ADVERTISEMENT

ഈസ്റ്റര്‍കാലമാണ്, മല്‍സ്യത്തിനും മാംസത്തിനും നല്ല ഡിമാന്റാണ്. കടകളിൽ ക്യൂ നിന്ന് വില്‍പ്പനക്കാരുടെ കാലു പിടിച്ച് മത്സ്യവും മാംസവും വൃത്തിയാക്കി കട്ട് ചെയ്ത് വാങ്ങുന്നതൊക്കെ പഴയ ശീലമാണ്. വാട്സാപ്പില്‍ സന്ദേശം അയച്ചോ ഫോണില്‍ വിളിച്ചോ നല്ല മീനും മാംസവും പറയുന്നതനുസരിച്ച് വീട്ടില്‍ കൊണ്ടു വന്നു തരും. അങ്ങനെ ലഭിക്കുന്ന മല്‍സ്യവും മാംസവും രാസ പദാര്‍ത്ഥങ്ങള്‍ ഇല്ലാത്തതും മികച്ച ഗുണനിലവാരമുള്ളതുമായാലോ? 

വിപണിയിലെ ഈ ഡിമാന്റ് തിരിച്ചറിഞ്ഞ് വിഷമോ രാസപദാര്‍ത്ഥങ്ങളോ ഇല്ലാതെ ഫ്രഷായ മാംസവും മല്‍സ്യവും ഓണ്‍ലൈനിലൂടെ വിറ്റഴിച്ച് ആരോഗ്യകരമായ സ്റ്റാര്‍ട്ടപ്പ് ബിസിനസ് നടത്തുകയാണ് സിന്റോ വിന്‍സെന്റ് - ജില്‍മോള്‍ ദമ്പതികള്‍. ഇന്ത്യന്‍  വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ക്യൂബേഷന്‍ ചെയ്തിട്ടുള്ള കേരളത്തിലെ പ്രഥമ മീറ്റ് പ്രോസസിംഗ് കമ്പനിയാണിത്. നാലു വര്‍ഷമായി വിജയകരമായി നടത്തുന്ന സംരംഭത്തിലൂടെ സംതൃപ്തരായ മൂവായിരത്തിലധികം കസ്റ്റമേഴ്‌സിനെ നേടാനായി. ദിവസവും മൂന്നോ നാലോ പുതിയ കസ്റ്റമേഴ്‌സും ഈ ഓണ്‍ലൈന്‍ ശൃംഖലയിലേക്ക് അണിചേരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ സ്റ്റാര്‍ട്ട്പ്പായി രജിസ്്റ്റര്‍ ചെയ്തും ശാസ്ത്രീമായ പഠനങ്ങള്‍ നടത്തിയുമാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. നേരത്തെ ചെറിയ തോതില്‍ മല്‍സ്യ - മാംസ വില്‍പ്പന നടത്തിയതിലൂടെ ഈ ബിസിനസിലെ വെല്ലുവിളികളെല്ലാം നന്നായി മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ് രണ്ടു വര്‍ഷം മുമ്പ് ഗൗരവമായി ഈ രംഗത്തേക്ക് ഇറങ്ങിയത്. കോള്‍ഗേറ്റ് -പാമോലീവ് സെയില്‍സ് മാനേജരായി വര്‍ഷങ്ങളോളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തതിന്റെ ആത്മവിശ്വാസവും പുതിയ സംരംഭത്തിന്റെ നടത്തിപ്പിന് സിന്റോയ്ക്ക് തുണയായി.

Sinto-fish

വി ആര്‍ ഫ്രഷ് 

 

തൃശൂര്‍ പടിഞ്ഞാറെകോട്ട ടാഗോര്‍ ഹാളിന് എതിര്‍വശത്താണ് വി ആര്‍ ഫ്രഷ് - എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്. പേരു പറയുന്നതു പോലെ തന്നെ ഫ്രഷായി നല്‍കാന്‍ കഴിയുന്നതിലാണ് ബിസിനസിന്റെ നിലനില്‍പ്പ്. കൊറോണക്കാലത്ത് എല്ലാവരും ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ വില്‍പ്പനയില്‍ 100 ശതമാനം വര്‍ദ്ധനവുണ്ടായി. ശരാശരി 10 ലക്ഷം രൂപയുടെ മത്സ്യവും മാംസവുമാണ് തശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ വി ആര്‍ ഫ്രഷ് വിറ്റഴിക്കുന്നത്. പോത്ത്, പോര്‍ക്ക്, പശു, ആട്, കാട, കോഴി തുടങ്ങി എല്ലായിനം മാംസങ്ങളും നെയ്മീന്‍ മുതല്‍ കൊഴുവ വരെയുളള എല്ലാ തരം മത്സ്യവും വില്‍പ്പനയ്ക്കായി ഒരുക്കിയിരിക്കുന്നു. മല്‍സ്യവും മാംസവും കട്ട് ചെയ്ത് വൃത്തിയാക്കി പാക്ക് ചെയ്യാന്‍ മൂന്നു സ്ത്രീകളും ഡെലിവറി നല്‍കാനായി 6 ബോയ്‌സും ജോലി ചെയ്യുന്നുണ്ട്. കൂടാതെ സിന്റോയും ജില്‍മോളും മുഴുവന്‍ സമയും ഇവര്‍ക്കൊപ്പം സജീവമാണ്. ബുക്ക് ചെയ്താല്‍ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ വൃത്തിയായി പാക്ക് ചെയ്ത് വീടുകളില്‍ എത്തിക്കുകയും ചെയ്യും. ഡെലിവറിക്കായി പ്രത്യേകം ചാര്‍ജ് ഈടാക്കുന്നില്ല. ഫോണ്‍, വെബ്‌സൈറ്റ്, ആപ്പ്, വാട്ട്‌സാപ്പ് എന്നിവയിലൂടെയാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്. ഷോപ്പില്‍ നിന്നും നേരിട്ട് വില്‍പ്പനയില്ലെങ്കിലും ഉപഭോക്താക്കള്‍ക്ക്് ഷോപ്പ് സന്ദര്‍ശിക്കാനും മല്‍സ്യത്തിന്റെയോ മാംസത്തിന്റെയോ ഗുണനിലവാരം ഉറപ്പുവരുത്താനുമൊക്കെ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

മീറ്റ് പ്രോസസിങ്, ഫിഷ് സ്ട്രിപ്പ് പരിശോധന

ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി നിരവധി പേര്‍ മത്സ്യ - മാംസ വില്‍പ്പന നടത്തുന്നതിനാല്‍ ഈ രംഗത്ത് കോമ്പറ്റീഷനും വളരെ കൂടുതലാണ്. മാംസത്തിലെ പി എച്ച് വാല്യു ശരിയായി നിലനിര്‍ത്തുന്ന പ്രോസസിങ് ആണ് സിന്റോ മുന്നോട്ടു വെയ്ക്കുന്ന തുറുപ്പു ചീട്ട്. ഇതിലൂടെ മാംസത്തിന്റെ സ്വാഭാവിക രുചി നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പറയുന്നത്. വെറ്റിനറി ഡോക്ടര്‍മാര്‍  ഫിറ്റ് ഫോര്‍ സ്ലോട്ടര്‍ എന്ന് സാക്ഷ്യപ്പെടുത്തുന്ന കന്നുകാലികളുടെ മാംസം മാത്രമാണ് വില്‍പ്പന നടത്തുന്നത്. കൂടാതെ മത്സ്യത്തില്‍ വിഷമോ മറ്റു രാസപദാര്‍ത്ഥങ്ങളോ കലര്‍ന്നിട്ടില്ലെന്ന് ഉറപ്പു വരുത്താന്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ച ഫിഷ് സ്ട്രിപ്പാണ് ഉപയോഗിക്കുന്നത്. ഈ സ്ട്രിപ്പ് മല്‍സ്യത്തില്‍ ഉരച്ചുനോക്കിയാണ് വിഷമോ രാസവസ്തുക്കളോ കലര്‍ന്നിട്ടില്ലെന്ന് ഉറപ്പു വരുത്തുന്നത്. ഇവ കലര്‍ന്നിട്ടുണ്ടെങ്കില്‍ സ്ട്രിപ്പ് നീല നിറമായി മാറും. മുനമ്പം, വൈപ്പിന്‍ ഹാര്‍ബറുകളില്‍ നിന്നാണ് മത്സ്യം സംഭരിക്കുന്നത്. മാംസത്തിനായി പരമാവധി നാട്ടില്‍ തന്നെയുള്ള ഫാമുകളെയാണ് ആശ്രയിക്കുന്നത്. 

സ്റ്റാര്‍ട്ട് അപ്പ്, ഗ്രാന്റ്

sinto1

മത്സ്യ - മാംസ വിപണന രംഗത്തേക്ക്് ഇറങ്ങാന്‍ കഠിനാധ്വാനവും മനസാന്നിദ്ധ്യവും മാത്രം മതിയാവില്ല. സംഭരണം, സംസ്‌ക്കരണം, വിതരണം തുടങ്ങിയ മേഖലകളില്‍ പരിശീലനവും വൈദഗ്ധ്യവും നേടേണ്ടതുണ്ട്. ജോലി ഉപേക്ഷിച്ച് സംരംഭം തുടങ്ങാന്‍ തീരുമാനിച്ച് സ്വന്തം നാടായ വരാക്കരയിലെത്തിയ സിന്റോ മണ്ണുത്തിയിലെ സര്‍ക്കാര്‍ വെറ്റിനറി കോളജിലെ വിദഗ്ധരുമായി സംസാരിക്കുകയും പരിശീലനം നേടുകയും ചെയ്തു. അവരുടെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്രകൃഷിമന്ത്രാലയത്തിന്റെ കീഴിലുള്ള സമൃദ്ധി എന്ന പദ്ധതിയിലേക്ക് അപേക്ഷ വെച്ചത്. കൃഷി മന്ത്രാലയത്തിന് കീഴില്‍ വരുന്ന മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ ഉള്‍പ്പെടുത്തി ഗ്രാന്റും പരിശീലനവുമൊക്കെ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിലേക്ക് സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ അയച്ചുകൊടുക്കലാണ് ആദ്യപടി. 

പുതിയ സ്റ്റാര്‍ട്ടപ്പ് ആശയം

 

രാജ്യമെമ്പാടുമുള്ള സംരംഭകരില്‍ നിന്ന് 800 ഓളം പുതിയ സ്റ്റാര്‍ട്ട് അപ്പ് ആശയം നല്‍കിയതില്‍ സിന്റോയമുണ്ടായിരുന്നു. ഇതില്‍ നിന്നും 20 പേരെ തെരഞ്ഞെടുത്ത് രണ്ടര മാസത്തെ വിദഗ്ധ പരിശീലനവും നല്‍കും. പ്രോസസിങ് നടത്തിയ മാംസവും ഫിഷ് സ്ട്രിപ്പ് പരിശോധന പൂര്‍ത്തിയാക്കിയ മത്സ്യവും ഓണ്‍ലൈനില്‍ വിറ്റഴിക്കാനുള്ള പദ്ധതി ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ഇരുപത് പേരിലൊരാളായി സിന്റോ വിദഗ്ധ പരിശീലനത്തിനായി ഉത്തര്‍പ്രദേശിലുള്ള ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സർവകലാശാലയിലേക്ക് പോയി.

രണ്ടര മാസത്തെ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയെന്നു മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റിനും അര്‍ഹത നേടി. ഇതനുസരിച്ച് മൂന്നു ഘട്ടങ്ങളിലായി 10 ലക്ഷം രൂപ ലഭിക്കും. ആദ്യഘട്ടത്തിലെ 4 ലക്ഷം രൂപ ഇതിനകം ലഭിച്ചുകഴിഞ്ഞു.

ബിസിനസ്, ലാഭം

മല്‍സ്യവും മാംസവും വൃത്തിയാക്കി നല്‍കുന്നതിന് പുറമേ കൊഴുപ്പ് നീക്കം ചെയ്ത മാംസവും ലഭ്യമാണ്. അതുപോലെ കട്ട്‌ലറ്റ്, ഇടിയിറച്ചി എന്നിവ തയ്യാറാക്കുന്നതിനായി കൊത്തിയരിഞ്ഞ മാംസവും ലഭിക്കും. ഓരോയിനങ്ങളുടെയും വിലകള്‍ വ്യത്യസ്തവുമായിരിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നതു പോലെ ചിക്കന്‍ ബിരിയാണി കട്ട്, ബ്രസ്റ്റ് ബോണ്‍ലെസ്, കറി കട്ട് തുടങ്ങി ഓരോരുത്തരുടെ ആവശ്യം അനുസരിച്ച് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. 10 ലക്ഷം മുതല്‍ 13 ലക്ഷം രൂപ വരെയാണ് ഒരു മാസത്തെ ശരാശരി വില്‍പ്പന. കട്ടിങ്, ഡെലിവറി ജോലിക്കാര്‍ക്കുള്ള ശമ്പളം, ഡെലിവറിക്കുള്ള ഇന്ധന ചെലവ് തുടങ്ങിയ ചെലവുകളെല്ലാം മാറ്റിനിര്‍ത്തിയാലും മൊത്തം വില്‍പ്പനയുടെ പത്ത് ശതമാനമാണ് ഈ പുതിയ സ്റ്റാര്‍ട്ട്പ്പിലൂടെ സിന്റോ - ജില്‍മോള്‍ ദമ്പതികള്‍ ലാഭം നേടുന്നത്.

English Summary : Online Fish Meat unit in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com