ADVERTISEMENT

എല്ലാവരും ഓൺലൈനാണിപ്പോൾ. ഇത് നമ്മുടെ ഉപഭോക്‌തൃ രീതികളിൽ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ഏത് ഉത്പന്നം വാങ്ങുന്നതിന് മുൻപും അതിനെക്കുറിച്ച് കിട്ടാവുന്നത്ര വിവരങ്ങൾ ശേഖരിച്ച് അത് വിശകലനം ചെയ്തു കൊണ്ടാണ് വാങ്ങുന്നതിലേക്ക് കടക്കുക. അങ്ങനെയുള്ള ഉപഭോക്താക്കളുമായി ഇടപെടേണ്ടി വരുമ്പോൾ ഓൺലൈൻ സാന്നിധ്യത്തിൽ ചില ഊട്ടിയുറപ്പിക്കലുകൾ സംരംഭകൻ നടത്തേണ്ടതുണ്ട്. ഇത്തരത്തിൽ ഉപഭോക്‌തൃ വിശ്വാസം നേടിയെടുക്കാൻ സഹായിക്കുന്ന ചില ഘടകങ്ങളാണ് ചുവടെ ചേർക്കുന്നത്.

ബിസിനസ് ഇ മെയ്ൽ ഐഡി 

ഓൺലൈൻ  സാന്നിധ്യത്തിന്റെ  ആദ്യപടിയായ ഇ മെയിലിൽ നിന്ന് തുടങ്ങാം. ഇമെയിൽ ഐഡികളിലെ "@" നു ശേഷം സംരംഭത്തിന്റേയോ ബ്രാന്‍ഡിന്റെയോ പേര് വരുന്ന മെയിൽ ഐഡികളാണ് ബിസിനസ് മെയിൽ. (ഉദാഹരണം: sampadyam@mm.co.in). ഒരാൾക്ക് തന്നെ മൂന്നും നാലും മെയിൽ ഐഡികൾ ഉള്ള ഇക്കാലത്ത് എങ്ങനെയാണ് സൗജന്യ ഇ-മെയിൽ സേവനം ഉപയോഗിക്കുന്ന സംരംഭകരെ ഉപഭോക്താക്കൾ വിശ്വസിക്കുക? "പ്രൊഫഷണൽ അല്ല" എന്ന  പ്രതിച്ഛായയാകും  സൗജന്യ ഇ-മെയിൽ സേവനങ്ങൾ ഉപയോഗിക്കുന്ന സംരംഭങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് ഉണ്ടാകുക. തന്നെയുമല്ല, സംരംഭത്തിന്റെ ഭാഗത്തു നിന്നാണ് സന്ദേശം വരുന്നത് എന്ന് ഉറപ്പിക്കാൻ ബിസിനസ് മെയിൽ ഐഡി കളല്ലാതെ മറ്റൊരു വഴിയും ഇല്ല. ഗൂഗിളിന്റെ ജി സ്യുട്ട് (G Suite) എന്ന ബിസിനസ് മെയിൽ ഐഡി സേവനം സംരംഭകർക്ക് ഏറെ ഉപകാരപ്രദമാണ്. ഡൊമൈൻ നെയിമിന് പ്രതിവർഷം 860 രൂപ മുതലും ഒരു യൂസറിന് മാസം 125 രൂപ മുതലുമാണ് നിലവിൽ ഗൂഗിൾ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. വികസിത രാജ്യങ്ങളിലും മറ്റും ബിസിനസ് ഇ-മെയിൽ ഐഡി  ഇല്ലാത്ത തൊഴിലുകളിലേക്ക് ഉദ്യോഗാർത്ഥികൾ തിരിഞ്ഞുപോലും നോക്കാറില്ല. കാരണം മറ്റൊന്നുമല്ല, ഇ-മെയിൽ സേവനത്തിനുള്ള തുക കൊടുക്കാൻ പണമില്ലാത്ത സംരംഭകൻ എങ്ങനെ തനിക്ക് ശമ്പളം തരും എന്ന ചിന്ത ഉദ്യോഗാർത്ഥികളെ അലട്ടുന്നത് കൊണ്ടാണ്.

വെബ്സൈറ്റിലെ സുതാര്യത 

ചെറുസംരംഭങ്ങൾക്ക് സുതാര്യത ഉറപ്പാക്കുന്ന ഒരു വെബ്‌സൈറ്റ് പലപ്പോഴും ഗുണം ചെയ്യാറുണ്ട്. ആദ്യനോട്ടത്തിൽ തന്നെ പ്രൊഫഷണലാണ് എന്ന പ്രതിച്ഛായ ഉപഭോക്താവിന്റെ മനസ്സിൽ ഉണ്ടാക്കിയെടുക്കാൻ പ്രാപ്തമായ ഡിസൈൻ വേണം തിരഞ്ഞെടുക്കുവാൻ. സംരംഭകന് തന്നെ വെബ്സൈറ്റ് ഓൺലൈനായി ഡിസൈൻ ചെയ്യാൻ കഴിയുന്ന ഒട്ടേറെ ഓൺലൈൻ സംവിധാനങ്ങൾ നിലവിലുണ്ട്. എങ്കിലും ഒരു വിദഗ്ധനെ സമീപിക്കുന്നതാണ് നല്ലത്. ലഭ്യമായതും എന്നാൽ പങ്കുവയ്ക്കാൻ കഴിയുന്നതുമായ  വിവരങ്ങൾ മാത്രം വെബ്‌സൈറ്റിലൂടെ പങ്ക് വയ്ക്കുക. സംരംഭത്തിന് ലഭിച്ചിട്ടുള്ള പുരസ്കാരങ്ങൾ സർക്കാർ സാക്ഷ്യപ്പെടുത്തലുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നതും ഗുണംചെയ്യും. അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം കൈവശമില്ലാത്ത വിവരങ്ങൾക്കായി സ്ഥലം മാറ്റി വെയ്ക്കരുത്. ഉദാഹരണം, ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ പൂർവവിദ്യാർഥികളുടെ നിലവിലെ തൊഴിൽജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് "alumni status" എന്നൊരു ലിങ്ക് കാണാറുണ്ട്. പലപ്പോഴും അത്തരം ഒരു പേജിൽ ക്ലിക്ക് ചെയ്താൽ എത്തുക "Page under construction" എന്നോ "page not found" എന്നോ മറ്റോ കാണിക്കുന്ന മറ്റൊരു പേജിലേക്കായിരിക്കും.

computer

സ്വയം പറയുക

ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് കൊച്ചുകുട്ടികൾക്കുപോലും അറിവുള്ള ഇക്കാലത്ത് ഈ പേജ് ഒരു ശുദ്ധ കളവാണെന്ന് ആർക്കാണ് മനസ്സിലാകാത്തത്. ഇങ്ങനെ മോശമായ ഒരു പ്രതിച്ഛായയിലും എത്രയോ നല്ലതല്ലേ അങ്ങനെ ഒരു ലിങ്ക് ഉപയോഗിക്കാതിരിക്കുകയെന്നത്. കൂടാതെ, മിക്ക ചെറുസംരംഭങ്ങളുടെയും വെബ്സൈറ്റുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം "About us" വളരെ ലഘുവായി പോകുന്നു എന്നുള്ളതാണ്. നിങ്ങളെക്കുറിച്ച് ഉപഭോക്താവിനോട് സംവദിക്കാൻ ഒരവസരം ലഭിക്കുമ്പോൾ നിങ്ങളെന്തിന് പിൻവലിയണം. സംരംഭത്തിന്റെ പ്രധാന നാഴികക്കല്ലുകളെല്ലാം എളുപ്പത്തിൽ മനസ്സിലാകത്തക്ക രീതിയിൽ  ഉൾപ്പെടുത്തി കൊണ്ടാവണം രൂപപ്പെടുത്താൻ. അതോടൊപ്പം താക്കോൽ സ്ഥാനങ്ങളിലുള്ളവരെ വെബ്സൈറ്റിലൂടെ പരിചയപ്പെടുത്തുന്നതും ഗുണം ചെയ്യും.

സോഷ്യൽ മീഡിയയിലെ വെരിഫൈഡ് അക്കൗണ്ടുകൾ 

സോഷ്യൽ മീഡിയയിലെ വെരിഫൈഡ് അക്കൗണ്ടുകൾ സംരംഭകർക്ക് അനിവാര്യമാണ്. സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ആധികാരികതയ്ക്ക് വേണ്ടിയാണ് യഥാർത്ഥ സ്ഥാപനം തന്നെയാണ് അക്കൗണ്ടിന് പിന്നിലുള്ളതെന്ന ഉറപ്പാക്കുന്ന വെരിഫിക്കേഷൻ മുന്നോട്ടുവയ്ക്കുന്നത്. അക്കൗണ്ടുകളിൽ പേരിനൊപ്പം നീല നിറത്തിലുള്ള ടിക് മാർക്കാണ് അക്കൗണ്ട് വെരിഫൈഡ് ആണോ അല്ലയോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്. ഇത്തരം ഒരു നീക്കത്തിലൂടെ വ്യാജന്മാർക്ക് കടിഞ്ഞാണിടുക കൂടിയാണ് സംരംഭകൻ ചെയ്യുന്നത്.  വിദഗ്ധ സഹായം ഇല്ലാതെയും അക്കൗണ്ടുകൾ വെരിഫൈ ചെയ്യാവുന്നതാണ്. ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും ട്വിറ്ററുമൊക്കെ അവർ  മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ പാലിച്ചുകൊണ്ട് അപേക്ഷിക്കുകയാണെങ്കിൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അക്കൗണ്ടുകൾ വെരിഫൈഡ് ആയി ലഭിക്കും. 

സമയബന്ധിതമായി മറുപടികൾ

ഓൺലൈനിലൂടെ സ്ഥാപനവുമായി ബന്ധപ്പെടുന്ന ഉപഭോക്താവിന് സമയബന്ധിതമായി മറുപടികൾ നൽകാൻ പ്രതിനിധികൾക്ക് കഴിഞ്ഞിരിക്കണം. അനുമോദനങ്ങളായാലും പരാതികളായാലും തന്മയത്വത്തോട് കൂടി വേണം ഇടപെടേണ്ടത്. ഗൂഗിൾ റിവ്യൂ പോലെയുള്ള ഇടങ്ങളിൽ പരമാവധി 48  മണിക്കൂറിനുള്ളിൽ മറുപടികൾ നൽകാൻ ശ്രമിക്കുക. 

(ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനാണ്)

English Summary: How to Gain Consumer Trust in Online World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com