ADVERTISEMENT

സ്വന്തമായി ഡിസൈൻ ചെയ്ത് നിർമിച്ച ഉൽപന്നവുമായി ഒരു കൊച്ചുപയ്യൻ കൊച്ചിയിലെ ചില ഡീലർമാരെ സമീപിച്ചു. ഒറ്റമുറി വാടകഷെഡിൽ നിർമിച്ചതാണെങ്കിലും വമ്പൻ ബ്രാൻഡുകളെക്കാൾ കൂടിയ വിലയുള്ള ആ ഉൽപന്നം കടയിൽ വയ്ക്കാൻ പോലും ഡീലർമാർ തയ്യാറായില്ല. പക്ഷേ, ഉയർന്ന കമ്മിഷൻ വാഗ്ദാനം ചെയ്ത് ആ യുവാവ് അവരെക്കൊണ്ട് സമ്മതിപ്പിച്ചു. അങ്ങനെ ഓരോ മാസവും 30 എണ്ണം വീതമുണ്ടാക്കി പഴയൊരു സ്കൂട്ടറിൽ കയറ്റി കടകളിൽ എത്തിച്ചുനൽകി ബിസിനസിൽ ചുവടുവച്ചു

നാലര പതിറ്റാണ്ടു മുൻപായിരുന്നു ഇത്. ഇന്ന് കാലവും കഥയും മാറി. ഇപ്പോൾ ഒരു മാസം രണ്ടു ലക്ഷം ഉൽപന്നമാണ് അദ്ദേഹം രാജ്യമെമ്പാടുമായി വിൽക്കുന്നത്. പുറമേ ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നീണ്ടനിരയും വിവിധ സംസ്ഥാനങ്ങളിൽ നിർമാണ യൂണിറ്റുകളും രാജ്യമെമ്പാടും വിപണന ശൃംഖലയുമായി. തീർന്നില്ല, എന്‍റർടെയിൻമെന്റ് ബിസിനസിലും ഗാർമെന്റ് വ്യവസായത്തിലും നിർമാണമേഖലയിലും ഏറെ ജനപ്രിയ ബ്രാൻഡുകളും ഇന്ന് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ട്.

പറഞ്ഞുവരുന്നത്, വ്യവസായ കേരളത്തിന്റെ അഭിമാനമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെക്കുറിച്ചും അദ്ദേഹത്തിന്റെ വി ഗാർഡ് ഗ്രൂപ്പിനെക്കുറിച്ചുമാണ്.

അന്ന് കെൽട്രോൺ, ടാറ്റ നെൽകോ എന്നിവയുടെ സ്റ്റെബിലൈസറിനെക്കാൾ കൂടിയ വില ഇടാൻ എങ്ങനെ ധൈര്യം വന്നുവെന്ന് അദ്ദേഹത്തോടു ചോദിച്ചാൽ ‘എന്റെ സ്റ്റെബിലൈസറിനു മറ്റുള്ളവയെക്കാൾ ഏറെ മേന്മ ഉണ്ടെന്ന് എനിക്ക് ഉറപ്പുള്ളതുകൊണ്ട്’ എന്നാവും ഉത്തരം.

സ്വന്തം ഉൽപന്നത്തെക്കുറിച്ചുള്ള ഇതേ ആത്മവിശ്വാസമാണ് കാൽനൂറ്റാണ്ടിനുശേഷം അമ്യൂസ്മെന്റ് പാർക്ക് എന്ന ആശയവുമായി എത്തുമ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നത്. ഇത്തരം പാർക്കിൽ ആളു കേറുമോ എന്ന് കൺസൽറ്റന്റുമാർ പോലും സംശയിച്ചപ്പോൾ എൻട്രി ഫീസായി 200 രൂപ നിശ്ചയിച്ച് എല്ലാവരെയും ഞെട്ടിച്ചു. പക്ഷേ, കൊച്ചൗസേപ്പായിരുന്നു ശരിയെന്ന് വൈകാതെ തെളിഞ്ഞു.

26–ാം വയസ്സിൽ നിർമാണ സംരംഭം

തിരുവനന്തപുരത്തെ ടെലിക്സിൽ മൂന്നു വർഷം ട്രെയിനിയായിരുന്ന അനുഭവവുമായാണ് അദ്ദേഹം സ്വന്തം സംരംഭമെന്ന ലക്ഷ്യത്തിലേക്ക് ഇറങ്ങിയത്. വീട്ടുകാരടക്കം എതിർത്തു. വിഡ്ഢിത്തം എന്നു ബന്ധുക്കളും പരിചയക്കാരും. ബാങ്കുകൾ വായ്പ നൽകിയില്ല. ആദ്യം ഒപ്പം നിന്ന രണ്ടുപേർ പിന്മാറി. എന്നിട്ടും ധൈര്യത്തോടെ സ്റ്റെബിലൈസർ നിർമിച്ചുകൊണ്ട് 1977 ൽ കൊച്ചിയിൽ വി ഗാർഡിനു കൊച്ചൗസേപ്പ് തുടക്കമിട്ടു.

150 രൂപയിൽനിന്ന് 4000 കോടിയിലേക്ക്

ഒരു സെക്കൻഡ് ഹാൻഡ് ലാംബി സ്കൂട്ടറും പിതാവു നൽകിയ ഒരു ലക്ഷം രൂപയുമായിരുന്നു വി ഗാർഡിന്റെ പ്രാരംഭ മൂലധനം. രണ്ടു ജീവനക്കാരുമായി തുടങ്ങിയ ഗ്രൂപ്പിൽ ഇന്ന് നാലു കമ്പനികൾ, മൊത്തം വിറ്റുവരവ് 4000 കോടി രൂപ.

വി ഗാർഡ് ഇൻഡസ്ട്രീസ്, വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് എന്നിവ ലിസ്റ്റഡ് കമ്പനികളാണ്. ഇവയുടെ വിപണിമൂല്യം ഇപ്പോൾ 11,000 കോടി രൂപ വരും. വി സ്റ്റാർ ക്രിയേഷൻസ്, വീഗാലാൻഡ് ഡവലപ്പേഴ്സ് എന്നിവയാണ് മറ്റ് സ്ഥാപനങ്ങൾ.

വി ഗാർഡ്, വണ്ടർലാ എന്നിവ മക്കളെ ഏൽപ്പിച്ച് ഈ കമ്പനികളുടെ ‘ചെയർമാൻ എമിരറ്റസ്’ പദവി മാത്രമാണ് കൊച്ചൗസേപ്പ് ഇപ്പോൾ വഹിക്കുന്നത്.കൂടാതെ വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. ഭാര്യ ഷീല വി സ്റ്റാർ ക്രിയേഷൻസിന്റെ മാനേജിങ് ഡയറക്ടർ. മൂത്തമകൻ അരുൺ വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് ബിസിനസ് തലവനും ഇളയമകൻ മിഥുൻ വി ഗാർഡ് മാനേജിങ് ഡയറക്ടറുമാണ്.

വിജയം ഉറപ്പാക്കിയ തുടക്കം

തുടക്കം നല്ലതായാൽ തന്നെ പകുതി വിജയിച്ചു. ഏറെ സാധ്യതയുള്ള ഉൽപന്നം തിരഞ്ഞെടുത്തു എന്നതാണ് വി ഗാർഡിന്റെ വിജയം ഉറപ്പാക്കിയത്. ട്രെയിനിയായിരിക്കുമ്പോൾ തന്നെ സ്റ്റെബിലെസറിനെക്കുറിച്ചു നന്നായി മനസ്സിലാക്കി. അന്ന് വോൾട്ടേജ് കുറവും പവർകട്ടും മൂലം പല ഇലക്ട്രിക്കൽ ഉൽപന്നങ്ങളും പ്രവർത്തിക്കാറില്ലായിരുന്നു. അതുകൊണ്ട് സ്റ്റെബിലൈസറിന് ഏറെ ആവശ്യക്കാരുണ്ടാകുമെന്നു മനസ്സിലാക്കി. ആളുകൾ കൂട്ടത്തോടെ ഗൾഫിൽ പോകുന്ന സമയമായിരുന്നു. അവർ വീടുകളിൽ ഫ്രിഡ്ജും ടിവിയും വാങ്ങി ത്തുടങ്ങിയോടെ സ്റ്റെബിലൈസറിന്റെ ഡിമാൻഡും കുതിച്ചുയർന്നു.

വോൾട്ടേജിന്റെ ആദ്യ അക്ഷരം ആയ ‘വി’യും സംരക്ഷണം എന്നതിന്റെ ‘ഗാർഡും’ ചേർത്ത് വി ഗാർഡ് എന്നു പേരിട്ടു. പുതുമയാർന്ന ആകൃതിയും ഹൈക്വാളിറ്റി പെയിന്റിങ്ങും വഴി തുടക്കത്തിൽ തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇനി പവർ കട്ട് ഇല്ലെന്ന പ്രഖ്യാപനങ്ങൾ ഷോക്കടിപ്പിച്ചെങ്കിലും പവർകട്ട് തുടർന്നു, കൊച്ചൗസേപ്പിന്റെ നല്ല കാലവും.

kochouseph5

സമയത്തുള്ള വൈവിധ്യവൽക്കരണം

പ്രതിസന്ധികൾ അവസരങ്ങളാണെന്ന് എല്ലാവരും പറയാറുണ്ടെങ്കിലും അത് അക്ഷരാർഥത്തിൽ കൊച്ചൗസേപ്പ് തെളിയിച്ചു. വൈദ്യുതി ഗുണനിലവാരം മെച്ചപ്പെട്ടതോടെ സ്റ്റെബിലൈസർ വിൽപനയിൽ കുറവു വരും എന്നു തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഇലക്ട്രോണിക് ക്ലോക്ക് നിർമാണം ആരംഭിച്ചത്. തുടക്കത്തിൽ വൻ വിജയമായിരുന്നെങ്കിലും വൈകാതെ വിൽപനയിടിഞ്ഞു. തുടർന്ന് വാട്ടർ പമ്പ്, കേബിൾ, ഗീസർ, സോളർ ഹീറ്റർ, ഫാനുകൾ, യുപിഎസ് എന്നിവയിലേക്ക് വൈവിധ്യവൽക്കരിച്ചു. കേരളത്തിലെ സാഹചര്യം പരിഗണിച്ച് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ യൂണിറ്റുകളും സ്ഥാപിച്ചു. 40 വർഷത്തെ കഠിനാധ്വാനത്തിൽ വി ഗാർഡ് 3000 ജീവനക്കാരും 3500കോടി രൂപ വാർഷിക വിറ്റുവരവും 9,500 കോടി രൂപ വിപണിമൂല്യവുമുള്ള കമ്പനിയായി വളർന്നു.

പങ്കാളിയും ബിസിനസിലേക്ക്

കേരളത്തിൽ ചുരിദാർ ഉപയോഗിച്ചു തുടങ്ങിയ സമയത്താണ് ഷീല കൊച്ചൗസേപ്പ് വി സ്റ്റാർ ക്രിയേഷൻസിനു ജന്മം കൊടുത്തത്. ഹോം സയൻസ് ബിരുദധാരിയായ ഷീല അതിനായി ഡ്രസ് മേക്കിങ് പഠിച്ചു. ഭർത്താവ് നൽകിയ പണവുമായി 10 സ്ത്രീകളുടെ കൂട്ടായ്മയിൽ തുന്നൽ യൂണിറ്റ് തുടങ്ങി. ഷീല കടകളിൽ നേരിട്ട് എത്തിയെങ്കിലും കടയുടമകൾ സാമ്പിളുകൾ പോലും പരിശോധിക്കാതെ മടക്കി. പക്ഷേ, പിതാവിന്റെ ബിസിനസ് പാരമ്പര്യവും ജീവിതപങ്കാളിയുടെ പിൻബലവും ഷീലയ്ക്ക് ധൈര്യം പകർന്നു. .പതുക്കെ ഓർഡറുകൾ ലഭിച്ചുതുടങ്ങി. 2000 ഓടെ വിൽപന 15 കോടിയിലെത്തി.

kochouseph3

ഇന്നർവെയറിലേക്ക്

നാലഞ്ചു വർഷം ചിന്തിച്ചും പഠിച്ചും ആണ് ഇന്നർവെയറിലേക്ക് കടന്നത്. ബ്രായുടെ പരസ്യങ്ങൾ വിവാദമായെങ്കിലും വി ഗാർഡ് പരസ്യം പോലെ ഇതിനെ കണ്ടാൽ മതിയെന്നായിരുന്നു ഷീലയുടെ നിലപാട്. ഇപ്പോൾ 140 കോടി വാർഷിക വിറ്റുവരവും തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന, ഗൾഫ് എന്നിവിടങ്ങളിൽ നല്ല വിപണിയുമുണ്ട്. വനിതാ സംരംഭങ്ങളുടെ കൂട്ടായ്മയിൽ നിർമാണം ഭംഗിയായി നടന്നു വരുന്നു. 22 എക്സ്ക്ലൂസീവ് ഷോറൂമുകളും കേരളത്തിൽ 4000 ത്തോളം ഡീലേഴ്സും വി സ്റ്റാറിനുണ്ട്. ലഗിൻസും ലഗിൻസ് പോലെ വലിയുന്ന ബ്ലൗസും ഏറെ സ്വീകരിക്കപ്പെട്ട പുതുമകളായിരുന്നു. വ്യത്യസ്ത രൂപത്തിലും നിറങ്ങളിലും ഉള്ള ഉൽപന്നങ്ങൾ വി സ്റ്റാറിനെ വേറിട്ടതാക്കി.

വീഗാലാൻഡും വണ്ടർലായും

അമേരിക്കയിലെ ഡിസ്നി വേൾഡ് അടക്കം വിദേശയാത്രയിലെ കാഴ്ചകളാണ് ‘വീഗാലാൻഡ്’ എന്ന വാട്ടർ തീം പാർക്ക് കൊച്ചിയിൽ തുടങ്ങാൻ പ്രേരണയായത്. അപ്പോഴേക്കും കൊച്ചൗസേപ്പ് വിജയിച്ച വ്യവസായിയായെങ്കിലും അമ്യൂസ്മെന്റ് പാർക്കിന് വായ്പ നൽകാനാകില്ലെന്നു ബാങ്കുകൾ പറഞ്ഞു. ഏറെ പ്രയാസപ്പെട്ട് കാര്യങ്ങൾ ബോധിപ്പിച്ചാണ് വായ്പ തരപ്പെടുത്തിയത്. റൈഡുകൾ പലതും പുറം രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തു. ചിലത് ഡിസൈൻ ടീമിനെ വച്ച് ഇവിടെ നിർമിച്ചു. 22 കോടി രൂപ നിർമ‍ാണച്ചെലവിൽ 2000 ൽ വീഗാലാൻഡ് അമ്യൂസ്മെന്റ് പാർക്ക് പ്രവർത്തനം തുടങ്ങിയതോടെ പള്ളിക്കര ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറി.ഇന്നു നൂറുകണക്കിനു കുടുംബങ്ങളാണ് പരോക്ഷമായി പാർക്കുമായി ബന്ധപ്പെട്ടു ജീവിക്കുന്നത്.

kochouseph4

പുതുമകളും പരീക്ഷണങ്ങളും

അമ്മു എന്ന ആനക്കുട്ടിയെ വാങ്ങി പന്ത് തട്ടാനും മാലയിടാനും സ്വിച്ച് ഇടാനുമൊക്കെ പഠിപ്പിച്ചു. അതോടെ അമ്മുവിന്റെ ഷോ കാണാൻ തിരക്കായി. ഇതുപോലെ പല പരീക്ഷണങ്ങളും പാർക്കിൽ നടത്തിയിട്ടുണ്ട്. കുട്ടികളാണ് വണ്ടർലായുടെ ഉപയോക്താക്കൾ. രണ്ടാമത്തെ പാർക്ക് വണ്ടർല എന്ന പേരിൽ ബെംഗളൂരു, 2005 ൽ തുടങ്ങി. മൂന്നാമത്തേത് ഹൈദരാബാദിൽ 2016 ൽ കമ്മിഷൻ ചെയ്തു. നാലാമത്തെ പാർക്ക് ചെന്നൈയിൽ ഉടനെ തുടങ്ങും. പാർക്കുകളെല്ലാം വണ്ടർലാ എന്ന പൊതു ബ്രാൻഡിലാണ് അറിയപ്പെടുന്നത്.

പുതിയ തലമുറയ്ക്കു ചുമതല

kochouseph6

‘‘വി- ഗാർഡ്, വണ്ടർലാ എന്നിവയുടെ ചുമതല മക്കളെ ഏൽപിച്ചു. അതോടെ ഞാൻ തൊഴിൽ രഹിതൻ ആയി. അങ്ങനെ പണി കണ്ടെത്താനായി കൺസ്ട്രക്ഷനിലേക്ക് തിരിയുകയായിരുന്നു.’’ കേരളത്തിലെ റിയൽ എസ്റ്റേറ്റ് തിരിച്ചടി നേരിട്ട സമയത്ത് വീഗാലാൻഡ് ഡവലപ്പേഴ്സ് തുടങ്ങിയതിനെക്കുറിച്ച് കൊച്ചൗസേപ്പ് പറയുന്നു. എന്നാൽ, ശരിയായി ബിസിനസ് മാനേജ് ചെയ്യുന്ന ഒരാൾക്ക് പ്രതിസന്ധി പ്രശ്നമല്ല എന്നു തെളിയിച്ചു കമ്പനി മുന്നേറുകയാണ്. വണ്ടർലായുടെ നിർമാണത്തിലൂടെ നേടിയ അറിവും ഇവിടെ കരുത്തായി. വീഗാലാൻഡ് ഡവലപ്പേഴ്സിനു ആറ് പദ്ധതികളാണ് നിലവിലുള്ളത്. 2021–22 സാമ്പത്തികവർഷം 140 കോടി രൂപ വിറ്റുവരവു നേടിയ ഇൗ കമ്പനിയിൽ 60 ജീവനക്കാരുണ്ട്.

സൗമ്യം, ശക്തം

സൗമ്യമായും പുഞ്ചിരിയോടെയും ആണ് കൊച്ചൗസേപ്പിനെ കാണാൻ കഴിയുക. ശാന്തമായി പ്രശ്നങ്ങൾ നേരിടുന്ന രീതിയാവണം അദ്ദേഹത്തിനു കേരളത്തിൽ വിജയം സമ്മാനിച്ചതും. അതേസമയം തന്റെ നിലപാടുകളും പ്രതികരണങ്ങളും ശക്തമായി സമൂഹത്തിൽ എത്തിക്കാൻ അദ്ദേഹത്തിനു കഴിയുന്നുമുണ്ട്.

സ്വപ്നത്തിൽ ചിറ്റിലപ്പിള്ളി സ്ക്വയർ

സ്വപ്ന പദ്ധതിയായി ഇനി മനസ്സിൽ ഉള്ളത് ചിറ്റിലപ്പിള്ളി സ്ക്വയർ ആണ്. നഗരമധ്യത്തിൽ 11 ഏക്കർ സ്ഥലത്ത് പൊതു പാർക്കും കൺവൻഷൻ സെന്ററും അടക്കമുള്ള പദ്ധതിയാണിത്.

ജീവകാരുണ്യവും വിജയീഭവയും

സ്വന്തം വൃക്ക പോലും ദാനം നൽകിയ ജീവകാരുണ്യ പ്രവർത്തകനാണ് അദ്ദേഹം. ദീർഘകാലമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നു. അമ്മയുടെ ആഗ്രഹപ്രകാരം നാട്ടിൽ ഓൾഡേജ് ഹോം, ഗേൾസ് ഹോം എന്നിവയും തുടങ്ങി. പുതുസംരംഭകരെ സഹായിക്കുവാൻ ‘വിജയീ ഭവ’ എന്ന ട്രെയിനിങ് ക്യാംപും നല്ല രീതിയിൽ സംഘടിപ്പിക്കുന്നു.

കോടീശ്വരൻമാരെ സൃഷ്ടിച്ച ഓഹരികൾ

kochouseph1

പിതാവു തന്ന ഒരു ലക്ഷം രൂപ കഴിഞ്ഞാൽ വി ഗാർഡ് ഗ്രൂപ്പിലെ ബാക്കി എല്ലാം നാട്ടുകാരുടെ പണമാണെന്ന് കൊച്ചൗസേപ്പ് പറയും. പക്ഷേ, നാട്ടുകാരുടെ പണം കൊണ്ട് ബിസിനസ് സാമ്രാജ്യം തീർത്ത അദ്ദേഹം ആയിരക്കണക്കിനു പേരെ സമ്പന്നരാക്കി, സ്വന്തം കമ്പനിയുടെ ഓഹരിയിലൂടെ.

2008 - മാർച്ച് 13ന് വി ഗാർഡ് ഓഹരികൾ സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു. നിലവിൽ ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ വില 222 രൂപയാണ്. ലിസ്റ്റ് ചെയ്തപ്പോൾ 8,200 രൂപയ്ക്ക് 100 ഓഹരികൾ വാങ്ങിയവർക്ക് 2017 മാർച്ചിൽ അതിന്റെ മൂല്യം 2,42,620 രൂപയായി ഉയർന്നു. ഐപിഒ സമയത്ത് അഞ്ചു ശതമാനം വിഹിതം ലഭിച്ചതിനാൽ ജീവനക്കാർക്കും നല്ല നേട്ടം കിട്ടി. 2014 ൽ വണ്ടർലായുടെ പബ്ലിക് ഇഷ്യൂവിനും നല്ല സ്വീകരണം ലഭിച്ചു. പത്തു രൂപ മുഖവിലയുള്ള ഓഹരി 125 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. ഇപ്പോൾ 250 രൂപ നിലവാരത്തിലാണ്

കർഷകകുടുംബത്തിൽനിന്നു
വ്യവസായസാമ്രാജ്യത്തിലേക്ക്

തൃശൂരിലെ പരപ്പൂർ എന്ന ചെറുഗ്രാമത്തിൽ ചിറ്റിലപ്പിള്ളി തോമസിന്റെ ആറുമക്കളിൽ മൂന്നാമനായി സാദാ കർഷക കുടുംബത്തിൽ ജനിച്ച്, മലയാളം മീഡിയം സ്കൂളിൽ പഠിച്ച കൊച്ചൗസേഫ്, താനൊരു ബിസിനസുകാരനാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
ക്രൈസ്റ്റ് കോളജിലും സെന്റ് തോമസ് കോളജിലും പഠിക്കുമ്പോഴും ശാസ്ത്രജ്ഞൻ ആകുകയായിരുന്നു സ്വപ്നം. ഫിസിക്സിൽ
എംഎസ് സി പാസായി ട്രെയിനിയായതോടെയാണ് സ്വന്തം സംരംഭം സ്വപ്നം കണ്ടുതുടങ്ങിയത്. ഇലക്ട്രോണിക്സിലെ അറിവും മൂന്നു വർഷത്തെ തൊഴിൽ പരിചയവുമായിരുന്നു മൂലധനം.

യുവാക്കളോട്
കൊച്ചൗസേപ്പ് പറയുന്നു

‘‘ഇപ്പോൾ സ്റ്റാർട്ടപ്പ് തുടങ്ങാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ വലിയ പ്രോത്സാഹനം നൽകുന്നുണ്ട്. വായ്പയും ആവശ്യാനുസരണം ലഭ്യമാണ്. ഈ അവസരം ഉപയോഗിക്കണം. പ്രശ്നങ്ങളെ ധൈര്യമായി നേരിടുക. പുത്തൻ ടെക്നോളജി മനസ്സിലാക്കാനും നടപ്പാക്കാനുള്ള എന്റെ അഭിരുചിയാണ് വിജയിക്കാൻ സഹായിച്ചത്. പക്ഷേ, ബിസിനസിൽ വിജയിക്കാൻ ഫിനാൻസും മാർക്കറ്റിങ്ങും കൂടി മനസ്സിലാക്കണം. ഉൽപന്നത്തിന്റെ/ സേവനത്തിന്റെ ഗുണമേന്മയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം. ബിസിനസിൽ എപ്പോഴും വെല്ലുവിളികൾ ഉണ്ടായിക്കൊണ്ടിരിക്കും. പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിഞ്ഞാലേ വിജയിക്കാനാകൂ. ഒത്തിരി കാര്യങ്ങളുടെ ആകത്തുകയാണ് ബിസിനസിന്റെ വളർച്ച. പിന്നെ എനിക്ക് അൽപം ഭാഗ്യം കൂടിയുണ്ടായിരുന്നു.’’

English Summary : Success Story of Business Tycoon Kochouseph Chittilappilly

 



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com