ADVERTISEMENT

മറ്റാരും തുടങ്ങാത്തൊരു സംരംഭം കണ്ടെത്തിയിട്ട് ബിസിനസ് ആരംഭിക്കാമെന്നു കരുതി കാത്തിരിക്കുന്നവർ കണ്ടുപഠിക്കേണ്ട വിജയമാണ് ഈ വിമുക്തഭടന്റേത്. ഓയിൽമിൽ നടത്തുന്ന സംരംഭകർക്കിടയിൽ ഒരാളായാണ് തുടക്കമെങ്കിലും ഉയർന്ന വരുമാനം നേടുന്നൊരു വിജയസംരംഭകനായി അദ്ദേഹം മാറിക്കഴിഞ്ഞു. 

നാട്ടിലായാലും മറുനാട്ടിലായാലും വെളിച്ചെണ്ണ കണ്ടാൽ മറ്റ് എണ്ണകളെയെല്ലാം അടുക്കളയ്ക്കു പുറത്തുനിർത്തുന്നവരാണ് മലയാളികൾ. ഈ വെളിച്ചെണ്ണ സ്നേഹത്തിനു പിന്നിൽ ആരോഗ്യവിദഗ്ധരുടെ വാദപ്രതിവാദങ്ങൾ എല്ലാം നിഷ്പ്രഭമാകുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുവരെ വെളിച്ചെണ്ണ, മലയാളികൾ ഉള്ളിടങ്ങൾ തേടിയെത്തുന്നത് ഈയൊരു താൽപര്യം കൊണ്ടു തന്നെയാണ്. വളരെ വലിയൊരു വിപണിയാണത്. 

സൈനികസേവനം

18 വർഷത്തെ സൈനികസേവനം മതിയാക്കി നാട്ടിലെത്തിയ എസ്. ശിവലാൽ ഒരു സംരംഭം തുടങ്ങാൻ ആലോചിച്ചപ്പോൾ അതൊരു ഓയിൽമിൽ തന്നെ മതിയെന്നു തീരുമാനിച്ചതും ഈ വിപണിസാധ്യതകളുടെ വെളിച്ചത്തിലാണ്. ആവശ്യക്കാരേറെയുള്ളൊരു ഉൽപന്നം, അത് മികച്ച ഗുണമേന്മയിൽ, കുറഞ്ഞ വിലയിൽ, മതിയായ ലാഭവിഹിതം മാത്രമെടുത്ത് എങ്ങനെ ചെയ്യാമെന്നാണ് ഒരു സംരംഭകനെന്ന നിലയിൽ ശിവലാൽ ചിന്തിച്ചത്. 

അതിന്റെ അനന്തരഫലമാണ് കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിക്കടുത്ത് തഴവയിലെ ‘ജവാൻ ഓയിൽ മിൽസ്’ എന്ന ഈ സ്ഥാപനം. പാചകത്തിനു മാത്രമല്ല, അനവധിയായ ഔഷധനിർമാണങ്ങൾക്കും അസംസ്കൃതവസ്തുവാണ് ശുദ്ധമായ വെളിച്ചെണ്ണ. ഗുണമേന്മ അൽപവും നഷ്ടപ്പെടാതെ കൊപ്ര സംസ്കരിച്ച് ഏറ്റവും ശുദ്ധമായ വെളിച്ചെണ്ണ കിലോഗ്രാമിന് 195 രൂപ നിരക്കിൽ വിറ്റാൽ പോലും 20% അറ്റാദായം ലഭിക്കുമെന്ന് ശിവലാൽ പറയുന്നു.

sivalal-b4u-2022

നാളികേരം കുറ്റിയാടിയിൽനിന്ന്

നാട്ടിൽ ഇഷ്ടംപോലെ നാളികേരം കിട്ടുമ്പോൾ എന്തിനാണ് കുറ്റിയാടി േതങ്ങ? പലരും ചോദിച്ചു. ഇത്രയും വാഹനക്കൂലി നൽകി കോഴിക്കോട് കുറ്റിയാടിയിൽനിന്നു കൊണ്ടുവരേണ്ട ആവശ്യമുണ്ടോ? എന്നാൽ, നാട്ടിലെ തേങ്ങ കൊപ്രയാക്കി ആട്ടിയെടുത്താൽ 60% വെളിച്ചെണ്ണ ലഭിക്കുമെങ്കിൽ കുറ്റിയാടി തേങ്ങയിൽനിന്ന് 70% വരെ എണ്ണ കിട്ടും. 

നാളികേരം വാങ്ങി വെട്ടി ഉണക്കി കൊപ്രയാക്കി എണ്ണയാട്ടുകയാണ് ശിവലാൽ ചെയ്യുന്നത്. പുറത്തുനിന്നു കൊപ്ര വാങ്ങി എണ്ണയാട്ടാറില്ല. 

ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ നേരിട്ടുതന്നെ വിറ്റുപോകുന്ന സ്ഥിതിയുണ്ട്. ഒരിക്കൽ വാങ്ങിയവർ പറഞ്ഞറിഞ്ഞാണ് പുതിയ ആളുകളിൽ പലരും വാങ്ങാനെത്തുക. എണ്ണയാട്ടുന്നത് ലൈവായി കണ്ട് വാങ്ങാനുള്ള സൗകര്യവും ഇവിടെ ഉണ്ട്. മൊത്തവിതരണക്കാരും വാങ്ങിക്കൊണ്ടുപോകുന്നു. ആർക്കും കടം നൽകാറില്ല. വിൽപനരംഗത്ത് മത്സരം ഉണ്ടെങ്കിലും ഗുണനിലവാരം കൊണ്ട് പിടിച്ചു നിൽക്കാനാകുന്നു.

മേന്മകൾ

∙ േതങ്ങ നേരിട്ടു വാങ്ങി കൊപ്രയാക്കി എണ്ണയാട്ടുന്നു.

∙ കൊപ്ര ഉണങ്ങാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ല.

∙ ഒരു തരത്തിലും പ്രിസർവേറ്റീവ്/മായം ഇല്ല.

∙ ഗുണമേന്മ ലാബിൽ പരിശോധിക്കുന്നു.

∙ ഒന്നര വർഷം വരെ കേടുകൂടാതെ ഇരിക്കും.

∙ വിപണിയെക്കാൾ കുറ‍ഞ്ഞ വിലയ്ക്കു വിൽക്കുന്നു.

മൂന്നു ദിവസംകൊണ്ടു വെളിച്ചെണ്ണ

േതങ്ങ ഇട്ടു കഴിഞ്ഞാൽ മൂന്നു ദിവസത്തിനുള്ളിൽ എണ്ണയാക്കി വിൽക്കുന്ന ടെക്നിക്കാണ് ശിവലാൽ ഏർപ്പെടുത്തിയിരിക്കുന്നത്. 150 ഡിഗ്രി ചൂടിൽ 24 മണിക്കൂർ കൊണ്ട് കൊപ്ര റെഡിയാകും. ഒരുതവണ 7,500 നാളിേകരം വരെ ഉണക്കാനുള്ള സൗകര്യം ഡ്രയറിൽ ഉണ്ട്. ഇത് തൊട്ടടുത്ത ദിവസം തന്നെ ആട്ടി ഫിൽറ്റർ ചെയ്ത് വിപണിയിൽ എത്തിക്കാൻ കഴിയും. കാമ്പ് കൂടിയവയും നന്നായി വിളഞ്ഞവയും നോക്കിയാണ് തേങ്ങ തിരഞ്ഞെടുക്കുക. കോഴിക്കോട്ടെ സ്വകാര്യഓയിൽ മില്ലിൽ 15 ദിവസം താമസിച്ചു കാര്യങ്ങളോരോന്നും മനസ്സിലാക്കി പഠിച്ചാണ് ശിവലാൽ സംരംഭകന്റെ കുപ്പായമണിഞ്ഞത്.

പിഎംഇജിപി പദ്ധതിയിൽപെടുത്തി 20 ലക്ഷം രൂപ വായ്പ എടുത്താണ് സംരംഭം തുടങ്ങുന്നത്. ഇതിൽ ഏഴു ലക്ഷം രൂപ സബ്സിഡി ലഭിച്ചു (വിരമിച്ച പട്ടാളക്കാരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് പരമാവധി സബ്സിഡിയാണു നൽകുന്നത്). ഡ്രയർ, കൊപ്ര കട്ടർ, 6 ബോൾട്ട് എക്സ്പല്ലർ എന്നിവയാണ് പ്രധാന മെഷിനറികൾ. സ്വന്തമായുള്ള 2000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. നിലവിൽ സഹായത്തിനായി 7 ജോലിക്കാരുണ്ട്.

‘പൃഥ്വി’ എന്ന ബ്രാൻഡ് നെയിമിലാണ് വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്. ഭാര്യ അശ്വതി താലൂക്ക് ഹോമിയോ ഹോസ്പിറ്റലിൽ നഴ്സാണ്. ഒഴിവുസമയം ലഭിക്കുമ്പോഴെല്ലാം ബിസിനസിൽ ഭർത്താവിനെ സഹായിക്കാനെത്തും.

സ്ഥാപനം തുടങ്ങിയിട്ട് രണ്ടര വർഷമേ ആയിട്ടുള്ളൂവെങ്കിലും ശരാശരി ആറു ലക്ഷം രൂപയുടെ കച്ചവടമാണ് പ്രതിമാസം ഉള്ളത്. കോവിഡ് പ്രതിസന്ധി എല്ലാവരെയും പോലെ ശിവലാലിനെയും ബാധിച്ചിരുന്നു. അതിനുശേഷം കരകയറി വരുന്നതേയുള്ളൂ. ശരാശരി ഒന്നര ലക്ഷം രൂപയോളമാണ് ഇപ്പോൾ ലഭിക്കുന്ന അറ്റാദായം. നിലവിലെ ഉൽപാദനശേഷി 3 മെട്രിക് ടൺ ആണെങ്കിലും അതിലുമേറെ ഡിമാൻഡുണ്ട്. അതുകൊണ്ട് ഉൽപാദനശേഷി 5 മെട്രിക് ടൺ ആയി ഉയർത്തുകയാണ് ഈ യുവസംരംഭകന്റെ അടുത്ത ലക്ഷ്യം. 

പുതുസംരംഭകർക്ക്

സാധാരണ കണ്ടുവരുന്ന സംരംഭം ആണെങ്കിലും േവറിട്ടുചെയ്യാൻ കഴിയുക എന്നതു വളരെ പ്രധാനമാണ്. ഉൽപാദനച്ചെലവ് ചുരുക്കി കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കിയാൽ ഭക്ഷ്യ എണ്ണ ഉൽപാദന–വിതരണരംഗത്ത് വലിയ സാധ്യതകൾ ഉണ്ട്. ഇതുപോലുള്ള സംരംഭങ്ങൾക്ക് 25 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. സബ്സിഡി 35% ആണ്. തുടക്കത്തിൽ 5 ലക്ഷം രൂപയുടെ വിറ്റുവരവ് പ്രതിമാസം നേടിയാൽപോലും ഒരു ലക്ഷം രൂപയെങ്കിലും അറ്റാദായമായി കിട്ടും.

English Summary : Success story of an Oil Extracting Unit 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com