ADVERTISEMENT

1996. കേരളത്തിൽ അന്ന് രണ്ട് ഇ-കൊമേഴ്സ് വെബ്സൈറ്റുണ്ടായിരുന്നു. അതിലൊന്നായിരുന്നു ഓൺലൈൻ ഷോപ്പ് ഇന്ത്യ ഡോട്ട് കോം, ആരംഭിച്ചത് ഒരു വനിതയും. എറണാകുളം മരട് സ്വദേശി ഡോ. ബിന്ദു സത്യജിത്ത്. കേരളത്തിൽ അന്ന് എത്രപേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടായിരുന്നു എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. വിദേശത്തുള്ള മക്കൾ ഓർഡർ ചെയ്യുന്ന കേക്കും പൂക്കളുമെല്ലാം ഇന്ത്യയിലെ ഏതു വീട്ടുപടിക്കലും നേരിട്ടു ഡെലിവറി ചെയ്യുമെന്നായിരുന്നു വാഗ്ദാനം.

വിഷു, ക്രിസ്മസ് സമയത്തു ഓർഡർ അധികമാകുമ്പോൾ മാത്രം മറ്റുള്ളവരെ സഹായത്തിനായി നിയോഗിക്കും. ഇന്ത്യയിൽ ആമസോണും ഫ്ലിപ്കാർട്ടുമെല്ലാം വരുംമുൻപ് സാധാരണ മലയാളികൾക്കു ചിന്തിക്കാൻ പോലും സാധിക്കാത്ത സർവീസ്. ഓർഡർ അനുസരിച്ച് കേരളത്തിൽ നിന്നുള്ള സിനിമകളുടെ സിഡി വിദേശത്തേയ്ക്ക് അയയ്ക്കുന്നതായിരുന്നു മറ്റൊരു ബിസിനസ്.

∙ കുടുംബങ്ങൾ തമ്മിലെ ഇഴയടുപ്പം

വർഷങ്ങളായി യാതൊരു ബന്ധവുമില്ലാതെ വിദേശത്തു കിടക്കുന്ന മക്കൾ ബർത്ത്ഡേയ്ക്കു കേക്കു കൊടുത്തു വിട്ടെന്നു പറഞ്ഞാൽ മാതാപിതാക്കൾക്ക് അന്ന് അതത്ര പിടികിട്ടുമായിരുന്നില്ല. മൊബൈൽ ഫോണോ ലാൻഡ് ഫോണോ പോലും മിക്ക വീടുകളിലും ഇല്ലാത്തതിനാൽ വിളികളും വളരെ കുറവായിരിക്കും. 

ബർത്ത്ഡേ കേക്ക് എനിക്കു വേണ്ട, എനിക്കു കാണണ്ട എന്നൊക്കെയാകും ആദ്യം മറുപടികൾ. മകൻ പ്രത്യേകം തന്നതാണ്, കരുതലുള്ളതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞു കാര്യങ്ങൾ മനസിലാക്കി നൽകുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷത്തിന്റെ തെളിച്ചമുണ്ട്. വിദേശത്തു നിന്നു കസ്റ്റമർ തരുന്ന പണത്തെക്കാൾ മൂല്യമുണ്ടായിരുന്നു ആ സന്തോഷത്തിന്. ഇത്തരം സമ്മാനങ്ങളിലൂടെ കുടുംബങ്ങൾ തമ്മിലെ ഇഴയടുപ്പം കൂടുതൽ ഊഷ്മളമാകുന്നതും ഏറെ കണ്ടിട്ടുണ്ടെന്ന് ബിന്ദു ഓർമിക്കുന്നു. 

∙ വിജയത്തിനു വഴിതെളിച്ച വിവാഹപരാജയം

വിജയത്തിന്റെ ആദ്യപടി തോൽവിയല്ല, പരാജയപ്പെട്ടുപോകുന്ന വിവാഹമാണെന്നു പറയും ബിന്ദു. പതിനെട്ടാം വയസിലെ വിവാഹം ഒരു പരാജയമായിരുന്നു. പക്ഷെ അതായിരുന്നു തുടർന്നുള്ള വിജയങ്ങളുടെ തുടക്കവും. പത്തൊൻപതാം വയസിൽ താജ് ഹോട്ടൽസിലെ സെയിൽസ് വിഭാഗത്തിൽ ജോലിക്കു കയറി. പിന്നീട് ഒരിടവേള ഒനീഡയിലും ജോലി ചെയ്തു. അതിനു ശേഷമാണ് 1996 ൽ എൻആർഐക്കാർക്കായി ഇ–കൊമേഴ്സ് വെബ്സൈറ്റ് തുടങ്ങുന്നത്. 

2000 ആയപ്പോൾ കുറച്ചുകൂടി വിശാലമായ ബിസിനസിലേക്കു വരണമെന്ന ചിന്തയിൽ ഫൈബർ കളർ ബിസിനസിലേക്കു ചുവടുമാറ്റി. ബാത്ത് ടബ്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവയിലെ ഫൈബറിനുള്ള കളറിങ് ഏജന്റ് ഉണ്ടാക്കുന്ന ബിസിനസിലേയ്ക്ക്. ഇതിനിടെ ഇ–കൊമേഴ്സ് വെബ്സൈറ്റ് സഹോദരനു നിയമപരമായിത്തന്നെ കൈമാറിയിരുന്നു. പിന്നീട് അദ്ദേഹമതു വിട്ടു മറ്റൊരു ബിസിനസിലേയ്ക്കു തിരിഞ്ഞു.

2013 ൽ ബിസിനസ് പങ്കാളിയിൽ നിന്നുണ്ടായ ചതി ജീവിതത്തെ വീണ്ടും മാറ്റിമറിച്ചു. ഒന്നരക്കോടി രൂപയിലേറെ ബാധ്യത തലയിലായപ്പോൾ എല്ലാം പൂജ്യത്തിൽ നിന്നു തുടങ്ങേണ്ടിവന്നു. കഠിനപ്രയത്നത്തിന്റെ കാലം. ഇക്കാലത്ത് സഹായത്തിന് ആരുമില്ലാതെ വന്നതാണ് സ്ത്രീകൾക്കും കുട്ടികൾക്കും സഹായമാകാൻ എന്തെങ്കിലും ചെയ്യണമെന്ന തോന്നലിനു കാരണമായത്. 2013ൽ തന്നെ 30 വുമൺ, 30 സ്റ്റോറീസ് എന്ന പേരിൽ ചെയ്ത ഒരു പ്രൊജക്ടും ജീവിതത്തിൽ മാറ്റങ്ങൾക്കു പ്രചോദനമായി. 

bindu1-jpeg

∙ ഇ-ഉന്നതിയുടെ കഥ

വനിതാ സംരംഭകരെ വളർത്തിക്കൊണ്ടു വരിക, സ്വയം വളരാൻ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ആരംഭിച്ച സംഘടനയാണ് ഇ–ഉന്നതി. മുൻപു തന്നെ ഇത്തരം ഒരു ആശയം മനസിലുണ്ടായിരുന്നെങ്കിലും അതിൽ നിന്നെല്ലാം പിന്നോട്ടു വലിച്ചത് കടബാധ്യതകളായിരുന്നു. ചുവടുറപ്പിച്ചു എന്നു തോന്നിയപ്പോഴാണ് ഇ–ഉന്നതിക്കു തുടക്കമിട്ടത്. മൾട്ടിനാഷനൽ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കു മാർഗനിർദ്ദേശം നൽകി അവരെ സംരംഭകരാക്കുകയാണ് ചെയ്തു വരുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സംഘടനയായിരുന്നു മനസിൽ. ഇലക്ട്രോണിക്സ്, ഇക്കണോമിക്സ്, എംപവർമെന്റ്, ഇ–ഉന്നതിക്കു മുന്നിലെ ‘ഇ’–ക്കൊപ്പം ഇതിലേതും കൂട്ടിവായിക്കാം. 

കൃത്യമായ ഒരു ആശയത്തിലായിരുന്നു പദ്ധതി നടപ്പാക്കിയത്. താഴേത്തട്ടിൽ നിന്നു സംരംഭകരെ കണ്ടെത്തി വളർത്തിക്കൊണ്ടു വരുന്നതായിരുന്നു രീതി. ഉൽപാദന രംഗത്ത് ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവരെ നേരിൽ പോയി കണ്ട് സംസാരിച്ച് ഉൽപന്നം കൂടുതൽ മെച്ചപ്പെടുത്തി വിൽക്കാൻ സഹായിക്കും. എന്ത് ഉൽപന്നമായാലും അതു വാങ്ങും. മിക്ക സംരംഭകരും പരാജയപ്പെടുന്നത് മാർക്കറ്റിങ്ങിലാണ്. അവിടെ സഹായമെത്തിക്കുന്നതായിരുന്നു ഇ–ഉന്നതിയുടെ പ്രധാന പരിഗണന. 

സ്വയം പ്രതിരോധത്തിന് വനിതകളെ പ്രാപ്തരാക്കാനും ഇതിനിടെ ഇടപെടൽ നടത്തി. ഇതിനായി പ്രത്യേക കോഴ്സുകൾ സംഘടിപ്പിച്ചു. മറ്റൊരു പദ്ധതി കൂടി നവംബറിൽ തുടങ്ങുന്നതിനുള്ള ആലോചനയിലാണ്. ഏകദേശം 1,200 പേർ ഇപ്പോൾ ഇ–ഉന്നതിയിൽ അംഗങ്ങളായുണ്ട്. 80 പേരെ വൺ–ടു–വൺ മെന്ററിങ് നൽകി മുഖ്യധാരയിലേയ്ക്കു കൊണ്ടുവരുന്നു. കോവിഡ് പ്രതിസന്ധി തുടങ്ങിയ കാലത്ത് ഇറ്റലിയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും വിദ്യാർഥികളെ ഉൾപ്പെടെ നാട്ടിലെത്തിക്കുന്നതിനായി ശ്രമിച്ചതിൽ ഒരു സംഘം ഇ–ഉന്നതിയുടേതായിരുന്നു. 

∙ സഹായി പ്രോഡക്ട്സ്

കോവിഡ് കാലത്തു തന്നെ ഇ–ഉന്നതിയിൽ നിന്ന് ഉയർന്നു വന്ന ഒരു ഗ്രൂപ്പാണ് സഹായി പ്രോഡക്ട്സ്. ലോക്ഡൗൺ വന്നപ്പോൾ മിക്ക എംഎസ്എംഇ ഗ്രൂപ്പുകളിലും കുറെ സാധനങ്ങൾ ബാക്കി വന്നു. ഇവരെ എങ്ങനെ സഹായിക്കാം എന്നതായിരുന്നു ചിന്ത. ഇവരെ പരസ്പരം ബന്ധപ്പെടുത്തിയപ്പോൾ അതു വാർത്തയായി. കൂടുതൽ പേർ ഗ്രൂപ്പിലേയ്ക്കു വന്നു. കൂടുതൽ സ്റ്റോക്കുകൾ വിൽക്കാനുള്ള സാഹചര്യമൊരുക്കി. ചില അംഗങ്ങളുടെ ഉൽപന്നങ്ങൾ ഈ സമയത്ത് കടലും കടന്നു. ഇതിനു വേണ്ട പേപ്പർവർക്കുകൾ ചെയ്തു നൽകി. ഉൽപാദനവും വിപണനവും എവിടെയും തടസപെടാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 

ഇപ്പോൾ ഗ്രൂപ്പിൽ ഉൽപാദന രംഗത്തുള്ളവർക്കായി ഒരു പദ്ധതി തയാറാകുന്നുണ്ട്. ഉൽപന്നങ്ങൾ യുഎസിലേയ്ക്ക് കയറ്റുമതി ചെയ്യാനുള്ള പ്ലാറ്റ്ഫോമാണ് തയാറാകുന്നത്. ഒരു എൽഎൽപി രൂപീകരിച്ച് അതിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. മ‍ഞ്ഞളിൽ നിന്ന് പ്രകൃതിദത്തമായ കുങ്കുമം (പൂജയ്ക്കുള്ളത്) നിർമിക്കുന്ന യൂണിറ്റ് വയനാട്ടിൽ ആരംഭിക്കാനും പദ്ധതിയിടുന്നു. മാസത്തിൽ പത്തു ദിവസമെങ്കിലും വയനാട്ടിൽ ഇതിനായി ചെലവഴിക്കുന്നു. 

ആദ്യ വിവാഹം പരാജയമായെങ്കിലും കുടുംബജീവിതത്തിലും തോറ്റു പിൻമാറിയില്ല. ഇരുപത്തിയഞ്ചാം വയസിൽ വീണ്ടും വിവാഹിതയായി. ഭർത്താവ് പോർട്ടിലെ ഉദ്യോഗസ്ഥനാണ്. രണ്ടു മക്കൾ. ഇവരിൽ ഒരാൾ തന്നെ ഇപ്പോൾ ബിസിനസിൽ സഹായിച്ച് കൂടെയുണ്ട്. മരടിൽ തന്നെയാണ് താമസം.

English Summary: This Malayalee Woman Entrepreneur started E Commerce Business Even Before Amazon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com