ADVERTISEMENT

'രണ്ട് വര്‍ഷത്തേക്ക് ഇനി അനാവശ്യമായി ഒരു പൈസയും ഞങ്ങള്‍ ചെലവാക്കില്ല. നിലവില്‍ ലഭിച്ച നിക്ഷേപമെല്ലാം റിസര്‍വ് ആയി സൂക്ഷിക്കും. ചെലവ് വെട്ടിച്ചുരുക്കും. പുതുതായി ഒരു വികസനപ്രവര്‍ത്തനങ്ങളും നടത്തില്ല. മാന്ദ്യം വരുന്നുവെന്നല്ല പറയേണ്ടത്, അതെല്ലാം ഞങ്ങളെ പോലുള്ളവര്‍ക്ക് അനുഭവപ്പെട്ട് തുടങ്ങി, കേരളവും ബംഗളൂരുവും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വന്‍കിട ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസിന്റെ സഹസ്ഥാപകന്‍ ഈ ലേഖകനോട് പറഞ്ഞതാണ്. ആഗോള മാന്ദ്യം യുഎസിനെയും യൂറോപ്പിനെയും മാത്രമേ ബാധിക്കൂ, നമ്മള്‍ മലയാളീസ് സേഫാണെന്ന് കരുതുന്ന നിഷ്‌കളങ്കര്‍ ഇപ്പോഴുമുണ്ടെങ്കില്‍ കേട്ടോളൂ, കാര്യം അല്‍പ്പം 'സീരിയസാ'ണ്.

ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിച്ച് യൂണികോണാകാന്‍ തയാറെടുക്കുന്ന മേല്‍പ്പറഞ്ഞ സംരംഭത്തിന്റെ അടിത്തറ ശക്തമായതിനാല്‍ അത്ര വലിയ പരിക്കൊന്നുമേല്‍ക്കാന്‍ സാധ്യതയില്ലെങ്കിലും മറ്റ് പല സ്റ്റാര്‍ട്ടപ്പുകളുടെയും സ്ഥിതി അതല്ല. പ്രത്യേകിച്ചും യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെഞ്ച്വര്‍ കാപ്പിറ്റല്‍ (വിസി) ഫണ്ടിന്റെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെയും കേരളത്തിലെയും സംരംഭങ്ങള്‍ക്ക് വെല്ലുവിളിയുടെ കാലം തുടങ്ങിക്കഴിഞ്ഞു.

മാലാഖമാര്‍ പിന്‍വലിയുമ്പോള്‍

അടിത്തറ ശക്തമല്ലാത്ത നവസ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളോട് നിക്ഷേപകര്‍ പൈസ തിരിച്ച് ചോദിച്ചാല്‍ പോലും അല്‍ഭുതപ്പെടേണ്ടെന്നാണ് ഒരു സംരംഭകന്‍ പറഞ്ഞത്. വിദേശത്തുനിന്നുള്ള വിസി ഫണ്ടുകളെയും എയ്ഞ്ചല്‍ ഫണ്ടുകളെയുമെല്ലാം ആശ്രയിക്കുന്ന കേരള സ്റ്റാര്‍ട്ടപ്പുകളെ മാന്ദ്യം ബാധിക്കും. പ്രത്യേകിച്ചും പ്രൊഡക്റ്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്കാകും ആഘാതം കൂടുതല്‍ ഏല്‍ക്കുക. അടുത്തിടെയായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഫണ്ടിങ് ഒഴുക്ക് കുറഞ്ഞുവരികയുമാണ്. 2021 മൂന്നാം പാദത്തില്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്കുള്ള പണമൊഴുക്ക് 17.1 ബില്യണ്‍ ഡോളറായിരുന്നുവെങ്കില്‍ നാലാം പാദത്തില്‍ അത് 14.5 ബില്യണ്‍ ഡോളറായും 2022 ഒന്നാം പാദത്തില്‍ 11.8 ബില്യണ്‍ ഡോളറായും കുറഞ്ഞു.

economy4

വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണത ഇനി ഉണ്ടായേക്കില്ല. ഉള്ള തൊഴിലുകള്‍ തന്നെ വെട്ടിക്കുറയ്ക്കാനാണ് സാധ്യത. മലയാളികളുടെ സ്റ്റാര്‍ട്ടപ്പുകളില്‍ ഉള്‍പ്പടെ അത് തുടങ്ങിക്കഴിഞ്ഞു.

കൂട്ടപ്പിരിച്ചുവിടലുകളുടെ കാലം

ഓഗസ്റ്റ് ആദ്യവാരം പുറത്തുവന്ന അമേരിക്കയിലെ തൊഴില്‍ കണക്കുകള്‍ നേരിയ പ്രതീക്ഷ തരുന്നുണ്ടെങ്കിലും യുഎസും യൂറോപ്യന്‍ യൂണിയനും പടിഞ്ഞാറിലെ നിരവധി രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്ക്നീങ്ങുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. അതിന്റെ വ്യക്തമായ സൂചനകളായിരുന്നു കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ നടപടികള്‍. ജൂലൈ വരെയുള്ള കണക്കനുസരിച്ച് 32,000 ടെക് ജീവനക്കാര്‍ക്കാണ് യുഎസില്‍ മാത്രം ജോലി പോയത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തിന് ശേഷം ലോകത്താകമാനാം 342 ടെക് കമ്പനികളില്‍ നിന്നായി 43,000 പേരെയാണ് പിരിച്ചുവിട്ടത്. ഇതില്‍ 13 ശതമാനം ഇന്ത്യയില്‍ നിന്നാണ്-ലോഓഫ്‌സ്‌ഡോട്ട്എഫ് വൈ ഐ എന്ന സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മൈക്രോസോഫ്റ്റും ഫേസ്ബുക്കും ഉള്‍പ്പടെയുള്ള വന്‍കിട ഭീമന്മാര്‍ ജീവനക്കാരെ കുറച്ചത് ചര്‍ച്ചയായി.

ഇന്ത്യയിലെ നവസ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന് കുട പിടിക്കുന്ന സംരംഭങ്ങളെല്ലാം തന്നെ ജീവനക്കാരെ വെട്ടിച്ചുരുക്കുകയാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ-ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ അണ്‍അക്കാഡമി 1150 പേരെയാണ് പിരിച്ചുവിട്ടത്. മലയാളി ബൈജു രവീന്ദ്രന്റെ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് 550 പേരെയും ആപ്പ് അധിഷ്ഠിത യാത്രാ പ്ലാറ്റ്‌ഫോമായ ഒല 500ഓളം പേരെയും ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പായ എംഫൈന്‍ 600 പേരെയും യൂസ്ഡ് കാര്‍ രംഗത്തെ വമ്പനായ 24കാര്‍സ് 600 ജീവനക്കാരെയും വെട്ടിച്ചുരുക്കി. സുപരിചിതമായ മറ്റ് നിരവധി സ്റ്റാര്‍ട്ടപ്പുകളിലും തൊഴില്‍ വെട്ടിച്ചുരുക്കല്‍ പ്രക്രിയ നടക്കുകയാണ്. ഇതെല്ലാം വിദേശ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടിങ്ങിനെ ആശ്രയിച്ചുകഴിയുന്ന സംരംഭങ്ങളാണെന്നതാണ് ശ്രദ്ധേയം.

economy9

ടെക്‌സ്റ്റൈല്‍ വ്യവസായത്തിന്റെ ബലത്തില്‍ വന്‍സാമ്പത്തിക കുതിപ്പ് നടത്തിയ നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിനെ പോലും മാന്ദ്യഭീതി കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. മാറുന്ന സാമ്പത്തിക സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ടെക്‌സ്റ്റൈല്‍ ഇറക്കുമതി യുഎസ്, യൂറോപ്യന്‍ വിപണികള്‍ വൈകിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍, പുതിയ ഓര്‍ഡറുകള്‍ നല്‍കാനും തയാറാകുന്നില്ല. ചൈനയ്ക്ക് പിന്നാലെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തുണിത്തര കയറ്റുമതി രാജ്യമാണ് ബംഗ്ലാദേശ്.

എന്താണ് നമ്മള്‍ ചെയ്യേണ്ടത്

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാവുന്നതാണ്. ഇവര്‍ക്കായി ഉത്തേജk പാക്കേജുകളോ മറ്റോ കൊണ്ടുവരാം. മാന്ദ്യം മുന്‍കൂട്ടിക്കണ്ട് നിലവിലെ ഫണ്ട് സൂക്ഷിച്ച് മാത്രം സ്റ്റാര്‍ട്ടപ്പുകള്‍ കൈകാര്യം ചെയ്യണം. അനാവശ്യമായ ചെലവിടല്‍ എല്ലാം മാറ്റി നിര്‍ത്തുക. സംരംഭത്തിന്റെ അടിത്തറ ശക്തമാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. ഇനിയൊരു മാന്ദ്യം വന്നാല്‍ അതിനെയും അതിജീവിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പോലുള്ള സംരംഭങ്ങള്‍ നല്‍കുന്ന ഗ്രാന്റുകളെ പരമാവധി പ്രയോജനപ്പെടുത്തുക.

English Summary: How to Face Economic Recession in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com