ADVERTISEMENT

തിരിച്ചടികളിൽ നിന്നും പാഠം പഠിക്കുന്നവരാണ് യഥാർത്ഥ സംരംഭകർ എന്ന് പറയാറുണ്ട്. എന്നാൽ തിരിച്ചടി ലഭിച്ചതിനെത്തുടർന്ന് സംരംഭകത്വത്തിലേക്ക് എത്തിയവരെക്കുറിച്ച് കേട്ടിട്ടുണ്ടോ ? അത്തരത്തിൽ ഒരു വ്യക്തിയാണ് കുമാരനെല്ലൂര്‍ സ്വദേശിനി വിജയശ്രീ. ആര്യാസ് ഫുഡ്‌സ് എന്ന പേരിൽ ഹോം മേഡ് അച്ചാറുകൾ വിപണിയിൽ എത്തിക്കുന്ന വിജയശ്രീ സംരംഭകയാകാൻ കൊതിച്ച് ഈ മേഖലയിലേക്ക് എത്തിയ വ്യക്തിയല്ല. മറിച്ച്, സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം സംരംഭകയായ വ്യക്തിയാണ്. അതിനാൽ തന്നെ, സിനിമാക്കഥയെക്കാൾ ട്വിസ്റ്റ് നിറഞ്ഞതാണ്‌ വിജയശ്രീയുടെ കഥ. 

പറ്റിക്കപ്പെട്ട വഴി

കൃത്യമായി പറഞ്ഞാൽ 13  വർഷങ്ങൾക്ക് മുൻപ് കിട്ടിയ ഒരു തിരിച്ചടിയിൽ നിന്നായിരുന്നു തുടക്കം. ചെറുപ്പം മുതൽക്ക് പാചകം ഏറെ ഇഷ്ടമായിരുന്ന വിജയശ്രീയോട്, അടുത്തറിയാവുന്ന ഒരു വ്യക്തി ഒരു സൗഹൃദക്കൂട്ടായ്മയിൽ വിതരണം ചെയ്യുന്നതിനായി 300 കിലോ കണ്ണിമാങ്ങ അച്ചാറിട്ടു തരുമോ എന്ന് ചോദിച്ചു. പാചകം ഇഷ്ടമായിരുന്ന വിജയശ്രീ അത് ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ സ്വന്തം ആവശ്യത്തിനുള്ള മാങ്ങയും ചേർത്ത് 350 കിലോ കണ്ണിമാങ്ങ വാങ്ങി. 

എന്നാൽ മാങ്ങ കിട്ടിയ കാര്യം പറയാൻ വിളിച്ചപ്പോൾ, ഓർഡർ കാൻസൽ ചെയ്യുന്നു എന്ന മറുപടിയാണ് കിട്ടിയത്. പന്ത്രണ്ടായിരം രൂപ കൊടുത്ത് വാങ്ങിയ കണ്ണിമാങ്ങ എന്ത് ചെയ്യും എന്നറിയാതെ വിഷമിച്ചു. അപ്പോൾ ഭർത്താവാണ് വിജയശ്രീയോട് ധൈര്യമായി മാങ്ങ മുഴുവൻ അച്ചാറിടാൻ ആവശ്യപ്പെട്ടത്. എന്നിട്ട് ഇതെല്ലാം എങ്ങനെ വിൽക്കുമെന്ന് ചോദിച്ചപ്പോൾ, വഴികണ്ടെത്താം എന്നായിരുന്നു മറുപടി.

മാനസിക വിഷമത്തോടെയാണ് വിജയശ്രീ ആ മാങ്ങ മുഴുവൻ അച്ചാറിട്ടത്. ലാഭം ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും മുടക്കുമുതലെങ്കിലും തിരികെ പിടിക്കണം എന്നതായിരുന്നു ആഗ്രഹം. അച്ചാർ തയ്യാറാക്കിയ ശേഷം വിജയശ്രീ അടുത്ത വീട്ടിലും മറ്റും വിവരം അറിയിച്ചു. അങ്ങനെ പരിചയത്തിലുള്ള ചിലർ അച്ചാർ വാങ്ങുന്നതിനായി മുന്നോട്ട് വന്നു. ഏകദേശം രണ്ടു മാസത്തോളം സമയമെടുത്തു  എങ്കിലും അച്ചാർ മുഴുവൻ വിറ്റഴിക്കപ്പെട്ടു.അതിൽ നിന്നും കിട്ടിയ ചെറിയ ലാഭം ഒരു ചെറുകിട അച്ചാർ യൂണിറ്റ് തുടങ്ങുവാൻ വിജയശ്രീക്ക് പ്രേരണയായി. 

കുറഞ്ഞ ചെലവിൽ ഒരു സംരംഭം 

വെറുതെ വീട്ടിലിരുന്നു സമയം കളയുന്നതിനേക്കാൾ നല്ലത് വരുമാനം നേടുന്ന സ്വയം തൊഴിൽ ചെയ്യുന്നതാണെന്ന ചിന്തയിൽ നിന്നുമാണ് 13 വർഷങ്ങൾക്ക് മുൻപ് ആര്യാസ് ഫുഡ്സ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്.തുടക്കത്തിൽ മാങ്ങ, നാരങ്ങാ തുടങ്ങിയ അച്ചാറുകൾ മാത്രമായിരുന്നു നിർമിച്ചിരുന്നത്. വില്‍പന പരിചയക്കാർക്കിടയിൽ മാത്രമായിരുന്നു. ആവശ്യക്കാർ വർധിച്ചതോടെ വടുകപ്പുളി, ഇഞ്ചിപ്പുളി തുടങ്ങിയ ഉൽപ്പന്നങ്ങളും ആരംഭിച്ചു. 

2009 ആയപ്പോള്‍ ആര്യാസ് ഫുഡ്‌സ് എന്ന പേരില്‍ വിജയശ്രീ തന്റെ സംരംഭം റജിസ്റ്റർ ചെയ്തു.  ചമ്മന്തിപ്പൊടികള്‍, വെന്ത വെളിച്ചെണ്ണ, വിവിധതരം കൊണ്ടാട്ടങ്ങള്‍, കറി പൗഡറുകള്‍ എന്നിവയുംപിന്നീട് വിപണിയിൽ എത്തിച്ചു. യാതൊരു വിധത്തിലുള്ള മായവും ചേർക്കാതെ തികച്ചും ശുദ്ധമായ ഉല്പന്നമായാണ് ആര്യാസ് ഉപഭോക്താക്കൾക്ക് ഇടയിലേക്ക് എത്തുന്നത്.

പ്രാദേശിക വിപണിയിൽ മാത്രമായി ഒതുങ്ങി നിന്ന ഉൽപ്പന്നത്തിന്റെ രുചിപ്പെരുമ കേട്ടറിഞ്ഞുകൊണ്ട് കേരളത്തിന് പുറത്ത് നിന്നുപോലും ആവശ്യക്കാർ എത്തി. അതോടെ ഓർഡർ അനുസരിച്ച് ഉൽപ്പന്നങ്ങൾ കൊറിയർ ചെയ്യാനും ആരംഭിച്ചു. കൂടുതൽ വനിതാ സംരംഭകർ ഈ രംഗത്തേക്ക് കടന്നു വരണം എന്ന് ആഗ്രഹിക്കുന്ന വിജയശ്രീ തന്റെ സ്ഥാപനത്തിൽ വനിതകൾക്ക് മാത്രമാണ് ജോലി നൽകിയിരിക്കുന്നത്. അച്ചാറിനാവശ്യമായ വസ്തുക്കൾ അരിയാനും ഒരുക്കാനും പായ്ക്ക് ചെയ്യാനുമാണ് ജീവനക്കാർ സഹായിക്കുന്നത്. നിർമാണം പൂർണമായും വിജയശ്രീ തന്നെ ചെയ്യുന്നു.

English Summary: Success Story of a Woman Entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com