കോവിഡിലും തിളങ്ങിയ കേക്ക് കച്ചവടം, പ്രതിമാസ ലാഭം 50000രൂപ

HIGHLIGHTS
  • കേക്കുകൾക്കും മറ്റ് ഹോംമെയ്ഡ് ഉൽപന്നങ്ങൾക്കും ആവശ്യക്കാരേറെ
bejin-mini
SHARE

സമ്പാദ്യം മാസിക നടത്തിയ ഒരു സെമിനാറിൽ പങ്കെടുക്കുമ്പോൾ അതു ജീവിതത്തിൽ വലിയൊരു വഴിത്തിരിവു സൃഷ്ടിക്കുമെന്ന് എറണാകുളത്ത് വടക്കൻ പറവൂരിനടുത്ത് കരുമാലൂരുള്ള മിയ കേക്സ് ഉടമകളായ ബെജിൻ ജോസഫും ഭാര്യ മിനിയും ഓർത്തില്ല. 

ഹോം െമയ്ഡ് േകക്കുകളുടെ നിർമാണത്തിലും വിൽപനയിലും ഏർപ്പെട്ടിരിക്കുകയാണ് ഈ കുടുംബം. സമ്പാദ്യം സെമിനാറിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് വീട്ടിലെ അവ്‌ൻ ഉപയോഗിച്ച് പരീക്ഷാടിസ്ഥാനത്തിലാണു കേക്ക് നിർമാണം തുടങ്ങുന്നത്. സമീപവാസികളിൽ നിന്നു ലഭിച്ച പ്രോത്സാഹനം, വിപണിസാധ്യത എന്നിവയെല്ലാം അനുകൂലമായപ്പോൾ സ്വന്തംനിലയിൽ കുറച്ചു പണം നിക്ഷേപിച്ച് ഉൽപാദനം വിപുലീകരിച്ചു. 

ഒന്നേമുക്കാൽ ലക്ഷം രൂപ നിക്ഷേപം

അതോടെ കാര്യങ്ങൾ ഉഷാറായി. രണ്ടു വർഷത്തിനുള്ളിൽ സംരംഭം വലിയ പുരോഗതിയാണു നേടിയത്. വീടിന്റെ മുകളിൽ 200 ചതുരശ്രയടി സ്ഥലം റെഡിയാക്കിയെടുത്തു. ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയായിരുന്നു അത്. അതെല്ലാം മാറ്റി അവിടെ പുതിയ മെഷിനറികളും ഉപകരണങ്ങളും സ്ഥാപിച്ചു. മൈദ മിക്സിങ് മെഷീൻ, 12 കിലോ ശേഷിയുള്ള അവ്ൻ, ബീറ്റിങ് മെഷീൻ തുടങ്ങിയവയാണ് പ്രധാനമായും വേണ്ടിവന്നത്. എല്ലാറ്റിനും കൂടി 1.75 ലക്ഷം രൂപയോളമാണു ചെലവായത്. സ്വന്തം സമ്പാദ്യമാണ് ഇതിലേക്കു വിനിയോഗിച്ചത്.

സംരംഭത്തിന്റെ പ്രവർത്തനങ്ങൾക്കായി ഭാര്യയും ഭർത്താവും അല്ലാതെ വേറെ ജോലിക്കാരെ ഒന്നും നിയമിച്ചിട്ടില്ല. രണ്ടുപേരും അവരവരുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കുന്നതു കൊണ്ട് ബിസിനസ് അനുസ്യൂതം മുന്നോട്ടു പോകുന്നു. കേക്കുകൾക്ക് ഓർഡർ പിടിക്കുന്നതും ഡെലിവറി ചെയ്യുന്നതുമെല്ലാം ബെജിനാണ്. കേക്കുകളുടെ നിർമാണം, ഗുണമേന്മ ഉറപ്പുവരുത്തൽ തുടങ്ങിയവയെല്ലാം മിനിയുടെ ചുമതലയും. എന്തായാലും ഈ കോവിഡ് കാലത്തുപോലും ഒരു കുടുംബത്തിനു സുഖമായി ജീവിക്കാനുള്ള വരുമാനം ഇതിലൂടെ ഈ ദമ്പതികൾ നേടുന്നുണ്ട്.

വിൽപന ഓർഡർ അനുസരിച്ച്

bejin

കേക്കുകളുടെ വിൽപന ഓർഡർ അനുസരിച്ചാണു നടക്കുന്നത്. ഇത്തരത്തിൽ ദിവസവും ഓർഡർ കിട്ടുന്നുണ്ട്. കൂടാതെ, ഏതാനും ഷോപ്പുകളിലൂടെയും വിൽപനയുണ്ട്. നേരിട്ട് ഓർഡർ പ്രകാരമുള്ള വിൽപനയാണു കൂടുതൽ ലാഭകരം. 500 മുതൽ 2,000 രൂപ വരെ വിലയുള്ള േകക്കുകളാണു നിർമിക്കുന്നത്. വിവാഹം, വിവാഹ വാർഷികം, ജന്മദിനം തുടങ്ങി മിക്കവാറും ആഘോഷങ്ങൾക്കെല്ലാം കേക്ക് ഇപ്പോൾ പതിവാണല്ലോ. ഈ പ്രദേശത്തെ ജനങ്ങൾക്ക് ഇപ്പോൾ ‘മിയ േകക്ക്സ്’ വളരെ പരിചിതമാണ്. അതുകൊണ്ടു തന്നെ ഒട്ടേറെ പരിപാടികൾക്കു സ്ഥിരം കസ്റ്റമേഴ്സ് റഫർ ചെയ്തും അല്ലാതെയും ഓർഡർ ലഭിക്കുന്നുണ്ട്. 

ക്രെഡിറ്റ് വിൽപന വരുന്നേയില്ല എന്നതാണ് ഈ ബിസിനസിലെ പ്രധാന നേട്ടം. മികച്ച ലാഭവും ഉണ്ട്. കുറഞ്ഞത് 25 ശതമാനമെങ്കിലും ലാഭമായി പ്രതീക്ഷിക്കാം. ഏകദേശം രണ്ടു ലക്ഷം രൂപയുടെ കച്ചവടം ഇപ്പോഴുണ്ട്. ഇതിലൂടെ 50,000 രൂപയോളം പ്രതിമാസം അറ്റാദായമായി ഈ കുടുംബത്തിനു ലഭിക്കുന്നു.

മത്സരം പ്രശ്നമല്ല

ഗുണമേന്മ കൊണ്ടും വ്യത്യസ്ത കൊണ്ടും മത്സരത്തെ മറികടക്കാൻ കഴിയുന്നൊരു വിപണിയാണ് കേക്കിനുള്ളത്. 

cake-mixing

‘‘മിയ കേക്ക്സിലെ പ്ലംകേക്ക് ഏറെ മികച്ചതാണ്. മുന്തിയതരം ഈന്തപ്പഴം 30 ദിവസത്തോളം റമ്മിൽ മുക്കിവച്ചശേഷമാണ് ഈ േകക്ക് ഉണ്ടാക്കുക. അതതു ദിവസം ഉണ്ടാക്കിയാണു നൽകുന്നത്. ചൂടാറിക്കഴിഞ്ഞാൽ ഉടൻ ഉപഭോക്താവിലേക്ക് എത്തിക്കും.’’ ബെജിൻ പറയുന്നു.

‘‘അതുപോലെ ഞങ്ങളുടെ കേക്കുകൾക്ക് വില കുറയ്ക്കാറില്ല. അത്രയ്ക്കു മികച്ച രീതിയിലാണു േകക്ക് തയാറാക്കുന്നത്. കൃത്യമായ അളവും ആകർഷകമായ പാക്കിങ്ങും ഉറപ്പു വരുത്തുന്നു. 

ഡിസൈനിലും നന്നായി ശ്രദ്ധിക്കുന്നു. കേക്കിന്റെ രൂപഭംഗി വിപണിയിൽ സ്ഥാനമുറപ്പിക്കാൻ സഹായിച്ച ഘടകങ്ങളിലൊന്നാണ്.’’ വിജയം നേടിയൊരു സംരംഭകന്റെ ആത്മവിശ്വാസം ബെജിന്റെ വാക്കുകളിലുണ്ട്.

മിയ കേക്ക്സ് പ്രതിമാസം 250 മുതൽ 300 വരെ കേക്കുകളാണ് ഇപ്പോൾ തയാറാക്കി വിൽക്കുന്നത്. സീസണുകളിൽ എണ്ണം വ്യത്യാസപ്പെടാം. ഒരു ദിവസം 8 മുതൽ 10 വരെ കേക്കുകൾക്ക് ഓർഡർ ലഭിക്കുകയും തയാറാക്കി നൽകുകയും ചെയ്യുന്നു. 

അസംസ്കൃതവസ്തുക്കൾ സുലഭം

ൈമദ, പഞ്ചസാര, കോഴിമുട്ട, സുഗന്ധവ്യഞ്ജനങ്ങൾ, േബക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉണങ്ങിയ പഴങ്ങൾ എന്നിവയാണു പ്രധാനമായും കേക്കു നിർമാണത്തിലെ അസംസ്കൃതവസ്തുക്കൾ. ഇവയെല്ലാം സുലഭമായി സമീപപ്രദേശങ്ങളിലെ വിപണികളിൽ കിട്ടുന്നു. എന്നാൽ, രൊക്കം പണം കൊടുത്തു തന്നെ വാങ്ങേണ്ടതുണ്ട്. ആലുവ, എറണാകുളം മാർക്കറ്റിലെ വിതരണക്കാരിൽനിന്നുമാണ് കൂടുതലും വാങ്ങലുകൾ. ഓർഡർ നൽകിയാൽ വീട്ടിൽ എത്തിച്ചുതരുന്നവരും ഉണ്ട്. അപ്പോൾത്തന്നെ പണം നൽകണമെന്നു മാത്രം. ഒരു ബിസിനസ് എന്ന നിലയിൽ ഈ രംഗത്ത് വലിയ സാധ്യതകൾ ഉണ്ടെന്നാണ് ബെജിനും മിനിയും പറയുന്നത്.

ലക്ഷ്യം സമ്പൂർണ േബക്കറി 

ഒരു സമ്പൂർണ ബേക്കറി യൂണിറ്റ് തുടങ്ങുക എന്നതാണ് ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ സ്വപ്നം. എല്ലാത്തരം േബക്കറി ഉൽപന്നങ്ങളും നിർമിച്ച് കടകളിൽ എത്തിച്ചു നൽകണം. പ്രാദേശികമായിത്തന്നെ മികച്ച അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്. അത് ഉപയോഗപ്പെടുത്തണം. അതതു ദിവസം വിൽക്കാൻ ഉദ്ദേശിച്ചുള്ള ആവിയിൽ തയാറാക്കിയ ഭക്ഷണവിഭവങ്ങളും ലക്ഷ്യമിടുന്നു. ഇതിലൂടെ ഏതാനും പേർക്കുകൂടി തൊഴിൽ നൽകാനാകുമെന്ന സന്തോഷവും ഇതിനൊപ്പം ഈ ദമ്പതികൾ പങ്കുവയ്ക്കുന്നു.

പുതുസംരംഭകർക്ക്

ഭക്ഷ്യമേഖല ഏറെ പ്രാധാന്യമുള്ളതാണ്. കോവിഡ്കാലത്തുപോലും നന്നായി ശോഭിക്കാൻ കഴിഞ്ഞ രംഗം. കേക്കുകൾക്കും മറ്റ് ഹോംമെയ്ഡ് ഉൽപന്നങ്ങൾക്കും വലിയ ഡിമാൻ‍ഡ് ഉണ്ട്. നല്ല ലാഭവിഹിതവും ഇതിലൂടെ ലഭിക്കും. രണ്ടു ലക്ഷം രൂപ മുതൽമുടക്കി ലഘുസംരംഭങ്ങൾ തുടങ്ങാം. രണ്ടു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം നേടിയാൽ തന്നെ 50,000 രൂപ അറ്റാദായം ഉറപ്പാക്കുകയും ചെയ്യാം. English Summary: Attractive Income from Cake Manufacturing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA