പകൽ സ്വപ്നം ഫാഷൻ സംരംഭകയാക്കി, വെഡ്ഡിംഗ് ഗൗണിൽ ഹിറ്റായി വിന്റേജ് ബ്ലോസം

HIGHLIGHTS
  • വിന്റേജ് ബ്ലോസം വെഡ്ഡിങ് ഗൗണുകൾക്ക് ലോകമെമ്പാടുനിന്നും ആവശ്യക്കാരുണ്ട്
vintage4
പ്രീത മാത്യൂസ്
SHARE

ഒരു ചില്ലു കൂടാരം... അതിനകത്ത് അതി മനോഹരങ്ങളായ ഗൗണുകൾ അണിഞ്ഞു നിൽക്കുന്ന പെൺകുട്ടികൾ. ശിരസ്സിൽ തിളങ്ങുന്ന കിരീടവും കൈയിൽ ചുവന്ന റോസാ പൂവിന്റെ ബൊക്കെകളുമായി പടികളിറങ്ങുന്ന അവരുടെ മുഖത്തേക്കൊന്നു നോക്കി... ഓരോ ചുവടുവയ്പിലും കാണാം ആ വസ്ത്രം അവർക്കു നൽകിയ ആത്മ വിശ്വാസം. രാജകുമാരികളെ പോലെ മന്ദം മന്ദം നടന്നുനീങ്ങുന്ന അവരുടെ മുഖത്ത് കാണാം അഭിമാനത്തിന്റെ സൂര്യ പ്രഭ. പല നിറത്തിലും പാറ്റേണിലും നിരന്നുകിടക്കുന്ന ഗൗണുകൾ ! ഇന്നേവരെ കണ്ടിട്ടില്ലാത്തത്രയും മനം കുളിർപ്പിക്കുന്ന കാഴ്ചയായിരുന്നു അത്.... 

ഫോൺ തുടർച്ചയായി റിങ് ചെയ്യുന്നതു കേട്ടുകൊണ്ട് ഉണർന്നപ്പോഴാണ് അതൊരു സ്വപ്നമായിരുന്നു എന്ന് മനസ്സിലായത്. കൺമുന്നിൽ നിന്നും മാഞ്ഞകന്ന കാഴ്ച ദിവസങ്ങളോളം പിന്തുടർന്നു.

സബ്യസാചി മുഖർജി, മനീഷ് മൽഹോത്ര, നീത ലുല്ല, അനിത ഡോംഗ്രെ, മസാബ ഗുപ്ത എന്നിവരുടെ നിരയിലേക്ക് വിന്റേജ് ബ്ലോസം വെഡ്ഡിങ് ഗൗൺ ബ്രാന്റുമായി കേരളത്തിലെ പ്രീത മാത്യൂസ് എന്ന ഫാഷൻ ഡിസൈനറും എത്തുന്നത് ആ സുന്ദര സ്വപ്നത്തെ തുടർന്നായിരുന്നു.

സ്വപ്നം യാഥാർത്ഥ്യമാകുന്നു

വർഷങ്ങളോളം നീണ്ട യാതനകൾക്കൊടുവിൽ ജീവിതം വഴിമുട്ടി എന്നു തോന്നിയ നിമിഷം. സമ്പത്തിന്റെ കൊടുമുടിയിലാണ് ജീവിക്കുന്നതെങ്കിലും സ്വന്തം കാലിൽ നിൽക്കണം. സ്വന്തമായി സമ്പാദിക്കണം . എന്തെങ്കിലുമൊക്കെ ആയി തീരണം. ഇനിയെന്ത് എന്ന ചോദ്യത്തോട് മനസ്സ് ഏറ്റുമുട്ടിക്കൊണ്ടിരുന്ന ദിവസങ്ങൾ. ആലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ല. സ്വയം ഉത്തരം കണ്ടെത്താൻ കഴിയാതെ വന്നപ്പോഴായിരുന്നു പ്രാർത്ഥനയുടെ ശക്തിയിൽ സ്വയമർപ്പിക്കാൻ തീരുമാനിച്ചത്. തീഷ്ണമായ പ്രാർത്ഥനയുടെ അഞ്ചു രാവുകളും പകലുകളും കടന്നുപോയി.. അഞ്ചാം ദിവസം ഉച്ച മയക്കത്തിനിടെ കണ്ട സ്വപ്നം ആണ് തന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത് എന്ന് പ്രീത പറയുന്നു. ഇനിയെന്ത് എന്ന് നാളുകളായി അന്വേഷിച്ചു കൊണ്ടിരുന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ആ സ്വപ്നം എന്ന് പ്രീത ഉറച്ച് വിശ്വസിക്കുന്നു.

vintage1

വിന്റേജ് ബ്ലോസം - ആത്മ സാക്ഷാത്കാരത്തിന്റെ ബ്രാന്റ്

ദുരന്തോർമകളുടെ പൂർവകാലം പിന്നിട്ട് പുത്തൻ പ്രതീക്ഷകളുടെ പൂക്കാലം തന്റെ ജീവിതത്തിലും സംഭവിച്ചതിന്റെ ചിരസ്മരണയ്ക്കായാണ് തന്റെ സ്വപ്ന സംരംഭത്തിന് വിന്റേജ് ബ്ലോസം എന്നു തന്നെ പേരു വിളിക്കാൻ കാരണം എന്നു പ്രീത വിശദമാക്കുന്നു. പ്രീത ജനിച്ചതും വളർന്നതും എല്ലാം ചെന്നൈയിലാണ്. കുടുംബത്തിൽ അപ്പനപ്പൂപ്പൻമാരുടെ കാലം മുതൽ ആണുങ്ങൾ എല്ലാവരും ഡോക്ടർമാരാണ്. എന്നാൽ സ്ത്രീകളാരും ഡോക്ടർ വഴി സ്വീകരിക്കേണ്ട എന്ന കർശന നിലപാടും കുടുംബത്തിലെ കാരണവന്മാർ എടുത്തിരുന്നു. 

ചെറുപ്പം മുതലേ പെയിന്റിങിനോടും ഫാഷനോടുമെല്ലാം വലിയ കമ്പമായിരുന്നു തനിക്ക്. കുട്ടിക്കാലത്ത് പപ്പ വാങ്ങി തരുന്ന പാവകൾക്ക് കുഞ്ഞുടുപ്പുകൾ രൂപകൽപന ചെയ്ത് തുന്നി കൊണ്ടായിരുന്നു ഫാഷൻ പരീക്ഷണം നടത്തി കൊണ്ടിരുന്നത്. ഹയർ സെക്കന്ററി വിദ്യാഭ്യാസം കഴിഞ്ഞതോടെ ഭാവിയെ കുറിച്ച് തീരുമാനമായി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ ടെക്സ്റ്റൈൽ ആന്റ് ഡിസൈനിങ് കോഴ്സിനു ചേർന്നു. ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയിറങ്ങി. പഠനം കഴിഞ്ഞ ഉടനെ  23-ാം വയസ്സിൽ തിരുവനന്തപുരത്തെ പ്രശസ്ത ഐ.വി.എഫ് വിദ്ഗ്ധനായ ഡോ.സജിൻ വർഗീസുമായുള്ള വിവാഹം. ഭാര്യയുടെ കഴിവിൽ അമിത വിശ്വാസമുണ്ടായിരുന്ന സജിൻ പ്രീതയ്ക്കായി ഫാഷൻഹട്ട് എന്ന പേരിൽ സ്വന്തമായി ഒരു ബുട്ടീക് തുടങ്ങി കൊടുത്തു. എന്നാൽ വ്യക്തിപരമായ പ്രശ്‌നങ്ങൾ ജീവിതത്തിന്റെ താളം തെറ്റിക്കുമെന്നായപ്പോൾ 25ാം വയസ്സിൽ എല്ലാം ഉപേക്ഷിച്ചു. ബുട്ടീക്കും അടച്ചുപൂട്ടി. പിന്നീട് മകൾക്കു വേണ്ടിയുള്ള ഉടുപ്പുകൾ ഡിസൈൻ ചെയ്തു കൊണ്ട് ബോറടി മാറ്റി. ഇതിനിടെ ബാലരാമപുരം കൈത്തറിയ്ക്കു വേണ്ടി കുറച്ചു നാൾ ജോലി ചെയ്തെങ്കിലും അതിലും സംതൃപ്തി കണ്ടെത്താനായില്ല. സ്വന്തം ഭാവനയും ആശയവും ഒന്നും പ്രകടിപ്പിക്കാനാകാതെ തികച്ചും യാന്ത്രികമായി എന്തോ ഒക്കെയോ ചെയ്യുന്നു. ഒടുവിൽ  അതും വിട്ടു. പിന്നീട് വീട് പണിയിൽ ശ്രദ്ധിച്ചു. മൂന്നര വർഷം കൊണ്ട് റോമൻ ആർക്കിടെക്ചറിൽ പണിത വീടിന്റെ ഡിസൈൻ സ്വയം ഏറ്റെടുത്ത് ചെയ്തു. കേരളത്തിലെ ഏറ്റവും മികച്ച 100 വീടുകളിൽ ഇടം പിടിച്ച് 2012 ൽ കോഫി ടേബിൾ ബുക്കിൽ വീട് താരമായി. 

vintage2

തുടക്കം വട്ടപൂജ്യത്തിൽ നിന്ന്

സ്വപ്നത്തിൽ കണ്ട ഷോറൂം അത് തന്റേതാണെന്ന് പ്രീത ഉറച്ചു വിശ്വസിച്ചു. ഇനി ഒന്നും ആലോചിക്കാനില്ല. പുതിയ ഒരു ദൗത്യം ആരംഭിക്കുക തന്നെ. ആഗ്രഹം ഭർത്താവിനോട് പറഞ്ഞു. അപ്പോഴും സജിൻ പൂർണ്ണ പിന്തുണയുമായി കൂടെ നിന്നു. മകൾ വലുതായതോടെ അവൾക്കും അമ്മയുടെ ആശയം നന്നേ ഇഷ്ടപ്പെട്ടു. എങ്കിലും പണം വേണ്ടേ. കുടുംബത്തിൽ നിന്നും ഒരു രൂപ പോലും വേണ്ടെന്ന് പ്രീതയുടെ വാശി. കാരണം പണം ഇറക്കിയിട്ട് വിജയിച്ചില്ലെങ്കിലോ..  

വീടിന്റെ പിന്നിൽ ഒഴിഞ്ഞു കിടന്ന സ്ഥലം തന്നെ സ്വപ്നത്തിൽ കണ്ട ഷോറൂം തുടങ്ങാനായി തെരഞ്ഞെടുത്തു. സ്വപ്നത്തിൽ കണ്ട പോലെ ഒരു ഇടം അവിടെ ഒരുക്കി. 2017 ഡിസംബർ 5 ന് കേവലം ഒന്നര മാസം കൊണ്ട് ഷോപ്പ് പ്രവർത്തന സജ്ജമായി.  സ്വന്തമായി രൂപകൽപന ചെയ്തെടുത്ത പാറ്റേണുകൾ ചെന്നൈയിലെ സുഹൃത്തിന്റെ അടുക്കൽ നിന്ന് തുന്നിയെടുത്ത് വിൽപനക്കെത്തിച്ചു. ദിവസങ്ങൾ പിന്നിട്ടതോടെ വീട്ടിലേക്ക് കസ്റ്റമേഴ്സിന്റെ ഒഴുക്ക് തുടങ്ങി. ഇനി ഇങ്ങനെ പോയാൽ പറ്റുകയില്ല.

സ്വന്തമായി ടെയിലർമാരെ വച്ച് ഒരു യൂണിറ്റ് തുടങ്ങേണ്ടത് അനിവാര്യമായി. അതിന് വാടകയ്ക്ക് സ്ഥലം എടുക്കണം. തിരുവനന്തപുരത്തെ മണ്ണന്തലയിൽ രണ്ടാം നിലയിൽ 1200 ചതുരശ്ര അടി സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട് എന്നറിഞ്ഞു . അന്ന് 5000 രൂപയേ വാടക കൊടുക്കാൻ പറ്റുമായിരുന്നുള്ളു. കെട്ടിട ഉടമസ്ഥനോട് വിവരങ്ങൾ തുറന്ന് പറഞ്ഞു. ബിസിനസ് കൂടുമ്പോൾ വാടക കൂട്ടി തരാമെന്ന വ്യവസ്ഥയിൽ സ്ഥലമെടുത്തു. രണ്ട് ടെയിലർമാരെ വച്ച് ആദ്യമായി സ്വന്തം യൂണിറ്റ് അങ്ങനെയാണ് തുടങ്ങുന്നത്. പിന്നീട് 15 ജീവനക്കാരുമായി മണ്ണന്തലയിലെ സ്ഥലം പൂർണ്ണമായും ഉൽപാദന യൂണിറ്റാക്കി മാറ്റി . തിരുവനന്തപുരം പേട്ടയിൽ എം.സി.റോഡിൽ വിശാലമായ ഒരു ഷോറൂം ഇക്കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ചു. മൊത്തം മുതൽ മുടക്ക് 20 ലക്ഷം രൂപ.

തെന്നിന്ത്യൻ താരം സാമന്ത മുതൽ ഫാഷൻ ഫോട്ടോഗ്രാഫർ വെങ്കിട്ട് റാം വരെ

ഇന്ന് വിന്റേജ് ബ്ലോസം വെഡ്ഡിങ് ഗൗണുകൾക്ക് ലോകമെമ്പാടുനിന്നും ആവശ്യക്കാരുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, ദുബായ്, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സ്ഥിരമായി ഓർഡറുണ്ട്. ഇന്ത്യക്ക് അകത്തു നിന്ന് ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിൽ നിന്നും ആവശ്യക്കാരുണ്ട്. 18,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള വിവാഹ ഗൗണുകളും ലെഹങ്കകളും ഇവിടെയുണ്ട്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് കസ്റ്റമൈസ് ചെയ്ത ഡിസൈനുകളും ചെയ്ത് കൊടുക്കും. 

ഏത് ആചാരപ്രകാരമുള്ള പരിപാടികൾക്കും വസ്ത്രം റെഡി 

ഇന്ത്യയിലെ പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറാണ് വെങ്കിട്ട് റാം. വെങ്കിട്ട് മായുള്ള സഹകരണം ഒരു ഗ്ലോബൽ ബ്രാന്റിലേക്ക് വിന്റേജ് ബ്ലോസത്തെ വളർത്താൻ സഹായകമായി. തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത റൂത്ത് പ്രഭുവുമായി ചേർന്ന്  ഒരു ലോഞ്ച് പ്ലാനും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു.

പ്രശസ്ത ഡിസൈനർമാരുമായി ചേർന്ന് ഫാഷൻ ഷോ, രാജ്യാന്തര ജുവലറി ഗ്രൂപ്പുകളുമായി സഹകരിച്ചു കൊണ്ടുള്ള തീം ഷോകൾ തുടങ്ങി നിരവധി പദ്ധതികളാണ് വരും നാളുകളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. 

പുതുമ എല്ലായിടത്തും, വ്യത്യസ്തയാം പ്രീത

ഇക്കോണമി വിഭാഗത്തിൽ ആഴ്ച തോറും പുതിയ ഡിസൈൻ ഇറക്കും. പ്രീമിയം വിഭാഗത്തിൽ ഓരോ സീസൺ അനുസരിച്ച് തീമുകൾ മാറും. ഈ വിഭാഗത്തിൽ ഇനി വരാൻ പോകുന്ന തീം ആണ് യൂണികോൺ. ശക്തിയുടെ പ്രതീകമായാണ് യൂണികോൺ തീം അവതരിപ്പിക്കുക. വില 40,000 മുതൽ 1 ലക്ഷം വരെ. പാരബിൾ ഓഫ് പേൾസ് എന്ന തീം വൻ വിജയമായിരുന്നു. ഈ ഇനത്തിന്റെ വില 50,000 മുതൽ തുടങ്ങുന്നു. 35,000 രൂപ മുതൽ തുടങ്ങുന്ന ക്രിസ്റ്റൽ കളക്ഷൻ, 40,000 മുതൽ തുടങ്ങുന്ന സെമി പ്രെഷ്യസ് സ്റ്റോൺ കളക്ഷൻ തുടങ്ങി മനസ് നിറയ്ക്കുന്ന ഡിസൈനുകൾ ഇറക്കിക്കൊണ്ടാണ് പ്രീത വ്യത്യസ്തയാകുന്നത്.

വധുവിന്റെ ആകാരമനുസരിച്ച് വസ്ത്രം ഡിസൈൻ ചെയ്തു കൊടുക്കുന്നു. വണ്ണം കൂടിയാലും കുറഞ്ഞാലും നിറംകുറഞ്ഞാലും കൂടിയാലും  പ്രീതയുടെ ഗൗണും ധരിച്ച് അവർ വിവാഹ വേദിയിലേക്ക് പോകുന്നത് അതി സുന്ദരികളായിട്ടായിരിക്കും, ബോഡി കോൺഡ്യൂറിംഗ് ചെയ്യാനുള്ള മിടുക്കാണ് പ്രീതയുടെ വിജയം.ഇറക്കുമതി ചെയ്ത തുണികളാണ് ഉൽപാദനത്തിനുപയോഗിക്കുന്നത്. പാറ്റേണുകളിലെ പ്രീത ടച്ചാണ് ബ്രാന്റിന്റെ നട്ടെല്ല്. 

vintage

അഞ്ചു വർഷം, നേടിയത് തളരാത്ത ആത്മവീര്യം

ജീവിതത്തിലെ കഠിന സമയങ്ങൾ പിന്നിട്ട് സ്വയം വെട്ടിയ വഴിയിലൂടെ പ്രീത സഞ്ചരിക്കാൻ തുടങ്ങിയിട്ട് ഇത് അഞ്ചാം വർഷം. ഏതു പ്രതിസന്ധിയിലും തോറ്റു പോകരുത് എന്ന പിതാവ് പരേതനായ ഡോ.മാത്യുവിന്റെ ഉപദേശം തളർന്നിരിക്കുമ്പോഴെല്ലാം ഒരു ജ്വാലയായി മുന്നിൽ തെളിയും. 

പുതിയ സ്വപ്നങ്ങളുമായി ബിസിനസ്സിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് പ്രീത. മെലെ ഗ്രാനോ എന്ന പേരിൽ ഓർഗാനിക് പെർഫ്യൂം ബ്രാന്റ് വൈകാതെ പുറത്തിറക്കും. 

അമ്മയുടെ വഴിയെ മകളും

ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ബിരുദ വിദ്യാർത്ഥിനിയാണ് മകൾ നിധി മിറിയം സജിൻ ഇപ്പോൾ. വിന്റേജിന്റെ പ്രൊമോഷൻ പ്ലാനുകളുടെ നേതൃത്വം നിധിയ്ക്കാണ്. മകളുടെ പഠന ശേഷം വിന്റേജ് ബ്ലോസമിന്റെ ചെന്നൈ ഷോറൂം തുറക്കും. മകൻ നിശാൽ വർഗീസ് സജിൻ പ്ലസ് ടു വിദ്യാർത്ഥിയാണ്.

English Summary : The Inspiring Success Story of Vintage Blossom Wedding Gowns

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA