ADVERTISEMENT

‘‘എണ്ണിച്ചുട്ട അപ്പം പോലെ കയ്യിൽ കിട്ടുന്നതു കൊണ്ട് കാര്യങ്ങൾ എങ്ങുമെത്തുന്നില്ല. മാസം പകുതിയാകും മുൻപേ പോക്കറ്റ് കാലിയാകും. അധികവരുമാനത്തിനായി എന്തെങ്കിലും ചെയ്യാമെന്നു വച്ചാൽ അതിനു മുടക്കാൻ കാശെവിടെ?’’ ഇത്തരത്തിൽ ചിന്തിക്കുന്ന ധാരാളം പേരുണ്ട്. നിലവിലെ വരുമാനം കൊണ്ട് തട്ടിമുട്ടി മുന്നോട്ടു പോകുന്നവർ. ഏതെങ്കിലും വഴിയിൽ ചെറുതെങ്കിലും അധികവരുമാനമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവർ. ഇപ്പോഴത്തെ പരിതസ്ഥിതിയിൽ മുടക്കാൻ കാൽക്കാശില്ലാത്തതിനാൽ കാര്യങ്ങളൊക്കെ പിന്നത്തേക്ക് നീട്ടിവച്ചിരിക്കുകയാണവർ.

എന്നാൽ ഇവരിൽ പലർക്കും മൂലധനമില്ലാതെ, മുതൽമുടക്കു കൂടാതെ വരുമാനമുണ്ടാക്കാൻ സഹായിക്കുന്നതാണ് ഹോബികൾ. അതില്ലാത്തവർക്ക് ഇഷ്ടപ്പെട്ട മേഖലയിൽ അതുപോലൊന്നു തിര‍ഞ്ഞെടുത്ത് വരുമാനം തരുന്ന വഴിയാക്കാം.‌

അധികവരുമാനത്തിനായി ഹോബികൾ തിരഞ്ഞെടുക്കുന്നതുകൊണ്ട് പല ഗുണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത് കാര്യമായ മുതൽമുടക്കൊന്നും വേണ്ടായെന്നതാണ്. തുടങ്ങാനായി കെട്ടിടമോ മറ്റു സൗകര്യങ്ങളോ കണ്ടെത്തേണ്ടി വരുന്നില്ല. വീട്ടിലോ ഉള്ള സൗകര്യത്തിലോ തുടങ്ങാം. നിലവിലെ ജോലിക്കു വിഘ്നം വരാതെ മുന്നോട്ടു പോകാനും കഴിയും. മാറ്റിവയ്ക്കാൻ കഴിയുന്ന ഏതാനും മണിക്കൂറുകൾ, അതു രാവിലെയോ വൈകിട്ടോ ആകാം. ജോലിയില്ലാത്ത കുടുംബാംഗങ്ങൾക്കും പഠനത്തിന്റെ ഇടവേളകളിൽ മക്കൾക്കും സഹായിക്കാനുമാകും. മികച്ച സാധ്യതയുള്ള മേഖലയാണെങ്കിൽ ഒരു പക്ഷേ, നാളെ നിങ്ങളുടെയും കുടുംബത്തിന്റെയും മുഖ്യവരുമാനമാർഗമായി ഈ ഹോബി മാറുകയും ചെയ്യും. നിലവിൽ ഹോബിയുള്ളവർക്കും ഇല്ലാത്തവർക്കും പ്രയോജനപ്പെടുത്താവുന്ന, അധികവരുമാനത്തിനു വഴികാട്ടുന്ന ഏതാനും ഹോബികൾ ഇതാ...

ഫൊട്ടോഗ്രഫി/ വിഡിയോഗ്രഫി

സ്വന്തമായി ക്യാമറ ഉള്ളവർക്കും ഇല്ലാത്തവർക്കും പ്രയോജനപ്പെടുത്താം. നല്ലൊരു മൊബൈൽ ഫോൺ ഉള്ളവർക്കും ശോഭിക്കാൻ അവസരങ്ങളുണ്ട്. ഇവന്റുകൾ മാത്രമല്ല, വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിലും മോഡലിങ് രംഗത്തും മാധ്യമരംഗത്തുമെല്ലാം ഫ്രീലാൻസിങ് സാധ്യതകളുമുണ്ട്. ആദ്യം ചെയ്യേണ്ടത് സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഈ വിവരം അറിയിക്കുകയാണ്. ആവശ്യമെങ്കിൽ ഒരു ബ്രാൻഡ്നെയിമൊക്കെ ആകാം. ഒപ്പം നിങ്ങളെടുത്ത മനോഹര ചിത്രങ്ങളും പോസ്റ്റ് ചെയ്യുക. പതിയെ ബന്ധുഗൃഹങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും നടക്കുന്ന ചെറിയ ചടങ്ങുകൾ ചിത്രീകരിക്കുന്ന ജോലികൾ ഏറ്റെടുക്കാം. 

മികവു തെളിയിക്കാനായാൽ അവസരങ്ങൾ ഇങ്ങോട്ടുവരും. അതോടൊപ്പം സമീപപ്രദേശത്തെ പ്രഫഷനൽ ഫോട്ടോ/വിഡിയോഗ്രഫർമാരുടെ സംഘത്തിൽ ഒരംഗമായാൽ നല്ലത്. പണ്ടൊക്കെ കല്യാണത്തിന് ഒന്നോ രണ്ടോ ഫോട്ടോഗ്രഫർമാരായിരുന്നുവെങ്കിൽ ഇന്ന് എട്ടോ പത്തോ പേരുടെ സംഘമാണ് കവർ ചെയ്യുന്നത്. പ്രഫഷനൽ മികവിലുപരി മികച്ച ഷോട്ടുകൾ കണ്ടെത്താനും പകർത്താനും കഴിഞ്ഞാൽ ഇത്തരം ടീമിൽ സ്ഥിരമായി ഇടം നേടുകയും വരുമാനം വർധിപ്പിക്കുകയും ചെയ്യാം. 

ഗാർഡനിങ്

പൂന്തോട്ട നിർമാണവും സംരക്ഷണവും ഹോബിയായി കൊണ്ടുനടക്കുന്ന ഒട്ടേറെ പേരുണ്ട്. പ്രത്യേകിച്ചd കോവി‍ഡ് കാലത്ത് മികച്ചൊരു പൂന്തോട്ടം വീട്ടിൽ സൃഷ്ടിച്ചവർ ഏറെയാണ്. നാട്ടിൻപുറങ്ങളിലും നഗരപ്രദേശങ്ങളിലുമെല്ലാം മുട്ടിനു മുട്ടിനു നഴ്സറികൾ ഉയർന്നുവരുന്നത് ഈ മേഖലയിലെ ബിസിനസ് വളർച്ചയാണ് കാണിക്കുന്നത്. പുതിയ വീടു വയ്ക്കുമ്പോഴും പുതുക്കുമ്പോഴുമെല്ലാം പൂച്ചെടികൾ വാങ്ങിക്കുന്നവരുണ്ട്. വീടിന്റെ ഭാഗമായി മനോഹരമായ ലാൻ‍ഡ്സ്കേപ്പിങ്ങും ധാരാളം പേർ നടത്തുന്നു. ലക്ഷങ്ങൾ മുടക്കി വീടുകളിൽ പൂന്തോട്ടമൊരുക്കുന്നവരുണ്ട്. ചെടി നട്ടുനനച്ചു വളർത്തിയെടുക്കാൻ ക്ഷമയില്ലാത്തവരും സമയമില്ലാത്തവരുമാണിവർ. 

നമ്മൾ നട്ടുവളർത്തിയതു വാങ്ങാൻ ഇവർ തയാറാകുമ്പോൾ മികച്ചൊരു വരുമാനമാർഗമായി. ലാൻഡ് സ്കേപ്പിങ് ജോലികളോ പൂന്തോട്ടമൊരുക്കലോ ഏറ്റെടുത്ത് ചെയ്യുകയുമാകാം. സോഷ്യൽ മീഡിയയുടെ സഹായം പ്രയോജനപ്പെടുത്തിയാൽ പൂന്തോട്ടമെന്ന ഹോബി പണം കായ്ക്കുന്ന മരമാകും. 

Happy

റീഡിങ്/ ബുക്ക് എഡിറ്റിങ്

വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ റിവ്യൂകൾ എഴുതുക. അതെല്ലാം വായിക്കാനും നിങ്ങളെ പിന്തുടരാനും ആളുണ്ടായാൽ പ്രസാധകർ തേടിവരും. അവരുടെ പുതിയ പുസ്തകങ്ങളെക്കുറിച്ച് റിവ്യൂ എഴുതിക്കും. പ്രതിഫലം പണമായോ പുസ്തകങ്ങളായോ കിട്ടും.

ഭാഷാശുദ്ധിയുണ്ടെങ്കിൽ മറ്റുള്ളവരുടെ കൃതികളും പ്രസിദ്ധീകരണങ്ങളും വായിച്ച് തെറ്റു തിരുത്തുന്ന ജോലികളും (പ്രൂഫ് റീഡിങ്) ഏറ്റെടുക്കാം. എഡിറ്റിങ്ങിൽ അവഗാഹമുണ്ടെങ്കിൽ പ്രസാധകർക്കൊപ്പമോ സ്വന്തം ജീവചരിത്രമോ കുടുംബചരിത്രമോ പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്നവർക്കു വേണ്ടിയോ പ്രവർത്തിക്കാം പ്രതിഫലം നേടാം. ചില എഴുത്തുകാർ തന്നെ കൃതികൾ തെറ്റുതിരുത്തി മികവുറ്റതാക്കാൻ എഡിറ്റർമാരുടെ സഹായം തേടാറുണ്ട്. 

പാചകം

വ്യത്യസ്തമായ അവസരങ്ങൾ ഈ മേഖലയിലുണ്ട്. പാചകവിദഗ്ധനാണെങ്കിൽ റസ്റ്ററന്റുകളിലോ കന്‍റീനുകളിലോ പാർട് ടൈം ജോലി നേടാം. അതിനു താൽപര്യമില്ലെങ്കിൽ ചെറിയ ഇവന്റുകളുടെ കേറ്ററിങ് ഏറ്റെടുത്തു ചെയ്യാം. കൂട്ടുകാരുടെ വിവാഹപാർട്ടികൾ, ബർത്ത് ഡേ ആഘോഷങ്ങൾ, ഓഫിസുകളിലെ കൂടിച്ചേരലുകൾ തുടങ്ങിയവയ്ക്കെല്ലാം ഭക്ഷണം തയാറാക്കുന്ന ജോലി ഏറ്റെടുക്കാം. ഭക്ഷണത്തെക്കുറിച്ച് കഴിച്ചവർക്കു നല്ല അഭിപ്രായമാണെങ്കിൽ സമയം തെളിയും. മൗത്ത് പബ്ലിസിറ്റി കൊണ്ട് ഇത്രമാത്രം വിജയം നേടുന്ന മറ്റൊരു ബിസിനസും ഇല്ല. ഇനി ഇത്തരം പരിപാടി ഏറ്റെടുക്കാവുന്ന സാഹചര്യമല്ലെങ്കിൽ അച്ചാർ, കൊണ്ടാട്ടം, വറവലുകൾ തുടങ്ങിയവ വീട്ടിൽ തയാറാക്കി കൂട്ടൂകാർക്കും സഹപ്രവർത്തകർക്കും ഇടയിൽ വിപണി പിടിക്കാം. സമീപകടകളിലും വിതരണം ചെയ്യാം. ഗുണമേന്മ ഉറപ്പാക്കിയാൽ മികച്ച വിപണിയും ഉയർന്ന ലാഭവും തരുന്ന ഹോബിയാണ് പാചകം. കൂടെ സോഷ്യൽ മീഡിയയുടെ സഹായവും തേടുക. 

ഓമനമൃഗങ്ങൾ/ പക്ഷികൾ/ അലങ്കാര മത്സ്യങ്ങൾ

ഓമനിച്ചു വളർത്തുന്ന മൃഗങ്ങളെയും മത്സ്യങ്ങളെയും പക്ഷികളെയുമെല്ലാം ഇഷ്ടപ്പെടുന്നവർ ഒട്ടേറെയുണ്ട്. പൂച്ച, നായ, മുയൽ, പക്ഷികൾ, അലങ്കാര മത്സ്യങ്ങൾ... നിര നീളുന്നു. പരിപാലനത്തിനൊപ്പം ഇവയുടെ കുഞ്ഞുങ്ങളെ വിൽക്കാനുമാകും. ഇത്തരം ഓമനകൾക്കു വേണ്ട പരിചരണം, വൃത്തിയാക്കൽ സൗകര്യങ്ങൾ ഒരുക്കാം. ബോർ‍ഡിങ്, പരിശീലന സൗകര്യങ്ങൾ ഏർപ്പെടുത്താം. തീറ്റകൾ, ആക്സസറീസ്, കൂടുകൾ, ടാങ്കുകൾ തുടങ്ങിയവയ്ക്ക് വിപണി പിടിക്കാം. അങ്ങനെ പല പല സാധ്യതകളുള്ള ഹോബിയാണിത്. 

സോഷ്യൽ മീഡിയ മാനേജ്മെന്റ്

10 മിനിറ്റ് കിട്ടിയാൽ ഫോണിലേക്ക് ഊളിയിടുന്നതാണ് പലരുടെയും ഹോബി. എന്നാൽ അതൊരു വരുമാനമാർഗമാക്കിയാലോ? അതിനുള്ള സാധ്യതകളാണ് സോഷ്യൽ മീഡിയ മാനേജ്മെന്റ് നൽകുന്നത്. സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സെലിബ്രിറ്റികളുടെയുമെല്ലാം സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്നതാണ് ജോലി. നിരന്തര നിരീക്ഷണത്തിനൊപ്പം കൃത്യമായ ഇടവേളകളിൽ പോസ്റ്റുകളും കമന്റുകളും വേണം.

ആരുടെ അല്ലെങ്കിൽ എന്തിന്റെ പേജാണോ കൈകാര്യം ചെയ്യുന്നത്, അവരെക്കുറിച്ചോ സ്ഥാപനത്തെക്കുറിച്ചോ വ്യക്തമായ ധാരണ അത്യാവശ്യമാണ്. വേണ്ടതു മാത്രം പറയുകയും വേണ്ടാത്തത് പറയാതിരിക്കുകയും വേണം. ജോലിക്കനുസരിച്ച് മികച്ച പ്രതിഫലം ലഭിക്കുന്ന മേഖലയാണിത്. 

ഡ്രൈവിങ്

Photo Credit : F8 studio / Shutterstock.com
Photo Credit : F8 studio / Shutterstock.com

എത്ര തവണ, എത്ര ദൂരത്തേക്ക് വണ്ടിയോടിച്ചാലും മടുക്കാത്തവർക്ക് ഡ്രൈവിങ് വരുമാനമാർഗമാക്കാം. സോഷ്യൽ മീഡിയയിലും സുഹൃദ് വലയത്തിലും ഇത്തരം ജോലികൾ ഏറ്റെടുക്കാൻ തയാറാണെന്നു വെളിപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ബന്ധപ്പെടാനുള്ള നമ്പറും നൽകാം. പ്രായമായ മാതാപിതാക്കളോ കൊച്ചുകുട്ടികളോ മാത്രമാണ് പല വീടുകളിലും കാണുക. അത്യാവശ്യത്തിന് ആശുപത്രിയിൽ പോകാനും മറ്റും ഡ്രൈവറുടെ സഹായം കൂടിയേ തീരൂ. അതുപോലെ അസമയത്തും ദൂരയാത്ര വേണ്ടപ്പോഴും വണ്ടിയോടിക്കാൻ ബുദ്ധിമുട്ടുള്ളവരും ഡ്രൈവർമാരുടെ സേവനം തേടും. പെട്ടെന്നൊരു അത്യാവശ്യത്തിനു വിളിക്കുന്നതിനാലും നാളെയും സഹായം ആവശ്യമായതിനാലും ഭേദപ്പെട്ട പ്രതിഫലം ഉറപ്പാക്കാം. നല്ലൊരു മേഖലയാണിത്. 

ഇതുപോലെ വരുമാനം കണ്ടെത്താവുന്ന ഒട്ടേറെ ഹോബികൾ നമുക്കുചുറ്റുമുണ്ട്. അനുയോജ്യമായതൊന്നു തിരഞ്ഞെടുത്ത് മുന്നോട്ടു പോകുക, വരുമാനം നേടുക 

∙മേക്കപ്പ്/ബ്യൂട്ടീഷൻ– സൗന്ദര്യസംരക്ഷണത്തിൽ താൽപര്യമുള്ളവർക്കു പ്രയോജനപ്പെടുത്താം.

∙ടൂറിസ്റ്റ് ഗൈഡ്– യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കടുത്തു താമസിക്കുന്നവർക്കും അനുയോജ്യം.

∙ആങ്കറിങ്– സ്മാർട്ടായി ഒരുങ്ങാനും സംസാരിക്കാനും ആളുകളെ കയ്യിലെടുക്കാനും കഴിവുണ്ടെങ്കിൽ സ്ത്രീ–പുരുഷഭേദമന്യെ അവസരങ്ങളുണ്ട്. 

∙തയ്യൽ/എംബ്രോയ്ഡറി– വസ്ത്രങ്ങൾ തുന്നുന്നതിലും തുണിയിൽ ചിത്രപ്പണികൾ ചെയ്യുന്നതിലും താൽപര്യമുള്ളവർക്ക് അനുയോജ്യം.

∙ഇവന്റ് പ്ലാനിങ്– നിങ്ങളുടെ സര്‍ഗശേഷിക്കും സമയത്തിനും അനുസരിച്ച് ചെറുതും വലുതുമായ പരിപാടികൾ ഏറ്റെടുക്കാം, പണമുണ്ടാക്കാം.

English Summary : Your Hobbies will Help You to Make Money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com