ADVERTISEMENT

ഇലോൺ മസ്കിനെ പോലെയാകാൻ എന്തു ചെയ്യണം എന്ന് ഇന്റർനെറ്റിൽ തിരഞ്ഞ് ഭ്രാന്ത് പിടിച്ചിരിക്കുന്ന ചെറുപ്പക്കാരോട് വിജയിക്കാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി എന്ന് അദ്ദേഹം പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്കിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അതി നൂതനമായ ആശയങ്ങൾ കൊണ്ട് ആബാല വൃദ്ധം ആളുകളെയും കോരിത്തരിപ്പിച്ചു കൊണ്ടിരിക്കയല്ലേ അദ്ദേഹം ഇപ്പോൾ.

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ നിന്ന് അമേരിക്കയെന്ന സ്വപ്ന ഭൂമിയിലേക്ക് വന്നതായിരുന്നു ഇലോൺ മസ്കിന്റെ ജീവിതത്തിലെ വഴിതിരിവ്. ചെറുപ്പം മുതലേ സഹപാഠികളുടെ അടിയും ഇടിയും ആട്ടും തുപ്പും കേട്ട് മനസ് നോവുമ്പോൾ മനസിൽ ആവർത്തിച്ച് ഉരുവിട്ടു കൊണ്ടിരുന്നു വിജയിക്കണം..എന്നിട്ട് ഇവന്മാർക്ക് കാണിച്ചു കൊടുക്കണം താൻ ആരാണെന്ന്. 

പുതുമ, എന്തിലും

കുടുംബത്തിലെ അസ്വസ്ഥതകളും മാതാപിതാക്കളുടെ വേർപിരിയലും അമ്മയുടെ കഷ്ടപ്പാടുകളും മനസ്സിലെ ആഗ്രഹങ്ങളുടെ തീഷ്ണത കൂട്ടി. ചെറുപ്പം മുതലേ കമ്പ്യൂട്ടർ പ്രോഗ്രാമിങ് വലിയ ഇഷ്ടമായിരുന്നു. 12-ാം വയസ്സിൽ വിഡിയോ ഗെയിമുണ്ടാക്കി വിറ്റ് ബിസിനസ്സിന്റെ ബാലപാഠങ്ങൾ പഠിച്ചു. എന്തു ചെയ്താലും അതിലൊരു ഇന്നൊവേഷൻ ഉണ്ടാകും. ആരും ചെയ്യാത്തത് ചെയ്തു കാണിക്കാനുള്ള തന്റേടം . കോളജ് പഠനകാലത്താണ് പേപാലിലേക്ക് നയിച്ച കണ്ടുപിടുത്തം.

കൈയിൽ നയാ പൈസയില്ലെങ്കിലും ഗട്സിന് ഒരു കുറവുമില്ല. ഇത്തിരി പോന്ന തലച്ചോറിലാണെങ്കിൽ ലോകത്തെ മാറ്റിമറിക്കാൻ പറ്റിയ ആശയങ്ങളും. 

ആശയങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത മസ്കിനെ തുണച്ചത് അമേരിക്കയിലെ ഏഞ്ചൽ നിക്ഷേപകരാണ്. സ്പേസ് X, ടെസ് ല, ന്യൂറാ ലിങ്ക്, ഓപൻ എ ഐ, ഹൈപ്പർ ലൂപ് അങ്ങനെ പോകുന്നു ഇലോൺ മസ്കിന്റെ സംരംഭങ്ങളുടെ ലിസ്റ്റ്. ഒടുവിലിതാ ട്വിറ്ററിലും നോട്ടമിട്ടിരിക്കുന്നു. ട്വിറ്റർ വാങ്ങൽ നടപടി തൽക്കാലം പെന്‍ഡിങ്ങാണെങ്കിലും ഇനി അടുത്തത് എന്ത് എന്ന് ലോകം ഉറ്റുനോക്കുകയാണ്. 

ആശയങ്ങളുടെ തമ്പുരാൻ

ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിച്ച് അവിടെ വച്ച് മരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. നവം നവങ്ങളായ ആശയങ്ങൾ കൊണ്ട് ലോകത്തെ രോമാഞ്ചം കൊള്ളിച്ചു കൊണ്ടിരിക്കുന്ന ഇലോൺ മസ്കിനെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആക്കിയത് ടെസ്‌ലയാണ്.

elon-musk-in-twitter

ആർക്കും വിജയിക്കാം ഇക്കാര്യങ്ങൾ ചെയ്താൽ എന്നാണ് ഇലോൺ മസ്ക് പറയുന്നത്.

1. നമ്മളെ ചെറുതാക്കി കാണുന്നവരെ നമ്മൾ ചെയ്യാൻ പോകുന്നത് നടക്കില്ല എന്നു പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരെ ഒരിക്കലും വിശ്വസിക്കരുത്.

2. റിസ്ക് എടുക്കാനായി തയ്യാറാവുക. 

3. ഏറ്റവും വിലപ്പെട്ട കാര്യങ്ങൾ ചെയ്യുക. അനാവശ്യ കാര്യങ്ങൾക്കു പിന്നാലെ പോകാതിരിക്കുക.

4. ലക്ഷ്യം ശരിയാണെങ്കിൽ മുമ്പോട്ടു പോകാനുള്ള സിഗ്നൽ ഉള്ളിൽ നിന്ന് കിട്ടും. അത് പ്രകാരം പോവുക. ആളുകൾ അതുമിതും പറഞ്ഞ് തടയും. അത് ശ്രദ്ധിക്കരുത്.

5. ജനങ്ങളുടെ ആവശ്യത്തിന് ഉതകുന്ന കാര്യങ്ങൾ കണ്ടെത്തി ചെയ്യുക. ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുന്ന കണ്ടുപിടുത്തമാണെങ്കിൽ പിന്നാലെ നമുക്ക് വേണ്ടതെല്ലാം വന്നുചേരും.

6. നല്ല കഴിവുള്ളവരെ പ്രത്യേകിച്ച് നല്ല സാമർത്‌ഥ്യമുള്ളവരെ കണ്ടെത്തി കൂടെ നിർത്തുക.

7. മഹത്വമാർന്ന ഉൽപന്നമോ സേവനമോ അവതരിപ്പിക്കുക. ടെസ്‌ല തന്നെ ഉദാഹരണം. കാറുകൾക്ക് ഒരു പുതിയ ചരിത്രം അല്ലേ ടെസ് ല കുറിച്ചത്.ഡിമാന്റനുസരിച്ച് ഇപ്പോൾ കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇനി ചെറുതും വലുതുമായ വ്യത്യസ്ത മോഡലുകളും കൂടി ഇറക്കിയാലോ. ഒറ്റ ചാർജിംഗിൽ 1500 - 2000 കിലോമീറ്റർ പോകാവുന്ന ലിഥിയം അയേൺ ബാറ്ററി കൂടി വന്നാലോ. വീണ്ടും ഡിമാന്റുയരും. 

8. അതി കഠിനമായി ജോലി ചെയ്യുക. മറ്റുള്ളവർ ആഴ്ചയിൽ അഞ്ച് ദിവസം ജോലി ചെയ്യുന്നിടത്ത് ഏഴു ദിവസവും ജോലി ചെയ്യാൻ തയ്യാറാവുക.

9. ഒരു ട്രെന്റിന്റെ പിന്നാലെ പോകരുത്. വരുംകാലത്ത്  വലിയ മാറ്റം കൊണ്ടുവരാൻ പറ്റുന്ന ഒന്ന് കണ്ടുപിടിക്കുക.

10. ഇഷ്ടപ്പെട്ട കാര്യം മാത്രമേ ചെയ്യാവു. ആരുടെയും നിർബന്ധത്തിനു വഴങ്ങി ഒന്നും ചെയ്യരുത്.

11. പരാജയത്തെ പേടിക്കരുത്. അത് സുപ്രധാനമായതെന്തോ വരാനുള്ളതിന്റെ മുന്നോടിയായി കാണുക.

12. പുതിയ കഴിവുകൾ ആർജിക്കുക. കാലം മാറുന്നതിനനുസരിച്ചുണ്ടാകുന്ന സാങ്കേതിക വിദ്യയുൾപെടെയുള്ള കാര്യങ്ങൾ സ്വായത്തമാക്കുക.

13. സൃഷ്ടിപരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുക. 

14. തികഞ്ഞ ശുഭാപ്തിവിശ്വാസിയായിരിക്കുക. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ഞാൻ വിജയിക്കും എന്ന് മനസിൽ പറഞ്ഞു കൊണ്ടേയിരിക്കുക.

15. എതിരാളിയെ തിരിച്ചറിയുക. അവരെ കടത്തി വെട്ടാൻ കരു നീക്കം നടത്തുക.

16. ഒന്നാമത്തെ തത്വം മുതൽ തുടങ്ങുക. അങ്ങേയറ്റം ദൃഢനിശ്ചയത്തോടെ നീങ്ങുക

17. വലിയ കാര്യത്തിൽ ശ്രദ്ധ ഊന്നുക. കൊച്ച് കല്ലെടുക്കാനല്ല വലിയ പാറ ഉരുട്ടാൻ ശ്രമിക്കണം.

18. ഒരു കാര്യത്തിനു ഇറങ്ങി തിരിക്കുമ്പോൾ മോശമായതെന്ത് സംഭവിച്ചാലും നേരിടുമെന്ന് ഉറപ്പിച്ചിട്ട് വേണം മുന്നോട്ടു പോകാൻ.

19. വായിക്കണം. അറിവു നേടണം. ഏർപ്പെട്ടിരിക്കുന്ന മേഖലയെ കുറിച്ച് ഏറ്റവും പുതിയ അറിവുകൾ സമാഹരിക്കണം.

20. ഒരിക്കലും തോറ്റു പിന്മാറരുത്. അത്യധികം ആഗ്രഹമുള്ള വ്യക്തിയാവുക. എപ്പോഴും സ്വയം മെച്ചപ്പെടുത്തി കൊണ്ടിരിക്കുക.

21. ഒരു കഴുകനെ പോൽ നിങ്ങളുടെ ഭാവനകൾ ഉയർന്നു പറക്കണം. ശതകോടികൾ സ്വപ്നം കാണണം. ഒരു ട്രില്യനെയർ തന്നെ ആകാൻ ആഗ്രഹിക്കുക. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരെ സ്വാധീനിക്കാൻ പറ്റുന്നതായാൽ നിക്ഷേപകർ അന്വേഷിച്ചു വരും.

English Summary : The Success Secrets of Elon Musk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com