ADVERTISEMENT

ട്വന്റി ട്വന്റി എന്നു കേട്ടാൽ ഒരു കാലത്ത് ആദ്യം മനസ്സിലെക്കെത്തുക ക്രിക്കറ്റ് മാത്രമായിരുന്നു. പിന്നീട് അതേ പേരിൽ മലയാളത്തിൽ ഒരു സൂപ്പർ ഹിറ്റ് സിനിമ കൂടി ഇറങ്ങിയതോടെ ട്വന്റി ട്വന്റി എന്ന പേര് കൂടുതൽ ജനകീയമായി. എന്നാൽ പിന്നീട് അതേ പേരിൽ മൂന്നാമതായി തുടങ്ങിയ ഒരു പ്രസ്ഥാനം അന്നും ഇന്നും മലയാളികളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ടെസ്റ്റ് മാച്ചിനെയും ഏകദിനത്തെയും കടത്തിയ വെട്ടി ജനപ്രിയതയിൽ ട്വന്റി ട്വന്റി ക്രിക്കറ്റ് മുന്നിലെത്തിയ‌തു പോലെ നിലവിലുള്ള രാഷട്രീയ പ്രസ്ഥാനങ്ങളെ വെട്ടിലാക്കി സൂപ്പർ ഹിറ്റായി മുന്നേറുകയാണ് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി എന്ന ജനകീയ കൂട്ടായ്മ. 

മൂന്നാമങ്കം 

കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ കിറ്റെക്സ് നേതൃത്വം നൽകുന്ന ട്വന്റി ട്വന്റി രൂപീകൃതമാകുന്നത് വളരെ യാദൃശ്ചികമായാണ്. രാഷ്ട്രീയപ്പാർട്ടിയാകുക എന്ന ലക്ഷ്യമില്ലാതെ ആരംഭിച്ച പ്രസ്ഥാനം സാഹചര്യ സമ്മർദങ്ങളാൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു, ജയിച്ചു. 10 വർഷങ്ങൾക്കിപ്പുറം രണ്ടാമത്തെ തിരഞ്ഞെടുപ്പിനെ നേരിടുന്ന ട്വന്റി ട്വന്റി ഇത്തവണ മത്സരിക്കുന്നത് 5 പഞ്ചായത്തുകളിലാണ്. വിലക്കുറവിൽ സാധനങ്ങൾ ജനങ്ങളിലേക്കെത്തിച്ചും മെച്ചപ്പെട്ട റോഡ് സൗകര്യങ്ങൾ ഒരുക്കിയും പാവപ്പെട്ടവർക്ക് വീടു പണിതു കൊടുത്തുമൊക്കെ ‌സാധാരണക്കാരുടെ പ്രശംസ ആവോളം പിടിച്ചു പറ്റിയ പ്രസ്ഥാനം പലർക്കും ഇന്നും അദ്ഭുതമാണ്. കിറ്റെക്സ് സാരഥികളായ ബോബി എം ജേക്കബും സാബു എം ജേക്കബുമാണ് ട്വന്റി ട്വന്റി എന്ന കൂട്ടായ്മയ്ക്കു പിന്നിലും പ്രവർത്തിക്കുന്നത്. 1968–ൽ ആരംഭിച്ച അലുമിനിയം കമ്പനിയിൽ തുടങ്ങി വിവിധ വിഭാഗങ്ങളിലായി വളർന്നു പന്തലിച്ച ബിസിനസ് പ്രസ്ഥാനത്തെക്കുറിച്ചു ബോബി എം ജേക്ക‌ബ് പറയുന്നതിങ്ങനെ.

 

പിതാവിന്റെ സ്വപ്നം

'1968–ൽ ആണ് എന്റെ പിതാവ് എം സി ജേക്കബ് അന്ന അലുമിനിയം കമ്പനി രൂപീകരിച്ചത്. ഇന്ത്യയിൽ ആദ്യമായി അലുമിനിയം ഉൽപാദിപ്പിച്ചത് കേരളത്തിലാണെന്നത് പലർക്കും അറിയാത്ത ഒരു വസ്തുതയാണ്. 50 പേർക്കെങ്കിലും തൊഴിൽ കൊടുക്കുന്ന ഒരു സംരംഭം തുടങ്ങണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിൽ നിന്നാണ് അന്ന അലുമിനിയത്തിന്റെ പിറവി. ഒരു ലക്ഷം രൂപ മൂലധനത്തിൽ ഏഴു പേരെ വച്ച് തുടങ്ങിയ വ്യവസായം ഇന്ന് പതിനയ്യായിരം ആളുകൾ ജോലി ചെയ്യുന്ന വലിയ പ്രസ്ഥാനമായി മാറിയിരിക്കുന്നു.

ചാച്ചന്റെ അമ്മയുടെ പേരാണ് അന്നമ്മ. അങ്ങനെ ആ പേരിനോടുള്ള സാമ്യം കൂടി എടുത്താണ് അന്ന അലുമിനിയം എന്ന പേര് ഇട്ടത്. 1978–ലാണ് സാറാസ് തുടങ്ങുന്നത്. ചാച്ചന്റെ അമ്മയുടെ അനുജത്തിയുടെ പേരായിരുന്നു സാറാ. പിതാവിന് ഏറ്റവും ഇഷ്ടമുള്ള രണ്ടു പേർ ഇവരായിരുന്നതിനാലാണ് ആ പേരിട്ടത്. കിറ്റെക്സ് എന്ന കിഴക്കമ്പലം ടെക്സ്റ്റൈൽസ് 1980–ലാണ് ആരംഭിച്ചത്. ഇതിനു ശേഷം വന്ന ബ്രാൻഡാണ് ചാക്സൺ പ്രഷർ കുക്കർ. ചാക്കോ എന്നായിരുന്നു എന്റെ ഗ്രാൻഡ് ഫാദറിന്റെ പേര്. അങ്ങനെയാണ് ചാക്കോയുടെ മകൻ എന്നർഥം വരുന്ന ചാക്സൺ എന്ന പേര് വരുന്നത്. പിന്നീട് 2000–ലാണ് സ്കൂബീ ഡേ എന്ന ബ്രാൻഡ് ആരംഭിക്കുന്നത്. അവസാനത്തെ ബ്രാൻഡാണ് അന്നാലിയം എന്നത്. ഇത്രയുമാണ് ഈ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ സംരംഭങ്ങൾ' ബോബി പറയുന്നു.

ഗുണമേന്മ മുഖമുദ്ര

ഡ്യൂറബിലിറ്റിയാണ് അന്ന ഗ്രൂപ്പ് ഉൽപ്പന്നങ്ങളുടെ ഒരു പ്രധാന സവിശേഷത. സാധാരണ ഒരു ലുങ്കിയൊക്കെ പരമാവധി ആറു മാസമാണ് നമുക്ക് ഉപയോഗിക്കാൻ പറ്റുന്നത്. എന്നാൽ നമ്മുടെ ലുങ്കികൾ ആറു വർഷം വരെ നിൽക്കാറുണ്ടെന്ന് പലരും പറയും. ഇത്രയ്ക്ക് കട്ടിയിൽ കീറിപ്പോകാത്ത രീതിയിൽ ‌ബാഗുണ്ടാക്കരുതെന്ന് പല കുട്ടികളും എന്നോടു പറഞ്ഞിട്ടുണ്ട്. കാരണം എല്ലാക്കൊല്ലവും ബാഗ് മാറ്റുക എന്നതാണല്ലോ കുട്ടികളുടെ ഇഷ്ടം. പക്ഷെ കിറ്റെക്സ് ബാഗ് വാങ്ങിയാൽ 3വർഷം വരെ ഒരു കുഴപ്പവും ഇല്ലാതെ ഉപയോഗിക്കാൻ സാധിക്കും. മറ്റു ഉത്പന്നങ്ങളുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ബോബി പറഞ്ഞു.

ലക്ഷ്യം നാടിന്റെ നന്മ

ആയുർവേദത്തിൽ താൽപര്യമുള്ളയാളായിരുന്നു പിതാവ്. വീട്ടിലേക്ക് വരുന്ന അതിഥികൾക്ക് അരിഷ്ടമാണ് അദ്ദേഹം അതിഥികൾക്ക് നൽകിയിരുന്നത്അദ്ദേഹത്തിന്റെ പാത പിന്തുടർന്നാണ് ഞങ്ങളും മുന്നോട്ടു പോകുന്നത്.  1977–ലാണ് ഈ കാണുന്ന വീട് ഞങ്ങൾ വീട് പണിതത്. പുതിയ ഒരു വീട് പണിയുന്നില്ലേ എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ കിഴക്കമ്പലം പഞ്ചായത്തിലെ വീടില്ലാത്ത അവസാന കുടുംബത്തിനും വീട് നിർമിച്ചു കൊടുത്ത ശേഷം മാത്രമേ ഞങ്ങൾ ഇനി മറ്റൊരു വീടിനെ കുറിച്ച് ചിന്തിക്കുന്നുള്ളു. രാഷ്ട്രീയക്കാർക്കൊക്കെ നല്ല എതിർപ്പുണ്ട് ഞങ്ങളോട്. അതൊന്നും ഞങ്ങൾ കാര്യമാക്കുന്നില്ല. നാടിനു നന്മ ചെയ്യുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ബോബി കൂട്ടിച്ചേർത്തു.

English Summary : Success Story of Kitex and Twenty Twenty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com