ADVERTISEMENT

ഗൾഫ് മലയാളിയും കുടുംബശ്രീയും ചേർന്നുള്ള സംയുക്ത സംരംഭം വിജയം കണ്ട കഥയാണിത്. സംരംഭക മേഖലയിലേക്ക് കാലെടുത്തുവയ്ക്കാനാഗ്രഹിക്കുന്ന ആർക്കും മാതൃകയാക്കാവുന്ന വിജയം. 

കാലടി സംസ്കൃത സർവകലാശാലയ്ക്കു സമീപത്തായി ‘പ്രകൃതി ബൊക്സ്’ എന്ന പേരിൽ കുടുംബശ്രീയുമായി സഹകരിച്ച് ഒരു സംരംഭം നടത്തുകയാണ് അനൂപ് എന്ന ചെറുപ്പക്കാരൻ. 12 വർഷത്തെ ഗൾഫ് ജീവിതത്തിനുശേഷം ഇനി തിരിച്ചില്ലെന്ന തീരുമാനവുമായാണ് അനൂപ് എത്തിയത്. നാട്ടിൽ നിൽക്കണം, ഇവിടെത്തന്നെ ഒരു ബിസിനസ് ചെയ്യണം. അതായിരുന്നു ആഗ്രഹം. 

എന്തു ചെയ്താൽ വിജയിക്കും? തൊഴിൽപരിചയം വച്ചു നോക്കിയാൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലികളാണ് അറിയാവുന്നത്. ആ നിലയ്ക്കു വലിയ സാധ്യതയൊന്നും കണ്ടെത്താനായില്ല. പിന്നെ വൈകാതെ ഭക്ഷ്യ–സംസ്കരണ മേഖലയിലേക്കു തിരിഞ്ഞു. കലർപ്പില്ലാത്ത നല്ല ഭക്ഷണം ലഭ്യമാക്കുന്നതിന് ആവശ്യമായ ഉൽപന്നങ്ങൾ ഉണ്ടാക്കുകയും വിൽക്കുകയുമായിരുന്നു ലക്ഷ്യം. 

കുടുംബശ്രീയുമായി സഹകരണം 

ഇവിടത്തെ സാഹചര്യം, വിപണി എന്നിവയുമായി ബന്ധമില്ലാതായിട്ട് ഏറെ വർഷങ്ങളായി. അങ്ങനെയാണു കുടുംബശ്രീയുമായി ബന്ധപ്പെടുന്നത്. അവർ നല്ല രീതിയിൽ സഹകരിക്കുവാൻ തയാറായി. 4 കുടുംബശ്രീ വനിതകൾക്കു തൊഴിൽ നൽകാൻ കഴിഞ്ഞതിന്റെ അഭിമാനം കൂടി ഈ വിജയത്തിനൊപ്പം അനൂപ് പങ്കുവയ്ക്കുന്നു.

എന്താണ് ബിസിനസ്?

ഇവിടെ മല്ലി, മഞ്ഞൾ, മുളക്, കറിമസാലകൾ അരിപ്പൊടികൾ, ഗോതമ്പ്, റവ, ഉഴുന്നുപയർ, കടല, പഞ്ചസാര, ശർക്കര, ഉപ്പേരികൾ എന്നിവ വിൽക്കുന്നു. മല്ലി, മുളക്, മഞ്ഞൾ എന്നിവ പൊതുവിപണിയിൽനിന്നു വാങ്ങി കുടുംബശ്രീ വനിതകൾ കഴുകി ഉണക്കി തൊട്ടടുത്ത മില്ലിൽ പൊടിപ്പിച്ചു പാക്ക് ചെയ്ത ശേഷമാണ് ഷോപ്പിൽ വിൽക്കുന്നത്. റാഗി, ചാമ, മുള അരികൾ എന്നിവയും വിൽപനയ്ക്കുണ്ട്. 

വെളിച്ചെണ്ണ ആട്ടുന്ന ചക്ക് സ്ഥാപനത്തോടൊപ്പം സ്ഥാപിച്ചിരിക്കുന്നു. അതിൽനിന്നു ലൈവായി ആട്ടി ശുദ്ധമായ െവളിച്ചെണ്ണ നൽകുന്നു. അതുപോലെ പോളിഷ് ചെയ്യാത്ത പയർവർഗങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂ. ഡ്രൈ ഫ്രൂട്സ് പുറത്തുനിന്നു ശേഖരിച്ച് വിൽക്കുന്നു. മഞ്ഞപ്ര ശ്രീധർമ കുടുംബശ്രീയിലെ 3 സ്ത്രീകൾ കഴുകുന്നതിലും പൊടിക്കുന്നതിലും പാക്ക് ചെയ്യുന്നതിലും ഏർപ്പെടുമ്പോൾ ഒരാൾക്കു സെയിൽസിലാണു ജോലി.

anoop

6 ലക്ഷം രൂപയുടെ നിക്ഷേപം

സ്ഥാപനത്തിൽ ഇപ്പോൾ 6 ലക്ഷം രൂപയുടെ ആകെ നിക്ഷേപമാണ് ഉള്ളത്. വാടക കെട്ടിടത്തിലാണു പ്രവർത്തനം. അഡ്വാൻസ്, ഫർണിഷിങ്, ഫർണിച്ചറുകൾ, ബോർഡുകൾ, ടിന്നുകൾ, പാക്കിങ് മെഷീൻ, ബില്ലിങ് സിസ്റ്റം, സ്റ്റോക്ക്, എണ്ണയാട്ടുന്ന ചക്ക് എന്നിവയിലാണു നിക്ഷേപങ്ങൾ വേണ്ടിവന്നത്. ഒന്നരലക്ഷം രൂപ കുടുംബശ്രീ മിഷനിൽനിന്നു ലഭിച്ചു. ബാക്കി പണം സ്വന്തമായി കണ്ടെത്തിയാണ് ഈ യുവസംരംഭകൻ ബിസിനസ് രംഗത്തേക്കു കടന്നുവന്നത്.  

നേരിട്ടും ഓൺലൈൻ വഴിയും വിൽപ്പന

ഷോപ്പ് വഴി നേരിട്ടുള്ള വിൽപനകൾക്കു പുറമേ ഓൺലൈൻ വഴിയും കച്ചവടം നടക്കുന്നുണ്ട്. മുംൈബ മലയാളികൾ ധാരാളമായി വാങ്ങാൻ തുടങ്ങിയതു ഗുണമായി. സോഷ്യൽ മീഡിയ വഴിയാണ് ഓർഡറുകൾ സ്വീകരിക്കുക. ക്രെഡിറ്റ് വിൽപനയില്ല. അഡ്വാൻസ് വാങ്ങിയാണ് ഉൽപന്നങ്ങൾ കുറിയർ വഴി അയയ്ക്കുന്നത്.

ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ എല്ലാ ഉൽപന്നങ്ങളും ചേർത്ത് ഒരു കിറ്റ് ആക്കിയാണ് നൽകുന്നത്. അടുത്ത പ്രദേശങ്ങളിലേക്ക് ആവശ്യപ്പെട്ടാൽ നേരിട്ട് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. പ്രതിദിനം 4,000 മുതൽ 6,000 രൂപ വരെയുള്ള കച്ചവടമാണു നടക്കുന്നത്. ഇതിൽ 20% വരെ അറ്റാദായം കിട്ടുന്നു.

സ്വന്തം പ്രൊഡക്‌ഷൻ യൂണിറ്റ്

ഈ യുവസംരംഭകൻ ലക്ഷ്യം വയ്ക്കുന്നത് സ്വന്തമായി ഒരു പ്രൊഡക്‌ഷൻ യൂണിറ്റാണ്. അതിന്റെ ആദ്യ പടിയാണ് വിപണനരംഗത്തെ ഈ സംരംഭം. ഇതിലൂടെ വലിയ റിസ്ക് ഇല്ലാതെ വിപണിയെക്കുറിച്ചു പഠിക്കാൻ കഴിയുന്നതു വലിയ നേട്ടമാണെന്ന് അനൂപ് പറയുന്നു. അതോടൊപ്പം ഒരു സ്ഥിര‌വരുമാന മാർഗവുമായി. സ്വന്തം നിലയിൽ കറിമസാലകൾ, ധാന്യപ്പൊടികൾ (വെളിച്ചെണ്ണയും എള്ളെണ്ണയും ഉദ്ദേശിക്കുന്നു) എന്നിവയുടെ ഉൽപാദന യൂണിറ്റാണ് അനൂപ് വിഭാവനം ചെയ്യുന്നത്. ‘കുടുംബശ്രീക്ക് തീർച്ചയായും അതിൽ പങ്കാളിത്തം ഉണ്ടാകും’, അനൂപ് പറയുന്നു.

പുതുസംരംഭകർക്ക്

വിപണിയെക്കുറിച്ചു പഠിച്ചശേഷം ഉൽപാദന പ്ലാന്റ് ആരംഭിക്കുക എന്നതു പുതുസംരംഭകർക്കു പിന്തുടരാവുന്ന ഒരു നല്ല മാതൃകയാണ്. നാടൻ ഉൽപന്നങ്ങൾക്ക് ഓൺലൈൻ വ്യാപാരരംഗത്ത് വലിയ സാധ്യതകളുണ്ട്. വലിയ നിക്ഷേപമില്ലാതെതന്നെ ഇത്തരം സംരംഭങ്ങൾ ആരംഭിക്കുവാനും കഴിയും. പ്രതിമാസം 2 ലക്ഷം രൂപയുടെ കച്ചവടം തുടക്കത്തിൽ ലഭിച്ചാൽ പോലും 40,000 രൂപ സമ്പാദിക്കാം.

English Summary: This NRI and Kudumbasree joint venture is an Attractive Model in Food Processing Business 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com