ADVERTISEMENT

വ്യത്യസ്തമായ ഒരു ഭക്ഷ്യസംസ്കരണ സംരംഭം നടത്തുകയാണ് ജിബിയും ഭർത്താവ് പോളിയും. എറണാകുളം കുന്നുകരയ്ക്കടുത്ത് (കൊല്ലാറ) ‘മഡോണ ഫുഡ് വർക്സ്’ എന്ന േപരിലാണ് സംരംഭം പ്രവർത്തിക്കുന്നത്.

കർഷകർ ഉൽപാദിപ്പിക്കുന്ന െനല്ല് പ്രാദേശികമായി സംഭരിച്ച് അത് ഉണക്കി, കുത്തി അരിയാക്കി, നനച്ച് തവിട് അൽപവും നഷ്ടപ്പെടാതെ പൊടിച്ച്, ചമ്പ പുട്ടുപൊടി ഉണ്ടാക്കി വിൽക്കുന്നതാണ് ബിസിനസ്. കൂടാതെ സാധാരണ അരിപ്പൊടികൾ, മല്ലി, മുളക്, മഞ്ഞൾപൊടികൾ, കറിമസാലകൾ, അവലോസു പൊടി തുടങ്ങി 15 ഇനം ഉൽപന്നങ്ങൾ കൂടി ഇവരുണ്ടാക്കുന്നു. ഇവിടത്തെ കർഷകരുടെ നെല്ലിന് മികച്ച വില രൊക്കം നൽകുന്നു എന്നതാണ് ബിസിനസിന്റെ പ്രധാന ആകർഷണം. വിറകിൽ മാത്രം വറുത്തെടുക്കുന്നു എന്ന പ്രത്യേകതയും ഇവരുടെ സംരംഭത്തിനുണ്ട്. ഫൈബർ കൂടുതലുള്ള അരിപ്പൊടിയും ഗോതമ്പുപൊടിയും ഇവിടെ ലഭിക്കുന്നു.

ഇവരുടേത് ഒരു കർഷക കുടുംബമാണ്. കർഷകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്കു ന്യായമായ വില ലഭിക്കുന്നില്ല, കൃത്യസമയത്ത് പണം കിട്ടുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം എന്ന നിലയിലാണു ചമ്പ പുട്ടുപൊടി എന്ന ആശയത്തിേലക്ക് കടക്കുന്നത്. മാത്രമല്ല, എല്ലാം കുടുംബങ്ങൾക്കും ദിവസവും ആവശ്യമുള്ള ഒരു ഉൽപന്നം എന്ന നിലയിൽ പ്രാദേശികമായി നന്നായി വിൽക്കാൻ കഴിയും എന്ന വിലയിരുത്തലും ഈ ബിസിനസിലേക്കെത്തിക്കുകയായിരുന്നു.

സംരംഭം തുടങ്ങിയിട്ട് 5 വർഷം

1,500 ചതുരശ്രയടി വരുന്ന ഷീറ്റ് റൂഫ് ചെയ്ത കെട്ടിടം സ്വന്തം സ്ഥലത്തു നിർമിച്ച് അതിലായിരുന്നു തുടക്കം. തുടർന്ന് മെഷിനറി/ പ്രവർത്തന മൂലധനം എന്നിവ സമ്പാദിച്ചത് പിഎംഇജിപി പദ്ധതി‌പ്രകാരം വായ്പ എടുത്തിട്ടാണ്. പാഡി ഹള്ളർ, പൾവറൈസറുകൾ, ൈറസ് വാഷർ, ഡിസ്റ്റോണർ, റോസ്റ്ററുകൾ, ഗ്രേഡിങ് (Grading) മെഷീൻ, പാക്കിങ് മെഷീൻ തുടങ്ങിയവയിലെല്ലാമായി 12 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. 

കഴിഞ്ഞ അഞ്ചു വർഷമായി ഈ ബിസിനസ് നടത്തുകയാണ്. മകൻ ആന്റണിയും ബികോം കഴിഞ്ഞ ശേഷം ബിസിനസിൽ സഹായത്തിനുണ്ട്. കൂടാതെ അഞ്ചു ജോലിക്കാരും. ജോലി ഏറുമ്പോൾ കൂടുതൽ േപരെ പ്രതിദിന വേതനത്തിൽ വയ്ക്കും. പ്രദേശവാസികളായ സ്ത്രീകളാണ് തൊഴിലാളികൾ. 

കൗണ്ടർ വഴി പ്രധാന വിൽപനകൾ

സ്ഥാപനത്തിൽത്തന്നെ വലിയൊരു കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. അതു വഴിയാണ് വിൽപന  ഏറെയും. ഇവിടെ വിൽക്കുമ്പോൾ വില കുറച്ചു വിൽക്കാൻ കഴിയുന്നുണ്ട്. കടം അൽപംപോലും പ്രശ്നമാകുന്നില്ല. കൂടാതെ, ഏതാനും ഷോപ്പുകൾ വഴിയും വിൽപന ഉണ്ട്. എന്നാൽ, കടകൾ ഓർഡർ തരുന്നതനുസരിച്ച് എത്തിച്ചുകൊടുക്കുകയാണു പതിവ്. അങ്ങനെ എടുക്കുന്ന ഏതാനും സ്ഥിരം ഷോപ്പുകളുണ്ട്. ഈ രംഗത്തു കിടമത്സരം നിലനിൽക്കുന്നു എന്നാണ് ജിബി പറയുന്നത്. എന്നിരുന്നാലും ഉൽപന്നം നന്നായി വിൽക്കാനും കഴിയുന്നു. പ്രതിമാസം ഏകദേശം 5 ലക്ഷം രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. അതിൽ 30% വരെ അറ്റാദായം ലഭിക്കുന്നു.

സ്റ്റീം പുട്ടുപൊടി പ്ലാന്റ്

ഒരു സ്റ്റീം പുട്ടുപൊടി പ്ലാന്റ് തുടങ്ങുക എന്നതാണ് ഇപ്പോൾ ഇവരുടെ ലക്ഷ്യം. അതിനായി 25 ലക്ഷം രൂപയുടെ അധിക‌നിക്ഷേപം േവണ്ടി‌വരാം. കോവിഡ് പശ്ചാത്തലത്തിൽപോലും ബിസിനസിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ലെന്ന് ഈ ദമ്പതികൾ പറയുന്നു. സ്റ്റീം പുട്ടുപൊടി പ്ലാന്റിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഫണ്ട് കണ്ടെത്താനുമുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

ധാന്യപ്പൊടികളും കറി‌പൗഡറുകളും സാമാന്യം മത്സരമുള്ള മേഖലയാണ്. അതിനാൽ എന്തെങ്കിലും വ്യത്യസ്തത ഉൽപാദനത്തിൽ, വിതരണത്തിൽ, പാക്കിങ്ങിൽ, വിലയിൽ, എല്ലാം കൊണ്ടുവരാൻ ശ്രമിച്ചാൽ വിപണിയിൽ പിടിച്ചു കയറാൻ പറ്റും. തുടക്കക്കാർക്ക് 5 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ സംരംഭം തുടങ്ങാൻ കഴിയും. മൂന്നു േപർക്ക് തൊഴിൽ നൽകാനും 50,000 രൂപയെങ്കിലും പ്രതിമാസം അറ്റാദായം ഉണ്ടാക്കാനും ഇതിലൂടെ സാധിക്കും.

വിജയഘടകങ്ങൾ

∙ കർഷകരിൽനിന്നു നേരിട്ടു സംഭരിക്കുന്ന നെല്ലാണ് പൊടിച്ചു നൽകുന്നത്.

∙ തവിട് നഷ്ടപ്പെടാതെ ബ്രൗൺ കളറിൽ ചമ്പ പുട്ടുപൊടി  തയാറാക്കുന്നു. 

∙ നേരിട്ടു വിൽക്കുന്നതിനാൽ വിലക്കുറവ് നൽകാനാകുന്നു.

∙ ഷോപ്പുകൾ വഴി വിൽക്കുമ്പോഴും മാർജിൻ കുറച്ചു കൊടുക്കുന്നു.

∙ കൃത്യമായി ഓർഡർ പ്രകാരം നൽകാൻ ശ്രദ്ധിക്കുന്നു.

∙ മാർക്കറ്റിൽ കൃത്യമായി ഇടപെടലുകൾ നടത്തുന്നു.

∙ കാഷ് & ക്യാരി ബിസിനസുകൾ മാത്രമേ നടത്തുന്നുള്ളൂ. 

English Summary : A Successful Model of Food Processing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com