ADVERTISEMENT

‘‘വെല്ലുവിളികൾ യഥാർഥത്തിൽ അവസരങ്ങളാണ്. വളരാനും പഠിക്കാനും നമ്മെത്തന്നെ ശക്തിപ്പെടുത്താനും. നമ്മെയും നമ്മുടെ ആത്മവിശ്വാസത്തെയും പരീക്ഷിക്കാനുള്ള അവസരങ്ങൾ. ഹൃദയത്തിൽ സ്വപ്നങ്ങൾ സൃഷ്ടിക്കുകയും അവയ്ക്കായി പ്രവർത്തിക്കാൻ തയാറാകുകയും ചെയ്താൽ ഏതു പ്രതിസന്ധിയെയും അതിജീവിക്കാനാകും. ഇതെന്റെ ജീവിതാനുഭവമാണ്.’’ 

കോട്ടയത്തിനടുത്ത് മണർകാട്ട് ‘B's Kitchen’ എന്ന പേരിൽ കേക്കുകളുടെ നിർമാണവും വിതരണവും നടത്തുന്ന ബിന്ദു തന്റെ സംരംഭത്തെക്കുറിച്ചും അതു വിജയത്തിലേക്കെത്തിച്ച വഴിയെക്കുറിച്ചും പറ‍ഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. 

റിസ്കുകൾ പുത്തരിയല്ല

ജീവിതത്തിൽ ഇത്തരത്തിലുള്ള ഒട്ടേറെ റിസ്കുകൾ അഭിമുഖീകരിച്ചാണ് ഒരു സംരംഭകയെന്ന നിലയിൽ ബിന്ദുവിന്റെ വളർച്ച. 

കോട്ടയത്തെ പ്രമുഖ സ്ഥാപനത്തിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ഭേദപ്പെട്ട ശമ്പളത്തിൽ പ്രവര്‍ത്തിക്കുമ്പോൾ കുടുംബ ബിസിനസ് ജീവിതത്തിന്റെ ആണിക്കല്ല് ഇളക്കിയേക്കാം എന്നൊരു അവസ്ഥ വന്നു. 

അതോടെ കൊള്ളാവുന്ന ജോലി വിട്ടെറിഞ്ഞ് ബിസിനസിലേക്ക് ഇറങ്ങിയതാണ്. അടുത്തറിയാവുന്നവരെല്ലാം മണ്ടൻ തീരുമാനമെന്നു വിശേഷിച്ചപ്പോഴും ബിസിനസിൽ ബിന്ദുവിനു വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. നാലുപാടും കടം മുറുകി നിന്നിരുന്ന അവസ്ഥയിൽ ചുവടുറപ്പിച്ച് പതിയെപ്പതിയെ പിടിച്ചുകയറാൻ അവർക്കായി. 

ഇന്ന് കേരളത്തിലെ മുൻനിര വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെല്ലാം ബിന്ദു നേതൃത്വം കൊടുക്കുന്ന ‘കമേലിയ ഗാർമെന്റ്സി’ന്റെ ഉൽപന്നങ്ങളുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായി 25 കുടുംബങ്ങളുടെ ജീവിതമാർഗം കൂടിയാണ് കുട്ടികളുടെ പട്ടുപാവാടയുൾപ്പെടെയുള്ള വസ്ത്രങ്ങൾ വൻതോതിൽ നിർമിക്കുന്ന ഈ സ്ഥാപനം.

എന്നാൽ കോവിഡ് വ്യാപനം വർധിച്ചതോടെ ബിസിനസ് ആകെ പ്രതിസന്ധിയിലായി. ‘‘വിഷു സീസൺ മുൻനിർത്തി തയാറാക്കി വച്ചിരുന്ന സ്റ്റോക്കുകൾ ഗോഡൗണുകളിൽ കെട്ടിക്കിടന്നു. വായ്പകൾ തിരിച്ചടയ്ക്കാനോ വാടക കൊടുക്കാനോ, എന്തിന് നിത്യച്ചെലവിനുപോലും പണമില്ലാതെ വിഷമിച്ച ദിനങ്ങളായിരുന്നു അത്.’’ കഴിഞ്ഞ വിഷുക്കാലം ബിന്ദു ഓർത്തെടുക്കുന്നു.

50 ശതമാനം ആദായം

‘‘കമേലിയയിൽനിന്നു 30% അറ്റാദായമാണ് ലഭിച്ചിരുന്നതെങ്കിൽ കേക്ക് നിർമാണത്തിൽ 50% വരെ ലാഭം നേടാനായി. ഭക്ഷ്യോൽപന്ന– സംസ്കരണ മേഖലകളിലെല്ലാം ഉയർന്ന വരുമാനം ലഭിക്കാൻ സാധ്യതയുണ്ടെന്നൊരു തിരിച്ചറിവു കൂടിയായിരുന്നു ഈ വിജയം.’’ ബിന്ദു തന്റെ വിജയവഴികൾ പങ്കുവയ്ക്കുകയാണ്. 

550 രൂപ മുതൽ വിലയുള്ള കേക്കുകളാണ് വിൽക്കുന്നത്. അസംസ്കൃത വസ്തുക്കളൊക്കെ തൊട്ടടുത്ത പട്ടണത്തിലെ ഹോൾസെയിൽ കടയിൽ നിന്നു വാങ്ങുന്നു. സ്വന്തമായി അവ്ൻ ഇല്ലെങ്കിൽ പോലും പ്രഷർകുക്കറോ പാനോ ഉപയോഗിച്ച് കേക്ക് ചെയ്യാനാകും. ഭംഗിയൽപം കുറഞ്ഞാലും ഗുണനിലവാരത്തിൽ വിട്ടുവീഴ്ച പാടില്ലെന്നത് വലിയൊരു പാഠമായി ബിന്ദു പറയുന്നു. 

ഇന്ന് കോവിഡ് പ്രതിസന്ധി പതിയെ ഒഴിഞ്ഞു വരുമ്പോൾ കമേലിയ ഗാർമെന്റ്സ് അതിന്റെ പ്രവർത്തനതാളം വീണ്ടെടുത്തിട്ടുണ്ട്. അടുത്ത ഓണം സീസണോടെ ബിസിനസ് പൂർവസ്ഥിതിയിലാകുമെന്നാണ് ബിന്ദുവിന്റെ പ്രതീക്ഷ. 

എന്നാൽ അതു കണ്ട് ആപത്തു കാലത്ത് തുണയായി വന്ന B's Kitchen വിട്ടുകളയാൻ ഇവരൊരുക്കമല്ല. കമേലിയയ്ക്കൊപ്പം കേക്ക് നിർമാണവും മുന്നോട്ടു കൊണ്ടുപോകാനാണ് ബിന്ദുവിന്റെ തീരുമാനം. 

ഐഡിയ വന്ന വഴി

‘‘ജീവിതം വീണ്ടും പഴയകാലത്തിലേക്ക് തിരിച്ചു പോകുകയാണോയെന്നു തോന്നിപ്പോയി. എന്തായാലും വിട്ടുകൊടുക്കില്ലെന്നുറപ്പിച്ചു. ടെൻഷൻ മാറ്റാൻ പാചകം നല്ലൊരു വഴിയാണ്. വീട്ടിലിരിക്കുന്നതുകൊണ്ട് പരീക്ഷണങ്ങൾക്കും സമയമുണ്ട്. അങ്ങനെയാണ് ഒരു കേക്ക് ഉണ്ടാക്കാമെന്നു വച്ചത്. അതിനുള്ള തയാറെടുപ്പുകൾക്കിടയിൽ പെട്ടെന്നു വന്നൊരു തോന്നലായിരുന്നു ഇതൊരു ബിസിനസ് ആക്കിയാലോ എന്ന്.’’ പ്രതിസന്ധിയിൽ നിന്നു പുതിയൊരു സംരംഭത്തിലേക്ക് വഴി തുറന്നതിനെക്കുറിച്ച് ബിന്ദു പറയുന്നു.

നിലവിലുള്ള ബിസിനസ് തകർന്നു കിടക്കുന്നു, കയ്യിലാണെങ്കിൽ കാൽ കാശില്ല. അത്തരമൊരു പരിസ്ഥിതിയിൽ കുറഞ്ഞ മൂലധനത്തിൽ വീട്ടിൽത്തന്നെ തുടങ്ങാവുന്നൊരു ബിസിനസായാണ് കേക്ക് നിർമാണത്തെ ഈ വീട്ടമ്മ കണ്ടത്. മാർക്കറ്റിങ് രംഗത്ത് മുൻപരിചയമുള്ളതുകൊണ്ട് സംഭവം ചെറുതാണെങ്കിലും സിസ്റ്റമാറ്റിക്കായിത്തന്നെയായിരുന്നു കാര്യങ്ങൾ. അസംസ്കൃത വസ്തുക്കൾ കോട്ടയം ടൗണിലെ ഹോൾസെയിൽ കടയിൽനിന്നു വാങ്ങാം, വീട്ടിലെ അവ്ൻ ഉപയോഗിച്ച് നിർമാണം, വിപണിക്ക് സോഷ്യൽ മീഡിയയെ ആശ്രയിക്കാം... എന്നിങ്ങനെ ആദ്യം ബിസിനസ് പ്ലാനൊന്ന് തയാറാക്കി. 

ബ്രാൻഡിങ്ങും ഇക്കൂടെ നടത്തിയെന്നു പറയാം. അതിനു വില്ലനായ ലോക്ഡൗണിനെത്തന്നെയാണ് കൂട്ടുപിടിച്ചത്. ‘ലോക്ഡൗൺ സ്പെഷൽ കേക്കുകൾ’ അങ്ങനെ ഓരോന്നായി അവ്ൻ വിട്ടിറങ്ങി വീടുകളിലേക്കെത്തിത്തുടങ്ങി. പരസ്യപ്രചരണം ഏറ്റെടുത്ത് കൂട്ടുകാരും ഇക്കാര്യത്തിൽ നന്നായി സഹായിച്ചുവെന്നു ബിന്ദു പറയുന്നു. 

ബർത്ത്ഡേ സ്പെഷൽ, ആനിവേഴ്സറി സ്പെഷൽ തുടങ്ങിയും വ്യത്യസ്ത ഫ്ലേവറുകളിലും കേക്കുകളുടെ എണ്ണവും ഓർഡറുകളും പതിയെപ്പതിയെ കൂടിക്കൂടി വന്നു.

English Summary : A Success Story of a Woman Entreprenuer in Covid Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com