ADVERTISEMENT

വിലക്കിഴിവ് അഥവാ ‘ഡിസ്‌കൗണ്ട്’ വിപണിയിൽ എക്കാലത്തും ഏറെ സ്വീകാര്യതയുള്ള മാർക്കറ്റിങ് തന്ത്രമാണ്. ഡിസ്‌കൗണ്ടുകൾ പലതരത്തിലുണ്ട്.

1. പ്രത്യേക കിഴിവ്

ഡിസ്‌കൗണ്ടുകളിൽ ഏറ്റവും പഴക്കമുള്ള ഒന്നാണ് പ്രത്യേക കിഴിവ് എന്ന ‘സ്പെഷൽ ഓഫർ’. നിബന്ധനകൾക്കു വിധേയമായി വിലയുടെ നിശ്ചിത ശതമാനം കിഴിവ് നൽകുകയാണ് ഇവിടെ ചെയ്യുന്നത്. എന്നാൽ, ചില ‘വിരുതന്മാർ’ എംആർപി കൂട്ടിയിട്ട ശേഷം അതിൽ കിഴിവ് നൽകുന്നതു പോലെയുള്ള തന്ത്രങ്ങൾ അവലംബിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ തന്ത്രത്തിനു വിപണിയിൽ വിശ്വാസ്യത കുറവാണ്. എന്നിരുന്നാലും ഇപ്പോഴും ഏറെ പ്രചാരത്തിലുള്ള രീതിയാണിത്. 

2. ഒന്നെടുത്താൽ മറ്റൊന്ന് സൗജന്യം

വിൽപന കുറഞ്ഞ ഉൽപന്നത്തെ നന്നായി വിറ്റു പോകുന്ന മറ്റൊരു ഉൽപന്നത്തോടൊപ്പം ചേർത്ത് വിൽപന കൂട്ടുക എന്നതാണു ലക്ഷ്യം. കൂടുതലായി വിറ്റഴിക്കപ്പെടുന്ന ഉൽപന്നത്തിനൊപ്പം അതുമായി ബന്ധമുള്ള, എന്നാൽ തീരെ വിൽപന കുറഞ്ഞ ഉൽപന്നങ്ങൾ ചേർത്തു വയ്ക്കുകയാണ് അഭികാമ്യം.

3. കൂടുതൽ വാങ്ങിയാൽ കൂടുതൽ കിഴിവ്

എത്ര കൂടുതൽ അളവിൽ വാങ്ങുന്നോ, അത്രയും കിഴിവ് നൽകുകയെന്നത് മൊത്തവ്യാപാരത്തിൽ സ്ഥിരമായി കാണുന്ന രീതിയാണ്. ഇതു പിന്തുടരുന്നത് നിലവിലുള്ള ഉപയോക്താക്കളിലൂടെ പരമാവധി വിൽപന നേടാൻ സഹായിക്കും. ഇത്തരമൊരു രീതി ചില്ലറ വ്യാപാരത്തിൽ അധികം ഉപയോഗിക്കാറില്ല.

4. പ്രത്യേക സമയത്തെ കിഴിവ്

ചില ഉൽപന്നത്തിന്/സേവനത്തിന് ചില പ്രത്യേക സമയത്ത് ആവശ്യക്കാർ കൂടുകയും ചില സമയങ്ങളിൽ കുറയുകയും ചെയ്യും. ഉദാഹരണത്തിന്, കുടകൾക്ക് ഡിമാൻഡ് ഉയരുന്നത് മഴക്കാലത്താണല്ലോ. ഇത്തരം ഉൽപന്നങ്ങളുടെ വിൽപന കുറയുമ്പോൾ വിലക്കിഴിവ് നൽകിയാൽ ഒരു പരിധി വരെ വിൽപന പിടിച്ചു നിർത്താം. ഇതേ തന്ത്രം തിരക്ക് നിയന്ത്രിക്കാനും ഉപയോഗിക്കാം. ഉദാഹരണത്തിന് റെസ്റ്ററന്റുകളിൽ വൈകുന്നേരം 3 മുതൽ 6 വരെ തീരെ ആളുണ്ടാകില്ല. ഇത്തരം തിരക്കൊഴിഞ്ഞ സമയങ്ങളിൽ വിലക്കിഴിവ് നൽകാം.  

5. നിലവിലെ ഉപയോക്താക്കൾക്കുള്ള കിഴിവ്

ലോയൽറ്റി കാർഡുകൾ മുഖേന നൽകുന്ന ഡിസ്‌കൗണ്ടുകളാണിവ. വൻകിട കമ്പനികളാണ് ഇത് പരീക്ഷിക്കുന്നതെങ്കിലും ലഘുസംരംഭകർക്കും ശ്രമിക്കാവുന്നതാണ്. നിലവിലെ ഉപയോക്താക്കൾ നമ്മുടെ പ്രതിയോഗികളിലേക്ക് എത്തുന്നതിനെ കാര്യക്ഷമമായി തടയാൻ ഇതുപകരിക്കും.

6. റെഫറൽ ഡിസ്‌കൗണ്ട്

പുതിയ ഉപയോക്താവിനെ സ്ഥാപനത്തിലേക്കെത്തിക്കുന്ന നിലവിലെ ഉപയോക്താവിനു ലഭിക്കുന്ന കിഴിവാണിത്. ഓൺലൈൻ കമ്പനികൾ വളരെ ഫലപ്രദമായി ഈ തന്ത്രം ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ പുതിയ ഉപയോക്താക്കളെ വലിയ രീതിയിൽ ലഭിക്കും എന്നത് ലഘുസംരംഭകരെയും ഈ വഴിയേ നടക്കാൻ പ്രേരിപ്പിക്കുന്നു. 

ഇവിടെ സൂചിപ്പിച്ച ഓരോ തന്ത്രവും ഓരോരോ സാഹചര്യങ്ങൾക്കാണ് അനുയോജ്യമാകുക. ഒരേ മരുന്ന് എല്ലാ രോഗത്തിനും പ്രയോഗിക്കുന്നതു പോലെയാണ് എല്ലാ അവസരങ്ങളിലും ‘സ്പെഷൽ ഡിസ്‌കൗണ്ട്’ ആവർത്തിച്ചു നൽകുന്നത്. സംരംഭത്തിന്റെ നിലവിലെ ലക്ഷ്യമെന്താണ് എന്നതിനെ അടിസ്ഥാനമാക്കി വേണം ഏതു തരം കിഴിവാണു വേണ്ടതെന്നു തീരുമാനിക്കാൻ. ഒപ്പം നിലവിലെ ഡിസ്‌കൗണ്ട് അതത് സമയത്ത് ഉപയോക്താക്കളെ അറിയിക്കാനുള്ള പരസ്യപരിപാടികൾക്കും ശ്രദ്ധ നൽകണം

English Summary : Use Different Discounts for Business Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com