ADVERTISEMENT

ഒരു ബിസിനസുകാരനാകുകയെന്ന സ്വപ്നം മനസിൽ വേരുറച്ചപ്പോൾ മുതൽ അതിനായി അശ്രാന്തം പരിശ്രമിക്കുകയും ലക്ഷ്യം കാണുകയും ചെയ്ത യുവസംരംഭകൻ. അദ്ദേഹത്തിന്റെ വിജയകഥ ബിസിനസ് രംഗത്തേക്കു കാലെടുത്തുവയ്ക്കുന്ന പുതുതലമുറയ്ക്കു പാഠമാണ്. 

മനസ്സിൽ സംരംഭകത്വസ്വപ്നവും പേറി നടക്കുന്നവരാകട്ടെ, തൽക്കാലത്തേക്കു വഴിമാറി പോയാലും വൈകാതെ തിരിച്ചെത്തും. അതു തന്നെയാണ് അരുൺ അരവിന്ദന്റെ കാര്യത്തിലും സംഭവിച്ചത്. ഇലക്ട്രോണിക്സിൽ ഡിപ്ലോമ പാസായപ്പോൾ സ്വന്തമായൊരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹിച്ചു. പക്ഷേ, മറ്റുള്ളവർ സമ്മതിച്ചില്ല. വലിയ റിസ്ക് ആണെന്നും എന്തെങ്കിലും ജോലി കണ്ടെത്താനുമായിരുന്നു ഉപദേശം. അതിനെതിരെ ശബ്ദമുയർത്താൻ കഴിയാതെ അരുൺ ഗൾഫിലേക്കു പോയി. രണ്ടു വർഷം ബഹ്റൈനിൽ ജോലി ചെയ്തു. 

കൈപൊള്ളാത്ത കച്ചവടം

ഗൾഫിൽ മെച്ചപ്പെട്ട വരുമാനമുണ്ടാക്കാൻ കഴിഞ്ഞതോടെ ചെറിയ ചില നിക്ഷേപങ്ങൾ സ്വന്തം നിലയിൽ നടത്തിത്തുടങ്ങിയെന്ന് അരുൺ പറയുന്നു. ‘‘ആദ്യം ഒരു ഡെയറിഫാം തുടങ്ങാനാണ് ശ്രമിച്ചത്. എന്നാൽ, പാലിന് മതിയായ വില ലഭിക്കുന്നില്ലെന്നും ലാഭവിഹിതം തീരെ കുറവാണെന്നും മനസ്സിലാക്കിയതോടെ പാൽ അസംസ്കൃത വസ്തുവായ സംരംഭം തുടങ്ങാമെന്നായി. അതുമായി ബന്ധപ്പെട്ട് കൂടുതൽ പഠിക്കാൻ ശ്രമിച്ചു. ബിസിനസിനോടുള്ള അമിതമായ ആഗ്രഹം നിമിത്തം എവിടെയെങ്കിലും ചെന്നു ചാടി ൈകപൊള്ളിക്കരുത് എന്നായിരുന്നു ചിന്ത. നിരന്തരമായ പഠനങ്ങൾക്കും വിപണിവിശകലനങ്ങൾക്കും ഒടുവിൽ പാൽ അസംസ്കൃതവസ്തുവായ മികച്ചൊരു സംരംഭം കണ്ടെത്തുകയായിരുന്നു’’ ഐസ്ക്രീം നിർമാണ–വിതരണ രംഗത്ത് സംരംഭകനായി മാറിയതെങ്ങനെയെന്ന് അരുൺ പറയുന്നു.

50 ശതമാനത്തിലേറെ ലാഭം തരുന്നൊരു ബിസിനസെന്ന പ്രതീക്ഷയിലാണ് തുടങ്ങിയത്. നിലവിൽ അത്രയും ലഭിക്കുന്നില്ല. കോവിഡ് പ്രതിസന്ധിയും ഉയർന്ന വില നൽകി പാൽ ശേഖരിക്കുന്നതും മികച്ച തൊഴിൽ ആനുകൂല്യങ്ങൾ നൽകുന്നതുമെല്ലാം കാരണങ്ങളാണ്. എങ്കിലും മെച്ചപ്പെട്ട ലാഭവിഹിതം തന്നെയാണ് ഈ ബിസിനസിലൂടെ ലഭിക്കുന്നത്. അരുൺ അരവിന്ദ് പറയുന്നു.

20 രുചിഭേദങ്ങൾ

തികച്ചും പ്രഫഷനലായ സമീപനമാണ് ബിസിനസിന്റെ കാര്യത്തിൽ അരുണിന്റേത്. വെറുതെ ഐസ്ക്രീം ഉണ്ടാക്കി വിൽക്കുകയല്ല. രുചിഭേദങ്ങളിലും മറ്റും നിരന്തര പരീക്ഷണങ്ങളും നടത്തുന്നുണ്ട്. മൂന്നു വർഷം മുൻപ് മൂന്നു ജോലിക്കാരുമായിട്ടായിരുന്നു തുടക്കം. 

ആദ്യമൊക്കെ കാറിൽ സ്വന്തം നിലയിൽ കൊണ്ടുനടന്നു വിറ്റു. തീരെ കുറഞ്ഞ നിക്ഷേപത്തിലാണ് തുടങ്ങിയത്. നിലവിൽ 20 വ്യത്യസ്ത രുചികളിലുള്ള ഐസ്ക്രീമുകളാണ് ‘ഐസ്ബെൽ’ എന്ന വാണിജ്യനാമത്തിൽ അരവിന്ദ് ഡെയറീസിന്റേതായി വിപണിയിലെത്തുന്നത്. പ്രകൃതിദത്ത പഴങ്ങൾ ഉപയോഗിച്ചു ചെയ്യുന്നവയാണ് ഇതിലേറെയും. വാനില, കരിക്ക്, ചക്ക, മാങ്ങ, ഓറഞ്ച്, തണ്ണിമത്തൻ, സ്ട്രോബറി, പീത്‌സ, ചോക്‌ലേറ്റ് അങ്ങനെ പോകുന്നു ആ വെറൈറ്റികൾ. 

ഇപ്പോൾ 50 ലക്ഷം രൂപയുടെ മെഷിനറികൾ ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. 15 തൊഴിലാളികളെ കൂടാതെ സെയിൽസിലും ഏതാനും പേർ ജോലിയെടുക്കുന്നു. ഐസ്ക്രീമുകൾക്കു പുറമേ സിപ് അപ്, എഡിബിൾ ഐസ്ക്യൂബ്സ് എന്നിവയും വിതരണം ചെയ്യുന്നു. വിതരണ ആവശ്യത്തിനായി നാലു വണ്ടികൾ ഓടുന്നു. സ്വന്തം സ്ഥലത്തെ 1000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിലാണ് പാസ്ചുറൈസർ, ഗോമോജിനൈസർ, ഏജിങ്, വാഷ്, കണ്ടിന്യൂവസ് ഫ്രീസർ, ലോലി ടാങ്ക്, കൂളറുകൾ തുടങ്ങിയ മെഷിനറികൾ ഏർപ്പെടുത്തിയിരിക്കുന്നത്. വിതരണമുള്ള 100 കടകൾക്ക് ഫ്രീസറും നൽകിയിട്ടുണ്ട്.

arun-icebel

പാൽ സംഭരണം നേരിട്ട്

കർഷകരിൽനിന്നും / കർഷകസംഘത്തിൽനിന്നും നേരിട്ടാണ് പാൽ സംഭരിക്കുന്നത്. ഏകദേശം 300 ലീറ്റർ പാൽ പ്രതിദിനം ശേഖരിച്ച് പാൽക്രീം ഇവിടെത്തന്നെ തയാറാക്കുന്നു. മിൽക്ക് പൗഡർ, പഞ്ചസാര, എന്നിവ കർണാടകയിൽനിന്നും /സ്വകാര്യകച്ചവടക്കാരിൽനിന്നും വാങ്ങും. പഴങ്ങളെല്ലാം പ്രാദേശികമായി സംഭരിക്കുന്നു. എല്ലാം സുലഭമായി കിട്ടുന്നതും രൊക്കം പണം കൊടുത്തു വാങ്ങുന്നതുമാണ്. നേരിട്ടു പാൽ ശേഖരിക്കുന്നതിനാൽ മികച്ച ഐസ്ക്രീം തന്നെ നൽകാൻ കഴിയുന്നുവെന്ന് അരുൺ പറയുന്നു. 

ഐസ്ക്രീം വിൽപനയ്ക്കായി സ്വന്തം ഷോപ്പുകൾ ഇല്ല. കമ്പനിവക ഫ്രീസർ നൽകിയിട്ടുള്ള 100ൽപരം കടകളിലും മറ്റ് േബക്കറി ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലും നേരിട്ടു വിൽപനയുണ്ട്. പൊതുവേ കടം നൽകാറില്ലെങ്കിലും ചില സൂപ്പർമാർക്കറ്റുകൾ ഏതാനും ദിവസങ്ങൾക്കു ശേഷമാണ് പണം നൽകുന്നത്. ഈ രംഗത്ത് കനത്ത മത്സരം ഉണ്ടെങ്കിലും ഗുണമേന്മ കൊണ്ടാണ് തിളങ്ങി നിൽക്കുന്നത്.

മേന്മകൾ

∙ പാൽ നേരിട്ടു സംഭരിച്ച് ഉപയോഗിക്കുന്നു.

∙ ഫ്രഷ് ക്രീം സ്വന്തമായി തയാറാക്കുന്നു.

∙ പഞ്ചസാര മാത്രമേ ഉപയോഗിക്കൂ.

∙ പ്രകൃതിദത്ത പഴങ്ങൾ മാത്രം.

∙ വിപണിയിലെ ശരാശരി വിലയ്ക്കുതന്നെ വിൽപ്പന.

∙ കൃത്യസമയത്തും അളവിലും വിതരണം.

പല ഘട്ടങ്ങളിലായി 50 ലക്ഷം രൂപയോളം വായ്പയുണ്ട്. സ്റ്റാർട്ടപ് സബ്സിഡിയായി മൂന്നു ലക്ഷം, ഒന്നാം ഘട്ടത്തിലെ വിപുലീകരണത്തിന് 13.5 ലക്ഷം, രണ്ടാം ഘട്ടത്തിൽ 7 ലക്ഷം എന്നിങ്ങനെ സബ്സിഡിയും ലഭിച്ചിട്ടുണ്ട്. 

അവിവാഹിതനായ അരുണിന്റെ ജ്യേഷ്ഠൻ വരുൺ ലോക്കോ പൈലറ്റാണ്. അച്ഛൻ അരവിന്ദാക്ഷൻപിള്ളയും അമ്മ വത്സലയും ബിസിനസിൽ സഹായിക്കുന്നു. അഞ്ചു വർഷത്തിനുള്ളിൽ 100 േപർക്കെങ്കിലും തൊഴിൽ നൽകുന്നൊരു സ്ഥാപനമായി ഈ സംരംഭത്തെ വളർത്തിക്കൊണ്ടുവരാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഈ യുവസംരംഭകൻ.

ശ്രദ്ധിക്കേണ്ടത്

∙ പാൽ ഒഴികെയുള്ള അസംസ്കൃത വസ്തുക്കൾക്ക് അടിക്കടിയുണ്ടാകുന്ന വിലവർധന. 

∙ വിപണിയിലെ ഗുണം കുറഞ്ഞ ഉൽപന്നങ്ങളുടെ മത്സരം.

∙ ഫ്രോസൺ ഡെസേർട്ടുകൾ ഐസ്ക്രീം എന്ന രീതിയിൽ വിൽക്കുന്നത്.

∙ ഈ രംഗത്ത് ഒരു നിലവാര സൂചിക ഇല്ലാത്തതിന്റെ അഭാവം.

English Summary : Success Story of a Ice cream Unit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com