ADVERTISEMENT

വീടെന്ന സ്വപ്നം പൂർത്തിയാക്കിയ പുറകെ അവശേഷിക്കുന്ന നിർമാണ സാമഗ്രികൾ പ്രയോജനപ്പെടുത്തി വീടിനോടു ചേർന്നു തുടങ്ങിയ മത്സ്യക്കൃഷി ഒരു പ്രവാസിയുടെ ജീവനോപാധിയായി മാറിയതെങ്ങനെ എന്നറിയാം.

എറണാകുളം ജില്ലയിലെ മുളന്തുരുത്തിക്കടുത്ത് പുളിക്കമാലിയിലാണ് ജോർജ് തോമസിന്റെ വീട്. അവിടേക്കെത്തുമ്പോൾ സമീപ പുരയിടങ്ങളിലെല്ലാം വളർന്നു പന്തലിച്ച റബർ മരങ്ങൾ കാണാം. എന്നാൽ ഇദ്ദേഹത്തിന്റെ 26 സെന്റ് വരുന്ന പുരയിടത്തിൽ വീടൊഴികെയുള്ള ഭാഗങ്ങളിൽ കുറ്റിമുല്ലയും പയറും പച്ചക്കറികളുമാണ് തളിർത്തു വളർന്നു നിൽക്കുന്നത്. അതോടൊപ്പം വീടിന്റെ വലതുവശത്തായി ഏകദേശം അഞ്ച് സെന്റോളം വരുന്ന സ്ഥലത്ത് മഴമറയ്ക്കു കീഴെ മത്സ്യക്കൃഷിയും.

വളരെ അവിചാരിതമായാണ് മത്സ്യക്കൃഷിയിലേക്ക് വരുന്നത്.– ജോർജ് തന്റെ വിജയ കഥ പറഞ്ഞു തുടങ്ങി. 

‘‘ഇവിടെ സ്ഥലം വാങ്ങി വീടുപണി തുടങ്ങിയപ്പോൾ ഭിത്തി പണിയാനുള്ള വെട്ടുകല്ല് മുഴുവൻ പുരയിടത്തിൽനിന്നു തന്നെയാണ് വെട്ടിയെടുത്തത്. സ്വാഭാവികമായും കല്ലുവെട്ടിയെടുത്ത ഭാഗം ദീർഘ ചതുരത്തിലുള്ള ഒരു കുഴിയായി അവശേഷിച്ചു. 

വീടുപണി കഴിഞ്ഞ് അവശേഷിച്ച സാമഗ്രികളൊക്കെ ഉപയോഗിച്ച് അവിടെ ഒരു നീന്തൽ കുളം നിർമിക്കാമെന്നു കരുതി. അത് ഏകദേശം പൂർത്തിയാക്കി വെള്ളം നിറച്ചെങ്കിലും പായലിന്റെ പച്ചപ്പു പോകാതെ വന്നു. ആ സമയത്താണ് മത്സ്യക്കൃഷി എന്നൊരു ആശയം വന്നത്. എന്നാൽ പിന്നെ ആ വഴി നോക്കാമെന്നായി.’’

ഈ ആശയവുമായി കൊച്ചിയിൽ ഹൈക്കോർട്ടിനു സമീപം സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഫിഷ് ഫാർമേഴ്സ് ഡവലപ്മെന്റ് ഏജൻസി (എഫ്എഫ്ഡിഎ) യെയാണ് ജോർജ് സമീപിച്ചത്. 

‘‘വളരെ മികച്ച സമീപനമായിരുന്നു അവിടെ നിന്നു ലഭിച്ചത്. മത്സ്യക്കൃഷി വ്യാവസായിക അടിസ്ഥാനത്തിൽ എങ്ങനെ ചെയ്യണമെന്നും അതിനു വേണ്ട തയാറെടുപ്പുകളും ലൈസൻസുകളും സഹായപദ്ധതികളും എന്തൊക്കെയെന്നും അവിടെനിന്നു മനസ്സിലാക്കാനായി. അവർ തന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വല്ലാർപാടത്തെ മറൈൻ പ്രോഡക്ട് എക്സ്പോർട്സ് ഡവലപ്മെന്റ് അതോറിറ്റി (എംപിഇഡിഎ) യെ സമീപിച്ച് 100 ഗിഫ്റ്റ് തിലാപ്പിയ കു‍ഞ്ഞുങ്ങളെ 10 രൂപ വില വച്ച് വാങ്ങി കുളത്തിൽ നിക്ഷേപിച്ചു. അങ്ങനെയായിരുന്നു തുടക്കം.’’ ജോർജ് പറയുന്നു. 

തുടക്കം ലളിതമായി

തുടക്കമെന്ന നിലയിൽ പല കാര്യങ്ങളിലും പരിമിതികളും അറിവില്ലായ്മയും ഉണ്ടായിരുന്നുവെങ്കിലും 70–80 ശതമാനം മീനുകൾക്കും നല്ല വലുപ്പവും വളർച്ചയും കിട്ടി. അതിലേറെ രുചികരവുമായിരുന്നു. അതോടെയാണ് ബാക്കിയുള്ള സ്ഥലവും മത്സ്യക്കൃഷിക്ക് ഒരുക്കിയെടുത്തതും ഒരു ഉപജീവനമാർഗമെന്ന നിലയിൽ ഇതുമായി മുന്നോട്ടു പോകാനും ഈ സംരംഭകൻ തയാറായത്. ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽത്തന്നെ നിൽക്കാം എന്ന തീരുമാനവും അതോടൊപ്പം ഉണ്ടായി. 

കുളത്തിന്റെ നിർമാണം പൂർത്തിയായ മുറയ്ക്ക് എഫ്എഫ്ഡിഎയെ സമീപിച്ച് മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട പദ്ധതിയിൽ ചേരുന്നതിനു സന്നദ്ധത അറിയിച്ചു. എംപിഇഡിഎയിൽ നിന്നും മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങാനുള്ള അനുവാദവും ലഭിച്ചു. ഫിഷറീസ് വകുപ്പിന്റെ ബ്ലൂ റെവലൂഷൻ പദ്ധതിയിൽപ്പെടുത്തി ‘അമൃത് അക്വാഫാം’ എന്ന പേരിലാണ് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ആറു ലക്ഷം രൂപ മുതൽമുടക്കുള്ള പദ്ധതിയിൽ 40 ശതമാനം തുക സബ്സിഡിയായി ലഭിച്ചു. 

മത്സ്യക്കൃഷിയിൽ തൽപരരായവർക്ക് ഇപ്പോഴും ആ സ്കീം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജോർജ് പറയുന്നു. പദ്ധതിയുടെ ഭാഗമായി 4000 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. എന്നാൽ വളർച്ചയുടെ ആദ്യ ഘട്ടത്തിൽ കൃത്യമായ പരിചരണമൊന്നും സാധിച്ചില്ല. കുറെയേറെ ചത്തു പോയെങ്കിലും നഷ്ടം വന്നില്ല. അടുത്ത തവണയായപ്പോൾ ആ പ്രശ്നങ്ങളെല്ലാം പരിഹരിക്കുകയും നല്ല ലാഭം കിട്ടുകയും ചെയ്തു. ഇപ്പോൾ 10,000 മത്സക്കു‍ഞ്ഞുങ്ങളെ നിക്ഷേപിക്കാനും വളർത്താനുമുള്ള സംവിധാനം 5 സെന്റ് സ്ഥലത്ത് ഈ മത്സ്യകർഷകൻ ഒരുക്കിയിരിക്കുന്നു. 

വീടിനോട് തൊട്ടുചേർന്നാണ് മത്സ്യക്കുളമെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ദുർഗന്ധമോ മറ്റു പ്രശ്നങ്ങളോ ഇല്ല. അയൽപക്കത്തും വീടുകളുണ്ട്. കുളത്തിൽ അടിഞ്ഞു കൂടുന്ന സ്ലറി ഉപയോഗിച്ച് മത്സ്യതീറ്റയായ അസോള കൃഷി ചെയ്യുന്നതിനൊപ്പം അക്വാപോണിക്സ് സംവിധാനത്തിലൂടെ കുറ്റിമുല്ലകൾക്കും പച്ചക്കറികൾക്കും വളമായും പ്രയോജനപ്പെടുത്തുന്നു. 

‘‘മികച്ച വിളവു തരുന്ന ഗിഫ്റ്റ് തിലാപ്പിയ, ഗൗര, നട്ടർ തുടങ്ങി ഒട്ടേറെ ഇനങ്ങളുണ്ട്. മികച്ച സീഡ് തന്നെ ഉപയോഗിക്കണം. ഒരു വർഷം രണ്ടു ബാച്ചിലായി 8,000 കിലോ മത്സ്യം ഞങ്ങൾ ഉൽപാദിപ്പിക്കുന്നു.   

കിലോയ്ക്ക് 225 രൂപ വില വച്ചു കണക്കാക്കിയാൽ ഏകദേശം 18 ലക്ഷം രൂപയുടെ വിറ്റുവരവ്. അതിൽ മത്സ്യക്കുഞ്ഞുങ്ങളുടെ വിലയും തീറ്റയും അനുബന്ധ ചെലവുകളുമെല്ലാം കൂട്ടിയാൽ ഏകദേശം 50 ശതമാനം വരും. ബാക്കി ലാഭമാണ്. 

കുറച്ചു കൂടി വിപുലമായി ചെയ്താൽ ഈ 5 സെന്റ് സ്ഥലത്തെ മത്സ്യക്കൃഷി കൊണ്ട് മാസം ഒരു ലക്ഷം രൂപ അറ്റാദായം ഉണ്ടാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.’’ 

വീട്ടിൽ തുടങ്ങിയത് നന്നായി

‘‘കൃത്യമായ നിരീക്ഷണവും മേൽനോട്ടവും മത്സ്യക്കൃഷിക്കു വേണം. അതുകൊണ്ട് വീടിനോടു ചേർന്നു തുടങ്ങിയതു നന്നായി. കുളത്തിലെ എയറേഷൻ വളരെ പ്രധാനമാണ്. അതു കൂടുതൽ നേരം നിലയ്ക്കാതെ ശ്രദ്ധിക്കണം. രാത്രി ഇടയ്ക്കെപ്പോഴെങ്കിലും എഴുന്നേറ്റാൽ കുളത്തിലേക്കൊന്നു ടോർച്ചടിച്ചു നോക്കാം. അതുപോലെ വീട്ടിലെ പച്ചക്കറി കൃഷികൾക്കും മറ്റും മീൻകുളത്തിലെ സ്ലറി വളമായി പ്രയോജനപ്പെടുത്താനും കഴിയുന്നു. 

മീനുകൾക്കു വരാവുന്ന രോഗങ്ങളും അതിനുള്ള മരുന്നുകളും വെള്ളത്തിന്റെ പിഎച്ച് നിലയും മറ്റും ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തരം കാര്യങ്ങളിൽ ഉപദേശം തരുന്ന വാട്സാപ്പ് ഗ്രൂപ്പുകളും യൂട്യൂബ് ചാനലുകളും ഏറെയുണ്ട്. ചെറിയ രീതിയിൽ തുടങ്ങി വിപുലപ്പെടുത്തി കൊണ്ടുവരുന്നതാകും നല്ലത്.’’

English Summery: Success Story of a Fish Farmer

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com