ADVERTISEMENT

പഠിച്ചത് മെക്കാനിക്കൽ എഞ്ചിനീയറിങ്. ജോലി  വെഡിങ് ഫോട്ടോഗ്രഫർ. കോവിഡ് വന്ന് വീട്ടിലിരിപ്പായപ്പോൾ ഓഹരി വിപണിയിൽ നിന്നു പ്രതിമാസം 50,000 രൂപയിൽ കുറയാത്ത വരുമാനമുണ്ടാക്കാൻ വഴി കണ്ടെത്തി ഈ ചെറുപ്പക്കാരൻ. കൊടുങ്ങല്ലൂർ പത്താഴക്കാട് സ്വദേശി ബിബിൻരാജിന്റെ ജീവിതത്തിലെ മാറ്റങ്ങൾ കോവിഡ് കാലത്ത് വീട്ടിലിരിക്കുന്നവർക്കെല്ലാം മാതൃകയാണ്.  

‘‘ജീവിതത്തിൽ ഒരിക്കലും കടന്നുവരില്ലെന്നു പ്രതീക്ഷിച്ച മേഖലയായിരുന്നു ഓഹരിയുടേത്. പഠിക്കുന്ന കാലത്ത് പോലും സാമ്പത്തിക കാര്യങ്ങൾ പരാമർശിക്കുന്ന പുസ്തകങ്ങളോ ചാനലുകളോ തിരിഞ്ഞുനോക്കിയിട്ടില്ല. എന്നാലിപ്പോൾ എനിക്കേറെ താൽപര്യം സമ്പാദ്യം ഉൾപ്പെടെയുള്ള സാമ്പത്തിക പ്രസിദ്ധീകരണങ്ങളും മണികൺട്രോൾ പോലുള്ള ഓൺലൈൻ ചാനലുകളുമാണ്.’’

കോവിഡ് പ്രതിസന്ധിയാണ് ഇതിലേക്ക് എത്തിച്ചതെന്നു ബിബിൻരാജ് പറയുമെങ്കിലും അതിനുപരിയായി ഇച്ഛാശക്തിയും പരിശ്രമവുമാണ് ഈ വിജയത്തിന്റെ കാതൽ.

തുടക്കം ഇൻട്രാഡേ ട്രേഡിങ്ങിലൂടെ

ഓഹരിയിൽ ആരും ഒന്നു മടിക്കുന്ന ഇൻട്രാഡേ ട്രേഡിങ് ആണ് ബിബിൻരാജ് ചെയ്യുന്നത്. ഒപ്പം ദീർഘകാലത്തേയ്ക്ക് ചില നിക്ഷേപങ്ങളും എസ്ഐപി വഴി രണ്ട് മ്യൂച്വൽ ഫണ്ടുകളും ഉണ്ട്. വരുമാനം ഒരു ലക്ഷം രൂപയ്ക്കടുത്ത് വരെ എത്തിയ സമയമുണ്ടെങ്കിലും ശരാശരി 50,000 രൂപയിലേറെയാണ് വരുമാനം. 2–3 ലക്ഷം രൂപയാണ് വിപണിയിലെ ബിബിൻരാജിന്റെ നിക്ഷേപം. ഇതിൽ പകുതി ദീർഘകാല നിക്ഷേപവും ബാക്കിയുള്ളത് കൊണ്ട് ട്രേഡിങ്ങും.

ഏതൊരു തുടക്കക്കാരനും ചെയ്യുന്നപോലെ ഇൻട്രാഡേ ട്രേഡിങ് ചെയ്തു ഒരുപാട് തെറ്റുകൾ വരുത്തിയിട്ടുണ്ട് ബിബിൻരാജും. ‘‘ഓവർട്രേഡിങ്, ഒരു ദിവസം 10 എണ്ണമൊക്കെ എടുത്തിട്ടുണ്ട്. പോസിഷനിങ് തീരെയില്ലായിരുന്നു. ഒരെണ്ണം ലോസായാൽ അതിനെ റിക്കവർ ചെയ്യാൻ ശ്രമിച്ച് തുടരെ തുടരെ നഷ്ടം നേരിട്ടു.’’ഓഹരിയിലെ തുടക്കസമയത്തെക്കുറിച്ച് ബിബിൻരാജ് പറയുന്നു. 

ഓഹരി നിക്ഷേപം തുടങ്ങി ആദ്യത്തെ ഒരുമാസം ഇദ്ദേഹത്തിനു നഷ്ടമായത് 50,000 രൂപയോളമാണ്. എന്നാൽ എല്ലാം അവിടംകൊണ്ട് അവസാനിപ്പിക്കാൻ ഈ ചെറുപ്പക്കാരൻ തയാറല്ലായിരുന്നു. 

യൂട്യൂബ് ഗുരു

‘‘എന്തു കൊണ്ടാണ് ലോസ് സംഭവിച്ചതെന്നു ചിന്തിച്ചു. അതിനൊരു പരിഹാരം തേടി. യൂട്യൂബിൽ ഉൾപ്പെടെ സാധ്യമായ പ്ലാറ്റ്ഫോമുകളിലെല്ലാം പരതി, കാര്യങ്ങൾ മനസിലാക്കിയാണ് പിന്നീട് മുന്നോട്ടു പോയത്. പോസിഷൻ സെറ്റിങ്, ഓവർട്രേഡിങ് എന്നിവയെക്കുറിച്ചൊക്കെ ഈ സമയത്താണ് നന്നായി മനസിലാക്കിയത്. ഇപ്പോൾ വളരെക്കുറച്ച് ക്വാണ്ടിറ്റി മാത്രം എടുക്കും. ഓവർട്രേഡിങ് ഇല്ല. റിസ്ക് റിവാർഡ് റേഷ്യോ വച്ചിട്ടുണ്ട്. ട്രേഡിങ്ങിൽ ലോസെന്തായാലും ഉണ്ട്. എന്നാൽ അതിനെ പ്രോഫിറ്റ് കൊണ്ട് അതിജീവിക്കാൻ കഴിയണം. അങ്ങനെയെങ്കിൽ ഈ രംഗത്ത് വിജയിക്കാം.’’ 

ബിബിൻരാജ് പണി പഠിച്ചെടുത്ത വഴികൾ പങ്കുവയ്ക്കുകയാണ്. ട്രേഡിങ്ങിൽ വ്യഗ്രത വേണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. അതുപോലെ അത്യാർത്തി പാടില്ല. ഏറ്റവും ക്ഷമയോടെ ചെയ്യേണ്ട ഒരു ജോലിയാണ് ഇൻട്രാഡേ ട്രേഡിങ്ങെന്നും പറയുന്നു. 

ലിമിറ്റഡ് ലോസും ലിമിറ്റഡ് പ്രോഫിറ്റും

‘‘വില കയറിപ്പോകുന്നതു നോക്കിമാത്രം ട്രേഡിങ് എടുക്കരുത്. സ്ട്രാറ്റജി വച്ചും ഇൻഡിക്കേറ്റർ നോക്കിയുമെല്ലാം വേണം മുന്നോട്ടുപോകാൻ. ലിമിറ്റഡ് ലോസും ലിമിറ്റഡ് പ്രോഫിറ്റും എന്നതാവണം സമീപനം. ട്രേഡിങ്ങിനിരിക്കുമ്പോൾ പ്രോഫിറ്റ് ബുക്ക് ചെയ്തു വയ്ക്കണം. എത്ര സാധ്യതയുണ്ടെങ്കിലും അതിൽ നിന്നു മുകളിലേക്കു പോകാതിരിക്കുന്നതാണ് നല്ലത്.’’ സ്വന്തം അനുഭവം മുൻനിർത്തിയാണ് ബിബിൻരാജ് പറയുന്നത്. 

കോവിഡ് 2020യുടെ തുടക്കകാലം മുതൽ ബിബിൻരാജ് ഈ രംഗത്തുണ്ട്. ആറ് ഏഴുമാസം കൊണ്ട് ഒരാൾക്ക് കാര്യങ്ങൾ പഠിച്ചെടുത്ത് മികച്ചൊരു ട്രേഡറാകാമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ലോക്ഡൗൺ സമയത്ത് വെറുതെ വീട്ടിലിരുന്ന പത്തോളം സുഹൃത്തുക്കളും ബിബിൻരാജിന്റെ വഴി പിന്തുടരുന്നു.

‘‘ ഡിഗ്രിക്കും മറ്റും പഠിക്കുന്ന വിദ്യാർഥികളും കൂട്ടത്തിലുണ്ട്. അവർക്കൊക്കെ നല്ല ആവേശമാണ്. ദിവസം 500 രൂപയൊക്കെ വരുമാനം ലഭിക്കുന്നു. പോക്കറ്റ് മണിക്കു വീട്ടുകാരുടെ മുൻപിൽ കൈനീട്ടാതെ കഴിയാമെന്നാണ് അവരുടെ പക്ഷം.’’

സുഹൃത്തുക്കളുടെ സന്തോഷം ബിബിൻരാജിന്റെ വാക്കുകളിലുമുണ്ട്. ഇതിനിടയിൽ കോവിഡ് പോസിറ്റീവായെങ്കിലും ക്വാറന്റീനിലിരിക്കുന്ന സമയത്തും ട്രേഡിങ്ങും അതിലൂടെ വരുമാനവും വന്നുകൊണ്ടിരുന്നു. ആർക്കും എവിടെയും ഏതവസ്ഥയിലും ചെയ്യാവുന്ന ഇതിലും നല്ലൊരു ബിസിനസ് മറ്റെന്താണ് ഉള്ളതെന്നു ബിബിൻരാജ് ചോദിക്കുമ്പോൾ ലോക്ഡൗൺ കാലത്ത് പണിയില്ലാതെ വീട്ടിലിരുന്ന് എന്റർടെയ്മെന്റ് ചാനലുകൾക്കും ചാറ്റിങ്ങിനും മാത്രമായി മൊബൈൽ ഫോൺ കയ്യിലെടുക്കുന്നവർക്കും ഒന്നു മാറ്റിചിന്തിക്കാം.

യൂട്യൂബ് ചാനലിൽ നിന്നും കിട്ടും 10,000 രൂപ

ഓഹരിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാനായി യൂട്യൂബ് ചാനലുകൾ കയറിയിറങ്ങുന്ന കൂട്ടത്തിൽ മറ്റൊരു വരുമാനമാർഗവും ബിബിൻരാജ് കണ്ടെത്തിയിരുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് തുടക്കമിട്ട ‘Light n Life’ യൂട്യൂബ് ചാനൽ വഴി പ്രതിമാസം 10,000 രൂപയോളം വരുമാനം ഉണ്ടത്രെ. യാത്രയും ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ ചാനലിലൂടെ ബിബിൻരാജ് അവതരിപ്പിക്കുന്നത്. 

English Summary: Lockdown Success Story of a Youth in Stock Trading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com