ADVERTISEMENT

മാസവരുമാനക്കാർ പോലും അധികവരുമാനത്തിനുള്ള അവസരങ്ങൾ തേടുകയാണിപ്പോൾ. കുറഞ്ഞ മുതൽ മുടക്കിൽ വീട്ടിലുള്ളവരുടെ പിന്തുണയോടുകൂടി ചെറിയൊരു ബിസിനസ് തുടങ്ങാനുള്ള അന്വേഷണങ്ങൾ കൂടിക്കൂടി വരുന്നു.അത്തരത്തിൽ തുടങ്ങാവുന്ന ഏഴ് ചെറിയ ബിസിനസ് ആശയങ്ങളിതാ.

1. ഫ്രഞ്ച് ഫ്രൈസ്

ഏറെ പ്രചാരം േനടിവരുന്ന ഉൽപന്നമാണ് ഫ്രഞ്ച് ഫ്രൈസ്. കുടുംബ ബിസിനസായി നടത്താം. ഉരുളക്കിഴങ്ങ് നന്നായി അരിഞ്ഞ് ഉപ്പും ആവശ്യമെങ്കിൽ അൽപം മഞ്ഞൾപൊടിയും വിതറി വറുത്തെടുക്കുകയാണു ചെയ്യുന്നത്. 15,000 രൂപ മുടക്കിയാൽ അരിയുന്ന മെഷീനുകൾ ലഭിക്കും. ഒരു കവർ സീലിങ് മെഷീനും കൂടി സംഘടിപ്പിച്ചാൽ മതി. പിന്നെ വറുക്കാനുള്ള ചട്ടിയും അടുപ്പും മറ്റു സൗകര്യങ്ങളും.
തവിടെണ്ണയാണ് ഇതിനു നല്ലതെന്ന് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. ഹോട്ടലുകൾ, കോഫി ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, തട്ടുകടകൾ തുടങ്ങിയ സ്ഥലങ്ങളിൽ ധാരാളമായി വിൽക്കാൻ കഴിയും. ‘റെഡി ടു ഈറ്റ്’ എന്ന നിലയിലാണ് ഇവ ലഭിക്കുന്നത്. നന്നായി കഴുകി തൊണ്ടുപോലും കളയാതെയാണ് ഫ്രഞ്ച് ഫ്രൈ നിർമിക്കുന്നത്. വിവിധ ഫ്ലേവറുകളിലും നിർമിക്കാം. പായ്ക്കറ്റുകൾ ആകർഷകമാക്കാൻ ശ്രദ്ധിക്കണം. ഫ്രൈ ചെയ്ത ഇനങ്ങൾക്കു കിലോഗ്രാമിന് 300 രൂപ വരെയാണു വില. 30 ശതമാനത്തിനു മുകളിൽ അറ്റാദായം പ്രതീക്ഷിക്കാം.

2. ചുരണ്ടിയ േതങ്ങ പായ്ക്കറ്റ്

േകരളീയർക്ക് നാളികേരം ഒഴിവാക്കിക്കൊണ്ട് ഒരു ഭക്ഷണക്രമത്തെക്കുറിച്ചു ചിന്തിക്കാൻ കഴിയില്ല. േതങ്ങ വാങ്ങാനും പൊതിക്കാനും ഉടയ്ക്കാനും ചുരണ്ടാനും വലിയ മെനക്കേടു തന്നെയാണ്. പ്രത്യേകിച്ച് ഉദ്യോഗസ്ഥ ദമ്പതികളുടെ കുടുംബങ്ങൾക്ക്. അതുകൊണ്ടു തന്നെ നന്നായി ശോഭിക്കാവുന്ന ബിസിനസ് ആശയമാണ് ചുരണ്ടിയ നാളികേരം പായ്ക്കറ്റിലാക്കി വിൽക്കുന്നത്.
40,000 രൂപ ചെലവിൽ അര എച്ച്പി മോട്ടോർ ഘടിപ്പിച്ച േതങ്ങ ചുരണ്ടുന്ന മെഷീൻ വാങ്ങി സ്ഥാപിക്കുക. കവർ സീൽ ചെയ്യുന്ന ഒരു മെഷീനും വാങ്ങുക. എങ്ങനെ നോക്കിയാലും 60,000 രൂപയുടെ നിക്ഷേപം ഉണ്ടെങ്കിൽ ഈ ബിസിനസിലേക്ക് ഇറങ്ങാം. വീട്ടിലെ സൗകര്യങ്ങൾ വച്ചു തന്നെ ആരംഭിക്കാം. സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചു വിൽപന നടത്താം. സാധാരണ പലചരക്ക്, േബക്കറി ഷോപ്പുകൾ എന്നിവിടങ്ങളിലും വിൽക്കാം. 200 ഗ്രാമിന് 80 രൂപ വിലയുണ്ട്. അതത് ദിവസം വിൽക്കാവുന്ന രീതിയിൽ വേണം ഉൽപാദനം. ഫ്രീസറിന്റെ സഹായത്തോടെ ഒന്നോ രണ്ടോ ദിവസം സൂക്ഷിക്കുവാനും കഴിയും. ഹോൾസെയിൽ വിൽപനയിൽ 35 ശതമാനം വരെ അറ്റാദായം ലഭിക്കുന്ന ബിസിനസാണ് ഇത്.

3. മോണിങ് കിറ്റുകൾ

അടുത്തടുത്ത് വീടുകൾ ഉള്ള പ്രദേശത്തും ഫ്ലാറ്റ് സമുച്ചയങ്ങളോട് അനുബന്ധിച്ചും നന്നായി ശോഭിക്കാവുന്ന ബിസിനസാണു മോണിങ് കിറ്റുകൾ. ഒരു വീട്ടിേലക്ക് ആവശ്യമായ ഒരു ദിവസത്തെ വിഭവങ്ങൾ രാവിലെ തന്നെ ഒരു കിറ്റിലാക്കി വീടുകളിൽ എത്തിക്കുകയാണു ബിസിനസ്.
െറഡി ടു ഈറ്റ്, െറഡി ടു കുക്ക് ഇനങ്ങൾ സപ്ലൈ ചെയ്യാം. പത്രം, പാൽ, ബ്രേക്ക് ഫാസ്റ്റ്, കുടിവെള്ളം (ആവശ്യമെങ്കിൽ) പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം തുടങ്ങിയവ കിറ്റിൽ ഉൾപ്പെടുത്താം. ഓരോ വീട്ടിലേക്കും ആവശ്യമുള്ളവ കൃത്യമായി അറിഞ്ഞ് കിറ്റ് തയാറാക്കി അതിരാവിലെ വിതരണം ചെയ്യണം. 100 രൂപ മുതൽ 1,000 രൂപ വരെയുള്ള കിറ്റുകൾക്കാണ് സാധാരണ ദിവസങ്ങളിൽ സാധ്യത. പ്രത്യേക ദിവസങ്ങളിൽ അതിനനുസരിച്ച് ഓർഡർ എടുത്ത് സപ്ലൈ ചെയ്യാം.
ഒരു മൊബൈൽ ആപ്പ് വഴി ഓർഡറുകൾ സ്വീകരിച്ചും ഓൺലൈൻ േപയ്മെന്റ് സംവിധാനം ഏർപ്പെടുത്തിയും ഈ ബിസിനസ് സുഗമമാക്കാം. 20 മുതൽ 30 ശതമാനം വരെ അറ്റാദായം ലഭിക്കും. ആവശ്യമായ ഉൽപന്നങ്ങൾ ഫ്രഷായി ശേഖരിക്കാനും അവ വിതരണം ചെയ്യാനുമുള്ള സംവിധാനത്തിനു പുറമേ ടൂ വീലർ/ഫോർ വീലർ കൂടി വേണ്ടിവരാം.

4. ഗ്രീൻ ഈറ്റബിൾസ്

153556336

60 ശതമാനം വരെ അറ്റാദായം.പച്ചക്കറികൾ, ഇലകൾ എന്നിവ ഫ്രഷ് ആയി പായ്ക്ക് ചെയ്തു വിൽക്കുക എന്നതാണ് ‘ഗ്രീൻ ഈറ്റബിൾസ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിദേശരാജ്യങ്ങളിൽ മാത്രമല്ല ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും മറ്റു ഷോപ്പുകളിലും വ്യാപകമായി ഇതു കാണാം. േകരളത്തിൽ ഇത്തരം പായ്ക്കറ്റുകൾക്കുള്ള സാധ്യത ഏറിവരികയാണ്. ചീര, മുരിങ്ങയില, കാബേജ് ഇതളുകൾ, കാരറ്റ്, വെള്ളരി തുടങ്ങിയവ ക്ലീൻ ചെയ്തു തിന്നാൻ തയാർ പാകത്തിനു വിൽക്കുക എന്നതാണു ബിസിനസ്.
പ്രാദേശികമായി ഉപയോഗിക്കുന്ന മറ്റ് ഇലകളും േചർക്കാം. സുതാര്യമായ വലിയ പ്ലാസ്റ്റിക് ബോക്സുകളിലാക്കിയാണു ഗ്രീൻ ഈറ്റബിൾസ് പായ്ക്കറ്റുകൾ തയാറാക്കേണ്ടത്. ഒരു േവയിങ് ബാലൻസും അത്യാവശ്യം വേണ്ട പാത്രങ്ങളും മാത്രം മതിയാകും ബിസിനസ് തുടങ്ങാൻ. വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വീട്ടമ്മമാർക്കു തുടങ്ങാം. സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചു േവണം ഓർഡർ വാങ്ങി സപ്ലൈ ചെയ്യുവാൻ. അതത് ദിവസം വിൽക്കാവുന്ന രീതിയിലോ ഫ്രീസറിൽ വച്ച് 2–3 ദിവസം കൊണ്ട് വിൽക്കാവുന്ന രീതിയിലോ ആണ് ക്രമീകരിക്കേണ്ടത്. 60 ശതമാനം വരെ ലാഭം കിട്ടാവുന്ന ബിസിനസാണ് ഗ്രീൻ ഈറ്റബിൾസ് പായ്ക്കറ്റുകളുടേത്.

5. മുളപ്പിച്ച ധാന്യങ്ങൾ

ആരോഗ്യപ്രദമായ ഭക്ഷണം ഇന്ന് എല്ലാവരുടെയും പരിഗണനാ വിഷയമാണ്. മുളപ്പിച്ച ധാന്യങ്ങൾക്ക് ഇപ്പോൾ വലിയ സ്വീകാര്യതയുണ്ട്. കടല, പയർ, ചെറുപയർ, മുതിര മുതലായ ധാന്യങ്ങൾ ആണ് പൊതുവേ മുളപ്പിച്ചു വിറ്റുവരുന്നത്. എട്ടു മണിക്കൂർ െവള്ളത്തിൽ കുതിർത്തുവച്ച ശേഷം വാരിയെടുത്ത് അത്രയും സമയം തന്നെ പുറത്തു വയ്ക്കുന്നു. അതോടെ െചറിയ മുളകൾ വരാൻ തുടങ്ങും. ഈ സമയത്താണ് അത് പോളിത്തീൻ കവറിൽ പായ്ക്ക് ചെയ്യുന്നത്. 250 ഗ്രാം, 500 ഗ്രാം, 100 ഗ്രാം അളവുകളിൽ മുളപ്പിച്ച ധാന്യങ്ങൾ ലഭ്യമാണ്.
ഒരു േവയിങ് ബാലൻസും സീലിങ് മെഷീനും മാത്രം മതിയാകും സ്ഥിരമായി. പ്ലാസ്റ്റിക് നിരോധനം പൂർണമായാൽ തുണിസഞ്ചികളിൽ മുളപ്പിച്ച ധാന്യങ്ങൾ വിൽക്കേണ്ടതായി വരാം.. സാധാരണ വിലയെക്കാൾ ഇരട്ടിവിലയാണ് മുളപ്പിച്ച ധാന്യങ്ങൾക്കുള്ളത്. നനഞ്ഞു കുതിരുന്നതിനാൽ ഭാരം അൽപം കൂടുകയും ചെയ്യും. നന്നായി ക്ലീൻ ചെയ്തു േവണം ധാന്യങ്ങൾ ഉപയോഗിക്കുവാൻ. സൂപ്പർ മാർക്കറ്റുകളിലും പലചരക്ക്, പച്ചക്കറി ഷോപ്പുകളിലും ഇവ നന്നായി വിൽക്കാവുന്നതാണ്. 50 ശതമാനത്തിനു മുകളിൽ അറ്റാദായം പ്രതീക്ഷിക്കാം.

6. ചക്ക വരട്ടിയത്

ചക്ക ഉപയോഗിച്ച് ഒട്ടേറെ ഉൽപന്നങ്ങൾ വ്യാവസായികമായി ഉണ്ടാക്കി വിൽക്കാൻ കഴിയും. വലിയ സാങ്കേതികപ്രശ്നങ്ങൾ ഇല്ലാതെ നന്നായി നിർമിക്കാനും വിൽക്കാനും കഴിയുന്ന ഒരു മികച്ച ഉൽപന്നമാണ് ചക്ക വരട്ടിയത് അല്ലെങ്കിൽ ചക്ക പൾപ്പ്. പഴുത്ത ചക്കയുടെ ചുളകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
വരിക്കച്ചക്കയാണെങ്കിൽ നന്നായി അരിഞ്ഞ് കുക്കറിൽ ഇട്ടശേഷം 15 മിനിറ്റ് വേവിക്കണം. പഴച്ചക്ക (കൂഴച്ചക്ക) യാണ് കൂടുതൽ ഉത്തമം. അത് ഇങ്ങനെ വേവിക്കേണ്ടതില്ല. ഇപ്രകാരമുള്ള പൾപ്പ് േപരിന് സിട്രിക് ആസിഡും േചർത്ത് ഉരുളിയിൽ ഇട്ട് അടുപ്പത്തു വച്ച് ജലാംശം പോകുന്നതുവരെ ഇളക്കി തീ കെടുത്തി, ചൂടാറിയശേഷം ഭരണിയിലോ കണ്ടെയ്നർ ബോക്സുകളിലോ പായ്ക്ക് ചെയ്തു വിൽക്കുകയാണു േവണ്ടത്. ചക്ക വരട്ടിയതിന് വലിയ വ്യാവസായിക പ്രാധാന്യമുണ്ട്.
ഒട്ടേറെ ചക്ക അധിഷ്ഠിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത് ഇതാണ്. ചക്ക അട, ചക്ക ഹൽവ, ചക്ക കേക്ക്, ചക്ക ഐസ്ക്രീം തുടങ്ങി വിവിധതരം ചക്ക ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ഈ വരട്ടിയത് ആവശ്യമാണ്,. അതുകൊണ്ടുതന്നെ ചക്കവരട്ടിക്ക് വലിയ ഡിമാൻഡ് ഉണ്ട്. േബക്കറി നിർമാതാക്കൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നന്നായി വിറ്റുപോകും. ഉരുളിയും അടുപ്പും കുക്കറും മതിയാകും സംരംഭത്തിന്. മറ്റ് കാര്യമായ നിക്ഷേപം ആവശ്യമില്ല. 50 ശതമാനം വരെ അറ്റാദായം പ്രതീക്ഷിക്കാവുന്ന ബിസിനസാണ് ഇത്.

7. ഉണക്കിയ ഏത്തപ്പഴം

േകരളത്തിൽ സുലഭമായുള്ള ഏത്തപ്പഴം അരിഞ്ഞ് ഡ്രയറിന്റെ സഹായത്തോടെ ഉണക്കി പായ്ക്കറ്റിലാക്കി വിൽക്കാം. ജലാംശം കുറഞ്ഞ നാടൻ ഏത്തപ്പഴമാണ് അനുയോജ്യം. പുറത്തുനിന്നു വരുന്ന ഏത്തപ്പഴത്തിൽ ജലാംശം കൂടുതലായതിനാൽ വരുമാനം കുറവായിരിക്കും. അധികം പഴുക്കാത്ത ഏത്തപ്പഴമാണ് ഉപയോഗിക്കേണ്ടത്. ഏത്തപ്പഴം തൊലി പൊളിച്ച് അരിഞ്ഞ് പഞ്ചസാര ലായനിയിൽ മുക്കിയോ അല്ലാതെയോ ഡ്രയറിൽ ഉണക്കാം.
ജലാംശം പൂർണമായും പോയശേഷം ചൂടാറി കഴിയുമ്പോൾ പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ പായ്ക്ക് ചെയ്തു വിൽക്കുന്നു. ഒരു ലക്ഷം രൂപ മുതൽ വിലയുള്ള ഡ്രയറുകൾ ലഭിക്കുന്നുണ്ട്. കുറച്ച് സ്റ്റെയിൻലെസ് സ്റ്റീൽ ട്രേകളും ആവശ്യമായി വരും. ചായയ്ക്കുള്ള കടിയായും കുട്ടികൾക്കുള്ള ആഹാരമായും ഇതിന് ഉപയോഗമുണ്ട്. വിദേശത്തും വലിയ സാധ്യതയാണ്. സൂപ്പർ മാർക്കറ്റുകളും േബക്കറിഷോപ്പുകളും വഴിയാണ് പ്രധാന വിൽപന. 40 ശതമാനം വരെ അറ്റാദായം ലഭിക്കുന്ന ലളിതമായി ചെയ്യാവുന്ന ബിസിനസാണ് ഇത്. ഇതിലെ ഡ്രയർ സംവിധാനം ഉപയോഗിച്ച് പപ്പായ, ൈപനാപ്പിൾ, ചക്ക തുടങ്ങിയ പഴങ്ങളും ഉണക്കി വിൽക്കാം.

English Summery:Small Business Ideas



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com