ADVERTISEMENT

ലോകം ഓൺലൈൻ യുഗത്തിലേക്ക് അതിവേഗം മാറികൊണ്ടിരിക്കുന്നു. കച്ചവടവും പഴയ വിൽപ്പന രീതിയിൽ നിന്നുമാറി ഓൺലൈനിലേയ്ക്ക് എത്തിയിരിക്കുന്നു. ഈ  ഓളത്തിനൊത്തു നീങ്ങാത്തവർക്ക് പിടിച്ചുനിൽക്കാനാവാതെ വരും. കൊറോണയും ലോക്ഡൗണും എല്ലാവരേയും ഓൺലൈൻ വ്യാപാരത്തിലേയ്ക്ക് മാറാൻ നിർബന്ധിതരാക്കി.   

ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ അതികായന്മാർ കൊച്ചു ഗ്രാമങ്ങളിൽപോലും അതിവേഗം വിതരണം വ്യാപിപ്പിച്ചു പിടിമുറുക്കുന്നു. ഇതോടെ ചെറു വ്യാപാരികൾക്ക്  പുതിയ സാങ്കേതിക വിദ്യകൾ  ഉപയോഗിക്കാതെ മാറി നിൽക്കാനോ പഴഞ്ചൻ രീതിയിൽ കച്ചവടം മുന്നോട്ടുകൊണ്ടു പോകാനോ സാധിക്കാതെ വരികയാണ്. 

കൈകോർത്തു മുന്നോട്ട്

എന്നാൽ  ഇതുവരെ ചെറുകച്ചവടക്കാരുടെ എതിരാളികളായ ഓൺലൈൻ ഇകൊമേഴ്‌സ് ഭീമന്മാർ തന്നെ ഇവർക്കായി പല പങ്കാളിത്ത വ്യവസ്ഥ പദ്ധതികളും മുന്നോട്ടുവെയ്ക്കുകയാണിപ്പോൾ. ഉദാഹരണത്തിന്, 'local shops on Amazon' പദ്ധതിയിൽ നമ്മുടെ  ചുറ്റുവട്ടത്തുള്ള കടയിൽ നിന്നു തന്നെ ഉപഭോക്താക്കൾക്കു ആമസോൺ വഴി സാധനം വാങ്ങാം. ഇത് ചെറുകിടക്കാരുടെ വിൽപ്പന കൂട്ടാൻ സഹായിക്കുമെന്ന് ആമസോൺ അവകാശപ്പെടുന്നു. ചെറുകച്ചവടക്കാർക്ക് ഉപയോഗിക്കാവുന്ന നിരവധി ഡെലിവറി ആപ്പുകൾ ഇന്നു ലഭ്യമാണ്. അവക്കെല്ലാം ഒന്നിലേറെ ആവശ്യങ്ങൾക്കനുസൃതമായി തയാറാക്കപ്പെട്ട കമ്പ്യൂട്ടർ പ്രോഗ്രാമുകളും ഉണ്ട്. അവയുടെ സഹായത്തോടെ കച്ചവടം ഉഷാറാക്കാം. ഫ്ലിപ്കാർട്ട് ചെറുകിടകാർക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം സെപ്റ്റംബറിൽ തുടങ്ങിയിട്ടുണ്ട്. വൻ നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഇത്തരം കൂട്ട് പദ്ധതികൾ പതുക്കെ എല്ലാ സ്ഥലത്തേയ്ക്കും വ്യാപിപ്പിക്കും. കൊറോണ മൂലം ഗ്രാമങ്ങളിലും കൂടുതലാളുകൾ വർക്ക് ഫ്രം ഹോമിലേയ്ക്ക് മാറിയത് ഓൺലൈൻ സാധനങ്ങൾക്കും, സേവനങ്ങൾക്കും ആവശ്യകത  കൂട്ടിയിട്ടുണ്ട്.

∙ഉപഭോക്താക്കളുടെ ഓൺലൈൻ സെർച്ചിൽ നിങ്ങളുടെ കട ഉൾപെടുമെന്ന് ഉറപ്പുവരുത്തുക.

∙ഓൺലൈൻ കട റജിസ്ട്രേഷനുകൾ അതിനു സഹായിക്കും.

∙പ്രാദേശികമായി ലഭ്യമാക്കാവുന്ന  സാധനങ്ങളുടെയും, സേവനങ്ങളുടെയും പുതുക്കിയ  പട്ടിക ഗൂഗിളിൽ വരുത്തുവാനുള്ള സൗകര്യങ്ങൾ ചെയ്യുക.

∙സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാധനങ്ങളുടെ വില  മാറ്റികൊണ്ടിരിക്കുക.

∙ഇകൊമേഴ്‌സ് ഭീമന്മാർ ചെയ്യുന്ന തന്ത്രങ്ങൾ പ്രാദേശിക തലത്തിൽ പ്രയോജനകരമായി നടപ്പിലാക്കുക.

∙ഇന്ത്യയിലെ മഹാനഗരങ്ങളിൽ ചെറുകിട കച്ചവടക്കാർക്ക് ഈ കോവിഡ്  സമയത്തും ആവശ്യക്കാരേറി വരുന്നത് ഇത്തരം ഓൺലൈൻ പ്ലാറ്റുഫോമുകളിലെ പങ്കാളിത്തം കൊണ്ടാണെന്ന്  ബിസിനസ് സർവ്വേകൾ സൂചിപ്പിക്കുന്നത്   

ചുവട് വെപ്പ് ഇപ്പോഴേ വേണം

ൺസ്യൂമർ  സെന്റിമെന്റ്  സർവ്വേകളിലും  ഓൺലൈനായി സാധനങ്ങൾ വാങ്ങുവാനുള്ള  ഉപഭോക്താക്കളുടെ ഓൺലൈൻ താല്പര്യം വെളിവാകുന്നുണ്ട്.  ഇന്ത്യയുടെ ഇ കൊമേഴ്‌സ് വരുമാനം വർഷാവർഷം 51 % വളർച്ച നേടുന്നു. മറ്റു രാജ്യങ്ങളെ വച്ച്  ഇതു വളരെ കൂടുതലാണ്. സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്  സൗകര്യങ്ങൾ  ആണ് ഇതിനു കാരണം. ജിയോ  ഫോണും, ഇന്റർനെറ്റും, സൗജന്യനിരക്കിൽ വിതരണം ചെയ്യുന്നതിന്റെ  യുക്തി ഇവിടെ  കൂട്ടി വായിക്കാം.  2034 ആകുമ്പോഴേക്കും,  ഇന്ത്യൻ ഇകൊമേഴ്സ്  രംഗം അമേരിക്കയെ കടത്തിവെട്ടുന്ന  വളർച്ച  കൈവരിക്കുമെന്നാണ്  പ്രവചനങ്ങൾ. അതിനാൽ  ചെറുകിട കച്ചവടക്കാർ  ഓൺലൈൻ കച്ചവടത്തിലേയ്ക്ക്  ആസൂത്രിതമായി ചുവടുവെച്ചെങ്കിലേ പിടിച്ചു നിൽക്കാനാകൂ. 

ഓൺലൈൻ കൺസൾട്ടന്റ് കമ്പനിയായ റെഡ്‌സീർ പറയുന്നത് ഈ  ഉത്സവകാലം, 50 ദശലക്ഷം പുതിയ ഓൺലൈൻ ഉപഭോക്താക്കളെക്കൂടി സൃഷ്ടിക്കും എന്നാണ്. ‌ഓൺലൈൻ വ്യാപാരത്തിന്റെ ഒരുപ്രവചനം സൂചിപ്പിക്കുന്നത് 2027 ൽ ഇത് 1,397,800 കോടി രൂപയുടെ ആകുമെന്നാണ്;  അതായതു 1200 % വളർച്ച. ഇതെല്ലാം മുൻകൂട്ടികണ്ടാണ്   വർഷങ്ങളുടെ പാരമ്പര്യമുള്ള   സ്ഥാപനങ്ങൾ പോലും   ഇപ്പോൾ ഓൺലൈൻ സമ്പ്രദായത്തിലേക്കു മാറുന്നത്.  

കൂടുതൽ ഒാൺലൈൻ അവസരങ്ങൾ

നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ഗവൺമെന്റിന്റെ നയങ്ങൾ ഇനിയും കൂടുതൽ ഓൺലൈൻ അവസരങ്ങൾ സൃഷ്ടിക്കും. ബൃഹത്തായ  വിപണി ഇന്ത്യയിലുണ്ട് എന്ന  തിരിച്ചറിവിൽ ഒട്ടേറേ  വിദേശ കമ്പനികൾ ഇവിടെ പണം മുടക്കുവാൻ എത്തുന്നു. വൻകിട കുത്തകകൾ ആഗോളവൽക്കരണത്തിന്റെ ദുഷിച്ച വലയത്തിലേക്ക് സാധാരണ കടകളെകൂടി ചേർത്ത് ചൂഷണം ചെയ്യുകയാണെന്ന ആരോപണം  പരക്കെ ഉണ്ട്. എന്നാൽ ഇതു കാലത്തിന്റ അനിവാര്യതയാണെന്നു മനസിലാക്കി ഫലവത്തായ ഒരു ബദൽ വ്യവസ്ഥ നിർദേശിക്കാനും വികസിപ്പിക്കാനും തയ്യാറായേ പറ്റൂ. 

English Summary : Online Opportunity for Retailors 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com