ADVERTISEMENT

ബ്രോ ഡാഡിമാരെയും സിസ് മമ്മിമാരെയും ആണ് ഈ കാലഘട്ടത്തിന് വേണ്ടത്. കാറ്റത്ത് ആടാത്ത വെരി വെരി സ്‌ട്രോങ് ഹ്യൂമന്‍ റിലേഷന്‍സിന്റെ കഥ പറയുന്ന ബ്രോ ഡാഡി സിനിമ മുന്നോട്ട് വെയ്ക്കുന്നത് നവ ബ്രാന്‍ഡിങ്, കമ്മ്യൂണിക്കേഷന്‍, അഡ്വര്‍ടൈസിങ്, എന്റര്‍പ്രണര്‍ഷിപ്പ് രംഗത്തുള്ളവര്‍ ശ്രദ്ധിക്കേണ്ട കാതലായ ചില കാര്യങ്ങള്‍ കൂടിയാണ്. പ്രത്യേകിച്ചും സംരംഭക, ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നവരും സ്റ്റാര്‍ട്ടപ്പുകാരും ഇപ്പോള്‍ ഈ രംഗത്ത് സജീവമായുള്ള പഴയതലമുറയും തള്ളുകയും കൊള്ളുകയും ചെയ്യേണ്ട നിരവധി കാര്യങ്ങള്‍ ഈ സിനിമയില്‍ അന്തര്‍ലീനമായിരിക്കുന്നു. കമ്പനികളുടെയും ബിസിനസിന്റെയും പരസ്യനിര്‍മാണത്തിന്റെയുമൊക്കെ കഥകള്‍ പറയുന്ന നിരവധി സിനിമകള്‍ ഉണ്ട്. എന്നാല്‍ ഒരു മാര്‍ക്കറ്റിങ് കാമ്പയിന്റെ പ്രസന്റേഷന്‍ ഒരു സിനിമയുടെ ക്ലൈമാക്‌സ് ആകുന്നതും  ശിഥിലമായേക്കാവുന്ന മനുഷ്യ ബന്ധങ്ങളെ തകര്‍ച്ചയില്‍ നിന്ന് ഒരു ബ്രാന്‍ഡിങ് പ്രസന്റേഷനിലൂടെ രക്ഷിക്കുന്നതും പ്രമേയമാകുന്ന ഒരു സിനിമ അപൂര്‍വ്വമാണ്. 

ഗര്‍ഭങ്ങളുടെ കഥ, ബ്രാന്‍ഡിങിന്റെയും

അപ്പനും മകനും അപ്പനും മകളും തമ്മിലുള്ള ബന്ധവും അപ്പനും മകനും ഒരേസമയം അച്ഛനാകാന്‍ പോകുന്നതിനെക്കുറിച്ചും രസകരമായി പറയുന്നതാണ് ഈ സിനിമയുടെ പ്രമേയമെങ്കിലും മൂന്ന് ബിസിനസ് സ്ഥാപനങ്ങളുടെ വികസന, വൈവിധ്യവല്‍ക്കരണ പരിശ്രമങ്ങള്‍കൂടി സമാന്തരമായി ഇതള്‍വിരിയുന്നത് കാണാം. കാറ്റാടി റ്റി.എം.റ്റി സ്റ്റീല്‍ ബാര്‍സ്, മാളിയേക്കല്‍ കുര്യന്റെ പരസ്യ കമ്പനി, സാമുവല്‍ ഡോക്ടറുടെ ഹോസ്പിറ്റല്‍ എന്നിവയാണ് ആ സ്ഥാപനങ്ങള്‍. പ്രവര്‍ത്തിക്കുന്ന മേഖലയെക്കുറിച്ചോ, സ്വന്തം കസ്റ്റമേഴ്‌സിനെക്കുറിച്ചോ ഡോക്ടര്‍ക്കൊഴികെ മറ്റ് രണ്ടുപേര്‍ക്കും കാര്യമായ മതിപ്പൊന്നും ഉള്ളതായി സിനിമയില്‍ കാണുന്നില്ല. കാറ്റാടി റ്റി.എം.റ്റി സ്റ്റീല്‍ ബാര്‍സ് ഉടമ ജോണ്‍ കാറ്റാടിയോ (മോഹന്‍ലാല്‍), മകന്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ക്രിയേറ്റീവ് ഡയറക്ടര്‍മാരില്‍ ഒരാളായ ഈശോ കാറ്റാടിയോ(പ്രിഥ്വി രാജ്) സ്വന്തം സ്ഥാപനത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളൊന്നുമില്ല. അതിനെ അടുത്ത ലെവലിലേക്ക് വളര്‍ത്തുന്ന കാര്യത്തില്‍ വലിയ ശ്രദ്ധയുമില്ല. എന്നാല്‍ പരസ്യകമ്പനി നടത്തുന്ന കുര്യന്‍ മാളിയേക്കലും( ലാലു അലക്‌സ്) ഹോസ്പിറ്റല്‍ നടത്തുന്ന ഡോ സാമുവലും(ജഗദീഷ്) അങ്ങനെയല്ല. എന്നാല്‍ കുര്യന്റെ മകള്‍ അന്നയ്ക്ക്് (കല്ല്യാണി പ്രിയദര്‍ശന്‍) അപ്പന്റെ സ്ഥാപനത്തെക്കുറിച്ചോ പരസ്യക്കാരെക്കുറിച്ചോ യാതൊരു മതിപ്പുമില്ല. പക്ഷേ ഡോ. സാമുവലിന്റൈ മരുമകന്‍ സിറിയകിന്( ഉണ്ണിമുകന്ദന്‍) ഭാര്യാപിതാവിന്റെ ആശുപത്രിയെ വളര്‍ത്തി വലുതാക്കുന്നതിനെക്കുറിച്ച വളരെ വ്യക്തമായ പ്ലാനുണ്ട്. 

ഈ സിനിമ മുന്നോട്ടുവെയ്്ക്കുന്ന 10 പ്രധാന സംഗതികളും സിനിമയുടെ കഥയ്ക്ക് ഒപ്പം പ്രധാനമാണ്.  സിനിമയിലെ ഒഴുക്കിനെ സഹായിക്കുന്ന കഥാഗതിയെ രസകരമായി മുന്നോട്ടുകൊണ്ടുപോകുന്നതാണ് ഇക്കാര്യങ്ങളും. എന്നാല്‍ സംരംഭക ലോകത്ത് വിജയം ആഗ്രഹിക്കുന്നവരും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരും ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും. 

1. എന്തെങ്കിലും ഒരു പേര് പോര

കഥാനായകന്റെ ബിസിനസിന്റെ ബ്രാന്‍ഡ് നെയിം കാറ്റത്ത് ആടിയുലയുന്ന കാറ്റാടി. ഉല്‍പ്പന്നം ഏത് കൊടുങ്കാറ്റിലും ഉലയാതെ നില്‍ക്കേണ്ട റ്റി.എം.റ്റി സ്റ്റീല്‍ കമ്പി. ബ്രാന്‍ഡ് നെയിമും ഉല്‍പ്പന്നവും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന മാത്രമല്ല അലുവയും അയലക്കറിയും പോലെ പരസ്പര വിരുദ്ധവുമാണ്. മിഥുനം സിനിയമയില്‍ ഉല്‍പ്പാദിപ്പിച്ച് മിന്നല്‍ മുരളിയില്‍ വിപണിയിലിറക്കിയ ദാക്ഷായണി ബിസ്‌കറ്റ് പോലെ. ഈ സിനിമയില്‍ സാരിക്ക്് ബ്രാന്‍ഡ് നെയിം നല്‍കി വിപണിയിലിറക്കുന്നുണ്ട്.  പേര് പീടികപ്പറമ്പില്‍ മനോഹര വസ്ത്രങ്ങള്‍ കുളത്തൂപ്പുഴ. നിങ്ങളുടെ വീട്ടുപേരിനോടോ, അപ്പന്റെ പേരിനോടൊ ഒക്കെ നിങ്ങള്‍ക്ക് മമതയും കടപ്പാടുമൊക്കെ ഉണ്ടാകാം. ആ പേരുകള്‍ നിങ്ങളുടെ സ്ഥാപനത്തിനോ കമ്പനിക്കോ നല്‍കുന്നതിലും തെറ്റില്ല. അത് പക്ഷേ ബ്രാന്‍ഡ് നെയിം ആക്കാന്‍ ശ്രമിക്കുന്നതോടെ നിങ്ങളുടെ വെല്ലവിളികള്‍ ആരംഭിക്കുന്നു. ഇത്തരത്തില്‍ പേരുകള്‍ ബ്രാന്‍ഡ് ആക്കിയാല്‍ കാറ്റാടി സ്റ്റീലാ, പക്ഷേ കാറ്റത്ത് ആടില്ല. വെരിവെരി സ്‌ട്രോങ്ങാ എന്ന കൂടെക്കൂടെ ഓര്‍മപ്പെടുത്തേണ്ടിവരും. ഉല്‍പ്പന്നത്തിന്റെ മൂല്യത്തെ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാകണം ബ്രാന്‍ഡ് നെയിം. ഉല്‍പ്പന്നത്തിന്റെ ശക്തി വെളിപ്പെടുത്തുന്നതുമാകണം. സെന്റ് ജോര്‍ജ് കുടകള്‍ പിളര്‍ന്ന് രണ്ട് ബ്രാന്‍ഡ് ആയപ്പോള്‍ പിറന്നത് പോപ്പിയെന്നും ജോണ്‍സെന്നും പേരുള്ള രണ്ട് കിടിലന്‍ ബ്രാന്‍ഡുകള്‍. കുടവിപണി നാലിരട്ടിയായിട്ടാണ് വളര്‍ന്ന് വികസിച്ചത്. വെള്ള വസ്ത്രങ്ങള്‍ക്ക് വെണ്‍മയേകുന്ന ദ്രാവകത്തിന്റെ പേര് ഉജാല. പേര് കേള്‍ക്കുമ്പോഴേ മനസില്‍ എന്തൊക്കെയോ ലഡുപൊട്ടുന്നില്ലേ. അതുപോലെയാകണം ബ്രാന്‍ഡ് നെയിം.  

2. വിവാഹബന്ധത്തിലൂടെ ബിസിനസ് കൂട്ടുകെട്ടിന് ശ്രമിക്കരുത് 

കുര്യനോട് മോള്‍ അന്ന പറയുന്നു: അപ്പാ അപ്പന് നല്ല ജോലിക്കാരെ വേണമെങ്കില്‍ നല്ല കാശുകൊടുത്ത് പണിക്ക് ആളെ വെയ്ക്കണം. അല്ലാതെ എന്നെ ഏതെങ്കിലും കോന്തന്റെ തലയില്‍ കെട്ടിവെച്ച് ഓസിന് പണിയെടുപ്പിക്കാമെന്ന് വിചാരിക്കരുത്. കുര്യന്‍ തന്റെ പരസ്യകമ്പനിയെ അടുത്ത ലെവലിലേക്ക് വളര്‍ത്താന്‍ ആഗ്രഹിക്കുന്നു. മകള്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍. പരസ്യത്തോട് ഒരു താല്‍പര്യവുമില്ല. അന്ന വിവാഹ പ്രായമെത്തിയതോടെ കുര്യന്‍ കൊണ്ടുവരുന്ന ആലോചനകളെല്ലാം അഡ്വവര്‍ടൈസിങ് രംഗത്തെ പയ്യന്‍മാരുടെത്. കാരണം വ്യക്തം. ആണ്‍മക്കള്‍ ഇല്ലാത്തത് കൊണ്ട് മരുമകനിലൂടെ അനന്തരഅവകാശിയെ കിട്ടും. അത് സമാന ബിസിനസിലുള്ള ഒരാളായാല്‍ കാര്യം എളുപ്പമാണല്ലോ. പക്ഷേ ഇതില്‍ വലിയ ഒരു റിസ്‌ക് ഉണ്ട്. ഇന്നത്തെ കാലത്ത് വിവാഹ ബന്ധം തന്നെ ഒത്തുപോകാൻ വളരെ ബുദ്ധിമുട്ടാണ്. ഡിവോഴ്‌സ് പെരുകുന്ന കാലമാണല്ലോ. അമ്മായി അപ്പന്റെ പ്രതീക്ഷപോലെ ബിസിനസ് മരുമകന്‍ കൊണ്ടുപോയില്ലെങ്കില്‍ അത് ബന്ധങ്ങളെ ശിഥിലമാക്കും. മകളുടെ വിവാഹ ബന്ധത്തിലും അതില്‍ വിള്ളല്‍ വീഴ്ത്തും. അതുപോലെതന്നെ വിവാഹ ബന്ധത്തില്‍ പ്രശ്‌നം സംഭവിച്ചാല്‍ അത് ബിസിനസിലേക്കും പടരും. ഒരു തെറ്റ് പറ്റിയാല്‍ ഒരേ പോലെ ബിസിനസും കുടുംബവും തകരുന്ന സ്ഥിതി വരും. ഉദാഹരണം വേണമെങ്കില്‍ ചുറ്റുപാടുകള്‍ ഒന്നുനോക്കിയാല്‍ മതി.എത്രവേണമെങ്കിലും ലഭിക്കും. വിവാഹ ബന്ധത്തിലൂടെ പുതിയ ബിസിനസ് കൂട്ടുകെട്ടിന് ശ്രമിക്കുന്നത് പഴഞ്ചന്‍ ഏര്‍പ്പാടാണ്. ഇപ്പോള്‍ അത് വര്‍ക്ക് ആകുന്നില്ല എന്ന സത്യം മനസിലാക്കുക.

3. പരസ്യം പുലിയായിരുന്നല്ലേ..

പരസ്യത്തിന്റെ യഥാര്‍ത്ഥ ധര്‍മ്മം എന്താണ്. ജോണ്‍ കാറ്റാടി പറയുന്നത് ഇതാണ്. 'പരസ്യമെന്ന് പറയുന്നത് നമ്മളിവിടെ ജീവിച്ചിരിപ്പുണ്ടെന്നും നമുക്കിങ്ങനെ ചില പരിപാടികള്‍ ഉണ്ടെന്നും വേറെ ചില ആള്‍ക്കാരെ ഓര്‍മിപ്പിക്കാന്‍ കൂടെയാണ്. അല്ലാതെ പരസ്യം കണ്ട് ആരും ഓടിവന്ന് നമ്മുടെ കമ്പി മേടിക്കാനൊന്നും പോകുന്നില്ല.' ഒരു പരിധിവരെ ഇത് ശരിയും തെറ്റുമാണ്. നിങ്ങളുടെ ഉല്‍പ്പന്നം  അല്ലെങ്കില്‍ ബ്രാന്‍ഡ് യഥാര്‍ത്ഥത്തില്‍ എന്താണ് എന്നും  അത് വാങ്ങിയാല്‍ എന്ത് പ്രയോജനമാണ്  അല്ലെങ്കില്‍ വാല്യു ആണ് നിങ്ങള്‍ക്ക് ലഭിക്കുക എന്ന്് പറയാതെ പറയുന്നതാണ് പരസ്യം. ആ പരസ്യം കണ്ട് ഉല്‍പ്പന്നം വാങ്ങാം വാങ്ങാതിരിക്കാം. പക്ഷേ ഒരിക്കല്‍ വാങ്ങിയവര്‍ക്ക് പരസ്യത്തില്‍ പറഞ്ഞത് ശരിയാണ് എന്ന് തോന്നിയാല്‍ അയാള്‍ ആജീവനാന്ത ഉപഭോക്താവായി മാറുന്നു. പരസ്യത്തില്‍ കളവ് പറയാന്‍ പാടില്ല. പരസ്യത്തില്‍ അവകാശപ്പെടുന്നതില്‍ കൂടുതല്‍ മേന്മ ഉല്‍പ്പന്നത്തിന് ഇല്ലെങ്കിലും പറയുന്നത്ര എങ്കിലും ഉണ്ടാകണം. ബ്രാന്‍ഡ് വിജയത്തിന് പരസ്യങ്ങള്‍ അനിവാര്യമാകുന്നതിന്റെ പ്രധാന കാരണം അതാണ്. 

Bro-02

4. ബിസിനസും റിട്ടയര്‍മെന്റും

ജോണ്‍ ഡോ. സാമുവലിനോട് പറയുന്നു. 'അപ്പോ ഡോക്ടറുടെ കാര്യം സേഫായി. ആകെയുണ്ടായിരുന്ന മോളുടെ കല്ല്യാണം കഴിഞ്ഞു. മരുമകനാണെ ഡോക്ടര്‍. ഇനി രണ്ടുപേരേം ഈ ഹോസ്പിറ്റല്‍ ഏല്‍പ്പിച്ചുകൊടുത്തിട്ട് ഡെയിലി ഇതുപോലെ രണ്ട് പെഗുമായിട്ട് ഹാപ്പിയായിട്ട് കഴിയാം'. അതായത് ഒരു അനന്തര അവകാശിയെ ബിസിനസില്‍ പ്രതിഷ്ഠിച്ച് റിട്ടയര്‍ചെയ്യാം എന്ന്. അത് മകളോ മകനോ ആകാം. അല്ലെങ്കില്‍ മരുമകനോ മരുമകളോ ആകാം. പക്ഷേ ആരെ അനന്തര അവകാശി ആക്കിയാലും സ്വന്തം സംരംഭത്തില്‍ നിന്ന് എന്നെന്നേയ്ക്കുമായുള്ള ഒരു റിട്ടയര്‍മെന്റ് സാധ്യമല്ല. സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന ബിസിനസ് ജീവിതം ട്രഡ് മില്ലിലെ ഓട്ടം പോലെയാണ്. പെട്ടെന്ന് അത് നിര്‍ത്താന്‍ കഴിയില്ല. നിര്‍ത്തണം വിശ്രമിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ടാകാം. പക്ഷേ പടിപടിയായി, സാവധാനത്തില്‍ മാത്രമേ എക്‌സിറ്റ് പ്ലാന്‍ ഉണ്ടാക്കാവൂ. അല്ലെങ്കില്‍ അത് തകര്‍ച്ചയ്ക്ക് വഴിവെച്ചേക്കാം. പെട്ടെന്നൊരാള്‍ ബിസിനസിന്റെ നേതൃത്വത്തിലേക്ക് വരുമ്പോള്‍ നിലവിലുള്ള സിസ്റ്റം, ജീവനക്കാര്‍, ഇപാടുകാര്‍ തുടങ്ങിയവരുമായി പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കും. അതിനുള്ള സമയവും സാവകാശവും നല്‍കണം. 

5. മള്‍ട്ടിപ്പിള്‍ സ്‌കില്‍ ആര്‍ജിക്കണം

കുര്യന്‍ വാവാഹ ആലോചനയൊക്കെ വരുന്നതിന് മുമ്പുള്ള ഒരു ദിവസം ഈശോയോട് തന്റെ പരസ്യ കമ്പനിയില്‍ ക്രിയേറ്റീവ് ഡയറക്ടറാകാന്‍ ക്ഷണിക്കുന്നു. അപ്പോള്‍ ഈശോ പറയുന്നു. 'പൊന്നങ്കിളേ ഞങ്ങളവിടെ ടെക്‌നോളജി, ഫാഷന്‍ ബ്രാന്‍ഡ് തുടങ്ങിയവയൊക്കെ ചെയ്ത് പരിചയിച്ചവരാണ്. ഈ ചരമക്കോളം, കക്കൂസ്‌കഴുകുന്ന പരസ്യം ഇതൊക്കെ എങ്ങനാന്ന് ശീലമില്ല.' നിങ്ങള്‍ പരസ്യ രംഗത്ത് ഒരു പ്രൊഫഷണലാകാന്‍ ആഗ്രഹിക്കുന്ന ആളാണ് എങ്കില്‍ ഏതുല്‍പ്പന്നത്തെയും ഏതു ലെവലിലും വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന മിടുക്ക് വളര്‍ത്തിയെടുക്കണം. ഏതെങ്കിലും പ്രത്യേക തരത്തിലുള്ള ഫീല്‍ഡുകളിലെ വര്‍ക്കുകളില്‍ മാത്രം വിജയിക്കാന്‍ കഴിയുന്ന ഒരു പ്രൊഫഷണലായി മാറരുത്. കാരണം സമ്പദ് വ്യവസ്ഥയിലെ വ്യവസായ മേഖലകളുടെ വളര്‍ച്ചയും തളര്‍ച്ചയും ചാക്രികമാണ്. എല്ലാ മേഖലകളും എല്ലാ സമയവും വളര്‍ന്നുകൊണ്ടേയിരിക്കില്ല. നിശ്ചിത കാലയളവ് കഴിയുമ്പോള്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിയവ ഇറങ്ങും. ഇറങ്ങിയവ കയറും. ടെക്‌നോളജിയും ഫാഷനും ഒന്നും എല്ലാക്കാലവും ബൂം ചെയ്തിരിക്കണം എന്നില്ല. എന്നാല്‍ ചരമക്കോളം എക്കാലവും ഉണ്ടാകും. അതുപോലെ കക്കൂസ് കഴുകുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് എല്ലാക്കാലത്തും വിപണിയുണ്ടായിരിക്കും. മള്‍ട്ടിപ്പിള്‍ സ്‌കില്‍ വേണം. അത് പ്രയോഗിക്കാനുള്ള ആറ്റിറ്റ്യൂഡും വളര്‍ത്തിയെടുക്കണം.

6. എനിക്കൊന്നും അറിയത്തില്ല. അതിനാല്‍ എന്റെ ഇടപെടലും അത്രയുമേ ഉണ്ടാകൂ. 

ഡോ.സമൂവല്‍ മരുമകന്റെ ബിസിനസ് പ്ലാനിനെക്കുറിച്ച്് കുര്യനോട് പറയുന്നു.: 'കുര്യാ ഞാന്‍ പുറത്തിരുന്ന് കളി കാണത്തേയുള്ളൂ. എന്ന് പറഞ്ഞാ നമുക്ക് ഇതിനെക്കുറിച്ച് വലിയ പിടിയൊന്നുമില്ല. അപ്പോ എന്റെ എടപെടലും അത്രേയൊക്കെയേ ഉണ്ടാകൂ. ചുരുക്കിപറഞ്ഞാല്‍ തീരുമാനങ്ങളെടുക്കുന്നതൊക്കെ മരുമകനായിരിക്കും' മക്കളെയോ മരുമക്കളെയോ ബിസിനസിലേക്ക് കൊണ്ടുവന്നുകഴിഞ്ഞാല്‍ ഇതുപോലെ ചിന്തിക്കുന്ന സംരംഭകരുണ്ട്. അതായത് വരുന്നത് പുതിയ തലമുറ. അവര്‍ക്ക് പുതുതായി പലതും അറിയാം. നമ്മള്‍ പഴഞ്ചന്മാരായിക്കഴിഞ്ഞു. ഇനി ഒന്നിലും ഇടപെട്ട് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കേണ്ട. ഇത്തരം ചിന്തകള്‍ ഒരേസമയം നല്ലതും ചീത്തയുമാണ്. അനുഭവ സമ്പത്ത് എന്നത് പഴകും തോറും വീര്യമേറുന്നതാണ്. പഴകിയ അനുഭവ സമ്പത്തും പുതു അറിവുകളും തമ്മിലുള്ള സിനര്‍ജിക്കല്‍ പ്രയോഗമാണ് ഏത് ബിസിനസിലും വേണ്ടത്. ഒന്ന് മറ്റൊന്നിന് പകരമാകില്ല. രണ്ടും പരസ്പരം അനുപൂരകങ്ങളായി പോവുകയേയുള്ളൂ. 

7.നിങ്ങളെവിടെയോ അവിടെ കുടുംബം

കുര്യന്റെ പരസ്യകമ്പനിയില്‍ വിവാഹശേഷം ഈശോ ചേര്‍ന്നോളാമെന്ന് താന്‍ വാക്കുകൊടുത്തു എന്ന് ജോണ്‍ പറയുമ്പോള്‍ ഈശോ പൊട്ടിത്തെറിച്ചുകൊണ്ട് പറയുന്നു. ' മൂന്നാഴ്ചത്തെ ലീവെടുത്ത് വന്നതാണ് കല്യാണത്തിന്. തിരിച്ച് ബാംഗ്രൂര്‍ ചെന്നാല്‍ പ്രാഗില് ഷൂട്ടിന് പോകാനുള്ളതാണ്. അതൊരു വലിയ ഓപ്പര്‍ച്യൂണിറ്റിയാണ്. അതുകഴിഞ്ഞാല്‍ ചോദിക്കുന്ന സാലറികിട്ടും. കമ്പനിയില്‍ ഷെയര്‍ കിട്ടും. അപ്പോഴാണ് ഞാന്‍ ഈ പട്ടിക്കാട്ടില്‍ വന്ന് പണിയെടുത്തുകൊള്ളാമെന്ന വാക്കും കൊടുത്ത് വന്നിരിക്കുന്നത്.'  ഇതുകേള്‍ക്കുമ്പോള്‍ ജോണ്‍ പറയുന്ന ഡയലോഗ് പരമ്പരാഗത പുരാണമാണ്. 'എട്ട് മാസം കഴിഞ്ഞാല്‍ നീയൊരു കൊച്ചിന്റെ തന്തയാണ്. പിള്ളാരൊക്കെ ആകുമ്പോള്‍ കുടുംബത്ത് തന്നെയുണ്ടാകണം.'  ഈ പഴഞ്ചന്‍ ചിന്താഗതിമൂലം എത്രയോ മക്കളെയാണ് വീട്ടിലോ വീടിനുപരിസരത്തോ അപ്പനമ്മമാര്‍ കെട്ടിയിട്ടിരിക്കുന്നത്. കുടുംബം എവിടെയാണോ അവിടെയാണോ നിങ്ങളുണ്ടാകേണ്ടത്. അതോ നിങ്ങളെവിടെയാണോ അവിടെയാണോ നിങ്ങളുടെ കുടുംബം ഉണ്ടാകേണ്ടത്. രണ്ടാമത് പറഞ്ഞത് തന്നെയാണ് വേണ്ടത്. വളര്‍ച്ചയും ഔന്നത്യവും ആഗ്രഹിക്കുന്ന മക്കളെ ബിസിനസിന്റെയോ കുടുംബത്തിന്റെയോ പേരും പറഞ്ഞ് തളച്ചിടാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. 

Bro-03

8. ഒരു ബ്രാന്‍ഡ് ജനിക്കുമ്പോള്‍ ഒരു അപ്പനോ അമ്മയോ കൂടെയാണ് ജനിക്കുന്നത്

അന്ന ഗര്‍ഭിണിയാണെന്ന്് അപ്പന്‍ കുര്യന്‍ അറിഞ്ഞ് ആകെ ചളമായിരിക്കുമ്പോള്‍ ജോണ്‍ മകന്‍ ഈശോയോട് പറയുന്ന ഡയലോഗ് : പിള്ളാരുണ്ടാകുമ്പോള്‍ ജീവിതം ഒന്നുകൂടി തുടങ്ങുന്നപോലാണ്. അത് വരെയുണ്ടായിരുന്ന ശീലങ്ങളും പ്രയോറിറ്റീസും മാറും. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ കൂടെ ഒരു അപ്പനും അമ്മയും കൂടാണെടാ ജനിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സിലേക്ക് നയിക്കുന്ന നല്ല കിടുക്കാച്ചി ഡയലോഗ് ആണിത്. 30 കോടി രൂപയുടെ ബിസിനസ് കിട്ടാന്‍ ഈശോ അത് കോപ്പിയടിച്ചാണ് പ്രസന്റേഷന്‍ ഉണ്ടാക്കുന്നത്. ഒരു ബിസിനസ് തുടങ്ങുമ്പോള്‍ എല്ലാ സംരംഭകരും ഓര്‍ക്കേണ്ട കാര്യം. ഒരു ബ്രാന്‍ഡ്  ജനിക്കുമ്പോള്‍ കൂടെ ഒരു അപ്പനും അമ്മയും കൂടാണ് ജനിക്കുന്നത്. അതിനെ സ്വന്തം കുഞ്ഞിനെ നോക്കുന്നപോലെ വളര്‍ത്തണം. ബാലാരിഷ്ടതകള്‍ ഉണ്ടാകാം. മാരകമായ അസുഖങ്ങള്‍ പിടിപെടാം. ജനിതക വൈകല്യം വരെ സംഭവിച്ചേക്കാം. പക്ഷേ വഴിയില്‍ ഉപേക്ഷിക്കാതെ സ്വന്തം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കൂടെ കൊണ്ടുനടക്കണം. എങ്കിലേ അതിനെ വളര്‍ത്തി വലുതാക്കാന്‍ കഴിയൂ.

9. കമ്മ്യൂണിക്കേഷനാണ് കിങ്

മകള്‍ അന്ന ഗര്‍ഭിണിയാണ് എന്ന് ഏറ്റവും ഒടുവില്‍ മാത്രം അറിഞ്ഞപ്പോള്‍ തകര്‍ന്ന് പോയ കുര്യനോട് അന്ന സോറി പറയുന്നു. അപ്പോള്‍ കുര്യന്‍ ചോദിക്കുന്നു.' നീയിത് ആദ്യം എന്റെയടുത്ത് പറഞ്ഞാല്‍ അപ്പനെന്ത് ചെയ്തുകളയുമെന്നാ എന്റെ മോള് വിചാരിച്ചേ' മകള്‍ അതിന് മറുപടിയൊന്നും പറയുന്നില്ല. എന്നാല്‍ ഭാര്യ പറയുന്നുണ്ട്. ഇതിതാണ്: ' ഞാനിതെങ്ങനെ ഇച്ചായനോട് പറയുമെന്നറിയാതെ ഉരുകുകയായിരുന്നു ഇതുവരെ.'

കുര്യന്റെ ബെസ്റ്റ് ഫ്രണ്ട്  ജോണും പറയുന്നുണ്ട്.' കുര്യ എനിക്ക് ഇതെങ്ങനെയെങ്കിലും നിന്നോട് പറയണം എന്നുണ്ടായിരുന്നു. പക്ഷേ നീ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് പേടിച്ചിട്ട് പറയാതിരുന്നതാണ്.'  ഈ വിവരം കുര്യനില്‍ നിന്ന് മറച്ചുവെച്ചതുകൊണ്ട് മാത്രമാണ് ഈ സിനിമാകഥയുണ്ടായത് തന്നെ. അതുകാണ്ട് സിനിമയില്‍ ഇത്തരം സത്യങ്ങള്‍ പറയാതിരിക്കാം. വൈകിപ്പിക്കാം. പക്ഷേ ബിസിനസില്‍ കമ്യൂണിക്കേഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറഞ്ഞിരിക്കണം. അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിച്ചിരിക്കുകയും വേണം. പ്രത്യാഘാതം ഭയന്ന് സത്യമോ വസ്തുതകളോ ഒളിപ്പിക്കരുത്.

10. സ്റ്റാര്‍ട്ട്പുകാര്‍ക്ക് വേണം ബ്രോ ഡാഡിമാരെയും സിസ് മമ്മിമാരെയും

ഈ സിനിമയില്‍ മുഖ്യകഥാതന്തു ഗര്‍ഭമാണ്. രണ്ടാമത്തെ കഥാ തന്തു ബിസിനസും അതിന്റെ വൈവിധ്യവല്‍ക്കരണവുമാണ്. ഒരാള്‍ പുതുതായി ബിസിനസ്,വ്യവസായം തുടങ്ങിയ രംഗത്തേക്ക് ആദ്യമായി ഇറങ്ങുന്ന സമയത്ത് സംരംഭകന്  ഉണ്ടാകുന്ന സ്‌ട്രെസ് പിറക്കാന്‍ പോകുന്ന ബിസിനസിന്റെ മാനേജ്‌മെന്റ് വൈകല്യങ്ങള്‍ക്ക് കാരണമായേക്കാം. പിറക്കാന്‍ പോകുന്ന ഓരോ സംരംഭത്തിന്റെയും ആരോഗ്യം മെച്ചപ്പെടണം എങ്കില്‍ അവര്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷം, പ്രത്യേകിച്ചും കുടുംബന്തരീക്ഷം, സാമൂഹ്യ അന്തരീക്ഷം ഇതെല്ലാം മെച്ചപ്പെടാനുള്ള സാഹചര്യം ഉണ്ടാകണം. ഇന്ന് അങ്ങനെയാണോ സ്ഥിതി. സംരംഭ രംഗത്തേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്നവരെ പിന്നോട്ട് വിലിക്കുകയാണ് എല്ലാവരും. പ്രോല്‍സാഹിപ്പിക്കുന്നവര്‍ ചുരുക്കം. ഏറ്റവും റിസ്‌ക് ഏറിയ രംഗമാണ് ഇതെന്നത് ശരി. പുതുതായി തുടങ്ങുന്നവരില്‍ 95 ശതമാനവും പരാജയപ്പെടുന്ന മേഖലയാണ് ഇത്. അത് തന്നെയാണ് സംരംഭക ലോകത്തെ സാധ്യതയും. വിജയിക്കാന്‍ എളുപ്പമല്ല. എന്നാല്‍ വിജയിച്ചാല്‍ പിന്നെ തിരിഞ്ഞ് നോക്കേണ്ടതില്ല. സ്റ്റാര്‍ട് അപ് രംഗത്തേക്ക് പുതിയ ആശയവുമായി കടന്നുവരുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വന്തം മാതാപിതാക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള എതിര്‍പ്പും പേടിയുമാണ്. അത് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്റ്റാര്‍ട് അപുകാര്‍ക്ക് വേണം ബ്രോ ഡാഡിമാരെയും സിസ് മമ്മിമാരെയും

English Summary : 10 Business Tips from Bro Daddy Malayalam Movie

(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇമെയ്ല്‍ jayakumarkk8@gmail.com)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com