ADVERTISEMENT

കുട്ടിക്കാലം മുതലേ സംരംഭക ആകാൻ ആഗ്രഹിച്ച ലേഖ ബാലചന്ദ്രൻ പതിറ്റാണ്ടുകൾക്കിപ്പുറം ട്രാൻസ്ഫോർമർ നിർമാണത്തിലെ മുൻനിര കമ്പനിയെ വളർത്തിയത് ഒട്ടേറെ പ്രതിസന്ധികളെ‍ മറികടന്നാണ്. എൻജിനീയറിങ് പഠനം കഴിഞ്ഞതോടെ ലക്ഷ്യത്തെ കൂടുതൽ ഗൗരവമായി കണ്ട് മുന്നോട്ടു നടന്നു. എന്നാൽ, അന്നത്തെ കാലത്ത് ഏതൊരു യുവതിയെയും പോലെ ആ ആഗ്രഹം സ്വപ്നമായി അവശേഷിച്ചു. വിവാഹശേഷം ബിസിനസ് കുടുംബത്തിലേക്ക് എത്തിയതോടെ ലേഖയുടെ മോഹങ്ങൾക്ക് വീണ്ടും ചിറക് മുളച്ചു. 

ജീവനക്കാരിയായി തുടക്കം

ഇലക്ട്രിക്കൽ എൻജിനീയറായ ഭർത്താവ് ബാലചന്ദ്രനും മറ്റൊരാളും കൂടി ചേർന്ന് 1993 ൽ തുടങ്ങിയ ട്രാൻസ്ഫോമർ നിർമാണ യൂണിറ്റിലെ ജീവനക്കാരി ആയിട്ടാണ് ലേഖയുടെ തുടക്കം. 

ട്രാൻസ്ഫോർമർ, എച്ച്ടി പാനലുകൾ, വാക്വം സർക്യൂട്ട് ബ്രേക്കറുകൾ എന്നിവയെല്ലാം നിർമിച്ചിരുന്ന കമ്പനിക്ക് ബഹുനിലക്കെട്ടിടങ്ങൾ, ആശുപത്രികൾ, ഫാക്ടറികൾ എന്നിവിടങ്ങളിലെല്ലാം ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാനുള്ള ഓർഡറുകൾ അന്ന് ധാരാളമായി ലഭിച്ചിരുന്നു. 

കമ്പനി ഡയറക്ടറായി മാറിയതോടെ, ഡിസ്ട്രിബ്യൂഷൻ രംഗത്തും ലേഖ മികവു തെളിയിച്ചു. അങ്ങനെ സിവിൽ എൻജിനീയറിങ്ങുകാരി ഇലക്ട്രിക്കൽ ബിസിനസിൽ വിജയമുറപ്പിച്ചപ്പോഴാണ് സ്ഥാപനത്തിൽനിന്നു വിട്ടുമാറേണ്ട സാഹചര്യം ഉണ്ടായത്. പ്രയാസകരമായൊരു കാലഘട്ടമായിരുന്നു അതെന്ന് ലേഖ ഓർക്കുന്നു. വീണ്ടുമൊരു സംരംഭം തുടങ്ങണോ, മറ്റൊരു ജോലിക്ക് ശ്രമിക്കണോ എന്ന സംശയം. 

18 വർഷത്തിനുശേഷം വെറും കയ്യോടെ 

വർഷങ്ങൾ നീണ്ട അധ്വാനത്തിനുശേഷം വിജയിച്ചു നിൽക്കുന്ന സമയത്ത് വെറും കയ്യോടെ പടിയിറങ്ങേണ്ടിവന്നു. ഒന്നേന്ന് തുടങ്ങുക എന്നതായിരുന്നു ലേഖയുടെ മനസ്സിലെ ആഗ്രഹം. എന്നാൽ, അതിനുള്ള മൂലധനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ എത്തുംപിടിയുമില്ലാത്ത അവസ്ഥ.

ഈ സമയത്ത് ലേഖ ഭർത്താവുമൊത്ത് ഒരു വിദേശയാത്ര നടത്തി. തിരിച്ചെത്തിയത് ഉറച്ച തീരുമാനവുമായാണ്. മുന്നോട്ടുള്ള വഴിയിൽ പ്രതിസന്ധികൾ പലതുണ്ടായെങ്കിലും ലേഖ തളർന്നില്ല. മുൻപരിചയമുണ്ടായിരുന്നതിനാൽ ട്രാൻസ്ഫോർമർ എന്ന പൊതുവേ ആരും പരീക്ഷിക്കാത്ത ഉൽപന്നവുമായി തന്നെ മുന്നോട്ടു പോകാൻ തീരുമാനിച്ചു. ധൈര്യം കൈവിടാതെ പഴയ സപ്ലൈയർമാരോട് പ്രവർത്തനമൂലധനത്തിന്റെ കാര്യം ആരാഞ്ഞപ്പോൾ അവർ ഒന്നടങ്കം കൈത്താങ്ങായി ഒപ്പം നിന്നു. 

resitech

റസീടെക്കിന് തുടക്കം

അങ്ങനെ 2007 ൽ ആണ് ഭർത്താവ് ബാലചന്ദ്രനുമായി ചേർന്നു ‘റസീടെക്’ എന്ന പുതിയ സ്ഥാപനം തുടങ്ങിയത്. ആലുവ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പഴയൊരു ഷെഡിൽ നാലു ജീവനക്കാരുമായാണ് തുടക്കം. ജീവിതത്തിലും ബിസിനസിലും പങ്കാളിയായി എന്നും കൂടെ നിന്ന ഭർത്താവും കുടുംബബിസിനസിൽനിന്നു നീണ്ട 18 വർഷം കൊണ്ട് നേടിയ അനുഭവസമ്പത്തും ആയിരുന്നു ലേഖയുടെ ആകെ മൂലധനം.

രണ്ടുകോടി രൂപ മൂലധനവുമായി തുടങ്ങിയ ‘റസീ ടെക്’ മൂന്നു വർഷം കൊണ്ട് ലാഭത്തിലേക്ക് എത്തി. പിന്നീടിങ്ങോട്ട് വളർച്ചയുടെ നാളുകളായിരുന്നു. ലേഖയും ബാലചന്ദ്രനും മാനേജിങ് പാർട്ണർമാരായ സ്ഥാപനം ഇന്ന് രാജ്യത്തെ തന്നെ പ്രമുഖ ട്രാൻസ്ഫോർമർ നിർമാണ കമ്പനിയാണ്. 18 കോടിയോളം വാർഷിക വിറ്റുവരവു നേടുന്നു. 

ഉൽപന്നങ്ങൾ ബെംഗളൂരുവിലെ സെൻട്രൽ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ കർക്കശമായ ഗുണമേന്മ പരിശോധന നടത്തിയാണ് ഉപയോക്താക്കളിലേക്ക് എത്തിക്കുക. ഉൽപന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനുമുണ്ട്. 

വൻകിട സ്ഥാപനങ്ങളുമായി ബന്ധം

ഇന്ത്യൻ റെയിൽവേയ്ക്ക് പുറമേ വൻകിട സ്ഥാപനങ്ങളായ പവർഗ്രിഡ് കോർപറേഷൻ, ബൊക്കാറോ സ്റ്റീൽ പ്ലാന്റ്, പിഡബ്ല്യുഡി, കെഎസ്ഇബി, അലിൻഡ് സ്വിച്ച് ഗിയർ, റിലയൻസ് ഇൻഡസ്ട്രീസ്, വി-ഗാർഡ് ഇൻഡസ്ട്രീസ്, ഒഇഎൻ എന്നിവയടക്കം രാജ്യത്തിന്റെ വിവിധ കോണുകളിൽ ഒട്ടേറെ കമ്പനികളിൽ റസീടെക്കിന്റെ ട്രാൻസ്ഫോർമറുകൾ ഉപയോഗിക്കുന്നുണ്ട്. കേരളത്തിലും കർണാടകയിലും മികച്ച വിപണിയുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കും ട്രാൻസ്ഫോർമർ കയറ്റുമതി ചെയ്യുന്നു. ബഹുരാഷ്ട്ര കമ്പനിയായ സീമെൻസ് വാക്വം സർക്യൂട്ട് ബ്രേക്കറിന്റെ സർവീസ് സെന്റർ കൂടിയാണ് റസീടെക്. 

തൊഴിൽപ്രശ്നങ്ങളില്ല 

വ്യവസായശാലകളിൽ സാധാരണ ഉണ്ടാകാറുള്ള തൊഴിൽത്തർക്കങ്ങൾ ഒരിക്കൽപോലും ഉണ്ടായിട്ടില്ല. 30 ജീവനക്കാരിൽ പകുതിയോളം പേർ സ്ത്രീ തൊഴിലാളികളാണ്. 

lekha2

വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് ആരും മടിച്ചു നിൽക്കരുതെന്നാണ് ലേഖയ്ക്കു പറയാനുള്ളത്. ‘‘മറ്റുള്ളവർക്കു കഴിയുമെങ്കിൽ എന്തുകൊണ്ട് നമ്മൾക്ക് ആയിക്കൂടാ എന്നു മാത്രം ചിന്തിക്കുക, പ്രത്യേകിച്ചും സ്ത്രീകൾ. കഠിനാധ്വാനം ചെയ്ത് കാര്യങ്ങൾ നടത്തിയെടുക്കുക. 

നിങ്ങൾ വിജയിക്കും. ആഗ്രഹം, ധൈര്യം, അറിവ്, കഠിനാധ്വാനം ഇവയെല്ലാം ഒത്തുചേരുമ്പോഴാണ് ഒരാളുടെ മനസ്സിലെ സംരംഭം യാഥാർഥ്യമാകുന്നത്.’’ ഈ വാക്കുകൾ സംരംഭകരംഗത്തേക്കു കടന്നുവരാനാഗ്രഹിക്കുന്ന വനിതകൾക്ക് ആവേശം പകരും. ഇപ്പോഴത്തെ ഫാക്ടറിക്കു സമീപം പുതിയൊരു ഫാക്ടറി കെട്ടിടം പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ് ലേഖ. അതിന്റെ പ്ലാനും മറ്റു വിശദാംശങ്ങളും തയാറാക്കിയതും സിവിൽ എൻജിനീയർ ആയ ലേഖ തന്നെ.

കേരള ചേംബർ ഓഫ് ലേഡീസ് ഫോറത്തിന്റെ കൺവീനറായിരുന്നു ലേഖ. ആതുര സേവനരംഗത്തും സ്തുത്യർഹമായ സേവനങ്ങൾ നടപ്പിലാക്കി വരുന്നു. ഈ ദമ്പതിമാർക്ക് നിരഞ്ജന, മാളവിക എന്നീ രണ്ടു മക്കളാണ്. മക്കളും മരുമകൻ നിഖിൽ ശ്രീകുമാറും ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നു

English Summary: Success Story of a Woman Entrepreneur in Transformer Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com