ADVERTISEMENT

കോവിഡ് കാലം ഒട്ടുമിക്ക മേഖലകളിലും തൊഴിൽ പ്രശ്നങ്ങളും വരുമാനക്കുറവുമെല്ലാം ഉണ്ടാക്കിയെങ്കിലും ചില വ്യക്തികൾ വേറിട്ട് ചിന്തിച്ച കാലം കൂടിയാണ്. ലോക്ക് ഡൗണിനെ തുടർന്ന് വീടുകളിൽ അടച്ചിരിക്കേണ്ട അവസ്ഥ വന്നപ്പോഴാണ് പലരും താങ്ങളുടെ യഥാർത്ഥ പാഷൻ എന്താണെന്ന് തിരിച്ചറിഞ്ഞതും അതിനായി പ്രവർത്തിക്കാൻ തുടങ്ങിയതും. ഇക്കൂട്ടത്തിൽ ഒരു വ്യക്തിയാണ് തൃശ്ശൂർ സ്വദേശിനിയായ നിലീന ബാബു. എഞ്ചിനീയറിംഗ് ബിരുദവും ബിസിനസ് മാനേജ്‌മെന്റ് ബിരുദവും നേടിയ ശേഷം കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നിലീന ജോലി രാജി വച്ചുകൊണ്ട് ബിസിനസിലേക്ക് ഇറങ്ങിയത് ഈ കോവിഡ് കാലത്തായിരുന്നു. അതും ഡയമണ്ട് ജ്വല്ലറി നിർമാണത്തിൽ സ്വന്തം ബ്രാൻഡ് എന്ന സ്വപ്നവുമായി.

അമ്മയുടെ പിന്തുണ

കേട്ടവർ മൂക്കത്ത് വിരൽവച്ചു. ഈ കെട്ടകാലത്ത് തുടങ്ങാൻ പറ്റിയ ബിസിനസ് ആണോ ഇതെന്ന് പലരും ചോദിച്ചു. എന്നാൽ നിലീനയുടെ 'അമ്മ മോളി ബാബു മകൾക്ക് പൂർണ പിന്തുണയുമായി കൂടെ നിന്നു. കഴിഞ്ഞ 20  വർഷമായി ജ്വല്ലറി നിർമാണ രംഗത്ത് സജീവമായ അമ്മയുടെ പിന്തുണ തന്നെയായിരുന്നു തന്റെ സ്വപ്നങ്ങളെ പിന്തുടരുന്നതിൽ നിലീനയ്ക്ക് പ്രചോദനം. അതിനാൽ തന്നെ, നിനക്ക് ജോലി രാജി വച്ച് ബിസിനസ് ചെയ്തൂടെ  എന്ന് 'അമ്മ ചോദിച്ചപ്പോൾ രണ്ടാമതൊന്നു ആലോചിക്കാതെ തന്നെ നിലീന തന്റെ പുതിയ ദൗത്യം ഏറ്റെടുത്തു.

കസ്റ്റമൈസ്ഡ് ആഭരണം

laxmi-jewel2

എന്നാൽ ബിസിനസിലേക്ക് പൂർണമായും ഇറങ്ങിയപ്പോൾ, നിലീനയുടെ മനസിലെ സംരംഭക കൂടുതൽ കരുത്തയായി. സാധാരണ എല്ലാവരും ചെയ്യുന്ന രീതിയിൽ ആഭരണങ്ങൾ ഡിസൈൻ ചെയ്ത വിൽക്കുക എന്ന തന്ത്രം തന്റെ ബ്രാൻഡിൽ നിലീന പരീക്ഷിച്ചില്ല. ഒരു ബ്രാൻഡ് നെയിമിൽ ഒതുങ്ങി നിന്നുകൊണ്ട് നിശ്ചിത ഡിസൈനുകൾ മാത്രം വില്പനയ്ക്ക് വയ്ക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി, ഓരോ കാലത്തിനും ചേരുന്ന രീതിയിൽ കസ്റ്റമൈസ്ഡ് ആഭരണങ്ങളുടെ ശേഖരത്തിനാണ് പ്രാധാന്യം നൽകിയത്.

''ലോക്ക് ഡൗൺ ആരംഭിച്ച ആദ്യ നാളുകളിൽ മുഴുവൻ സമയവും ഞാൻ വ്യത്യസ്തമായ ആഭരണങ്ങൾ ഡിസൈൻ ചെയ്യുകയായിരുന്നു. ശേഷം ആഭരണങ്ങൾ ഉണ്ടാക്കുന്ന ആളുകളെക്കൊണ്ട് അത് നിർമിച്ചെടുക്കും. എന്റെ വിവാഹത്തിനുള്ള മുഴുവൻ ആഭരണങ്ങളും ഞാൻ തന്നെയായിരുന്നു ഡിസൈൻ ചെയ്തത്. ആ ഒരു അനുഭവസമ്പത്താണ് എനിക്ക് ഈ മേഖലയിൽ കരുത്തായത്.ലൈറ്റ് വെയിറ്റ് , സിംപിൾ സ്റ്റൈൽ ആഭരണങ്ങൾക്ക് ഇപ്പോഴും ഒരു വിപണിയുണ്ട്. ആ വിപണി കയ്യെത്തിപ്പിടിക്കുന്നതിനായാണ് ഞാൻ ശ്രമിക്കുന്നത്'' നിലീന പറയുന്നു.

വ്യത്യസ്തതയോട് പ്രിയം

നിലീന ബാബു ഫൈൻ ജ്വല്ലറി എന്ന പേരിലുള്ള ബ്രാൻഡിന് കീഴിൽ നിലീന ഓരോ സീസണുകൾക്കും ആനുപാതികമായുള്ള ആഭരണങ്ങളാണ് നിർമിക്കുന്നത്. മൗസിം എന്ന പേരിലാണ് മൺസൂൺ ആഭരണങ്ങളുടെ ശേഖരം വിപണിയിൽ എത്തിച്ചിരിക്കുന്നത്. അടുത്ത സീസണിൽ മറ്റൊരു വിഭാഗം ആഭരണങ്ങളായിരിക്കും വിപണിയിലെത്തിക്കുക. വ്യത്യസ്തമായ നിറങ്ങൾ, പാറ്റേണുകൾ എന്നിവയാണ് നിലീന നിർമിക്കുന്ന മാലകളുടെയും വളകളുടെയും കമ്മലുകളുടേയുമെല്ലാം പ്രത്യേകത.

laxmi-jewe1

ആത്മസംതൃപ്തി

ഇൻഡോ - വെസ്റ്റേൺ സ്റ്റൈലിൽ നിർമിക്കുന്ന ആഭരണങ്ങൾക്കായി കല്ലുകൾ തെരഞ്ഞെടുക്കുന്നത് ജയ്പ്പൂർ നിന്നുമാണ്. ഡയമണ്ട് വാങ്ങുന്നത് സൂറത്തിൽ നിന്നുമാണ്. ഏറ്റവും കൂടുതൽ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായാണ് ഈ സ്ഥലങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. ജോലിക്കാരായ വനിതകളുടെ ആഗ്രഹങ്ങൾക്ക് മുൻ‌തൂക്കം നൽകിക്കൊണ്ടാണ് നിലീന തന്റെ ബ്രാൻഡിൽ ആഭരണങ്ങൾ ഡിസൈൻ ചെയ്യുന്നത്. ഓൺലൈനിലൂടെയാണ് നിലീന തന്റെ ആഭരങ്ങൾക്ക് പ്രധാനമായും വിപണി കണ്ടെത്തുന്നത്. 10,000  രൂപ മുതൽക്ക് ആരംഭിക്കുന്ന ആഭരണങ്ങളാണ് നിലീന ബാബു ഫൈൻ  ജ്വല്ലറിയുടെ ഭാഗമായി വിപണിയിലെത്തുന്നത്.

കോർപ്പറേറ്റ് ജോലി ചെയ്യുമ്പോൾ ലഭിച്ചിരുന്നതിനേക്കാൾ ആത്മസംതൃപ്തിയും വരുമാനവും തന്റെ കോവിഡ് കാല സംരംഭത്തിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് നിലീന പറയുന്നു. അതിനാൽ തന്നെ കൂടുതൽ നല്ല ഡിസൈനുകളുമായി ഈ രംഗത്ത് സജീവമാകാനൊരുങ്ങുകയാണ് നിലീന ബാബു.

English Summary : A Women entrepreneur who started her Hobby as a Business during Covid Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com