കുമിളകൾ വീർക്കും, പൊട്ടും, അവസാനം ഓഫീസുകൾ അന്യം നിന്നു പോകുമോ?

HIGHLIGHTS
  • കോവിഡ്കാലത്തെ മാറ്റങ്ങൾ ശീലങ്ങളായി ഒപ്പം കൂടുകയാണ്
office2
SHARE

ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന മരുമകൻ രാത്രി മുറിയിൽനിന്നു പുറത്തിറങ്ങുന്നത് 9 മണി കഴിഞ്ഞിട്ടാണെന്ന് അമ്മായിഅപ്പൻ അഭിമാനത്തോടെയാണു പറയുന്നത്. എന്നുവച്ചാൽ രാവിലെ കാപ്പിപലഹാരാദികൾ കഴിച്ചിട്ടു കയറിയതാണ്, ഉച്ചയ്ക്കു ശാപ്പാടിനു മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ. മുറിയടച്ചിരുന്നു കംപ്യൂട്ടറിൽ പണിയെടുക്കുവല്യോ...!

ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്നപ്പോൾ വൈകിട്ട് ഏഴരയോടെ വീട്ടിലെത്തിയിട്ട് സകുടുംബം പുറത്തുപോയി ഉല്ലസിച്ചിരുന്നതാണ്. ഇപ്പോൾ വീട്ടിലിരുന്നു ജോലിയായിട്ടും അതൊന്നുമില്ല. ലോക്ഡൗൺ കാലത്ത് ജോലി മാറി, ഡൽഹി നോയിഡയിലെ ഒരു കമ്പനിയിൽ മാസം 2 ലക്ഷം ശമ്പളത്തിൽ കയറി. അതിൽ പിന്നെ നിന്നുതിരിയാനൊക്കില്ല. ഹൈ എൻഡ് ഡവലപ്പറാണു മരുമോൻ.

ജോലി ചാട്ടം

ഇതിപ്പോ ഒരു പുതിയ സൂക്കേടാണ്. കാശു കൂടുതൽ കിട്ടും, പക്ഷേ ജീവിതമില്ല. കോവിഡിനു മുൻപ് ഓഫിസിൽ പോയി ജോലി ചെയ്തിരുന്ന കാലത്ത് നോയിഡയിലെ കമ്പനിയിൽ എത്ര ലക്ഷം തരാമെന്നു പറഞ്ഞാലും പോകില്ല. കാരണം, കേരളം വിട്ട് ജീവിതം നോയിഡയിലാക്കണം. കുട്ടികളെ അവിടെ ചേർക്കണം. ഇതിപ്പോ ബെംഗളൂരു ആയാലെന്താ, ചെന്നൈ ആയാലെന്താ, സ്വന്തം വീട്ടിലിരുന്നാൽ മതിയല്ലോ. അതിനാൽ സകലരും ജോലി ചാട്ടത്തിലാണ്.

woman-entre-1

അകത്ത് അടച്ചിരിക്കുമ്പോൾ സദാ ജോലിയെടുക്കുക മാത്രമല്ല വേറെ കോഴ്സുകൾ ഓൺലൈനായി പഠിക്കുക കൂടിയാണ്. ജാവയിൽ കസർത്ത് നടത്തിയിരുന്നയാൾ ഡോട്ട്നെറ്റ്, പൈതോൺ, റോബോ ഇത്യാദികൾ പഠിച്ചെടുക്കുന്നു. കൂടുതൽ ശമ്പളത്തിൽ വേറെ ജോലിയിൽ കയറാനാണ്. അനലിറ്റിക്സും മെഷീൻ ലേണിങ്ങുമൊക്ക കോഴ്സ് കോഴ്സുകളായി പഠിച്ച് മിടുമിടുക്കനോ മിടുക്കിയോ ആകും. ശമ്പളം കൂട്ടി ചോദിച്ചാൽ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനി പോലും സമ്മതിക്കും. കാരണം, എക്സ്പീരിയൻസ് ഉള്ളവരെ കിട്ടാൻ പാടാണത്രെ.

സദാ ജോലി തന്നെ

ലോക്ഡൗൺ കാലത്ത് ഒരു കമ്പനിയുടെയും സർവീസ് ലവൽ എഗ്രിമെന്റിൽ (എസ്എൽഎ) യാതൊരു കുറവും വന്നിട്ടില്ലെന്ന് വിദേശ ഇടപാടുകാർ കണ്ടെത്തി. ഡെലിവറി എല്ലാം കറക്റ്റ്. വേറെങ്ങും പോകാനില്ലാതെ ടെക്കികൾ വീട്ടിലിരുന്നു സദാ പണിയെടുത്തപ്പോഴുണ്ടായ ഉൽപാദനമാണേ! അതിനാൽ, സായിപ്പിന്റെ നാടുകളിൽനിന്ന് ഇന്ത്യയിലേക്ക് ഓർഡറുകൾ വന്നു കുമിയുകയാണ്.

പക്ഷേ, ഇതൊരു കുമിളയാണോ, കോവിഡ് കാലം കഴിയുമ്പോൾ ഈ കുമിള പൊട്ടുമോ എന്നെല്ലാം പലർക്കും സംശയമുണ്ട്. ബിസിനസുകളിൽ പലതും പൊട്ടുന്നതും വീർക്കുന്നതും നമ്മൾ തന്നെ കാണേണ്ടി വരാമെന്നു സാരം.

ലാസ്റ്റ് പോസ്റ്റ്: കമ്പനി യോഗങ്ങളിൽ ‘ടെലി പ്രസൻസ്’ എന്നൊരു സാങ്കേതികവിദ്യയുണ്ട്. നേരിട്ടു കാണുംപോലിരിക്കും. മീറ്റിങ്ങുകൾ നടത്താൻ അതു മതി. ഐഐടിയുടെ കോൺവൊക്കേഷൻ പോലും അതിലാണു നടത്തിയത്. കഴുത്തിൽ മെഡൽ ഇടുന്നതു പോലും കാണാം. ഇങ്ങനെ പോയാൽ ഓഫിസ് തന്നെ അന്യം നിൽക്കുന്ന സ്ഥിതിയാണ് 

പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും കോളമിസ്റ്റുമാണ് ലേഖകൻ

English Summary: What will Happen to Work from Home During Post Covid Period

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA