ADVERTISEMENT

പണമില്ല സഹായിക്കാനാരുമില്ല എങ്ങോട്ടുതിരിഞ്ഞാലും തടസ്സങ്ങളും പ്രതിസന്ധികളും മാത്രം .. കോടീശ്വരനാകണമെന്ന ആഗ്രഹവുമായി ഇറങ്ങി തിരിച്ച് ചെയ്തതെല്ലാം പരാജയപ്പെടുകയും ചെയ്തു. ഇങ്ങനെ പിന്തിരിഞ്ഞു പോയവരാരും രക്ഷപ്പെട്ടിട്ടില്ല. അമേരിക്കയിലെ പ്രശസ്തനായ പ്രചോദനാത്മക രചയിതാവായ ഒറിസൻസ്വെറ്റ് മാർഡൻ പറയുന്നത് " നിങ്ങൾ അന്വേഷിച്ചു നടക്കുന്ന സുവർണാവസരം അത് മറ്റെവിടെയുമല്ല. നിങ്ങളിൽ തന്നെയാണുള്ളത്. അത് ഭാഗ്യം കൊണ്ട് സംഭവിക്കുന്നതല്ല, അത് ആകസ്മികമായി സംഭവിക്കുന്നതുമല്ല. അതു കൊണ്ട് നിങ്ങളിലേക്കു ഊളിയിട്ടിറങ്ങുക.. തീർച്ചയായും നിങ്ങളതു കണ്ടെത്തുക തന്നെ ചെയ്യും". 

ഇറക്കാൻ പണമില്ലെന്നു കരുതി വിഷമിക്കേണ്ട. ഒരു രൂപ പോലും മുടക്കാതെ ഇക്കാര്യങ്ങൾ നിങ്ങൾക്കു ചെയ്യാൻ പറ്റുമോ? എങ്കിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ.

ഏറ്റവും വലിയ സ്വപ്നം കാണുക

കാണുമ്പോൾ ഏറ്റവും വലിയ സ്വപ്നം കാണുക. വലിയ സ്വപ്നത്തിനു മാത്രമേ മനുഷ്യന്റെ ആത്മാവിനെ ചലിപ്പിക്കുവാൻ സാധിക്കുകയുള്ളൂ. ഇതു പറഞ്ഞത് ബുദ്ധിസാമർത്ഥ്യം കൊണ്ട് സാമ്രാജ്യങ്ങൾ കീഴടക്കിയ റോമൻ ചക്രവർത്തി മാർക്ക് സ് ഔറേലിയസ് . ശാസത്ര വിസ്മയം കൊണ്ട് മനുഷ്യരാശിയെ കോരിത്തരിപ്പിച്ച മുൻ രാഷട്രപതി അബ്ദുൾ കലാം ഒന്നുകൂടി പറയുന്നു - നിങ്ങൾ ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം.. നിങ്ങളുടെ ഉറക്കം കെടുത്തുന്നതാകണം സ്വപനം. ഇന്ന് കാണുന്ന എല്ലാ വിജയികളുടെ പിന്നിലുള്ള രഹസ്യവുo ഇതു തന്നെയാണ്. അവർ വലിയ സ്വപ്നങ്ങൾ കണ്ടു. കണ്ട സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുവാൻ പരിശ്രമിച്ചു. ജെഫ് ബെസോസ്, ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ് തുടങ്ങി ലോകത്തിലെ ഏറ്റവും വലിയ ധനികരുടെയെല്ലാം തുടക്കം വട്ടപ്പൂജ്യത്തിൽ നിന്നായിരുന്നു. അവർ അന്നു കണ്ട സ്വപ്നങ്ങൾ ഇന്നത്തെ അവരാക്കി മാറ്റി. 

നിങ്ങളും വലിയ സ്വപ്നങ്ങൾ കാണുക. നിങ്ങളുടെ ഭാവി എന്താകണം, എങ്ങനെയുള്ള ജീവിതമാണ് നിങ്ങൾ ആഗ്രഹിക്കുന്നത്, എത്ര പണം വേണം, എന്തെല്ലാം നേടണം.. ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള കാർ സ്വന്തമാക്കണോ ബ്രൂണെ സുൽത്താൻ്റെ കൊട്ടാരം പോലൊന്ന് വാങ്ങണമോ അങ്ങനെ വലിയ രൂപത്തിൽ ആഗ്രഹിക്കുക. ആ ആഗ്രഹം മനസിൽ ദൃശ്യവൽക്കരിക്കുക. അത് യാഥാർത്ഥ്യമാകുന്നത് സ്വപ്നം കാണുക. അത് എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാകുവാൻ മനസിനെ ഉത്തേജിപ്പിച്ചു കൊണ്ടേയിരിക്കുക. ഇൻഫോസിസിൽ ഒരു ജോലി കിട്ടിയാൽ രക്ഷപ്പെട്ടേനെ എന്ന് ചിന്തിക്കുന്നതിനു പകരം ഇൻഫോസിസ് പോലൊന്നു തുടങ്ങണം എന്ന് സ്വപ്നം കാണുക. 

സ്വപ്നത്തിലുള്ളത് ഭാവന ചെയ്യുക

Photo credit : Makostock / Shutterstock.com
Photo credit : Makostock / Shutterstock.com

നിങ്ങൾ ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതും എന്തോ അതൊന്നു ഭാവന ചെയ്തു നോക്കു.. ഇതെല്ലാം സ്വന്തമാക്കുവാൻ നിങ്ങൾക്കു മുമ്പിൽ പ്രതിബന്ധങ്ങൾ ഒന്നുമില്ല എന്നോർക്കുക. എന്തു വേണമെങ്കിലും നേടിയെടുക്കുവാനുള്ള സർവ സാഹചര്യങ്ങളും എന്റെ മുമ്പിലുണ്ട് എന്ന് മനസ്സിൽ ഉറപ്പിക്കുക. തളരാത്ത ആത്മവീര്യവും ശക്തിയും നിങ്ങൾക്കുണ്ടെങ്കിൽ പിന്നെയെല്ലാം നിഷ്പ്രയാസം നേടാം. 

പരീക്ഷിക്കാം ഈ തന്ത്രം

Practice back from the future അതായത് ഭാവിയിൽ സംഭവിക്കേണ്ട കാര്യങ്ങൾ മുൻകൂട്ടി കണ്ട് ഇപ്പഴേ പ്രവർത്തിച്ചു തുടങ്ങുക. പലരേയും വിജയികളാക്കിയ ഈ തന്ത്രം നിങ്ങൾക്കും പരിശീലിക്കാം. ഇന്നു മുതൽ 5 വർഷം കഴിഞ്ഞ് ഇതേ ദിവസം നിങ്ങൾ ആരാണ്, നിങ്ങൾക്കു് എന്തെല്ലാം ഉണ്ട് നിങ്ങൾ എവിടെ എത്തി നിൽക്കുന്നു എന്ന് മനസിൽ സങ്കൽപിക്കുക. അതായത് ഇപ്പോൾ 2021 ആഗസ്റ്റ്. 5 വർഷം കഴിഞ്ഞ് 2026 ആഗസ്റ്റിലെ കാര്യമാണ് സങ്കൽപിക്കേണ്ടത്. എന്നു വച്ചാൽ 2026 ആഗസ്റ്റിലാണ് നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത്. ആഢംബര ജീവിതം, വൻതുക ബാങ്ക് ബാലൻസ്, തുടങ്ങി എല്ലാം ഉണ്ട്. നിങ്ങൾക്ക് എന്തെല്ലാമാണോ വേണ്ടത് അതെല്ലാം ഭാവനയിൽ കാണുക. അത് തന്നെ ചിന്തിച്ചു കൊണ്ടേയിരിക്കുക.. ഊണിലും ഉറക്കത്തിലും ഉണർന്നെഴുന്നേൽക്കുമ്പോഴും ഇതു മാത്രം ചിന്ത. കുറെ കഴിയുമ്പോൾ എല്ലാം നേടി കഴിഞ്ഞു എന്ന തോന്നൽ നമ്മുടെ മനസ്സിലും പ്രവൃത്തിയിലും അതിശയിപ്പിക്കുന്ന മാറ്റങ്ങൾ ഉണ്ടാക്കും എന്ന് അനുഭവസ്ഥർ പറയുന്നു.

വേണ്ടത് ദീർഘദർശനം

ജീവിതത്തിൽ എന്താകണം എവിടെയെത്തണം എന്തെല്ലാം വേണം എന്നതിനെ കുറിച്ച് കൃത്യമായ ഒരു ചിത്രം മനസിൽ വരച്ചു കഴിയുമ്പോൾ നിങ്ങൾ കൂടുതൽ ക്രിയാത്മകമാകും. പിന്നെ അത് യഥാർത്ഥ്യമാക്കാനുള്ള ശ്രമം മനസ് നടത്തി തുടങ്ങും. പിന്നീട് സ്വതസിദ്ധമായി നിങ്ങൾക്കു ലഭിച്ചിട്ടുള്ള കഴിവുകൾ പുറത്തു വരാൻ തുടങ്ങും. ഒന്നിനു പുറകെ ഒന്നായി പുതിയ ആശയങ്ങൾ വരും. മനസിൽ വരച്ചിട്ട ദൃശ്യങ്ങൾ, ചിത്രങ്ങൾ, ദർശനങ്ങൾ, സ്വപ്നങ്ങൾ എന്നിവ ലക്ഷ്യം വച്ച് മനസ് പായും. നിങ്ങൾ തേടുന്നത് നിങ്ങളെ തേടിയെത്താൻ തുടങ്ങും.

സ്ക്രിപ്റ്റിങ് ശീലമാക്കുക

നിങ്ങളുടെ ആവശ്യങ്ങൾ മനസിൽ കാണുന്നത് ഒരു പേപ്പറിൽ എഴുതുന്നത് ശീലമാക്കുക. ആഗ്രഹങ്ങൾ നേടിയെടുക്കുന്നതിന് ഉപേക്ഷിക്കേണ്ടത് എന്തെങ്കിലും ഉണ്ടെങ്കിൽ അതുപേക്ഷിക്കണം. വലിയ സ്വപ്നങ്ങൾ കണ്ടുതുടങ്ങുമ്പോഴേ നിങ്ങൾക്ക് നിങ്ങളെ കുറിച്ചുണ്ടായിരുന്ന ധാരണകൾ മാറും. ആത്മവിശ്വാസം വർധിക്കും.

English Summary : Success Tips for Becoming Rich

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com