ADVERTISEMENT

ജീവിതത്തിൽ കരിയർ തിരഞ്ഞെടുപ്പിന്റെ ഘട്ടമെത്തിയപ്പോൾ ശ്രീജിത്തിന്റെ മനസ്സിൽ ഒരു വടംവലി നടന്നു. വടത്തിന്റെ ഒരറ്റത്തു സ്വന്തം ആഗ്രഹം, മറ്റേയറ്റത്തു രക്ഷിതാക്കളുടെ സ്വപ്നം! മോഹിച്ച കരിയർ ഫാഷൻ ഡിസൈനിങ്, വീട്ടുകാർക്കാകട്ടെ മകനെ ഡോക്ടറാക്കണം. എന്തായാലും എൻട്രൻസ് പരീക്ഷ എഴുതൂ എന്ന വീട്ടുകാരുടെ നിർദേശം തള്ളിക്കളഞ്ഞില്ല. ആദ്യ പട്ടികയിൽ സീറ്റു ലഭിക്കാതെ വന്നപ്പോൾ ആശ്വാസമായി. രണ്ടാം അലോട്മെന്റ് നിരാശപ്പെടുത്തിക്കളഞ്ഞു, വീട്ടുകാരുടെ ആഗ്രഹം പോലെ ഡോക്ടറാകാനാണ് അവസരം വന്നിരിക്കുന്നത്. പരിയാരം മെഡിക്കൽ കോളജിൽ അഡ്മിഷൻ കിട്ടി. അച്ഛന്റെയും അമ്മയുടെയും വാക്കുകൾക്കു മീതെ അമ്മയുടെ അമ്മ കട്ടയ്ക്കു കൂടെ നിന്നു; ഒറ്റ പ്രഖ്യാപനം!. ‘നിന്റെ ഇഷ്ടം എന്താന്നു വച്ചാൽ അതു പഠിച്ചാൽ മതി’എന്ന്. അന്നു മുത്തശ്ശിക്കു കൊടുത്ത വാക്കു പാഴായില്ല, ശ്രീജിത് ശ്രീകുമാർ എന്ന യുവ സംരംഭകൻ സ്ഥാപിച്ച ഫാഷൻ സ്ഥാപനം മെൻസ് അപ്പാരൽ കമ്പനി ജിയാക്ക ആൻഡ് അബിറ്റോ സർട്ടോറിയൽ ഫാഷൻ ഈ സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്നത് 20 കോടിയുടെ വരുമാനം.

അവനെ ഡോക്ടറൊന്നും ആക്കണ്ട!

അച്ഛൻ ശ്രീകുമാർ വക്കീലാണ്. അമ്മ ജയ അധ്യാപികയും. കുടുംബത്തിൽ അച്ഛന്റെ കസിൻസ് പലരും അഡിഷണൽ സെക്രട്ടറി മുതൽ ഉയർന്ന പദവി വഹിച്ചവർ. കുടുംബത്തിലെ മക്കളെല്ലാവരും ഭാവിയിൽ ഡോക്ടർമാരൊ ഐഎഎസുകാരോ ഒക്കെ ആകണം എന്നാണ് മുതിർന്നവരുടെ ആഗ്രഹം. കുടുംബാംഗങ്ങളിൽ മൂന്നു പേർ ഡോക്ടർമാർ ആകുകയും ചെയ്തു. അനുജത്തി എൻജിനയറിങാണ് പഠിച്ചതെങ്കിലും ബാങ്ക് ജോലിക്കാരിയായി. അഡിഷണൽ സെക്രട്ടറിയായി വിരമിച്ച അച്ഛന്റെ ജേഷ്ഠന്റെ തീരുമാനമാണ് വീട്ടിൽ പലപ്പോഴും അവസാന വാക്ക്. അവിടെ ഫാഷൻ എന്നൊക്കെ പറഞ്ഞാൽ അപ്പോൾ പുറത്താണ്. ഇവിടെയാണ് അമ്മമ്മ വന്നു പ്രഖ്യാപിച്ചത്, അവനെ ഡോക്ടറൊന്നും ആക്കണ്ട, ഇഷ്ടമുള്ളതു ചെയ്യട്ടേ എന്ന്. ഫീസ് അടച്ചോളാം എന്നും പറഞ്ഞതോടെ ബാക്കി എല്ലാവരും പിൻവാങ്ങി. റിട്ടയർ ചെയ്ത പിന്നാലെ സ്വന്തമായി ഒരു നഴ്സിങ് സ്കൂൾ തുടങ്ങി അവസാനം വരെ ജോലി ചെയ്ത സ്ത്രീയാണവർ. അൽപം പുരോഗമന ചിന്തകൾ സൂക്ഷിച്ചിരുന്നയാൾ. 

ക്ലാസിലെ ഒറ്റ മലയാളി..

ബംഗളുരു എൻഐഎഫ്ടിയിൽ ഫാഷൻ ടെക്നോളജി പഠിക്കാൻ എത്തുമ്പോഴാണ് പുതിയൊരു ലോകം കാണുന്നത്. ക്ലാസിലെ ഏക മലയാളി. കൊല്ലത്തു കിടക്കുന്ന ഒരു ഫാഷൻ പ്രേമി കാണുന്ന ലോകത്തിനു സ്വാഭാവികമായും പരിമിതികളുണ്ട്. ബംഗളുരുവിലെ പിന്നാക്കക്കാരാണ് നമ്മൾ. നമുക്ക് ആകെ അന്ന് അറിയുന്ന ബ്രാൻഡ് സീറോ ഒക്കെയാണ്. കൂടെ പഠിക്കാനെത്തിയവർ ഏറെയും നോർത്ത് ഇന്ത്യക്കാർ. അവർക്ക് എല്ലാ ലക്ഷ്വറി ബ്രാൻഡുകളും അറിയാമെന്നു മാത്രമല്ല, ഉപയോഗിക്കുന്നവരുമാണ്. അവിടെ വച്ചാണ് ഫാഷൻ കോഴ്സിനുള്ള എൻട്രൻസ് പരീക്ഷയ്ക്ക് കോച്ചിങ് സെന്ററുകളുണ്ടെന്നും, വർഷങ്ങളായി ഇതിനായി തയാറെടുത്തു വരുന്നവർക്കൊപ്പമാണ് പഠിക്കുന്നതെന്നുമൊക്കെ മനസ്സിലാക്കുന്നത്. 

പലരും പഠിച്ചു ഫാഷന്റെ ഗ്ലാമർ ലോകത്തേയ്ക്കു പോകുമ്പോൾ മറ്റൊരു കൂട്ടർ അറിയാത്ത കാര്യങ്ങൾ കൂടുതൽ പഠിച്ചു പുതിയ മേഖലകളിലേയ്ക്കു കടക്കും. ഡിസൈൻ രംഗത്തുള്ളവരുടെ കരിയർ ഡിസൈനർ, ഡിസൈൻ മാനേജർ, ഡിസൈൻ ഹെഡ്, ക്രിയേറ്റിവ് ഡയറക്ടർ എന്നൊക്കെയാണ്. പലരും ക്രിയേറ്റീവ് ഡയറക്ടറായി നിർത്തിക്കളയും. പക്ഷെ തന്റെ മനസിൽ കണക്കുകളോട് ഒരു പ്രണയുമുണ്ടായിരുന്നു. ലാഭവും നഷ്ടവുമെല്ലാം വരുന്ന കണക്കിൽ. അവിടെ നിന്നാണ് ലാഭ നഷ്ടങ്ങളുടെ കണക്കു കൂട്ടലിലേയ്ക്കു ചേക്കേറുന്നത്. പലപ്പോഴും ബിസിനസ് പഠിച്ചവർ ബിസിനസ് ഹെഡ് ആയി വരുന്നതാണ് പതിവ്. പക്ഷെ അവർക്കു ഉൽപന്നങ്ങളെ അറിയണമെന്നില്ല. ബിസിനസ് പഠിച്ചു വന്ന് ഉൽപന്നങ്ങളെ കുറിച്ചു പഠിക്കണം. 

മികച്ച ബ്രാൻഡുകളിൽ വാഗ്ദാനം

2008ൽ കോഴ്സ് പൂർത്തിയാകുമ്പോൾ ക്യാംപസ് പ്ലേസ്മെന്റിൽ റെയ്മെണ്ടിൽ ട്രെയിനിയായി കയറിയതാണ് കരിയറിനു തുടക്കം. ഇതിനിടെ ഇറ്റലിയിൽ മാസ്റ്റേഴ്സ് ചെയ്യാൻ അവസരം ലഭിച്ചു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഫാഷൻ കോളജിന്റെ ഭാഗമായി. മിലാനിൽ 100ൽ ഏറെ വർഷം പഴക്കമുള്ള കമ്പനി നടത്തിയ മൽസരത്തിൽ മൂന്നു പേരെ കണ്ടെത്തി ജോലി വാഗ്ദാനം ചെയ്തപ്പോൾ കൊല്ലം സ്വദേശിയായ മലയാളിയുമുണ്ടായി. അവരുടെ ജോലി വാഗ്ദാനം നിരസിച്ചു നാട്ടിലേയ്ക്കു പോരാൻ തീരുമാനിച്ചു. കാരണം അവിടെയുള്ള വരുമാനത്തെക്കാൾ കൂടിയ ചെലവായിരുന്നു. ലോണെടുത്തു പഠിക്കാൻ പോയതിനാൽ വലിയൊരു തുക അടയ്ക്കാനുണ്ടായിരുന്നു. 

വീണ്ടും ക്ഷണിച്ചതോടെ 2012ൽ റെയ്മണ്ടിൽ വീണ്ടും ജോലിക്കു കയറി. 2015ൽ അരവിന്ദിൽ മികച്ച ഓഫറുമായി ക്ഷണിച്ചപ്പോൾ നിരസിച്ചില്ല. ആരോയുടെ കാറ്റഗറി ഹെഡ് ആയി ജോയിൻ ചെയ്തു. ഇതിനിടെ അരവിന്ദ് സ്പോൺസർ ചെയ്ത് എംബിഎ കൂടി ചെയ്തതോടെ ബിസിനസ് സ്വപ്നങ്ങളിലേയ്ക്ക് ഒരു പടി കൂടി അടുത്തുവന്നു. ഇതിനിടെ റെയ്മണ്ടിൽ ഉയർന്ന പദവി ഓഫർ ചെയ്തു. ജോലി ചെയ്തിടത്ത് ഉയർന്ന പോസ്റ്റിലേയ്ക്കു ക്ഷണിച്ചത് അഭിമാനത്തോടെയാണ് സ്വീകരിച്ചത്. അവിടെ നിന്നു പഠിച്ചതെല്ലാം കൂടി ചേർത്ത് സ്വന്തം ബിസിനസ് സ്വപ്നം കണ്ടു തുടങ്ങി. പ്രോഡക്ടും കാറ്റഗറിയും അറിയാവുന്നതിനാൽ സ്വന്തം ബ്രാൻഡ് വിപണി പിടിക്കുമെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു.

ഫാഷൻ ഇൻഡസ്ട്രി എത്രത്തോളം വലിയതാണ് എന്ന തിരിച്ചറിവും സാധ്യതകളും കണക്കിലെടുത്ത് കമ്പനിയും ബ്രാൻഡും റജിസ്റ്റർ ചെയ്തു. സാധാരണ ഡിസൈൻ ബാക്ഗ്രൗണ്ട് ഉള്ള സാമ്പത്തിക ശേഷിയുള്ളവർ ഒരു ബൊട്ടിക് അല്ലെങ്കിൽ സ്റ്റോർ തുടങ്ങുന്നതാണ് പതിവ്. ഡിസൈനറാണെന്നുള്ള ഗ്ലാമറിൽ അവർ പലപ്പോഴും തൃപ്തരാകും. എന്നാൽ ഒരു മാസ് ബ്രാൻഡ് ആവുകയാണ് ശ്രീജിത് ലക്ഷ്യമിട്ടത്. ഇത്തിരി സമയമെടുക്കും എന്നും അധ്വാനമുണ്ടെന്നും അറിയുമായിരുന്നു. കയ്യിലാണെങ്കിൽ അത്ര വലിയൊരു തുകയുമില്ല. 

ഇന്ത്യയിൽ നിന്നൊരു ആഗോള ബ്രാൻഡ്

മെൻസ് അപ്പാരൽ വിപണിയിലെ ലക്ഷ്വറി ഉൽപ്പന്നങ്ങൾ താങ്ങാനാവുന്ന വിലയിൽ സാധാരണക്കാരനും ലഭ്യമാകണം. 'ഗുണമേന്മയിൽ നോ കോംപ്രമൈസ്'.

വേഗത്തിൽ ലാഭമുണ്ടാക്കുക എന്നതിന് പകരം മികച്ച ലോകോത്തര ബ്രാൻഡ് ആയി വളരുക; ഇതായിരുന്നു ലക്ഷ്യം. കോവിഡ് കാല അടച്ചിടൽ ഒരു തരത്തിൽ തന്റെ ബ്രാൻഡിനു ഗുണകരമായെന്ന ചിന്തയാണ് ശ്രീജിത്ത് പങ്കുവയ്ക്കുന്നത്. എത്ര വലിയ ബ്രാൻഡായാലും സ്വന്തമായി നിർമിക്കാതെ ഇന്ത്യയിലും വിദേശത്തുമുള്ള ഫാക്ടറികളെ ആശ്രയിക്കുന്നതാണ് പതിവ്. സാധാരണ നിലയിൽ പുതിയൊരു ചെറിയ  ബ്രാൻഡ് മൽസരത്തിനു വരുന്നതിനെ ഒപ്പം മൽസരിക്കുന്ന ബ്രാൻഡുകളൊ ഉൽപാദകരായ ഫാക്ടറികളൊ പോലും പിന്തുണയ്ക്കാറില്ല. എത്രപേർ വിജയിക്കുമെന്നോ കൃത്യമായി സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നോ അറിയാത്തതാണ് ഉൽപാദകർ ഇവരെ പ്രോത്സാഹിപ്പിക്കാത്തതിനു കാരണം. 

കോവിഡ് അടച്ചിടലിനു ശേഷം തുറക്കുമ്പോഴും വൻകിട ഉൽപാദകരുടെ ഉൽപന്നങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയായിരുന്നു. ഒരു ബ്രാൻഡുകളും ഓർഡർ നൽകാതായതോടെ നിർമാണ മേഖലയിലുള്ളവരും ദുരിതത്തിലായി. ഈ സമയം എത്തുന്ന ഏതു ചെറിയ ഓർഡറുകളെയും അവർ ഹൃദയപൂർവം സ്വാഗതം ചെയ്യുന്ന സാഹര്യമായിരുന്നു നിലനിന്നത്. ഇഷ്ടമുള്ള ഡിസൈനും വസ്ത്രങ്ങളും ചെയ്തു തരുന്നതിൽ ഫാക്ടറികൾക്കു യാതൊരു തടസവുമുണ്ടായില്ല. കുറഞ്ഞ ചെലവിൽ മികച്ച ഉൽപന്നം നൽകാൻ അവർ തയാറായത് വിപണിയിലേയ്ക്കു മികച്ച പ്രവേശനം നൽകിയെന്ന് ശ്രീജിത് സാക്ഷ്യപ്പെടുത്തുന്നു.  

കഷ്ടപ്പാടിന്റെ തുടക്കം

സ്വന്തം ബ്രാൻഡിൽ ഉൽപന്നങ്ങൾ വിപണിയിലിറങ്ങിയ ആദ്യ കുറെ മാസങ്ങളിൽ വരുന്ന ഓർഡറുകൾ പായ്ക്കു ചെയ്ത് അയയയ്ക്കാൻ സഹായമായി ഭാര്യമാത്രമാണ് കൂടെയുണ്ടായിരുന്നത്. ടി ദ് ബ്രാൻഡ് എന്ന ബ്രാൻഡു വച്ചു ബ്ലെയ്സറിലായിരുന്നു ബിസിനസ്. നിലവിൽ വലിയ ബ്രാൻഡുകൾ ഉണ്ടെങ്കിലും പൊള്ളുന്ന വില. ശരാശരിയിലുള്ളവരുടേതാകട്ടെ കുറഞ്ഞ ഗുണമേൻമയിലുള്ളവ. ഉപഭോക്താക്കൾക്ക് എണ്ണം കുറവാണെങ്കിലും മൽസരത്തിലെ കുറവ് നേട്ടമാകുന്നുണ്ട്. വൻകിട തുണിക്കടകളിൽ വമ്പൻ ബ്രാൻഡുകൾക്കൊപ്പം കടകളിൽ ഇരിക്കുന്നതും നേട്ടമാണ്. ഉൽപന്നത്തിന്റെ ഗുണമേന്മകൊണ്ട് കടകളിൽ എൻട്രി കിട്ടാനും ബുദ്ധിമുട്ടുണ്ടായില്ല. നല്ല ഡിമാൻഡ് വന്നതോടെ ആത്മവിശ്വാസം ഉയർന്നു.

ഡിസ്കൗണ്ട് ഇല്ലേ ഇല്ല..

ബ്ലേസറിൽ തുടങ്ങിയ ബിസിനസ് കൂടുതൽ കാറ്റഗറിയിലേയ്ക്കു വ്യാപിപ്പിച്ചതോടെ സാമ്പത്തികമായി കാര്യമായ നേട്ടങ്ങളുണ്ടായി.

ബെയർ ബ്രൗൺ എന്നപേരിൽ കാഷ്വൽ വെയറിലും മികച്ച ബ്രാൻഡായി വളർന്നത് ഉൽപന്നങ്ങളിലെ ആത്മവിശ്വാസം കൊണ്ടാണ്. ഒരു തീരുമാനമെടുത്തു, ഒരു കടയിലും ഡിസ്കൗണ്ടിൽ സാധനം വിൽക്കില്ലെന്ന്. കാര്യമായ പരസ്യങ്ങളുമില്ല. എന്നിരുന്നാലും ഗുണമേൻമ ക്ലാസ് ഉപഭോക്താക്കിടയിൽ ബ്രാൻഡിനെ പരിചിതമാക്കിയിട്ടുണ്ട്. സമീപഭാവിയിൽ തന്നെ എത്തിനിക് വെയർ വിഭാഗത്തിലേക്കും വിപുലപ്പെടുത്താൻ ഒരുങ്ങുകയാണ് ജി ആൻഡ് എ. 

കേരളത്തിൽ നൂറിലധികം സ്റ്റോറുകളിൽ ബ്രാൻഡ് ഇടം നേടി, കേരളത്തിന്‌ പുറമെ എട്ടോളം സംസ്ഥാനങ്ങളിലേക്കും ബ്രാൻഡ് വ്യാപിച്ചു കഴിഞ്ഞു. വിദേശ വിപണിയെ ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമാണ്. അടുത്ത സാമ്പത്തിക വർഷത്തോടെ, ഇന്ത്യയിൽ നിന്നും ഒരു ആഗോള മെൻസ് വെയർ ബ്രാൻഡ് എന്ന തന്റെ സ്വപ്നത്തിലേക്ക് ഒരുപടി കൂടി അടുക്കുവാനാണ് ശ്രീജിത്ത്‌ ലക്ഷ്യമിടുന്നത്. ഓഫ് ലൈനിൽ വിജയിച്ചാൽ ഓൺ ലൈനിലും ബിസിനസ് എളുപ്പമാകും. ഈ തന്ത്രമാണ് കമ്പനി ഇപ്പോൾ ഇപ്പോൾ ഉപയോഗിക്കുന്നത്. നിലവിൽ ഇന്ത്യയിൽ പുരുഷൻമാരുടെ വസ്ത്ര വിപണിക്ക് വരുന്ന മൂന്നു വർഷത്തിനിടെ വൻ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. അതിൽ ഒരു വിഹിതം തന്റെ ബ്രാൻഡിന്റേതായിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രീജിത്ത്.

English Summary : Success Story of a Fashion Designer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com