രണ്ടു ലക്ഷം നിക്ഷേപം, ഉയർന്ന വരുമാനം, 25 കുടുംബങ്ങൾക്ക് തൊഴിൽ – മാതൃകയാക്കാം ഈ സംരംഭം

HIGHLIGHTS
  • കുറഞ്ഞ മുടക്കുമുതലിൽ സംരംഭം തുടങ്ങി അതിലൂടെ 25 കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്ന വനിതാ സംരംഭക
leelab4u
SHARE

വളരെ ലളിതമായൊരു ബിസിനസ് വിജയത്തിലെത്തിച്ച കഥയാണ് സംരംഭകയായ ലീല പ്രദീപിനു പറയാനുള്ളത്. പേപ്പർ ക്യാരി ബാഗുകളുടെ നിർമാണവും വിൽപനയുമാണ് ബിസിനസ്. സ്വന്തമായൊരു കെട്ടിടമോ ഓഫിസ്–ഫാക്ടറി സൗകര്യങ്ങളോ ഒന്നും ഈ ബിസിനസിനായി ഏർപ്പെടുത്തിയിട്ടില്ല. പകരം തൊഴിൽ നൽകി ഒപ്പം കൂട്ടിയിരിക്കുന്ന 25 കുടുംബങ്ങളിലാണ് ഉൽപന്ന നിർമാണം. ചെലവു കുറഞ്ഞ സംരംഭ മാതൃകകൾ അന്വേഷിക്കുന്നവർക്ക് മാതൃകയാക്കാവുന്നൊരു വിജയമാണ് ഈ യുവസംരംഭകയുടേതെന്നതിൽ സംശയം വേണ്ട.

25 കുടുംബങ്ങൾ പങ്കാളികളാകുന്നു

കോവിഡ് കാലത്തിനു മുൻപേ ‘വർക്ക് അറ്റ് ഹോം’ പ്രാവർത്തികമാക്കിയ സംരംഭകയാണ് ലീലയെന്നു പറയാം. പ്രിന്റ് ചെയ്ത പേപ്പർ ആവശ്യമായ വലുപ്പത്തിൽ കട്ട് ചെയ്തതിനൊപ്പം ഡിസൈനും പശയും നൂലുമെല്ലാം ഓരോ തൊഴിലാളിയുടെയും വീട്ടുപടിക്കൽ എത്തിച്ചുനൽകി. അവരത് ഉപയോഗിച്ച് ബാഗുകളുടെ നിർമാണം പൂർത്തിയാക്കി മടക്കി ഇനംതിരിച്ച് കെട്ടുകളാക്കി തിരികെ എത്തിക്കുന്നു.

ഒരാൾക്ക് ദിവസം 100–150 ബാഗുകൾ വരെ നിർമിക്കാൻ കഴിയും. ഒന്നര രൂപ മുതൽ മൂന്നു രൂപ വരെ ബാഗിന്റെ ഇനവും വലുപ്പവും അനുസരിച്ച് കൂലിയും നൽകുന്നു. 50 വയസ്സ് കഴിഞ്ഞവർക്കും അംഗപരിമിതരായവർക്കും ഈ രംഗത്തു തൊഴിൽ ചെയ്യാനും സ്ഥിരമായ വരുമാനം ഉണ്ടാക്കാനും സാധിക്കുമെന്നു ലീല പറയുന്നു.

‘‘വീട്ടിൽ വെറുതെ സമയം പാഴാക്കുന്ന ധാരാളം ആളുകളാണ് അവസരം ചോദിച്ച് എത്തുന്നത്. തൊഴിലാളികൾ ജോലി ചെയ്ത് 200 മുതൽ 600 രൂപ വരെ പ്രതിദിനം കൂലിയായി നേടുന്നു. ഇത്രയും പേരെ സഹായിക്കാനാകുന്നതിൽ എനിക്കും കുടുംബത്തിനും വലിയ അഭിമാനമുണ്ട്.’’ ലീലയുടെ വാക്കുകൾ.

നിക്ഷേപം രണ്ടു ലക്ഷം രൂപ

രണ്ടു ലക്ഷം രൂപയുടെ സ്ഥിര‌നിക്ഷേപമാണ് സ്ഥാപനം തുടങ്ങാനായി വേണ്ടിവന്നത്. മെഷിനറികൾ വാങ്ങാനായിരുന്നു കൂടുതൽ തുകയും ചെലവഴിച്ചത്. ക്രീസിങ് മെഷീൻ, ഹോൾമേക്കിങ് മെഷീൻ, ഐലെറ്റ് മെഷീൻ തുടങ്ങിയവയുണ്ടെങ്കിലും കൂടുതൽ ജോലികളും കൈകൊണ്ടാണു ചെയ്യുക.

കുടുംബ ബിസിനസ്

നല്ലൊരു കുടുംബ ബിസിനസ് എന്ന രീതിയിലാണ് സ്ഥാപനം മുന്നോട്ടു പോകുന്നത്. ലീലയുടെ അച്ഛനും അമ്മയും മാത്രമല്ല ഭർത്താവ് പ്രദീപ്, മക്കളായ പ്ലസ്ടു വിദ്യാർഥിനി ആർദ്ര, ഏഴാം ക്ലാസ് വിദ്യാർഥിനി അദ്രിത എന്നിവരും സമയം കിട്ടുന്നതനുസരിച്ചു ജോലികളിൽ സഹകരിക്കുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ട കയറ്റിറക്കു ജോലികൾ എല്ലാം തന്നെ കുട്ടികളാണു ചെയ്യുന്നത്.

അസംസ്കൃത വസ്തുക്കൾ സുലഭം

ക്യാരിബാഗ് നിർമാണത്തിനുള്ള പേപ്പർ, ടാഗ് നൂൽ, പശ, പ്രിന്റിങ് ഇങ്ക് എന്നിവ കൊച്ചിയിലെ സ്വകാര്യകച്ചവടക്കാരിൽനിന്നാണ് പതിവായി വാങ്ങുന്നത്. ഇതുവരെ അസംസ്കൃത വസ്തുക്കൾക്ക് യാതൊരു ക്ഷാമവും അനുഭവപ്പെട്ടിട്ടില്ല. ഒരു ഫോൺകോൾ വഴി ഇവ വേണ്ടിടത്ത് എത്തിച്ചുകിട്ടാൻ സംവിധാനമുണ്ട്. രൊക്കം പണം കൊടുത്താണ് വാങ്ങലുകളെല്ലാം. വിൽപനയും അങ്ങനെ തന്നെ.

മെഷിനറികൾ വയ്ക്കാനും അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കാനുമായി വീട്ടിലെ ഒരു പഴയ പശുത്തൊഴുത്ത് രൂപം മാറ്റിയെടുക്കുകയായിരുന്നു ലീല. അതുകൊണ്ട് ആ ഇനത്തിലുള്ള ചെലവും ലാഭിക്കാനായി.

പ്രധാന ഉപഭോക്താക്കൾ

ആശുപത്രികൾ, തുണിക്കടകൾ, സ്വർണക്കടകൾ എന്നിവർക്കു വേണ്ടിയാണ് ഇപ്പോൾ ക്യാരിബാഗുകൾ നിർമിച്ചു നൽകുന്നത്. സ്ഥിരമായി ഓർഡർ ലഭിക്കുന്നു. ഉപഭോക്താക്കളെ കണ്ടെത്താനും ഓർഡറുകൾ ലഭിക്കാനും ആദ്യകാലത്ത് കുറച്ചു പ്രയാസം നേരിട്ടിരുന്നുവത്രെ. എന്നാൽ, ബാഗിന്റെ മേന്മയാണു കൂടുതൽ സ്ഥാപനങ്ങളിലേക്കു വിപണി വ്യാപിപ്പിക്കുവാൻ സഹായിച്ചത്. മത്സരം നിലനിൽക്കുന്നൊരു രംഗമാണെങ്കിലും കൃത്യമായ ആസൂത്രണവും ഉൽപന്നത്തിനു ഗുണമേന്മയും ഉണ്ടെങ്കിൽ വിപണി പിടിക്കാൻ പ്രയാസമില്ല. ക്യാരിബാഗിന്റെ പെർഫെ‌ക്‌ഷനും ഫിനിഷിങ്ങുമാണ് വിപണിയിൽ ശോഭിക്കാൻ കഴിഞ്ഞതിന്റെ പ്രധാന കാരണമെന്നു ലീല പറയുന്നു.

ബിരുദാനന്തര ബിരുദം നേടി ബിസിനസിലേക്ക്

ബിരുദാനന്തര ബിരുദധാരിയാണ് ലീല. എംഎസ്‌സി മാത്തമാറ്റിക്സ് ആയിരുന്നു വിഷയം. പഠനശേഷം കുറച്ചുകാലം സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു. സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന തീവ്രമായ ആഗ്രഹം അതിനൊപ്പം മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് ഈയൊരു ബിസിനസ് കണ്ടെത്തുന്നതും ആരംഭിക്കുന്നതും. കേന്ദ്രസർക്കാരിന്റെ പിഎംഇജിപി പദ്ധതിപ്രകാരം 3 ലക്ഷം രൂപ വായ്പ എടുത്തപ്പോൾ അതിൽ 35% സബ്സിഡിയായി ലഭിച്ചു. കൃത്യമായ വിറ്റുവരവു നോക്കിയിട്ടില്ല. എങ്കിലും, 20 മുതൽ 30% വരെ ഇപ്പോൾ അറ്റാദായം ലഭിക്കുന്നുവെന്നു പറയാം.

ഉൽപാദനം ഇരട്ടിയാക്കണം

കോവിഡ് പ്രശ്നങ്ങൾ അവസാനിച്ചാൽ ഉൽപാദനം ഇരട്ടിയാക്കാനുള്ള തയാറെടുപ്പിലാണ് ലീല. ‘‘നല്ല പ്രതീക്ഷയുണ്ട്. ഇപ്പോഴുള്ള 25 ൽനിന്ന് 50 കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്ന രീതിയിലേക്ക് സംരംഭം വളർത്തണം. ഈ രംഗത്ത് ജോലി ചെയ്യാനും ബിസിനസ് തുടങ്ങാനും ആഗ്രഹിക്കുന്നവർക്ക് പേപ്പർ ഉൽപന്നങ്ങൾ നിർമിക്കുന്നതിന് പ്രായോഗിക പരിശീലനം നൽകാനുള്ള സംവിധാനവും ഏർപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.’’ പ്രതീക്ഷയോടെ ലീലയുടെ വാക്കുകൾ.

പുതുസംരംഭകർ അറിയേണ്ടത്

കുറഞ്ഞ മുതൽ‌മുടക്കിൽ നന്നായി ശോഭിക്കാവുന്ന ഒരു ബിസിനസ് മേഖലയാണിത്. 3 ലക്ഷം രൂപയുണ്ടെങ്കിൽ നന്നായി ബിസിനസ് തുടങ്ങി മുന്നോട്ടു പോകാം. ഇതിലൂടെ പ്രതിമാസം 60,000 രൂപയെങ്കിലും അറ്റാദായവും പ്രതീക്ഷിക്കാം. കൂടെ ലീല പ്രദീപ് ചെയ്യുന്ന പോലെ 25 പേർക്കെങ്കിലും തൊഴിലും നൽകാൻ കഴിയും.

English Summary : Paper Bag Making Unit a Model MSME Unit for Entrepreneurs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA