ADVERTISEMENT

ആരോഗ്യമുള്ള ജീവിതശൈലിയിലേക്കു പോകാനുള്ള ശരാശരി മലയാളിയുടെ ആഗ്രഹമാണ് ഡ്രൈഫ്രൂട്സിന്റെ വിപണി തുറന്നിടുന്നത്.  

നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ ബ്രാന്റഡ് ഡ്രൈഫ്രൂട്സ് ഔട് ലെറ്റുകള്‍ ധാരാളം തുറക്കുന്ന കാലമാണിത്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഡ്രൈഫ്രൂട്സിനായി പ്രത്യേക വിഭാഗം തന്നെയുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തും നല്ല വിപണി സാധ്യതയാണ് ഉണക്കപ്പഴങ്ങള്‍ക്കുള്ളത്. കേരളത്തില്‍നിന്നുള്ള പഴവർഗങ്ങള്‍ക്ക് രുചിയും ഗുണവും കൂടുതലായതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും വലിയ ഡിമാൻഡ് ഉണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തില്‍ ഡ്രൈഫ്രൂട്സ് നിർമാണം നടത്തുന്നവരുടെ എണ്ണം ചുരുക്കമാണ്. അവർക്കിടയിൽ സ്വപ്രയത്‌നം കൊണ്ട് ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് തൃശൂര്‍ പാമ്പൂര്‍ സ്വദേശിയും വീട്ടമ്മയുമായ സബിത ഗിരീഷ്. 

പ്രവര്‍ത്തനരീതി, സംഭരണം

പഴങ്ങളുടെ ലഭ്യതയനുസരിച്ച് ഒരു സമയം ഒരേയിനം പഴങ്ങളാണ് ഉപയോഗിക്കുക. ഏത്തപ്പഴം, പപ്പായ (റെഡ് ലേഡി), മാമ്പഴം, പേരയ്ക്ക എന്നിവ കിലോയ്ക്ക് 20 രൂപ മുതല്‍ മുകളിലോട്ട് ലഭിക്കും. പൈനാപ്പിള്‍ കിലോയ്ക്ക് 14 രൂപ മുതല്‍ ലഭ്യമാണ്. പേരയ്ക്കയ്ക്കു മാത്രമാണ് കച്ചവടക്കാരെയും അന്യസംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ടി വരുന്നത്.

പഴങ്ങള്‍ വൃത്തിയായി കഴുകിയെടുക്കലാണ് ആദ്യഘട്ടം. തുടര്‍ന്ന് കഷണങ്ങളാക്കി പഞ്ചസാര പാനിയില്‍ മുക്കിവയ്ക്കാറുണ്ട്. ഉണക്കുമ്പോൾ നഷ്ടപ്പെടുന്ന മധുരം ബാലന്‍സ് ചെയ്യുന്നതിന് വേണ്ടിയാണിത്. 150 കിലോ ഏത്തപ്പഴം ഉണക്കിയാല്‍ 15 കിലോയോളം ലഭിക്കും. പൈനാപ്പിള്‍, പേരയ്ക്ക, നേന്ത്രപ്പഴം എന്നിവ വട്ടത്തിലും മാമ്പഴവും പപ്പായയും നീളത്തിലും അരിഞ്ഞ് ഉണക്കിയെടുക്കുന്നു. സ്വാദേറിയ പല മാമ്പഴങ്ങളുമുണ്ടെങ്കിലും ഉണക്കിയാല്‍ ഏറ്റവും സ്വാദ് ലഭിക്കുന്നത് മൂവാണ്ടന്‍ മാമ്പഴത്തിനാണ്. പൈനാപ്പിള്‍ ഉണക്കിയെടുക്കാനാണ് കൂടുതല്‍ സമയം വേണ്ടിവരിക. ഒരു സമയത്ത് ഒരേ തരത്തിലുള്ള പഴങ്ങള്‍ ഡ്രൈയറിലിട്ട് എട്ടു മുതല്‍ പത്തു മണിക്കൂര്‍ കഴിഞ്ഞാലെ നന്നായി ഉണങ്ങി കിട്ടുകയുള്ളൂ.

വില്‍പ്പന, ലാഭം

നൂറു ഗ്രാം ഡ്രൈഫ്രൂട്സിന്റെ വില ഇപ്രകാരമാണ്. പേരയ്ക്ക- 95 രൂപ, പൈനാപ്പിള്‍, പപ്പായ -120 രൂപ, മാമ്പഴം- 135 രൂപ, ഏത്തപ്പഴം- 110 രൂപ. ഗുജറാത്തില്‍ നിന്നു വാങ്ങുന്ന പ്രത്യേക പായ്ക്കറ്റുകളിലാക്കിയാണ് വിൽപനയ്ക്കെത്തിക്കുന്നത്. ടിന്നില്‍ നിറച്ചും വിൽപന നടത്തുന്നുണ്ട്. പാക്കറ്റുകളിലാക്കുന്നതിനായി കുറഞ്ഞത് 8 രൂപയെങ്കിലും ചെലവ് വരും. രണ്ടു ലക്ഷം മുതല്‍ നാലു ലക്ഷം രൂപ വരെയാണ് പ്രതിമാസം വിൽപനയിലൂടെ ലഭിക്കുന്ന ഏകദേശ വരുമാനം.

ഏത്തപ്പഴത്തിന് 22 രൂപയെന്ന കണക്കില്‍ 150 കിലോയ്ക്ക് 3,300 രൂപ വരും. രണ്ടു തൊഴിലാളികളുടെ വേതനത്തിനായി 1,000 രൂപ നീക്കിവയ്ക്കണം. പാക്കിങ്ങിനായി 1200 രൂപയോളമാകും. വൈദ്യുതി ചാർജിനും മറ്റ് ഭരണ നിർവഹണത്തിനുമായി 800 രൂപയോളം ചെലവുണ്ട്. കമ്മീഷന്‍ ഇനത്തില്‍ വിൽപനക്കാര്‍ക്ക് മറ്റൊരു 2,000 രൂപ കൂടി പോകും.15 കിലോ ഏത്തപ്പഴം ഉണക്കിയതിന് 1,100 രൂപ നിരക്കില്‍ (നൂറ് ഗ്രാമിന് 110 രൂപ) 16,500 രൂപയാണ് ആകെ ലഭിക്കുക. മൊത്തം ചെലവ് ഏകദേശം 8,300 രൂപയാണ്. ലഭിക്കുന്ന ലാഭമാകട്ടെ ഏതാണ്ട് 50 ശതമാനത്തോളം (8,200 രൂപ) വരും.

കൃഷിവകുപ്പിന്റെ തൃശൂരിലെ അഗ്രോ മാര്‍ക്കറ്റ്, ഫ്ലിപ്കാര്‍ട്ട് പോലെയുള്ള ഇ–കോമേഴ്സ് പ്ലാറ്റ്ഫോം, വിതരണക്കാര്‍ എന്നിങ്ങനെയാണ് വിപണി കണ്ടെത്തുന്നത്. സംസ്ഥാനത്തെ വിൽപനയ്ക്കു പുറമേ അന്യസംസ്ഥാനങ്ങളിലും കേരളത്തില്‍നിന്നുള്ള ഡ്രൈഫ്രൂട്സിനും ഡ്രൈ വെജിറ്റബിള്‍സിനും ആവശ്യക്കാരുണ്ട്.

സബിതയുടെ പ്രയത്‌നം

തൃശൂര്‍ കൊട്ടേക്കാടിനടുത്ത് കൊളങ്ങാട്ടുകരയിലാണ് സബിതയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിയുടെ എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി 15 ലക്ഷം രൂപ വായ്പയെടുത്ത് വലിയ തോതിലാണ് ആരംഭിച്ചിരിക്കുന്നത്. ഭര്‍ത്താവ് ഗിരീഷിന്റെയും കുടുംബത്തിന്റെയും പിന്തുണയുമുണ്ട്.

സീസണ്‍ അനുസരിച്ച് കാബേജ്, മുരിങ്ങയില എന്നിവയും ഉണക്കിയെടുക്കുന്നുണ്ട്. ഇവയ്‌ക്കൊപ്പം ഇളനീര്‍ ചിപ്‌സ് നിർമാണവുമുണ്ട്. ഇന്തോ- യൂറോ എന്ന കമ്പനിയുടെ ബാനറില്‍ ‘ഡ്രൈ ഫീസ്റ്റ്’ ബ്രാൻഡിലാണ് ഡ്രൈഫ്രൂട്സ് വിപണിയില്‍ എത്തിക്കുന്നത്. പ്രത്യേകം ഔട് ലെറ്റുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

ഹൈജീനിക് പ്രോസസ്

എത്ര നന്നായി കഴുകുന്നുവോ അത്ര തന്നെ ഡ്രൈഫ്രൂട്സിന്റെ ഗുണമേന്മയും വർധിക്കും. പേരയ്ക്ക, നേന്ത്രപ്പഴം എന്നിവ മുറിക്കാനായി പ്രത്യേകം മെഷീനുകളുണ്ട്. ഡ്രയറിലല്ലാതെ പുറത്തിട്ടുണക്കിയാല്‍ പൊടിയും മറ്റു മാലിന്യങ്ങളും പറ്റിപ്പിടിക്കാനുള്ള സാധ്യത ഏറെയാണ്. ഹൈജീനിക്കായി പഴം ഉണക്കിയെടുക്കാന്‍ ഡ്രൈയര്‍ തന്നെയാണ് നല്ലത്. ഇതിലാകുമ്പോൾ ഈര്‍പ്പം പരിശോധിക്കാനും ഗുണനിലവാരം ഉറപ്പു വരുത്താനുമൊക്കെ പ്രത്യേക സംവിധാനങ്ങളുമുണ്ട്.

പാക്കിങ്ങിൽ ശ്രദ്ധിക്കാന്‍

ഏറ്റവും ശ്രദ്ധിക്കേണ്ടത് പാക്കിങ്ങാണ്. ഈര്‍പ്പം കയറാത്ത പോളിപ്രൊപ്പലീന്‍ കണ്ടെയ്നറുകളോ മള്‍ട്ടിലെയര്‍ മെറ്റലൈസ്ഡ് കവറുകളിലോ മാത്രമേ പാക്ക് ചെയ്യാവൂ. പാക്കിങ്ങിന്റെ ഉള്ളില്‍നിന്ന് അന്തരീക്ഷവായു നീക്കം ചെയ്ത ശേഷം നൈട്രജന്‍ നിറയ്ക്കുകയും വേണം. ഡ്രൈഫ്രൂട്സ് കൂടുതല്‍ കാലം കേടുകൂടാതെയിരിക്കാന്‍ ഇത് നിര്‍ബന്ധമാണ്. പൂപ്പല്‍ ബാധ ഒഴിവാക്കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തു വേണം പാക്കിങ് ജോലികൾ പൂര്‍ത്തിയാക്കാന്‍ 

ബിസിനസ് സാധ്യതകള്‍

കേരളത്തില്‍ ധാരാളമായി എല്ലായിടത്തും ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ തന്നെയാണ് ഈ ബിസിനസിന്റെ ഏറ്റവും വലിയ സാധ്യത. വലിയ സാങ്കേതിക വിദ്യയോ സാങ്കേതിക വിദഗ്ധരുടെ സേവനമോ ആവശ്യമായി വരുന്നില്ല. ചെറുകിട വ്യവസായം എന്ന നിലയില്‍ കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാന്‍ സാധിക്കുകയും ചെയ്യും. പ്രതിദിനം 150 കിലോഗ്രാം കപ്പാസിറ്റിയുള്ള ഡ്രയറിന് പരമാവധി 3 ലക്ഷം രൂപയാണ് വില. വാക്വം - നൈട്രജന്‍ ഫില്ലിങ് മെഷീന്‍ 60,000 രൂപയ്ക്കും ലഭിക്കും. മറ്റെല്ലാ ചെലവുകള്‍ ഉൾപ്പെടെ 5 ലക്ഷം രൂപയില്‍ ചെറുകിട യൂണിറ്റ് വീട്ടില്‍ത്തന്നെ തുടങ്ങാനാവും.

English Summary: Possibility of Dry Fruit Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com