സംരംഭം തുടങ്ങാന്‍ 30 ലക്ഷം വരെ വായ്പ, ഒപ്പം 3% പലിശയിളവും

HIGHLIGHTS
  • എടുക്കുന്ന വായ്പയുടെ 15% വരെ തിരിച്ചടയ്‌ക്കേണ്ടാത്ത മൂലധന സബ്‌സിഡി ആനുകൂല്യവുമുണ്ട്
nri-norka-roots
SHARE

പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് വഴി നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പ പദ്ധതിയായ എന്‍ഡിപ്രേമിനെക്കുറിച്ച് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി വിശദീകരിക്കുന്നു.

നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാന്‍ ആഗ്രഹമുണ്ടോ? 30 ലക്ഷം രൂപ വരെ വായ്പ കിട്ടും. അതും മൂന്നു ശതമാനം പലിശയിളവോടെ. മാത്രമല്ല എടുക്കുന്ന വായ്പയുടെ 15% വരെ തിരിച്ചടയ്‌ക്കേണ്ടാത്ത മൂലധന സബ്‌സിഡി ആനുകൂല്യവുമുണ്ട്. പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും പരിശീലന പദ്ധതികളുമായി നോര്‍ക്കയും ഒപ്പമുണ്ടാകും. 2013 ൽ ആണ് എന്‍ഡിപ്രേം പദ്ധതി തുടങ്ങിയത്. 2020 ഡിസംബര്‍ വരെ 4179 പേര്‍ ഗുണഭോക്താക്കളായി. സംരംഭങ്ങള്‍ക്കായി ഇതുവരെ 220.37 കോടി രൂപയുടെ ബാങ്ക് വായ്പകള്‍ ലഭ്യമാക്കി. സബ്‌സിഡി ഇനത്തില്‍ 59.58 കോടി രൂപ നോര്‍ക്ക നല്‍കി.

നടപ്പു വര്‍ഷത്തെ ലക്ഷ്യം?

ഈ സാമ്പത്തിക വര്‍ഷത്തില്‍ അഞ്ഞൂറോളം ഗുണഭോക്താക്കള്‍ക്കായി 9.52 കോടി രൂപ സബ്‌സിഡിയായി അനുവദിച്ചു. കോവിഡ് പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടപ്പെട്ട്  5 ലക്ഷത്തിലധികം പ്രവാസികളാണ് മടങ്ങിയെത്തിയത്. ഇവരെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് എന്‍ഡിപ്രേം വഴി ആവശ്യമായ കൈത്താങ്ങ് നല്‍കുന്നുണ്ട്.

അര്‍ഹരായവരെ കണ്ടെത്താന്‍ എന്താണ് മാനദണ്ഡം?

നോര്‍ക്ക–റൂട്സുമായി ധാരണാപത്രം കൈമാറിയിട്ടുള്ള ബാങ്ക്/ധനകാര്യസ്ഥാപനങ്ങളുടെ നിയമങ്ങള്‍ക്കു വിധേയമായി വായ്പ അനുവദിക്കുകയാണു ചെയ്യുന്നത്. അര്‍ഹരായവരെ കണ്ടെത്തുന്നതിനു സര്‍ക്കാര്‍ സ്ഥാപനമായ  സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് മുഖേന വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം അപേക്ഷകള്‍ ബാങ്കുകളിലേക്ക് ശുപാര്‍ശ ചെയ്യുന്നു.      

വായ്പയ്ക്കു പുറമേ എന്തെല്ലാം സഹായങ്ങള്‍ നല്‍കും?

ഈ പദ്ധതി പ്രകാരം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് വായ്പ നല്‍കുന്നത്.  30 ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പകള്‍ക്ക് 15% മൂലധന സബ്‌സിഡിയും 4 വര്‍ഷത്തേക്ക് 3% പലിശ സബ്‌സിഡിയും നോര്‍ക്ക നല്‍കുന്നു. സംരംഭത്തിനാവശ്യമായ ലൈസന്‍സ് അടക്കമുള്ള കാര്യങ്ങള്‍ അപേക്ഷകര്‍ തന്നെ തരപ്പെടുത്തുകയാണു വേണ്ടത്.

പരിശീലന പദ്ധതികളുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

സംരംഭങ്ങള്‍ സംബന്ധിച്ചു പരിശീലനവും മേഖലാടിസ്ഥാനത്തില്‍ ബോധവല്‍ക്കരണവും നോര്‍ക്ക നടത്തുന്നുണ്ട്. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ്് ഡവലപ്‌മെന്റ് മുഖേന ആദ്യ ആറു മാസത്തേക്ക് ആവശ്യമായ മാര്‍ഗനിർദേശങ്ങളും നല്‍കുന്നു. പദ്ധതി രൂപരേഖ തയാറാക്കല്‍, വിദഗ്ധ ഉപദേശങ്ങള്‍ തുടങ്ങിയവയും ലഭിക്കും. 2019-20 സാമ്പത്തികവര്‍ഷം ഏഴ് ഫീല്‍ഡ് ക്യാംപുകള്‍ വഴി അഞ്ഞൂറിലധികം പേരെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി മാറ്റിയത്.

English Summary : Norka Roots Financial Aid for NRI Entrepreneurs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA