ഓൺലൈൻ ട്യൂഷനിലൂടെ 15000 രൂപ വരുമാനം, കോവിഡ് കാലത്തെ അധ്യാപിക

HIGHLIGHTS
  • കൊറോണക്കാലത്ത് പ്രിയപ്പെട്ട ജോലി തെരഞ്ഞെടുക്കാനും വിജയിക്കാനും സാധിച്ചു
enchuvadi1
SHARE

കോവിഡിൽ പൂട്ടിപോയ സ്ഥാപനങ്ങളുടെയും ജോലി നഷ്ടപ്പെട്ട ആളുകളുടെയും കഥകളാണ് ഏറെയും കേൾക്കുന്നത്. എന്നാൽ കൊറോണക്കാലത്ത് ഏറെ ഇഷ്ടപ്പെട്ട ജോലി തെരഞ്ഞെടുക്കാനും അതിൽ വിജയിക്കാനും സാധിച്ചവരുമുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് മലപ്പുറം തിരൂർ സ്വദേശിനിയായ ജെസീന ലുക്ക്മാൻ തേവർക്കാട്. എഞ്ചുവടി എന്ന തന്റെ സ്ഥാപനത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി വിദ്യാർത്ഥികളെ മലയാളം പഠിപ്പിക്കുകയാണ് ജെസീന. 

തീരുമാനത്തിലുറച്ച്

എഴുത്തും വായനയും പുസ്തകങ്ങളുടെ ലോകവും ഏറെ ഇഷ്ടപ്പെട്ടിരുന്ന ജെസീനയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു മലയാളം അദ്ധ്യാപിക ആകണമെന്ന്. ഡിഗ്രി പഠനത്തിനായി ആദ്യം തെരെഞ്ഞെടുത്തത് ബി എസ് സി ആയിരുന്നു. എന്നാൽ പിന്നീട്, തുഞ്ചൻ മെമ്മോറിയൽ കോളേജിൽ മലയാളം ബിരുദത്തിന്റെ ആദ്യ ബാച്ച് ആരംഭിച്ചപ്പോൾ ബി എസ് സി ഉപേക്ഷിച്ച് ബിഎ മലയാളത്തിന് ചേർന്നു ജെസീന. അന്ന് പലരും ഈ തീരുമാനം തെറ്റാണെന്നു പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും തന്റെ തീരുമാനം ഒരിക്കലും തനിക്കൊരു ബാധ്യതയാവില്ലെന്ന ഉറപ്പ് ജെസീനക്ക് ഉണ്ടായിരുന്നു. 

ബിരുദപഠനം പൂർത്തിയാക്കിയ ഉടനെ വിവാഹം നടന്നു. പിന്നീട് മക്കൾ ജനിച്ചപ്പോൾ അവർക്കായി സമയം നീക്കിവെച്ചു. എന്നാലവർ വലുതായതോടെ തുടർപഠനം എന്ന ആഗ്രഹം ജെസീനയുടെ മനസിൽ നാമ്പിട്ടു. അടുത്ത സുഹൃത്താണ് ഇതിനാവശ്യമായ പിന്തുണ നൽകിയത്. അങ്ങനെ എം എ മലയാളത്തിന് ചേരുകയും നല്ല മാർക്കോടെ പാസാകുകയും ചെയ്തു. അപ്പോഴാണ് ജോലി എന്ന ആഗ്രഹം മനസിലുദിക്കുന്നത്. എന്നാൽ ബിഎഡ് ബിരുദമില്ലാതെങ്ങനെ അധ്യാപികയാകാൻ കഴിയും എന്ന ചോദ്യം ജെസീനയെ വീണ്ടും സമ്മർദ്ദത്തിലാക്കി. 

ആ ചോദ്യം ജീവിതം മാറ്റി മറിച്ചു

വനിതകൾ മാത്രം അംഗങ്ങളായുള്ള ക്വിൻസ് ലോഞ്ച് എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയിൽ തന്റെ മകൾക്ക് ഓൺലൈനായി മലയാളം പഠിപ്പിക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഒരമ്മ ഇട്ട പോസ്റ്റാണ് ജെസീനയുടെ ജീവിതത്തിൽ വഴിത്തിരിവായത്. 2020 ലെ കൊറോണ വൈറസ് വ്യാപന സമയമായിരുന്നു അത്. ലോകം മുഴുവൻ മൗസ് പോയിന്റിലേക്ക് ഒതുങ്ങിത്തുടങ്ങിയ ആ സമയത്ത് തനിക്ക് മുന്നിൽ വന്ന ഈ അവസരത്തെ ജെസീന മികച്ച രീതിയിൽ ഉപയോഗിച്ചു. ഉള്ളിലെ ആശങ്കകൾ എല്ലാം മാറ്റിവച്ചശേഷം മലയാളം എഴുത്തും വായനയും ഒരു മാസംകൊണ്ട് ശീലിപ്പിക്കുന്നതിനായുള്ള ഷെഡ്യൂൾ തയ്യാറാക്കി. ആദ്യത്തെ ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണമാണ് മാതാപിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും ലഭിച്ചത്.ഒരു മാസം നീണ്ടു നിന്ന ആ ക്‌ളാസിനൊടുവിൽ ഒരു മാസത്തെ ഇടവേള ജെസീന എടുത്തു.

എഞ്ചുവടി

ആ കാലയളവിലാണ് തന്റെ അധ്യാപനം അടുത്ത ഘട്ടത്തിലേക്ക് കൊണ്ട് പോകാനും ഇത് മികച്ച വരുമാനമാർഗമാക്കാനും ജെസീന തീരുമാനിക്കുന്നത്. അതിന്റെ ഭാഗമായി തന്റെ ഓൺലൈൻ മലയാള ഭാഷാപഠനത്തിനു എഞ്ചുവടി എന്ന് പേര് നൽകി. വ്യത്യസ്ത പ്രായത്തിലും കപ്പാസിറ്റിയിലും ഉള്ള വിദ്യാർത്ഥികൾക്കായി വ്യത്യസ്തങ്ങളായ സിലബസുകൾ തയ്യാറാക്കി. പരസ്യം നൽകിയും സോഷ്യൽ മീഡിയ പ്രമോഷൻ നൽകിയുമൊന്നും വിദ്യാർത്ഥികളെ ആകർഷിക്കില്ല എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അതിനാൽ ക്ളാസിന്റെ മികവിൽ മാത്രമായിരുന്നു ജെസീനയുടെ ശ്രദ്ധ. വിദ്യാർഥികൾ ഒന്നിന് പുറകെ ഒന്നായി വർധിച്ചു വന്നതിനു പിന്നിൽ ക്ലാസിന്റെ മികവ് കൊണ്ടാണ്. വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പറഞ്ഞറിഞ്ഞാണ് കൂടുതൽ ആളുകൾ ക്ലാസിന്റെ ഭാഗമായത്. 

സൂം വഴി ക്ലാസ് , വരുമാനം 15000 രൂപ 

സൂം മീറ്റിങ് വഴിയാണ് ക്‌ളാസുകൾ നൽകുന്നത്. ക്ലാസ് തുടങ്ങുന്നതിനു അര മണിക്കൂർ മുൻപായി വാട്സാപ്പ് വഴി സൂം ലിങ്ക് നൽകും. സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ എന്നിവയിൽ തുടങ്ങി എഴുത്തും വായനയും എന്തിനേറെ കയ്യക്ഷരം വരെ മെച്ചപ്പെടുത്തുന്നതിനായുള്ള പരിശീലനം ആണ് നൽകുന്നത്. ഓരോ ക്‌ളാസിനും ശേഷം വിദ്യാർത്ഥികൾക്ക് കൃത്യമായ ഹോംവർക്ക് നൽകാറുണ്ട്. ഇതിൽ പത്രപാരായണവും ഉൾപ്പെടുന്നു.അതിനാൽ തന്നെ മാതാപിതാക്കളും ജെസീനയുടെ അധ്യാപനത്തിൽ സന്തുഷ്ടരാണ്. ദിവസത്തിൽ ഒരു മണിക്കൂർ ആണ് ക്ലാസ്. 

''കൊറോണയാണ് എനിക്ക് തുണയായത് എന്ന് പറയാം. കൊറോണ കാലത്ത് എല്ലാവിധ പഠനങ്ങളും ഓൺലൈൻ ആയതോടെയാണ് എനിക്കും അവസരം ലഭിച്ചത്. ഞാൻ അത് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി എന്നാണ് വിശ്വാസം. എന്റെ നിക്ഷേപം എന്റെ സമയമാണ്.  ഇപ്പോൾ മലയാള അധ്യാപനത്തിലൂടെ എനിക്ക് പ്രതിമാസം 15000  രൂപ വരുമാനം ലഭിക്കുന്നുണ്ട്. കൂടുതൽ വിദ്യാർഥികളിലേക്ക് എത്തിച്ചേരാനുള്ള അവസരവും ലഭിക്കുന്നു'' ജെസീന പറയുന്നു. 

കൂടുതൽ ക്‌ളാസുകൾ സംഘടിപ്പിച്ച് എഞ്ചുവടിയെ അടുത്ത തലത്തിലേക്ക് ഉയർത്തണം എന്നാണ് ജെസീന പദ്ധതിയിടുന്നത്. ഇക്കാര്യത്തിൽ പൂർണ പിന്തുണയുമായി കുടുംബവും അടുത്ത സുഹൃത്തുക്കളുമുണ്ട്.

English Summary: This Teacher Started Her Career during Covid Period

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA