സോഷ്യല്‍ മീഡിയയാണ്. ഇവിടെ നമ്മള്‍ക്ക്  ഒരുപാട് സ്‌നേഹം കിട്ടും. വിമര്‍ശനവും കിട്ടും. പലതരം സ്വഭാവമുള്ള ആളുകളാണ് ഇതെല്ലാം കാണുന്നത്. അവരതിനോട് പ്രതികരിക്കുന്നതും പലവിധത്തിലായിരിക്കും. 'ഓരോരുത്തരും അവരുടെ മനോഭവത്തിനനുസരിച്ച് കമന്റിടാനും സാധ്യതയുണ്ട്. അതൊക്കെ അതിന്റേതായ അര്‍ത്ഥത്തില്‍ മാത്രം കാണുവാനും നേരിടാനുമുള്ള ധൈര്യവും ഉണ്ടാകണം. ഏതു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണെങ്കിലും അതിലേക്ക് ഇറങ്ങുമ്പോള്‍ ഇക്കാര്യം കൂടി ശ്രദ്ധിക്കണം.' ഉണ്ണിമായ ചൂണ്ടിക്കാട്ടി.  

7. കാഴ്ചക്കാര്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ നല്‍കി

കാഴ്ച്ക്കാര്‍ എന്തൊക്കെ ആണ് അറിയുവാന്‍ ആഗ്രഹിക്കുന്നത് അത് നല്‍കാന്‍ എപ്പോഴും ശ്രദ്ധിച്ചു. ലഭിക്കുന്ന കമന്റുകളെയും വരുന്ന ഫോണ്‍കോളുകളെയും ഉണ്ണിമായ ഇതിനായി പ്രയോജനപ്പെടുത്തി. അവര്‍ക്ക് പ്രയോജനപ്പെടുന്ന വിഷയങ്ങള്‍ അവതരിപ്പിക്കാനും ശ്രദ്ധിച്ചു.

(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
FROM ONMANORAMA