വേറിട്ടൊരു ബിസിനസ്, സ്ഥിര വരുമാനം: ഇത് ഓൺലൈനിലെ വനിതാ വിജയം

HIGHLIGHTS
  • കോവിഡ് വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയിൽ 3 വനിതകളുടെ വിജയം
b4u-nov
SHARE

എംഎസ്‌സി, ബിഎഡ് യോഗ്യതയുള്ള ലീന റോയി, ബികോംകാരി പ്രശോഭ മധു, ബിഎസ്‌സി കംപ്യൂട്ടർ പാസായ രേഷ്മ അരുൺ. വ്യത്യസ്ത തൊഴിൽമേഖലകളിൽ നിന്നുള്ളവരാണ് ഇവർ മൂവരും. കോവിഡ് വ്യാപകമായതോടെ തൊഴിൽ നഷ്ടമായി. മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്ഥ. വരുമാനവും തീരെ കുറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ ഏറെ കൂടിയാലോചനകളോടെ ‘M/s Le-vin Business Solutions Pvt Ltd’ എന്ന പേരിൽ ഒരു കമ്പനി റജിസ്റ്റർ ചെയ്തു സംരംഭകരംഗത്തേക്കു ഭയാശങ്കകളേതുമില്ലാതെ കാലെടുത്തുവയ്ക്കുകയായിരുന്നു ഇവർ. 

തനി നാടൻ ഉൽപന്നങ്ങൾ

തനി നാടൻ എന്നതാണു സംരംഭത്തിന്റെ മുദ്രാവാക്യം. ൈകത്തറി തുണിത്തരങ്ങൾ, കരകൗശല ഉൽപന്നങ്ങൾ (എല്ലാം പ്രാദേശികമായി ഉൽപാദിപ്പിക്കുന്നവ), തടി, ടെറാക്കോട്ട, ബാംബൂ, ചിരട്ട, ഗാർമെന്റ്സ് എന്നിങ്ങനെ ഭവനങ്ങൾ അലങ്കരിക്കുന്നതിനും മോടി പിടിപ്പിക്കുന്നതിനും മാത്രമല്ല, വാൾ ഹാങ്ങർ പോലെ ഉപയോഗപ്പെടുന്നവയും വിൽപനയ്ക്കുണ്ട്. വിവിധ അവസരങ്ങൾക്കുള്ള പൂക്കളും വിൽക്കുന്നു. 

ഓണത്തോടനുബന്ധിച്ചു നടത്തിയ പൂവിൽപന മികച്ച നേട്ടം  ഉണ്ടാക്കിത്തന്നുവെന്നും ഉപഭോക്താക്കളിൽ ‘നൊസ്റ്റാൾജിക് ഫീലിങ്’ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞുവെന്നും കമ്പനിയുടെ എംഡി പ്രശോഭ പറയുന്നു.

ബാലരാമപുരത്ത് പ്രവർത്തിക്കുന്ന ൈകത്തറി സഹകരണ സംഘങ്ങളിൽനിന്നുമാണു ൈകത്തറി തുണിത്തരങ്ങൾ വാങ്ങുന്നത്. കരകൗശല ഉൽപന്നങ്ങൾ കലാകാരന്മാരിൽനിന്നും നേരിട്ടാണു വാങ്ങുക. സോഷ്യൽ മീഡിയ വഴിയാണ് ഇവരെ കണ്ടെത്തിയത്. പൂക്കൾ മാത്രം തമിഴ്നാട്ടിൽനിന്നു നേരിട്ടു വരുത്തുന്നു.

b4u-nov1

വെബ്‌ൈസറ്റ് വഴി ഓർഡർ 

www.naadan.store എന്നതാണ് ഇവരുടെ വെബ്സൈറ്റിന്റെ വിലാസം. അതുവഴി ഓർഡർ ലഭിക്കുന്ന മുറയ്ക്കാണ് വിൽപന. വിപണി കണ്ടെത്തുന്നതിൽ സോഷ്യൽ മീഡിയയും നന്നായി ഉപയോഗപ്പെടുത്തുന്നു. 

പണം മുൻകൂറായി വാങ്ങിയശേഷമാണ് ഉൽപന്നങ്ങൾ അയച്ചുകൊടുക്കുക. കുറിയർ വഴി കൃത്യമായ ഡെലിവറിക്കും പാക്ക് ചെയ്യുന്നതിനും മികച്ച ഉൽപന്നങ്ങൾ മാത്രം ശേഖരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വാങ്ങിയവർ വീണ്ടും വീണ്ടും ഓർഡർ തരുന്നു. വിദേശ മലയാളികളാണ് കൂടുതലും ഉപഭോക്താക്കൾ.

പ്രവർത്തനരീതി

കരകൗശല/കൈത്തറി/പൂക്കളെല്ലാം നേരിട്ടു സംഭരിക്കുന്നു. പ്രത്യേക മൂല്യവർധന ഒന്നും വരുത്താതെതന്നെ ആകർഷകമായി പാക്ക് ചെയ്തു വിൽക്കുന്നു. സോഷ്യൽ മീഡിയയും വെബ്സൈറ്റും വഴി ഓർഡർ ശേഖരിക്കുന്നു. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 5 പേർക്ക് ജോലിക്കനുസരിച്ചാണ് പ്രതിഫലം. റെഡി കാഷ് വാങ്ങിയാണ് കച്ചവടം. അല്ലാത്ത ബിസിനസുകൾ േവണ്ടെന്നു വയ്ക്കും. നേരിട്ടുള്ളതിലും 10 മുതൽ 30% വരെ വില കൂട്ടിയാണ് ഓൺലൈൻ വിൽപനകൾ.

കമ്പനി റജിസ്റ്റർ ചെയ്തിട്ട് രണ്ടു വർഷം തികഞ്ഞിട്ടില്ലെങ്കിലും ഏകദേശം 5 ലക്ഷം രൂപ വരെ പ്രതിമാസം സമാഹരിക്കാൻ കഴിയുന്നു. ഇപ്പോഴത്തെ പരിസ്ഥിതിയിൽ കൂടുതൽ ഓർഡറുകൾ ലഭിച്ചാലും നിർവഹിക്കുവാൻ കഴിയുമെന്ന ആത്മവിശ്വാസവും ഇവർ പങ്കുവയ്ക്കുന്നു. ‘നാടൻ’ എന്ന പേരിൽ ട്രേഡ്മാർക്ക് റജിസ്ട്രേഷനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.

ഏകദേശം 5 ലക്ഷം രൂപയുടെ മൂലധന നിക്ഷേപമാണ് ഇതുവരെ നടത്തിയിരിക്കുന്നത്. വാടകമുറിയിലാണ് പ്രവർത്തനം. അതിന്റെ ഫർണിഷിങ്, ഫർണിച്ചറുകൾ, ഇന്റീരിയറുകൾ, ക്യാമറ, ലാപ്ടോപ്, പാക്കിങ്, ഫോർവേഡിങ് ഉപകരണങ്ങൾ എന്നിവയെല്ലാമായാണ് മേൽപറഞ്ഞ ചെലവു വന്നത്. 

അനുകൂല ഘടകങ്ങൾ

∙ മികച്ച നാടൻ ഇനങ്ങൾ മാത്രം.

∙ ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.

∙ കിടമത്സരം ഉണ്ടെങ്കിലും ഗുണമേന്മയിൽ പിടിച്ചുനിൽക്കാൻ കഴിയുന്നു.

∙ മികച്ച ഉൽപന്നം, മികച്ച വിലയ്ക്കു നൽകുക എന്നതാണു രീതി.

പുതിയ ബിസിനസ് ആയതിനാൽ പണം മുൻകൂർ ലഭിക്കാനുള്ള പ്രയാസവും വിപണിയിൽ നിലവാരമില്ലാത്ത ഉൽപന്നങ്ങൾ കുറഞ്ഞ വിലയ്ക്കു വിൽക്കുന്ന സ്ഥിതിയുമാണ് വെല്ലുവിളികൾ.

ഭാവി പ്രവർത്തനങ്ങൾ

ഹാൻടെക്സ് മാതൃകയിൽ വലിയ സ്റ്റോക് എടുത്തു വിൽപന നടത്തണം. 40 ലക്ഷം പ്രവാസി മലയാളികളിലേക്ക് എത്തണം. ഗുരുവന്ദനം, വിവാഹം, വിവാഹ വാർഷികം, പിറന്നാൾ, ഷഷ്ടിപൂർത്തി എന്നിവയ്ക്കു പ്രത്യേക പാക്കേജുകൾ. ഹോംമെയ്ഡ് ചോക്‌ലേറ്റ് ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ കൂടി കൊണ്ടുവരണം. പുതുസംരംഭകർക്കു പരിശീലനം, വിപണന സഹായങ്ങൾ എന്നിവ നൽകണം.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഈ വനിതാസംരംഭകർ. ‘‘കുറഞ്ഞ നാളുകൾക്കുള്ളിൽ ഇത്രയും നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞു. ഇനിയും ഏറെ മുന്നേറാനാകും എന്നാണു പ്രതീക്ഷ’’ –ഡയറക്ടർ ലീന റോയി പറയുന്നു. 

Idea

എന്തുകൊണ്ട് ഈ ബിസിനസ്?

കാരണങ്ങൾ പലതാണ്.

∙ കോവിഡിന്റെ പശ്ചാത്തലത്തിൽ േവറിട്ട ജോലിയും സ്ഥിര‌വരുമാനവും.

∙ സ്ത്രീകൾക്ക് മുന്നോട്ടു കൊണ്ടുപോകാവുന്ന സംരംഭം. 

∙ പാവപ്പെട്ട നെയ്ത്തുകാർക്കും കരകൗശലത്തൊഴിലാളികൾക്കും ആശ്രയം ആകാൻ കഴിയുന്നു.

∙ വലിയ നിക്ഷേപം ഇല്ലാതെ തുടങ്ങാവുന്നത്.

∙ ഓൺലൈൻ മാർക്കറ്റിങ് സംവിധാനം ഉപയോഗപ്പെടുത്താവുന്ന ബിസിനസ്

English Summary: A Different Business in Started in Lockdown Period

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS