വീഡിയോകളിൽ മാത്രമല്ല, അച്ചാർ വിൽപ്പനയിലും വൈറലായി അമ്മാമ്മയും കൊച്ചുമകനും

HIGHLIGHTS
  • വീട്ടിലെത്തി അച്ചാർ ആവശ്യപ്പെടാൻ തുടങ്ങിയതോടെ കട തുറക്കാനുള്ള ആത്മവിശ്വാസമായി
ammama2
SHARE

സോഷ്യൽ മീഡിയയിൽ താൽപ്പര്യമുള്ള ആർക്കും എറണാകുളം പറവൂർ സ്വദേശികളായ മേരി ജോസഫ് മാമ്പിള്ളിയേയും കൊച്ചുമകൻ ജിൻസനെയും പരിചയമുണ്ടാകും. അമ്മാമ്മയുടെ കൊച്ചുമകൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വെബ്‌സീരിസിലേയും സ്കിറ്റുകളിലെയും പ്രധാന താരങ്ങളാണ് ഇവർ. പ്രായത്തെ വെല്ലുന്ന നർമ്മബോധവും ഊർജസ്വലമായ വർത്തമാനവും ട്രെൻഡിനൊത്ത് നീങ്ങുന്ന ചിന്താഗതിയുമൊക്കെയാണ് മേരി ജോസഫ് എന്ന അമ്മാമ്മയെ സോഷ്യൽ മീഡിയയുടെ മുഴുവൻ അമ്മാമ്മയാക്കി മാറ്റിയത്. ഒപ്പം കൊച്ചുമകൻ ജിൻസൺ കൂടി ചേർന്നപ്പോൾ സംഗതി വേറെ ലെവൽ ആയി. 

എന്നാൽ അഭിനയം മാത്രമല്ല, പാചകവും തനിക്ക് നന്നായി ഇണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് അമ്മാമ്മ. കഴിഞ്ഞ കൊറോണക്കാലത്ത് തുടക്കം കുറിച്ച അമ്മാമ്മ സ്‌പെഷ്യൽ അച്ചാറുകളുടെ വില്പനയിലൂടെ പ്രതിമാസം മികച്ച വരുമാനം നേടുകയാണ് മേരി ജോസഫ്. ഒരു പക്ഷേ കേരളത്തിലെ ഏറ്റവും പ്രായം ചെന്ന ചെറുകിട ബിസിനസ് സംരംഭക കൂടിയായിരിക്കും അമ്മാമ്മ എന്ന് പരക്കെ വിളിക്കപ്പെടുന്ന മേരി ജോസഫ്. തുടക്കം ബീഫ്  അച്ചാറിലൂടെയായിരുന്നു.  അതും അമ്മാമ്മയുടെ സ്‌പെഷ്യൽ റെസിപ്പിയിൽ നിർമിച്ച ബീഫ്  അച്ചാർ. മൂലധന നിക്ഷേപം 3000 രൂപയിൽ താഴെ. സോഷ്യൽ മീഡിയ വഴിയായിരുന്നു വില്പന ആരംഭിച്ചത്. വിചാരിച്ചതിനേക്കാൾ ഏറെ മികച്ച പ്രതികരണമാണ് അമ്മാമ്മയുടെ അച്ചാറിനു ലഭിച്ചത്. അതോടെ ഈ മേഖലയിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ തന്നെ മേരി ജോസഫ് മാമ്പിള്ളി തീരുമാനിച്ചു.

വാട്ട്സാപ് സ്റ്റാറ്റസിൽ നിന്നും തുടക്കം 

ടിക്‌ടോക്കിലൂടെ വന്നു സ്വന്തമായി യുട്യൂബ് ചാനലും വരുമാനവും ഒക്കെയായെങ്കിലും ബിസിനസിൽ ആദ്യമായിട്ടായിരുന്നു ഭാഗ്യപരീക്ഷണം. ആദ്യ ലോക്ക് ഡൗൺ കാലത്തുണ്ടാക്കിയ 5 കിലോ ബീഫ് അച്ചാർ വാട്സാപ്പിൽ സ്റ്റാറ്റസ് ആയി ഇട്ടു. വിചാരിക്കാത്ത പ്രതികരണമാണ് അതിനു ലഭിച്ചത്. നിമിഷ നേരം കൊണ്ടാണ് ഓർഡറുകൾ വന്നത്. അത് വാങ്ങിക്കഴിച്ചവർ നല്ല അഭിപ്രായം പറഞ്ഞതോടെ ബിസിനസ് ആയി തന്നെ മുന്നോട്ട് കൊണ്ട് പോകാം എന്ന തീരുമാനത്തിലെത്തി. ബീഫ്, ഫിഷ്, ചെമ്മീൻ അച്ചാറുകളാണ് അടുത്ത തവണ വിപണിയിലെത്തിച്ചത്. പ്രൊമോഷൻ ഫേസ്‌ബുക്ക് പേജുകൾ വഴിയായിരുന്നു. അമ്മാമ്മയുടെ സ്വന്തം റെസിപ്പിയിൽ ആയിരുന്നു അച്ചാറിന്റെ നിർമാണം. എപ്പോൾ അച്ചാർ ഉണ്ടാക്കിയാലും അതെല്ലാം ഒരൊറ്റ ദിവസം കൊണ്ട് ഓർഡർ ആകും. അതോടെ ആത്മവിശ്വാസം വർധിച്ചു. 

ammama3

''എന്റെ സ്വന്തം ചില രുചിക്കൂട്ടുകൾ ചേർത്താണ് അച്ചാർ നിർമാണം. കലർപ്പുകൾ ഒന്നും ചേർക്കില്ല. ശുദ്ധമായ എണ്ണയും  പൊടികളും മാത്രം. ഇപ്പോൾ അച്ചാറിന്റെ ഉൽപ്പാദനം കൂടിയതോടെ എനിക്കൊപ്പം മകളും മരുമകളും അച്ചാർ നിർമാണത്തിനായുണ്ട്'' മേരി ജോസഫ് മാമ്പിള്ളി പറയുന്നു .

ഓൺലൈനിലൂടെ കടയിലേയ്ക്ക്

''രണ്ടു വർഷത്തോളം ഓൺലൈനിൽ അച്ചാറുകൾ വിറ്റു. ഒന്നര ലക്ഷത്തോളം അച്ചാർ ബോട്ടിലുകളാണ് വിറ്റത്. ഇങ്ങനെ ഓൺലൈനിൽ അച്ചാറ് വാങ്ങിയ പലരും നേരിട്ട് വീട്ടിലെത്തി കൂടി അച്ചാർ ആവശ്യപ്പെടാൻ തുടങ്ങിയതോടെ ഒരു കട തുറക്കാനുള്ള ആത്മവിശ്വാസം വന്നു. അങ്ങനെ കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിന് അടുത്തുള്ള അത്താണി എന്ന സ്ഥലത്ത് അമ്മാമ്മ സ്‌പെഷ്യൽ എന്ന പേരിൽ ഒരു ഷോപ്പ് ആരംഭിച്ചു. അതോടെ ഉപഭോക്താക്കളുടെ എണ്ണവും വരുമാനവും വർധിച്ചു. അതിനാൽ രണ്ടാമത്തെ ഷോപ്പ് തൃശൂർ ജില്ലയിലെ എടമുട്ടം എന്ന സ്ഥലത്ത് തുറക്കാനിരിക്കുകയാണ്'' ജിൻസൺ പറയുന്നു .

ന്യൂസിലാൻഡ്, യുകെ, യുഎസ്എ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഇപ്പോൾ അമ്മാമ്മ സ്‌പെഷ്യൽ അച്ചാറുകൾ പോകുന്നുണ്ട്. ഷോപ്പ് തുടങ്ങിയതോടെ ബീഫ്, ഫിഷ്, ചെമ്മീൻ, ചിക്കൻ, കക്ക, നെല്ലിക്ക, നാരങ്ങാ, മാങ്ങ, വെളുത്തുള്ളി, ബീറ്റ്‌റൂട്ട്, കാരറ്റ് തുടങ്ങിയ അച്ചാർ വൈവിധ്യങ്ങളാണ് വില്പനക്ക് എത്തിക്കുന്നത്. നോൺ വെജ് അച്ചാറുകൾ വെളിച്ചെണ്ണയിലും വെജ് അച്ചാറുകൾ നല്ലെണ്ണയിലും ആണ് നിർമിക്കുന്നത്. രണ്ട് മുതൽ നാല് മാസം വരെയാണ് അച്ചാറുകളുടെ ഷെൽഫ് ലൈഫ്. മുനമ്പം ഹാർബറിൽ നിന്നുമാണ് ചെമ്മീൻ, കേര, കക്ക, തുടങ്ങിയവ ശേഖരിക്കുന്നത്. വെളിച്ചെണ്ണ കൊപ്ര ആട്ടിയ നാടൻ വെളിച്ചെണ്ണ മാത്രമാണ് ഉപയോഗിക്കുന്നത്.  വരും വർഷങ്ങളിൽ അച്ചാർ വിപണി കൂടുതൽ ശക്തമാക്കണം എന്നാണ് അമ്മാമ്മയും കൊച്ചുമകനും ആഗ്രഹിക്കുന്നത്. 

English Summary: This Grandma is Making Attractive Income Through Picle sale both Online and Offline

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA