ADVERTISEMENT

വളരെ ചെറിയൊരു ബിസിനസ് സ്ഥാപനമാണു ലക്ഷ്മിയുടേത്. എംഎസ്ജി ലക്ഷ്യ ഓർണമെന്റൽ സ്റ്റുഡിയോ ആൻഡ് ഫാബ് എന്ന ഈ സ്ഥാപനം തൃശൂരിലാണ്. ജ്വല്ലറി വർ‌ക്ക്, സാരി ഡിസൈനിങ് എന്നിവയാണു പ്രവർത്തനമേഖല. എത്തിനിക് ജ്വല്ലറി, ബീഡ്സ് ജ്വല്ലറി, ട്രൈബൽ ജ്വല്ലറി, ടെറാക്കോട്ട, ത്രെഡ് ഐറ്റംസ്, ഫാൻസി ആഭരണങ്ങൾ എന്നിവയാണ് നിർമിച്ചു വിൽക്കുന്നത്. ഇതോടൊപ്പം സാരി ഡിസൈനിങ്, കുർത്തകളുടെ നിർമാണം, തുണിയിൽ തീർക്കുന്ന കസ്റ്റമൈസ്ഡ‍് ഉൽപന്നങ്ങളുടെ നിർമാണം എന്നിവയും ഉണ്ട്. 

മനസ്സിനു സന്തോഷം തരുന്നതും എന്നാൽ ഒരു ബിസിനസായി കൊണ്ടുപോകാവുന്നതുമായ സംരംഭം എന്ന നിലയിലാണു ലക്ഷ്മി ഈ രംഗത്തേക്ക് എത്തുന്നത്. കൂടാതെ ഡിസൈനിങ്ങിലുള്ള ആത്മവിശ്വാസവും പ്രചോദനമായി. വീട്ടിൽ അമ്മ മൃദുല, ഇത്തരം ആഭരണങ്ങൾ നിർമിക്കുന്നതു കണ്ടിട്ടുണ്ട്. കൈ കൊണ്ടു െചയ്യുന്ന ആർട്ട് വർക്കുകളോട് ഈ യുവസംരംഭകയ്ക്ക് എന്നും വലിയ താൽപര്യമായിരുന്നു. 

അസംസ്കൃത വസ്തുക്കൾ

മുത്തുകൾ, ചരട്, മാല കെട്ടുന്ന കമ്പികൾ, കൊളുത്തുകൾ, ജ്വല്ലറി ലോക്കറ്റുകൾ എന്നിവയാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. െബംഗളൂരു, ൈഹദരാബാദ്, ജയ്പുർ എന്നിവിടങ്ങളിലെ സ്വകാര്യ കമ്പനികളിൽനിന്നുമാണ് ഇവയെല്ലാം വാങ്ങുന്നത്. സ്ഥാപനം തുടങ്ങിയിട്ട് ഇപ്പോൾ മൂന്നു വർഷമായി. നേരിട്ടു പോയി ഓർഡർ നൽകുകയാണു പതിവ്. സാധനങ്ങൾ ഇവിടെ എത്തിച്ചുതരും. 

നൂറു രൂപ മുതൽ 1,000 രൂപ വരെ ചെലവു വരുന്ന മാലകൾ ഉണ്ടാക്കുന്നുണ്ട്. ഒരു മുത്തുമാലയ്ക്ക് ശരാശരി 30–80 മുത്തുകൾ വരെ േവണ്ടി‌വരാം. മുന്തിയതരം മുത്തുകൾ ഉപയോഗിക്കുമ്പോൾ 1,500 രൂപ വരെ വില കിട്ടും. തുണിത്തരങ്ങളിൽ ജയ്പുർ, കൊൽക്കത്ത സാരികളാണ് മുഖ്യമായും വാങ്ങുന്നത്. ഇതെല്ലാം പ്രാദേശിക കച്ചവടക്കാർ എത്തിച്ചു തരും. അസംസ്കൃത വസ്തുക്കൾ എല്ലാം സുലഭമായി ലഭിക്കുന്നുവെന്നത് സഹായകരമാണെന്ന് ലക്ഷ്മി പറയുന്നു. 

എക്സിബിഷനുകളും ഓൺലൈനും

കോവിഡ് നാളുകൾ തുടങ്ങുന്നതു വരെ പ്രധാനമായും എക്സിബിഷനുകൾ വഴിയായിരുന്നു കച്ചവടം. തുടക്കവും ഇതിലൂടെയായിരുന്നു. മിക്കവാറും എക്സിബിഷനുകളിൽ പങ്കെടുക്കുന്നതിനു വാടക നൽകണം. എങ്കിലും പ്രദർശനങ്ങളിലൂടെ ധാരാളം സ്ഥിരം കസ്റ്റമേഴ്സിനെ ലഭിച്ചു.

ഫെയ്സ് ബുക്, യൂട്യൂബ്, വാട്സ് ആപ് തുടങ്ങിയ നവമാധ്യമങ്ങൾ ഇപ്പോൾ നന്നായി ഉപയോഗപ്പെടുത്തുക വഴി ഓൺലൈൻ വ്യാപാരവും മികച്ചരീതിയിൽ നടക്കുന്നുണ്ട്. ഫോട്ടോഗ്രാഫുകളും ൈലവ് വിഡിയോകളും നൽകിയാണ് ഓർഡറുകൾ പിടിക്കുക. രൊക്കം പണം വാങ്ങിയാണ് കച്ചവടമെല്ലാം. ഓൺലൈനിലാണെങ്കിൽ ആദ്യം പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു തരും. പിന്നാലെ ഉൽപന്നം അയയ്ക്കുന്നു. കാഷ് ഓൺ ഡെലിവറി ഇല്ല. സ്ഥിരം ഉപഭോക്താക്കൾക്ക് അത്യാവശ്യം ക്രെഡിറ്റ് സൗകര്യം നൽകുന്നുവെന്നു മാത്രം. 

വിജയത്തിനു പിന്നിലെ രഹസ്യങ്ങൾ

∙ നിരന്തരമായി പുതുമകൾ കൊണ്ടുവരുന്നു, സ്വന്തം നിലയിൽ ഡിസൈൻ ചെയ്യുന്നു.

∙ പച്ചനിറത്തിലുള്ള സാരിക്ക് പച്ചനിറത്തിലുള്ള മാല എന്നതുപോലെ മാച്ചിങ്ങുകൾ പരീക്ഷിക്കുന്നു. 

∙ ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ ആഭരണങ്ങൾ 10 മിനിറ്റിനുള്ളിൽ നിർമിച്ചു നൽകാൻ കഴിയും. 

∙ ആകർഷകമായ കോംബോ ഓഫറുകൾ, ഒപ്പം വിപണി വിലയിലും കുറഞ്ഞ വില.

∙ ആഭരണങ്ങൾ തുടർച്ചയായി ഉപയോഗിക്കാവുന്ന തരത്തിൽ ഗുണനിലവാരത്തോടെ നൽകുന്നു. 

∙ സാരികൾ ആകർഷകമായി ഡിസൈൻ ചെയ്യാനുള്ള കഴിവ്.

മെഷിനറികൾ വേണ്ടാത്ത ബിസിനസ്

കാര്യമായ മെഷിനറികൾ ഒന്നും ആവശ്യമില്ല. ഒരു തയ്യൽ മെഷീൻ മാത്രമാണുള്ളത്. ലക്ഷ്മിക്കൊപ്പം ഒരു സഹായിയും ഉണ്ട്. സിഎ കോഴ്സ് ചെയ്യുന്ന സഹോദരൻ ഗൗതം കൃഷ്ണയും ബിസിനസിൽ സഹായത്തിനെത്തും. തുണിത്തരങ്ങളിലെ ഹാൻഡ് എംബ്രോയിഡറി ജോലികൾ പുറത്തു കൊടുത്താണ് ചെയ്യിക്കുന്നത്. സംരംഭത്തിനായി വ്യക്തിഗത വായ്പകൾ മാത്രമാണ് എടുത്തിട്ടുള്ളത്. ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് എന്നിവ ഐശ്ചിക വിഷയമായെടുത്ത എംബിഎ ബിരുദധാരിയാണ് ലക്ഷ്മി. സ്ഥിരമായി മാനേജ്മെന്റ്–പേഴ്സനാലിറ്റി ക്ലാസുകളും ൈകകാര്യം ചെയ്യുന്നു. ബിസിനസിനെയും ജീവിതത്തെയും രണ്ടായി കാണാൻ ആഗ്രഹിക്കാത്ത ഈ പെൺകുട്ടി അത് എക്കാലവും അങ്ങനെ ആകാനുള്ള വഴി കൂടിയാണ് ഇതിലൂടെ തേടുന്നത്.

പുതുസംരംഭകരോട്

കാര്യമായ മുടക്കുമുതലൊന്നും ഇല്ലാതെ തുടങ്ങാവുന്ന ബിസിനസാണിത്. ഈ മേഖലയിൽ ധാരാളം അവസരങ്ങൾ ഉണ്ട്. രണ്ടു ലക്ഷം രൂപ മുടക്കിയാൽ സ്വന്തം നിലയിൽ ഡിസൈൻഡ് ജ്വല്ലറി ആഭരണങ്ങൾ എന്ന ബിസിനസിലേക്കു കടക്കാം. ഒരാൾക്കെങ്കിലും ജോലിയും നൽകാനാകും. വിൽപനയ്ക്കനുസരിച്ച്  പ്രതിമാസം 50,000 രൂപ  വരുമാനം പ്രതീക്ഷിക്കാവുന്നതാണ്. 

English Summery: Attractive Income through Ornament Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com