ADVERTISEMENT

കോവി‍ഡ് കാലം എന്തു ചെയ്യുമെന്ന ആശങ്കയിൽ വെറുതെ കളയേണ്ടതല്ല. ഈ കാലം കടന്നു പോകുമ്പോൾ നമുക്ക് മുന്നിൽ തുറന്നു വരുന്ന അവസരങ്ങളെ മുതലെടുക്കാൻ ഇപ്പോഴേ തയാറെടുക്കാം.  നാനോ കുടുംബ സംരംഭങ്ങൾ ആരംഭിക്കാൻ അവസരം ലഭിക്കുക വഴി വീട്ടമ്മമാർക്കും പാർട്ട് ടൈം ജോലിചെയ്യുന്നവർക്കുമെല്ലാം വീട്ടിൽ തന്നെ ലഘു സംരംഭങ്ങൾ ആരംഭിച്ച് കൂടുതൽ വരുമാനം ആർജിക്കാൻ സാധിക്കും. നമ്മുടെ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന പല ഉല്പന്നങ്ങളും അന്യസംസ്ഥാനങ്ങളിലെ വീടുകളിൽ ഉല്പാദിപ്പിക്കുന്നവയാണ്. ഇത്തരം ഉല്പന്നങ്ങൾ കേരളത്തിലെ വീടുകളിൽ ഉല്പാദിപ്പിക്കുവാൻ കഴിയുന്നത് വഴി ചെറുകിട വ്യവസായ രംഗത്ത് കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കും. 

വീട്ടിൽ ലഭ്യമായ വൈദ്യുതി ഉപയോഗിക്കുന്നത് മൂലവും വാടക അനുബന്ധ ചിലവുകൾ ഇല്ലാത്തതുമൂലം ഇത്തരം ഉൽപന്നങ്ങൾ കുറഞ്ഞ ചിലവിൽ വിപണിയിൽ ലഭ്യമാകുന്നതിനും ഈ തീരുമാനം വഴിയൊരുക്കും. കേരളത്തിലെ ഭൂരിഭാഗം വീടുകളും ഇപ്പോൾ ടെറസിനു മുകളിൽ ഷീറ്റുകൊണ്ടുള്ള റൂഫിങ് നടത്തിയവയാണ്. അതുകൊണ്ട് തന്നെ വീടിന്റെ ടെറസ് പ്രയോജനപ്പെടുത്തി വ്യവസായങ്ങൾ ആരംഭിക്കാൻ കഴിയുന്നതു വഴി സംസ്ഥാനത്ത് ലക്ഷകണക്കിന് സ്‌ക്വയർ ഫീറ്റ് സ്ഥലം ചെറുകിട വ്യവസായത്തിന് സജ്ജമാവുകയുമാണ്.

5 കുതിരശക്തി വരെയുള്ള മോട്ടറുകൾ കൂടി വീടുകളിൽ ഉപയോഗിക്കാനുള്ള അനുമതി ലഭ്യമാക്കിയതോടെ ഈ രംഗം കൂടുതൽ ആകർഷകമായി. ഇത്തരത്തിലുള്ള നിയമങ്ങൾ പ്രയോജനപ്പെടുത്തി ആരംഭിക്കാൻ കഴിയുന്ന ഒരു ചെറുകിട സംരംഭമാണ് കായം നിർമ്മാണം

സാധ്യതകൾ 

പെരും കായം നിർമ്മാണത്തിന്റെ കുത്തക അന്യസംസ്ഥാനങ്ങൾക്കാണ്. നമ്മുടെ നാട്ടിലെ പല കമ്പനികളും തമിഴ്‌നാട്ടിൽ നിന്ന് കായം വാങ്ങി സ്വന്തം ലേബൽ പതിച്ച് വിപണിയിലിറക്കുന്നുണ്ട്. കറികൾക്കും മസാലകൾക്കും അച്ചാർ നിർമ്മാണത്തിനും മരുന്ന് നിർമ്മാണത്തിനുമെല്ലാം കായം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കേരളത്തിൽ കായത്തിന്റെ ഉപഭോഗം ധാരാളമായുണ്ട്. ഈ മാർക്കറ്റ് പ്രയോജനപ്പെടുത്തി കേരളത്തിൽ തന്നെ കായം നിർമ്മാണം ആരംഭിക്കുന്നത് വഴി പുതുമയുള്ള ഒരു വ്യവസായത്തിന് തുടക്കം കുറിക്കാൻ സാധിക്കും. കേരളത്തിൽ ഉൽപാദകർ കുറവാണ് എന്നതു തന്നെയാണ് ഏറ്റവും വലിയ സാധ്യത. സാങ്കേതിക വിദ്യ ലഭിക്കേണ്ടതിനാൽ വളരെ പെട്ടന്ന് മറ്റൊരാൾക്ക് ആരംഭിക്കാൻ കഴിയുന്നതല്ല കായം നിർമ്മാണം. ചെറിയ മുതൽ മുടക്കും സാധ്യത വർധിപ്പിക്കുന്നു.

മാർക്കറ്റിങ് 

വിതരണക്കാരെ നിയമിച്ചുള്ള വിപണനരീതിയാണ് അഭികാമ്യം.18 മാസം വരെ സൂക്ഷിപ്പ് കാലാവധിയുള്ളതിനാൽ വിപണിയിൽ നിന്ന് തിരിച്ചെടുക്കേണ്ടുന്ന അവസ്ഥ ഉണ്ടാകുന്നില്ല. കേരളത്തിൽ നിന്നുള്ള കായപ്പൊടി എന്ന നിലയിൽ കൂടുതൽ പ്രമോട്ട് ചെയ്യാനും സാധിക്കും. വിതരണക്കാരെ നിയമിക്കുന്നതിനൊപ്പം വലിയ മൊത്ത വ്യാപാരികൾക്ക് നേരിട്ട് എത്തിക്കുന്ന രീതിയും പരീക്ഷിക്കാവുന്നതാണ്.

ഉൽപാദകനിൽ നിന്ന് വലിയ ഉപഭോക്താക്കളിലേക്കു നേരിട്ടെത്തിക്കുന്ന രീതി കൂടുതൽ ലാഭകരവും ആകർഷീയണവുമാണ്. വെജിറ്റേറിയൻ റെസ്റ്റോറന്റുകളും കാറ്ററിങ് സ്ഥാപനങ്ങളും കായം  പ്രതിമാസം 10 കിലോ വരെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം വിപണി മാത്രം കേന്ദ്രികരിച്ചാൽ പോലും നല്ല വില്‌പന നേടാനാകും.

നിർമാണരീതി 

അഫ്ഗാനിസ്ഥാനിൽ വളരുന്ന അസഫോയിടറ്റഡ എന്ന ചെടിയിൽ നിന്നാണ് കായം(അസഫോയിടറ്റഡ) ഉല്പാദിപ്പിക്കുന്നത്. ഇത് പേസ്റ്റ് രൂപത്തിലും ഖരരൂപത്തിലും ലഭിക്കും. കായം പൗഡർ നിർമ്മിക്കുന്നതിനായി വൃത്തിയാക്കിയ ഗോതമ്പിൽ നിന്നും നിർമ്മിച്ചെടുത്ത ഗോതമ്പ് പൗഡർ അറബിക് ഗം ചേർത്ത് പരുവപ്പെടുത്തും. തുടർന്ന് പൾവറൈസർ ഉപയോഗിച്ച് പൊടിച്ച അസഫോയിടറ്റഡ നിശ്ചിത ശതമാനം ഗോതമ്പ് മാവിൽ ചേർത്ത് ബ്ലെൻഡ് ചെയ്‌ത്‌ അരോമ നഷ്ടപ്പെടാത്ത ബോട്ടിലുകളിൽ നിറച്ച് സൂക്ഷിക്കാം. കായം കേക്ക് നിർമ്മിക്കുന്നതിന് ഗോതമ്പ്  പൗഡർ അറബിക് ഗം ചേർത്ത് പരുവപ്പെടുത്തിയ ശേഷം നിശ്ചിത ശതമാനം അസഫോയിടറ്റഡ ചേർത്ത് മിക്സ് ചെയ്ത് കടുകെണ്ണ ചേർത്തുള്ള പ്രിക്രിയ കൂടി പൂർത്തീകരിച്ച് കേക്ക് രൂപത്തിലുള്ള കഷണങ്ങളാക്കി മാറ്റി പ്ലാസ്റ്റിക് കവറിൽ പായ്‌ക്ക് ചെയ്‌തതിനു ശേഷം മാർക്കറ്റിൽ എത്തിക്കാം.

മൂലധന നിക്ഷേപം 

table-pulvarizer

 

 

ലൈസൻസ് - സബ്‌സിഡി 

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ്, ഉദ്യോഗ് ആധാർ, ജി.എസ്.ടി. എന്നിവ നേടിയിരിക്കണം. മൂലധന നിക്ഷേപത്തിന് അനുസൃതമായ സബ്‌സിഡി വ്യവസായ വകുപ്പിൽ നിന്ന് ലഭിക്കും.

ലേഖകൻ പിറവത്തെ അഗ്രോപാർക്കിന്റെ ചെയർമാനാണ്. വിവരങ്ങള്‍‍ക്ക് : 0485-2242310

English Summary : How to Start Asafoetida Manufacturing Business in Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com