ADVERTISEMENT

ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് പഠനത്തിന്റെ തിരക്കിൽ ഇരിക്കുമ്പോഴാണ് ആലപ്പുഴ കായംകുളം സ്വദേശിനിയായ അഭിരാമി സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നത്. സംരംഭകത്വം എന്ന് പറയുമ്പോൾ സ്വയം തൊഴിലെന്നും പറയാം. ക്രാഫ്റ്റിൽ ആയിരുന്നു തുടക്കം. മനോഹരമായ എംബ്രോയ്ഡറികൾ ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തിയ അഭിരാമി പതുക്കെ ആ ഹോബി വരുമാനമാക്കി മാറ്റുകയായിരുന്നു. 

ബന്‍സൂരി

എംബ്രോയ്ഡറി ഹോബിയായി അഭിരാമിയുടെ കൂടെ കൂടിയിട്ട് വർഷം 13 കഴിഞ്ഞു.എന്നാൽ ഇത് ഒരു വരുമാനമാക്കി മാറ്റാം എന്ന തിരിച്ചറിവുണ്ടാകുന്നത്  രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഹൂപ്പ് വർക്ക് എംബ്രോയ്ഡറികൾ തരംഗമായി മാറുന്ന സമയമായിരുന്നു അത്. രണ്ടും കല്പിച്ച് അഭിരാമി ബന്‍സൂരി എന്ന പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങി. അതുവരെ ചെയ്ത ചില വർക്കുകൾ പ്രദർശിപ്പിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. ഭാഗ്യവും കഴിവും ഒത്തു ചേർന്നതോടെ സംഗതി ക്ലിക്കായി. 

ആവശ്യക്കാരുടെ നിർദേശം അനുസരിച്ച് സമ്മാനമായി നൽകാൻ മനോഹരമായ ഡിസൈനുകളും പോർട്രേറ്റ് എംബ്രോയ്ഡറികളും അഭിരാമി ചെയ്തു. ബൻസൂറിയിൽ നിന്നും വരുമാനം ലഭിച്ചു തുടങ്ങി. അതോടെ പഠനത്തോടൊപ്പം വരുമാനം വർധിപ്പിക്കുന്നതിനും അഭിരാമി സമയം കണ്ടെത്താൻ തുടങ്ങി. ലോക്ക് ഡൗൺ വന്നതോടെ കൂടുതൽ സമയം ബൻസൂരിക്കായി ചെലവഴിക്കാൻ കഴിഞ്ഞതോടെ വരുമാനവും വർധിച്ചു. ഇപ്പോൾ പ്രതിമാസം 12000 - 20000 രൂപ വരെ വരുമാനമായി നേടുന്നുണ്ട്.

Abhi-1

കല ഒരു പ്രൊഫഷൻ

പഠനം മുന്നോട്ട് കൊണ്ട് പോകുന്നതിനൊപ്പം ഹാന്‍ഡ് എംബ്രോയ്ഡറി എന്ന കലയെ ഒരു പ്രൊഫഷനാക്കി കൂടെ കൊണ്ട് പോകണം എന്നതാണ് അഭിരാമിയുടെ ആഗ്രഹം. നടൻ ടോവിനോ തോമസിന്റെ എംബ്രോയ്ഡറി പോർട്രേറ്റ് ചെയ്തതോടെ ഈ മിടുക്കിയെ തേടി ധാരാളം ഓർഡറുകൾ എത്താൻ തുടങ്ങി. നിലവിൽ ഒരു  പോര്‍ട്രേറ്റ് എംബ്രോയ്ഡറി ചെയ്യുന്നതിന് 1500 രൂപ മുതല്‍ 2000 രൂപ വരെയാണ് ലഭിക്കുന്നത്. ഏറ്റവും ചുരുങ്ങിയ മുതല്‍ മുടക്കിലാണ് ഈ വരുമാനം എന്നതാണ് ഇതിന്റെ ഹൈലൈറ്റ്.

വരുമാനം പിന്നാലെ വരും 

സോഷ്യൽ മീഡിയ വഴിയാണ് ഉപഭോക്താക്കൾ അഭിരാമിയുടെ വർക്കുകൾ തേടിയെത്തുന്നത്. വ്യത്യസ്ത മേഖലകളിൽ നിന്നും ഉപഭോക്താക്കൾ എത്തിയതോടെ കൂടുതൽ വരുമാനം ലക്ഷ്യമിട്ടുകൊണ്ട് ഹൂപ്പ് എംബ്രോയ്ഡറിക്കൊപ്പം ജ്വല്ലറി മേക്കിംഗ്, ഡിസൈനര്‍ മാസ്‌ക് മേക്കിംഗ്, ബോട്ടില്‍ ആര്‍ട്ട് എന്നിവയും ചെയ്യുന്നുണ്ട്. പഠനത്തോടൊപ്പം ഇത്രയും മികച്ച വരുമാനം നേടാൻ ഒരാൾക്ക് സാധിക്കുമോ എന്ന് അതിശയത്തോടെ ചോദിക്കുന്നവരോട് ചെയ്യുന്ന ജോലിയിൽ ഡെഡിക്കേറ്റഡ് ആയിരിക്കുക വരുമാനം പിന്നാലെ വരും എന്നാണ് അഭിരാമി പറയുന്നത്.

വീട്ടിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന പിന്തുണയും ഓർഡറുകൾ നൽകാൻ കാണിക്കുന്ന ഉത്സാഹവും അഭിരാമിക്ക് ഈ രംഗത്ത് തുടരാനുള്ള കരുത്ത് നൽകുന്നു. മാത്രമല്ല, മുന്നോട്ടുള്ള പഠനം പൂർണമായും സ്വയം അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാകണം എന്നതാണ് അഭിരാമിയുടെ ആഗ്രഹം.

English Summary : A Student Entrepreneur Who Earns 20000 per Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com