ADVERTISEMENT

.സമ്പൂർണമായ പെറ്റ്ഷോപ്പാണ് വി.എൻ. വിശ്വംഭരൻ നടത്തുന്നത്. അങ്കമാലി തുറവൂരിൽ വിഎൻവി പെറ്റ്സ് എന്ന ഇദ്ദേഹത്തിന്റെ ഷോപ്പിൽ എല്ലാത്തരം (മിക്കവാറും) പക്ഷികളും വീട്ടു‌മൃഗങ്ങളും മത്സ്യ ഇനങ്ങളും കൈകാര്യം ചെയ്യുന്നു. പ്രാവുകൾ, ലൗബേർഡ്സ്, ഗിനിപക്ഷികൾ, കളഹം, ഗിനി പിഗ്, പൈക് റാട്ട്, വിലകൂടിയ ഇനം കോക്ടൈൽ തത്തകൾ, താറാവുകൾ, അലങ്കാര കോഴികൾ, കരിങ്കോഴികൾ, B3-80 കോഴികൾ, ഗ്രാമപ്രിയ കോഴികൾ തുടങ്ങിയ പക്ഷി ഇനങ്ങളും മുയൽ, പട്ടി, പൂച്ച, എലി തുടങ്ങിയവയും ഗപ്പികൾ, അലങ്കാരമത്സ്യങ്ങൾ, വളർത്ത് മത്സ്യക്കുഞ്ഞുങ്ങൾ എന്നീ മത്സ്യവിഭാഗങ്ങളും ഇവിടെയുണ്ട്. 

ഇതോടൊപ്പം പക്ഷികൾക്കും മൃഗങ്ങൾക്കും ഉള്ള തീറ്റകൾ, മരുന്നുകൾ, കൂടുകൾ, ഉപകരണങ്ങൾ, ട്രേകൾ, െചയിനുകൾ തുടങ്ങി 200 ൽപരം ഉൽപന്നങ്ങളും ഉണ്ട്.

ഒരു ഭാഗ്യപരീക്ഷണം

ഏറെക്കാലം വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തി പൊതുസേവനവും ലൈബ്രറി പ്രവർത്തനങ്ങളുമായി നടക്കുമ്പോഴാണ് സ്വന്തമായൊരു സംരംഭത്തെക്കുറിച്ചു ചിന്തിക്കുന്നത്. പലതും ആലോചിച്ചു, കൂട്ടത്തിൽ ഭാര്യയ്ക്കും കുട്ടികൾക്കും ഏറെ താൽപര്യമുള്ള മേഖലയായ പെറ്റുകളുടേതും. 

‘‘കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാം എന്നതിനാലാണ് ഇത്തരത്തിലൊരു ഭാഗ്യപരീക്ഷണത്തിന് തുനിഞ്ഞത്. പക്ഷേ, ശ്രമം വിജയം കണ്ടു.’’ വിശ്വംഭരൻ തന്റെ സംരംഭത്തിന്റെ തുടക്കത്തെക്കുറിച്ചു പറയുന്നു. വീടിനടുത്ത് ഷോപ്പ് തുടങ്ങാനുള്ള സൗകര്യം ലഭിച്ചു. മികച്ച ലാഭവിഹിതം ലഭിക്കുമെന്നു പഠനത്തിൽ വ്യക്തമായി. പിന്നെ കൂടുതൽ ചിന്തിച്ചില്ല. വൈകാതെ തന്നെ ഒരു പെറ്റ് ഷോപ് തുടങ്ങുകയായിരുന്നു.

വാങ്ങലുകൾ സ്വകാര്യ ഏജൻസികളിൽ നിന്നും

പക്ഷികൾ, മൃഗങ്ങൾ, മീനുകൾ തുടങ്ങി മിക്കവാറും എല്ലാ ഇനങ്ങളും സ്വകാര്യ ഏജൻസികളിൽനിന്നുമാണ് വാങ്ങുന്നത്. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽനിന്ന് ഏതാനും പക്ഷിയിനങ്ങൾ ലഭിക്കുന്നുണ്ട്. വിലകൂടിയ കോക്ടൈൽസും കിളികളും പത്തനംതിട്ടയിലെ സ്വകാര്യ ഏജൻസിയിൽനിന്നാണ് വാങ്ങുക. കൂടുകൾ, മൺകുടങ്ങൾ, തീറ്റകൾ, മെഡിസിനുകൾ എന്നിവയെല്ലാം തൃശൂരിലെ സ്വകാര്യകച്ചവടക്കാരിൽനിന്നു സംഭരിക്കുന്നു. 

എലി, പൂച്ച, പട്ടി, മുയൽ എന്നിവയെ നേരിട്ടു ഷോപ്പിൽ എത്തിച്ചുതരുന്ന ഏജൻസികൾ ഉണ്ട്. അവരിൽനിന്നും വാങ്ങും. രൊക്കം പണം നൽകി മാത്രമാണ് ഇടപാടുകൾ. നേരിട്ടുപോയി ഇനവും ഗുണവും നോക്കിയാണ് മിക്കവാറും ജീവികളെ വാങ്ങുന്നത്. ഇവ ലഭിക്കുന്നതിൽ നിലവിൽ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെടുന്നില്ല. ഇത്തരം ബിസിനസുകൾ ഇപ്പോൾ നാട്ടിൽ ട്രെൻഡായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അനുബന്ധമായ വസ്തുക്കൾ ഉൽപാദിപ്പിക്കാനും വിതരണം നടത്താനും ധാരാളം ഏജൻസികളും ഉണ്ട്. 

ഒരു ലക്ഷം രൂപ നിക്ഷേപത്തിൽ തുടക്കം

Chicken1

ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിലാണ് ഷോപ്പ് തുടങ്ങുന്നത്. ഏതാനും പക്ഷിയിനങ്ങളും മുയലും മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. പിന്നീട് ഉപഭോക്താക്കൾ വ്യത്യസ്ത ഇനങ്ങളെ ആവശ്യപ്പെടാൻ തുടങ്ങി. അവയെല്ലാം സംഘടിപ്പിച്ചു നൽകി. അതോടെ കൂടുതൽ ആളുകൾ ഷോപ്പ് തേടിയെത്തുകയും ബിസിനസ് വിപുലപ്പെടുകയും ചെയ്തു. ഇപ്പോൾ ഏകദേശം 5 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ട്. ആവശ്യപ്പെട്ടു വരുന്ന മിക്കവാറും എല്ലാ ഇനങ്ങളും നൽകാനും കഴിയുന്നുണ്ട്. 300 ചതുരശ്രയടി കെട്ടിടമാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. തൊട്ടടുത്തുള്ള ഒരു വീട്ടമ്മ സഹായിയായി ജോലിക്കുണ്ട്. കൂടാതെ വിശ്വംഭരന്റെ ഭാര്യ രാധയും രണ്ടു മക്കളും സഹായിക്കാനെത്തുന്നു.

െചറുപ്പക്കാർ പ്രധാന ഉപഭോക്താക്കൾ

യുവതീയുവാക്കളും കുട്ടികളുമാണ് ഷോപ്പിലെ പ്രധാന ആവശ്യക്കാർ. കുട്ടികളുടെ മാതാപിതാക്കളും ഇത്തരം വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. എത്ര പണം വേണമെങ്കിലും ചെലവ് ചെയ്യാൻ മടിയില്ലാത്തവരുമുണ്ട്. വളർത്തുമത്സ്യങ്ങൾ, താറാവ്, കോഴി മുതലായവ വാങ്ങുന്നത് മിക്കവാറും വീട്ടമ്മമാർ ആണ്. മികച്ചതും മത്സരം കുറവുള്ളതുമായ വിപണി ഈ രംഗത്ത് ഉണ്ടെന്നു പറയാം.

ഹോബിയെന്ന നിലയിലും കൗതുകമായും ഓമനപ്പക്ഷികളെയും ജീവികളെയും വളർത്തുന്നവരുടെ എണ്ണം വർധിക്കുന്നതും മികച്ച വിപണിസാധ്യതയെയാണ് സൂചിപ്പിക്കുന്നത്.വാങ്ങലിലെന്നപോലെ വിൽപനയിലും രൊക്കം പണം വാങ്ങിയാണ് ഇടപാടുകൾ. നേരിട്ടുള്ള വിൽപനകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഓൺലൈൻ വഴി അയച്ചുകൊടുക്കുന്ന രീതി ഇപ്പോഴില്ല. എങ്കിലും ശരാശരി 3 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം ലഭിക്കുന്നുണ്ടെന്നു വിശ്വംഭരൻ പറയുന്നു. അതിൽ 15 മുതൽ 50% വരെ അറ്റാദായം ലഭിക്കാം.

ഇൻക്യുബേറ്റർ, പുതിയ പദ്ധതി

‌മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു വിതരണം നടത്തുകയാണ് അടുത്ത ലക്ഷ്യം. ഇതിനായി ഇൻക്യുബേറ്റർ സ്ഥാപിക്കണം. രണ്ടുലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. വൈകാതെ ഇതിന്റെ ജോലികൾ പൂർത്തിയാക്കി ഉൽപാദനം തുടങ്ങുമെന്നു വിശ്വംഭരൻ പറയുന്നു. ഉപയോക്താക്കളായ ഒട്ടേറെ വീട്ടമ്മമാർ ഇത്തരമൊരു ആവശ്യവുമായി സമീപിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നിലവിലുള്ള പെറ്റ് ഷോപ്പിനു അനുബന്ധമായി ഇത് ആരംഭിക്കുന്നത്.

പുതു സംരംഭകർക്ക് 

മികച്ചതും വ്യത്യസ്തവുമായ സാധ്യതകൾ ഒട്ടേറെയുള്ള മേഖലയാണ് പെറ്റുകളുടേത്. ധാരാളം അവസരങ്ങൾ ഉണ്ട്. ഷോപ്പ് തുടങ്ങുന്നില്ലെങ്കിൽ ഷോപ്പുകളിലേക്ക് വിതരണം ചെയ്യുന്നതിന് കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു വിൽക്കാം. തീറ്റ, മരുന്നുകൾ എന്നിവയ്ക്കു മാത്രമായി ഷോറൂമുകൾ തുടങ്ങാം. കൂടുകൾ, തീറ്റ നൽകുന്ന ഉപകരണങ്ങൾ എന്നിവ നിർമിച്ച് വിതരണം ചെയ്യാം. ഇതിനൊപ്പം ഗപ്പികൾ, അലങ്കാരമത്സ്യങ്ങൾ എന്നിവ പ്രത്യേകം ബിസിനസായി ചെയ്യാവുന്നതാണ്. പെറ്റുകളെ വിൽക്കുന്ന ഷോപ്പ് തുടങ്ങാനാണെങ്കിൽ കേവലം ഒന്നരലക്ഷം രൂപയുടെ മുതൽമുടക്ക് മതിയാകും. രണ്ടു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം നടന്നാൽ പോലും 40,000 രൂപ കുറഞ്ഞത് അറ്റാദായം പ്രതീക്ഷിക്കാം.

English Summary : Attractive Income Through Pet Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com