ഛെ! മറന്നു: മറന്നോളൂ.. സഹായിയായി ഒരു സ്റ്റാർട്ടപ്പ് ആപ്പ്

HIGHLIGHTS
  • ദക്ഷിണേന്ത്യയിൽ സേവനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എറൻഡോ
sahayi
ഷമീർ പത്തായക്കണ്ടി
SHARE

രാവിലെ ഓഫിസിൽ നിന്നു വീട്ടിലേയ്ക്ക് ഇറങ്ങുമ്പോൾ പ്രധാനപ്പെട്ട എന്തെങ്കിലും എടുക്കാൻ മറന്നു എന്നിരിക്കട്ടെ; ധൈര്യമായി ഓഫിസിലേയ്ക്കു തന്നെ പോകാം. സാധാനം കൃത്യ സമയത്ത് ഓഫിസിൽ എത്തിക്കുന്നതിന് ഒരു സ്റ്റാർട്ടപ്പിന്റെ സേവനം ലഭ്യമാകും. മലപ്പുറം ഐക്കരപ്പടി സ്വദേശി ഷമീർ പത്തായക്കണ്ടി ചുക്കാൻ പിടിക്കുന്ന എറൻഡോ എന്ന ആപ്പിലൂടെയാണ് സേവനം ലഭ്യമാകുക. എംഎസ്‍സി മൈക്രോ ബയോളജി പഠിച്ച് വിദേശത്ത് കുറച്ചു നാൾ ജോലി ചെയ്ത് തിരിച്ചെത്തിയപ്പോഴാണ് ഷമീറിനു ബിസിനസ് ആശയം തലയ്ക്കു പിടിക്കുന്നതും സ്റ്റാർട്ടപ്പിലേയ്ക്ക് എത്തുന്നതും. നിലവിൽ കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും ബംഗളുരുവിലുമാണ് സേവനമുള്ളത്. വൈകാതെ ദക്ഷിണേന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എറൻഡോ. ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍, മൈസൂര്‍, മംഗളുരു, തൃശ്ശൂര്‍ എന്നിവിടങ്ങളാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

2016 ല്‍ ഫുഡ് ഓൺ ടച്ച് എന്ന പേരിൽ ഭക്ഷണ വിതരണ ആപ്പുമായി ആരംഭിച്ചതാണ് സ്റ്റാർട്ട് അപ്. റസ്റ്ററന്റ് ഭക്ഷണം ഓർഡർ അനുസരിച്ച് ആവശ്യക്കാരിലേയ്ക്ക് എത്തിക്കുന്നതായിരുന്നു സേവനം. നിശ്ചിത സമയത്തെ ജോലി കഴിഞ്ഞാൽ ജീവനക്കാർക്ക് കാര്യമായ ജോലിയില്ല എന്നതു മനസിലാക്കി പലചരക്ക് സാധനങ്ങളുടെ വിതരണത്തിലേയ്ക്കു കൂടി ചുവടു വച്ചു. ഇതു വിജയമാണ് എന്നു കണ്ടതോടെയാണ് ബിടുബി ഡെലിവറിയും ബിടുസി ആപ് ബേസ്ഡ് സേവനങ്ങളും ചെയ്തു തുടങ്ങിയത്. പിക്ക് അപ് ആൻഡ് ഡ്രോപ് സർവീസാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു സേവനം. ഒരു ഷോപ്പിനോ ഓഫിസിനോ പിന്തുണയായി പ്രവർത്തിക്കുക എന്നതാണ് സങ്കൽപം. 

ആദ്യ ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി ആപ്പ്

2018ൽ പേര് എറൻഡോ എന്നു റീ ബ്രാൻഡ് ചെയ്തു. ജോലി, ദൗത്യയാത്ര എന്നൊക്കെയാണ് എറന്റ് എന്ന വാക്കിനര്‍ഥം. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനുള്ള യാത്ര എന്ന അർഥത്തിലാണ് എറൻഡോ എന്ന പേര് കമ്പനിക്കായി തിരഞ്ഞെടുത്തതെന്ന് ഷമീർ പറയുന്നു. കേരളത്തിലെ ആദ്യ ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി ആപ്പ് എന്നാണ് ഷമീർ എറൻഡോയെ വിശേഷിപ്പിക്കുന്നത്. 

അമ്പലത്തിൽ പൂജയ്ക്ക് ടോക്കൺ ബുക്കു ചെയ്യാം

ചെറുകിട ഓഫിസുകൾ തുടങ്ങുന്നവർക്ക് പുറത്തു പോകുന്നതു പോലെയുള്ള ആവശ്യങ്ങൾക്കായി ജീവനക്കാരെ വയ്ക്കുക എന്നു പറഞ്ഞാൽ വലിയൊരു തുക ശമ്പളമായി നൽകേണ്ടി വരും. അതിനു പകരം എറൻഡോയുടെ സേവനം ഉപയോഗപ്പെടുത്തിയാൽ ഈ തുക മാസം ലാഭിക്കാനാകും. ഇത്തരം സ്ഥാപനങ്ങൾക്ക് എപ്പോഴും ലഭ്യമാകുന്ന ഒരാളായി കമ്പനി കൂടെ നിന്നു കൊടുക്കും. ബിടുസിയിൽ കസ്റ്റമർക്ക് പർച്ചേസ് ലിസ്റ്റ് കൊടുത്താൽ ഉള്ളിടത്തു നിന്നു വാങ്ങി നല്‍കുന്നത് ഉൾപ്പടെയുള്ള സേവനങ്ങളുണ്ട്. അമ്പലത്തിൽ പൂജയ്ക്ക് ടോക്കൺ ബുക്കു ചെയ്യുന്നതു മുതൽ കറന്റ്, ഫോൺ ബില്ലുകൾ അടയ്ക്കുക, ഓഫിസ് സാധനങ്ങൾ വാങ്ങി നൽകുക, മുതിർന്നവർക്കു വീട്ടിൽ മരുന്ന് എത്തിച്ചു നൽകുക തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. 

sahayi1

ഒരാൾ കാറിൽ സാധനം വാങ്ങാൻ പുറത്തു പോയാൽ എത്ര ചെലവു വരുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അതിന്റെ പെട്രോളിനു ചെലവാക്കുന്നതിന്റെ ചെറിയൊരു ഭാഗം മതിയാകും എറൻഡോ സർവീസിന്. നിലവിൽ 80 രൂപ മാത്രമാണ് മിനിമം തുകയായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. ദിവസേന രണ്ടായിരത്തിലേറെയാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി എറന്‍ഡോ ആപ്പിലെത്തുന്നത്. ലോക്ഡൗണ്‍ കാലത്ത് ഇത് മൂവായിരത്തിനു  മുകളിലെത്തിയിരുന്നു. തിരക്കേറിയ ദൈനംദിന ജീവിതത്തില്‍ സമയം കളയുന്ന പല ജോലികളും വിശ്വസ്തതയോടെ ചെയ്തു കൊടുക്കുന്നു എന്നതാണ് എറൻഡോയുടെ സ്വീകാര്യതയ്ക്ക് കാരണം. എല്ലാം ഒരു കുടക്കീഴില്‍ വേണമെന്ന ജനങ്ങളുടെ താല്‍പര്യത്തെ ഡിജിറ്റല്‍ യുഗത്തിനോട് ചേര്‍ന്ന് ഒറ്റ ആപ്പിലാക്കി എന്നതാണ് കമ്പനിയുടെ വിജയം. 

ബേബി മെമോറിയൽ ഹോസ്പിറ്റൽ ഡയറക്ടറും എഞ്ചൽ ഇൻവെസ്റ്ററുമായ വിനീത് എബ്രഹാം, അമാന ടൊയോട്ട ഡയറക്ടർ അബ്‌ദുൾ ജബ്ബാർ എന്നീ മുൻനിര വ്യവസായികൾ കമ്പനിയിൽ നിക്ഷേപിച്ചിട്ടുണ്ട്. ബി ടു ബി രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എറൻഡോ കേരളത്തിൽ അബാദ് ഗ്രൂപ്പ്, ഡെയ്ലി ഫിഷ് ഉൾപ്പെടെയുള്ള നിരവധി മുൻനിര ബ്രാൻഡുകളുടെ ഡെലിവറി പങ്കാളി കൂടിയാണ്.

English Summary: Errando the App for Help All

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS