പൂട്ടാനൊരുങ്ങിയ കേറ്ററിങ് യൂണിറ്റില്‍ നിന്ന് ടേക്ക് എവേ കൗണ്ടറുകളിലേക്ക്, പ്രതിമാസ ലാഭം 2 ലക്ഷം രൂപ

HIGHLIGHTS
  • നല്ല ഭക്ഷണമുണ്ടാക്കി വില്‍ക്കാനുള്ള തന്ത്രം പത്തുപേരുടെ ജോലി നിലനിര്‍ത്തി
tak-away
SHARE

പ്രതിസന്ധികളെ അതിജീവിച്ച് എങ്ങനെ പിടിച്ചു നില്‍ക്കാമെന്നും ബിസിനസ് വളര്‍ത്താമെന്നും തെളിയിച്ച കേറ്ററിങ് യൂണിറ്റ് ഉടമയാണ് തൃശൂര്‍ അരണാട്ടുകര സ്വദേശി ഷാഖി തട്ടില്‍. പൂട്ടാനൊരുങ്ങിയ യൂണിറ്റിന്റെ ബലത്തില്‍ ടേക്ക്് എവേ ഔട്ട്‌ലെറ്റുകള്‍ തുറന്ന് ഭക്ഷണം വിറ്റഴിച്ചാണ് അതിജീവനത്തിന്റെ പാത ഷാഖി തുറന്നിടുന്നത്. കൊറോണക്കാലത്ത് പാര്‍ട്ടി ഓര്‍ഡറുകള്‍ കിട്ടില്ലെന്നറിഞ്ഞിട്ടും നല്ല ഭക്ഷണമുണ്ടാക്കി ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കാനുള്ള തന്ത്രം പത്തുപേരുടെ ജോലി നിലനിര്‍ത്തിയെന്നു മാത്രമല്ല ആറു പേര്‍ക്ക് പുതുതായി പാര്‍ട്ട്‌ടൈം ജോലിയും നല്‍കി. എല്ലാ ചെലവുകളും കഴിഞ്ഞ് 3 ഔട്ട്‌ലെറ്റുകളില്‍ നിന്നായി 2 ലക്ഷം രൂപയാണ് ഈ പുതിയ ബിസിനസിലൂടെ മാസം തോറും കൈയിലെത്തുന്നത്. പൂട്ടിപോകേണ്ട കേറ്ററിങ് യൂണിറ്റില്‍ നിന്ന് മാസം തോറും 15 ലക്ഷത്തിലധികം രൂപയുടെ വിറ്റുവരവ് നേടുന്നതിനു പിന്നില്‍ ഷാഖിയുടെ കഠിനാധ്വാനവുമുണ്ട്. ഹോട്ടല്‍ മാനേജ്മെന്റ് പഠനം കഴിഞ്ഞ് കേരളത്തിനകത്തും പുറത്തും ജോലിചെയ്ത് നാട്ടിലെത്തിയ ശേഷമാണ് 12 വര്‍ഷം മുമ്പ് ആരംഭിച്ച  വി - സെര്‍വ് എന്ന കേറ്ററിങ് യൂണിറ്റ് ആരംഭിച്ചത്. 1500 പേര്‍ക്ക് വരെ ഒന്നിച്ച് ഭക്ഷണമൊരുക്കാന്‍ കഴിയുന്ന യൂണിറ്റായിരുന്നു ഇത്. 

കൊറോണക്കാലത്തെ പരീക്ഷണം

കൊറോണക്കാലത്ത് യൂണിറ്റ് പൂട്ടേണ്ട സ്ഥിതിയെത്തിയിരുന്നു. ബംഗാളികളടക്കം 18 പേരാണ് ഇവിടെ തൊഴില്‍ ചെയ്തിരുന്നത്. എട്ടു ബംഗാളികളെ നിവൃത്തിയില്ലാതെ നാട്ടിലേക്ക് മടക്കി അയച്ചു. ബാക്കി നാട്ടുകാരായ 10 തൊഴിലാളികളുടെ പട്ടിണി മാറ്റാനും അതിജീവനവും ലക്ഷ്യമിട്ടാണ് ടേക്ക് എവേ ഔട്ട്്‌ലെറ്റ് ഒരെണ്ണം തുറന്നു നോക്കിയത്. കൊച്ചൂസ് ഫുഡ്‌സ് എന്ന പേരില്‍ തൃശൂര്‍ നഗര പരിസരത്ത് ആരംഭിച്ച ഔട്ട്്‌ലെറ്റിന് നല്ല പ്രതികരണം  ലഭിച്ചു. പരീക്ഷണം വിജയിച്ചതോടെ 2 ടേക്ക് എവേ കൗണ്ടറുകള്‍ കൂടി തുറന്നു. തൊഴിലാളികള്‍ക്കൊപ്പം പാചകത്തിന് കൂടുന്ന കേറ്ററിങ് ഉടമയും കൗണ്ടറുകളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന കോളജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ എല്ലാവരും ഡബിള്‍ ഹാപ്പി. സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ വൈവിധ്യമേറിയ വെജിറ്റേറിയന്‍ - നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ വാങ്ങാന്‍ പറ്റുന്നൊരിടമെന്ന നിലയിലാണ് ഈ ടേക്ക് എവേ ഔട്ട്‌ലെറ്റുകള്‍ വളരുന്നതും നിലനില്‍ക്കുന്നതും.

ബേക്കറി പോലെ ടേക്ക് എവേ കൗണ്ടര്‍

ടേക്ക് എവേ കൗണ്ടറിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ അതൊരു ബേക്കറി പോലെയായിരിക്കണമെന്നാണ് ഷാഖി ചിന്തിച്ചത്. വീടുകളിലേക്ക് അതിഥികളെത്തുമ്പോള്‍ ആദ്യം ഓടിച്ചെല്ലുന്നത് ബേക്കറിയിലേക്കാണല്ലോ. അതുപോലെ വീട്ടുകാര്‍ക്കും അതിഥികള്‍ക്കുമൊക്കെ ചുരുങ്ങിയ വിലയില്‍ ഹോട്ടല്‍ ഭക്ഷണം ലഭ്യമാക്കുകയെന്നതായിരുന്നു ലക്ഷ്യം. ഹോട്ടലുകളിലെ ഉയര്‍ന്ന വിലയും കുറഞ്ഞ അളവുമൊക്കെ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ലല്ലോ. അങ്ങനെയാണ് കേറ്ററിങ് യൂണിറ്റിലെ തൊഴിലാളികളുടെ കൈപുണ്യത്തോടെ  വൈവിധ്യമേറിയ വെജിറ്റേറിയന്‍ - നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഒരുക്കിത്തുടങ്ങിയത്. രാവിലെ തുടങ്ങുന്ന ജോലികള്‍ വൈകീട്ട് നാലോടെ പൂര്‍ത്തിയാക്കി 5 മണിയോടെ ഔട്ട്‌ലെറ്റുകളിലെത്തിച്ച് വില്‍പ്പന ആരംഭിക്കും. തുടക്കത്തില്‍ തന്നെ ഈ ആശയത്തെ ഭക്ഷണ പ്രേമികള്‍ ആവേശത്തോടെ സ്വീകരിച്ചു. 

വിഭവങ്ങള്‍ എന്തൊക്കെ 

ചപ്പാത്തി, പൊറോട്ട, പത്തിരി, റുമാല്‍ റൊട്ടി, ബട്ടൂര, പുലാവ്, നെയ്‌ച്ചോര്‍, ബിരിയാണി റൈസ് തുടങ്ങി 25 ഇനങ്ങളാണ് ഔട്ട്‌ലെറ്റില്‍ വില്‍പ്പന നടത്തുന്നത്.  നെയ്‌ച്ചോര്‍ തന്നെ നാലു തരത്തില്‍ ലഭിക്കും. 15 തരം നോണ്‍ വെജ്, 6 തരം വെജ് വിഭവങ്ങളും തയ്യാറാക്കുന്നുണ്ട്. നോണ്‍ വെജ് വിഭവങ്ങള്‍ക്ക് ഒന്നിന് 70 രൂപയാണ് വില. വെജിറ്റേറിയന്‍ വിഭവങ്ങളില്‍ പനീര്‍, ഗോപി, ആലു, ചന്ന മസാല എന്നിവയും ഇതേ നിരക്കില്‍ ലഭിക്കും. പൊറൊട്ട 10 രൂപ, ചപ്പാത്തി 8 രൂപ, പത്തിരി 5 രൂപ, റുമാല്‍റൊട്ടി 5 രൂപ, ബട്ടൂര - 20 രൂപ എന്നിങ്ങനെ എല്ലാം ലഭ്യമാണ്. ചൂടോടെ നല്‍കുന്നതിനായി ഹീറ്ററുകള്‍ ഒരുക്കിയാണ് ഓരോ വിഭവങ്ങളും ഡിസ്‌പ്ലേ ചെയ്തിരിക്കുന്നത്. ഓരോ കറികളും നേരിട്ട് കണ്ട് വില നോക്കി വാങ്ങാനുമൊക്കെ കഴിയും. 

ബ്രാന്റഡ് ഔട്ട്‌ലെറ്റ്

ബ്രാന്റഡ് ഔട്ട് ലെറ്റുകളെപ്പോലെ തന്നെയാണ് കൗണ്ടറും സെയില്‍സ് ബോയ്‌സിനെയും സജ്ജമാക്കിയിരിക്കുന്നത്. കോളജ് വിദ്യാര്‍ത്ഥികളെയാണ് പാര്‍ട്ട് ടൈം ജോലിക്കാരായി വില്‍പ്പനയ്ക്ക് നിയോഗിച്ചിരിക്കുന്നത്. 5 മണി മുതല്‍ 10 മണി വരെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കും. സെയില്‍സ് ബോയ്‌സിന് 150 മുതല്‍ 200 രൂപ വരെ ദിവസക്കൂലിയാണ് നല്‍കുന്നത്. സിസി ടിവി ക്യാമറ ഉള്‍പ്പടെയുള്ള എല്ലാ വിധ സൗകര്യങ്ങളും ഈ ഔട്ട്‌ലെറ്റുകളിലുണ്ട്. ആദ്യം തൃശൂര്‍ നഗരത്തിന് അടുത്തുള്ള ഒളരി പള്ളിയുടെ അടുത്തും പിന്നീട് പരീക്ഷണം വിജയിച്ചതോടെ അയ്യന്തോള്‍ കളക്ട്രേറ്റ് ഗ്രൗണ്ടിനടുത്തും അയ്യന്തോള്‍ - ഒളരി റോഡിലും 2 ഔട്ട്‌ലെറ്റുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. ചില ദിവസങ്ങളില്‍ ഔട്ട് ലെറ്റ് തുറന്ന് രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ 75 ശതമാനവും വിറ്റുതീരും. വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കും നല്ല ഡിമാന്റുണ്ട്.

English Summary: Success Story of aTake Away Counter in Thrissur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA