ADVERTISEMENT

ഒരു പണിയുമില്ലാത്തവർക്ക് സമയവും പണവും കളയാനുള്ള മാർഗമെന്ന് ഓഹരിയെ ആക്ഷേപിക്കുന്നവരുണ്ട്. കിട്ടുന്നതിലേറെ പോയവരുടെ കഥയാണ് പലർക്കും പറയാനുള്ളത്. മദ്യവും മയക്കുമരുന്നും പോലെ ഓഹരി നിക്ഷേപത്തിൽ ലഹരി കണ്ടെത്തി കിടപ്പാടം വരെ വിറ്റുതുലച്ചവരുമുണ്ട്. ഇത്തരക്കാർക്കിടയിൽ വ്യത്യസ്തനായി ക്ഷമയും കൂർമതയും കൊണ്ട് ഓഹരി വിപണിയിൽ നിന്നു സ്ഥിരവരുമാനം നേടുന്ന വ്യക്തിയാണ് എംടെക്കുകാരനായ ആർ. പ്രദീഷ്.

ഓഹരിയുടെ വഴിയിൽ

കോളജ് കാലത്ത് ഞാനൊരു ഇന്‍വെസ്റ്ററായിരുന്നുവെന്നു വേണം പറയാൻ. കൂട്ടുകാരോടൊപ്പമുള്ള സൗഹൃദസദസ്സുകളിൽ നിന്നു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കിട്ടുന്ന പോക്കറ്റ് മണിയിലൊരു ഭാഗം കൊണ്ട് നല്ല കമ്പനികളെന്നു തോന്നുന്നവയുടെ ഓഹരി വാങ്ങുമായിരുന്നു. എന്നിട്ട് അതിന്റെ പ്രൈസ് മൂവ്മെന്റ് ഒക്കെ സശ്രദ്ധം നിരീക്ഷിക്കും. കമ്പനി ഹിസ്റ്ററി പഠിക്കും. നമ്മുടെ പണം എങ്ങനെ വളരുന്നുവെന്ന് അറിയാനുള്ള ഒരു ജിജ്ഞാസയായിരുന്നു അന്നുണ്ടായിരുന്നത്. ഓഹരിയുടെ വഴിയിലേക്കെത്തിയത് എങ്ങനെയെന്ന് പ്രദീഷ് പറയുകയാണ്.

ഫുൾ ടൈം ട്രേഡർ

പിന്നീട് സ്വയം തുടങ്ങിവച്ചതാണ് ട്രേഡിങ്. പുസ്തകങ്ങളും മറ്റും വായിച്ചുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. സ്വദേശമായ തിരുവനന്തപുരത്തിനടുത്ത് മാർത്താണ്ഡത്ത് അന്ന് ഓഹരി നിക്ഷേപം അധികമാർക്കും പരിചയമില്ലായിരുന്നു. പിന്നീട് കോളജിൽ അധ്യാപകനായി ചേർന്നപ്പോഴും ട്രേഡിങ് കൈവിട്ടില്ല. അധികവരുമാനത്തിനുള്ള ഒരു മാർഗമായി അതിനെ കണ്ടു. ഓഹരി വിപണിയുമായുള്ള ബന്ധം നിലനിർത്താനും അതേറെ സഹായിച്ചിരുന്നു. ജോലിയിൽനിന്നു കിട്ടുന്ന സാലറി ട്രേഡിങ്ങിലൂടെ ഉണ്ടാക്കാമെന്ന ധൈര്യം വന്നപ്പോഴാണ് ജോലി വിട്ടു ഫുൾ ടൈം ആയത്.

ഇപ്പോൾ ട്രേഡിങ്ങിലൂടെ കിട്ടുന്ന ലാഭത്തിൽ ഒരു ഭാഗം നല്ല കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യാമെന്ന സ്ഥിതിയും ആയിട്ടുണ്ട്. ഓഹരിയിൽ ക്ഷമയോടെ നേടിയ വിജയത്തെക്കുറിച്ച് പ്രദീഷിന്റെ വാക്കുകൾ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാവിലെ ട്രേഡിങ് തുടങ്ങുന്നതിനു കുറച്ചു മുൻപ്, ഏകദേശം ഒരു മണിക്കൂർ സമയം പ്രദീഷ് സിസ്റ്റത്തിനു മുൻപിൽ ചെലവഴിക്കും. തലേന്നു വിപണി ക്ലോസ് ചെയ്തശേഷം നടത്തിയ പ്ലാനിങ്, ഇന്നത്തേക്കു വേണ്ട ഡേറ്റാ ഒക്കെ എടുത്തു നോക്കി തയാറാകും. എന്നിട്ട് ഇന്ന് ഏതൊക്കെ വാങ്ങാൻ പറ്റും? മാർക്കറ്റ് എങ്ങനെയാകാം? സ്ട്രാറ്റജി എപ്രകാരമായിരിക്കണം? എന്നൊക്കെ പ്ലാൻ ചെയ്യും. എന്നിട്ടേ വിപണിയിലേക്ക് ഇറങ്ങൂ.

വൈകുന്നേരം വിപണി ക്ലോസ് ചെയ്ത ശേഷവും ഇതുപോലെ ഒരു മണിക്കൂർ ഇരുന്ന് അന്നു ചെയ്ത കാര്യങ്ങൾ വിശകലനം ചെയ്യും. അടുത്ത ദിവസത്തേക്കു വേണ്ട പ്ലാനുകൾ തയാറാക്കും. 

ട്രേഡിങ്ങിൽ ഏർപ്പെടുന്നതിനു മുൻപ് ചാർട്ട് പരിശോധിക്കും. ഡിമാൻഡും സപ്ലൈയും നോക്കും. അതൊക്കെ പതിവാണ്. എന്നിട്ട് അതനുസരിച്ച് വിവിധ ലെവലുകളിൽ അലേർട്ട് സെറ്റ് ചെയ്തു വയ്ക്കും. 

പുതുതായി വരുന്നവർക്ക് ഒരുപാടു കാര്യങ്ങൾ ഇന്റർനെറ്റിലൂടെ തന്നെ പഠിക്കാം. ഞാനൊക്കെ തുടങ്ങിയ കാലത്ത് അത്തരം ഡേറ്റാകൾ ഒന്നും ലഭ്യമല്ലായിരുന്നു. അതുപോലെ അറിവുള്ള ആളുകളും കുറവായിരുന്നു. ഇന്ന് സ്ഥിതി മാറി. സോഷ്യൽ മീഡിയയിൽ തന്നെ മെൻഡേഴ്സ് ധാരാളം ഉണ്ട്. ഫ്രീ വെബ്സൈറ്റുകളും ഇഷ്ടം പോലെ. ഡേ ട്രേഡിങ്ങിലേക്കിറങ്ങാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പ്രദീഷ് പറയുന്നത്. അതിനൊപ്പം നല്ല ക്ഷമയും പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള കഴിവും ട്രേഡർക്ക് വേണമെന്ന് ഇദ്ദേഹം പറയുന്നു.

തുടക്കക്കാർക്ക്  ഇൻവെസ്റ്റിങ് ഡോട് കോം. ട്രേഡിങ് വ്യൂ ഡോട്കോം പോലുള്ള സൈറ്റുകൾ ഉണ്ട്. ഇവയിൽ നിന്നൊക്കെ ലൈവ് ചാർട്ട് ഡേറ്റാ കിട്ടും. ഇൻഡിക്കേറ്റേഴ്സും ഉണ്ട്. ഇതു നോക്കി തന്നെ പഠിക്കാം, ലൈവായി ട്രാക്ക് ചെയ്യാം. സ്വഭാവം അറിഞ്ഞ് മുന്നോട്ടു പോകാം.

ക്യാപിറ്റലിന്‍റെ ഒരു ശതമാനത്തിൽ കൂടുതൽ റിസ്ക് എടുത്ത് ചെയ്യരുത്. മാസം ഇൻവെസ്റ്റ്മെന്റിന്റെ ഒരു 3–4 ശതമാനം കിട്ടിയാൽ അതു നല്ല റിട്ടേൺ ആണ്. എനിക്ക് മാസം കുറഞ്ഞത് 50,000 രൂപ കിട്ടുന്നുണ്ട്. അതിൽ‌ കൂടുതലോ കുറവോ ഉണ്ടാക്കാൻ പറ്റും. നമ്മൾ തന്നെയാണ് ബോസ്.

ഒരു രാത്രികൊണ്ട് പണക്കാരൻ ആകില്ല

വീട്ടിലിരുന്നു പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കു നല്ലൊരു മാർഗമാണ് ഓഹരിയിലെ ഡേ ട്രേഡിങ്. പക്ഷേ, അതിനു കൃത്യമായ കാത്തിരിപ്പും പഠനവും വേണം. ഒരു സുപ്രഭാതത്തിൽ ആർക്കും നല്ലൊരു ട്രേഡറായി മാറാനാകില്ല. ഷെയർമാർക്കറ്റിൽ 1000 രൂപ കൈവശം ഉള്ളവൻ പോലും ഒരു ബിസിനസ് ഓണറാണ്.

െപട്ടെന്നു പണക്കാരനാകാൻ നോക്കാതെ മാർക്കറ്റിൽ മുതൽ നഷ്ടപ്പെടാതെ നിലനിൽക്കാൻ പഠിക്കണം. ചെറിയ പ്രോഫിറ്റും ലോസുമായി രണ്ടോ മൂന്നോ വർഷം മുന്നോട്ടു പോകുക. ഒരു രാത്രി കൊണ്ട് ഇവിടെ പണക്കാരനാകാൻ പറ്റില്ല. പക്ഷേ, ക്ഷമയോടെ നിന്നാൽ പണമുണ്ടാക്കാം.

ആദ്യം കമ്പനികളെപ്പറ്റി അടിസ്ഥാന കാര്യങ്ങൾ പഠിക്കുക. അതിനുശേഷം പ്രൈസേഷനെ പറ്റി പഠിക്കുക. കമ്പനികളിലെന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാക്കി ചെറുതായി ഇൻവെസ്റ്റ് ചെയ്യുക. നമ്മുടെ പൈസ പോകുന്നതോടെ കൂടുതലായി പഠിക്കാൻ ശ്രമിക്കും. അതുവഴി അടുത്ത സ്റ്റേജിലേക്ക് എത്താം.

English Summary :Earn Fixed through Share Trading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com