ADVERTISEMENT

ഒരു പാഷൻ കൊണ്ട് സ്വന്തം അടുക്കളയിൽ ഉണ്ടാക്കിയ വിഭവം പ്രൊഫഷൻ ആക്കി മാറ്റിയ വിജയകഥ പറയുകയാണ് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്ത് കാട്ടുർ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ആർട്ടിസാൻ ചീസ് കമ്പനിയായ കസാരോ  ക്രീമെറീസ് (Casaro creameries) എന്ന സ്ഥാപനത്തിന്റെ ഉടമയായ അനു ജോസഫ്. ബയോ മെഡിക്കൽ എഞ്ചിനീയറിങ് ബിരുദധാരി. അമേരിക്കയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ജോലി. നല്ല ശമ്പളം. ഇതെല്ലാം ഉള്ളപ്പോൾ  മറ്റൊരു ജോലിയെ പറ്റി ചിന്തിക്കേണ്ട ആവശ്യം പോലും ഇല്ലാതിരുന്നു. പിന്നെങ്ങനെയാണ് ആ  പാഷൻ പ്രൊഫഷൻ ആക്കിയതെന്നു ചോദിച്ചാൽ ചീസിനോടുള്ള അടങ്ങാത്ത ഇഷ്ടം ഒന്ന് കൊണ്ടാണെന്നു അനു പറയും. അമേരിക്കയിലേക്ക് വിവാഹ ശേഷം പോയപ്പോൾ തന്റെ യാത്രകൾ മുഴുവൻ ചീസിന്റെ രുചി ഭേദങ്ങൾ അന്വേഷിച്ചായിരുന്നു. ചീസ് ഉണ്ടാക്കുന്ന ഫാക്ടറിയിൽ പോയി കുറച്ചു നാൾ പഠിക്കുകയും ചെയ്തു.തിരികെ നാട്ടിൽ എത്തിയപ്പോൾ  അമേരിക്കൻ ചീസിന്റെ രുചി അനുവിന്റെ കൂടെ പോന്നു. ചീസുണ്ടാക്കുന്ന ഒരു റെസിപ്പി ബുക്ക്‌ പോലും ഇന്ത്യയിൽ ലഭ്യമല്ലാതെ  ഇരുന്ന സമയത്ത്, കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിലിരുന്നുകൊണ്ട് ഒരു ചീസ് ഫാക്ടറിക്ക് തന്നെ തുടക്കം കുറിച്ച അനുവിന്റെ   സംരംഭകത്വത്തിലെ നാള്‍വഴികള്‍ ഏറെ പ്രചോദനം പകരുന്നതാണ്. 6 ലക്ഷം രൂപ മുതൽ മുടക്കിൽ  വീടിനോട് ചേർന്നാണ് കസാരോ  ക്രീമെറീസ് എന്ന ചീസ് പ്ലാന്റിന് തുടക്കം കുറിക്കുന്നത്. ഇന്ന് 25 ലക്ഷം രൂപയാണ് മുതൽ മുടക്ക്. 85 ലക്ഷം രൂപ വാർഷിക വരുമാനം നേടുന്ന നിലയിലേക്കാണ് അനു തന്റെ സ്ഥാപനത്തെ വളർത്തിയെടുത്തത്.

ചീസ് നിർമ്മാണ യൂണിറ്റ്  

casaro

2018 മുതലാണ് ചീസ് നിർമ്മാണം ആരംഭിക്കുന്നത്. ആദ്യത്തെ രണ്ട് വർഷം അടുക്കളയോട് ചേർന്ന് 500 സ്‌ക്വയർ ഫീറ്റുള്ള ഒരു യൂണിറ്റിലായിരുന്നു നിർമ്മാണം. ഇപ്പോൾ ഏകദേശം 2500 സ്‌ക്വയർ ഫീറ്റിലുള്ള നിർമാണ യൂണിറ്റ് വീടിനോട് ചേർന്നു പ്രവർത്തിക്കുന്നു. ചീസ് നിർമാണ യൂണിറ്റിൽ 10 വനിതാ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. കൂടാതെ വിതരണത്തിനും മാർക്കറ്റിങ്ങിനും വേറെയും ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. രണ്ട് ഷിഫ്റ്റ്‌ ആയിട്ടാണ് വനിതാ ജീവനക്കാർക്ക് ജോലി സമയം.

നാട്ടിൽ മികച്ച ചീസ് കിട്ടാനില്ല

അമേരിക്കയിൽ നിന്നും തിരിച്ചു നാട്ടിലെത്തിയപ്പോൾ കുടുംബത്തിലെ ഒരു പരിപാടിക്ക്  പാചകം ചെയ്യാൻ ചീസ് അന്വേഷിച്ചപ്പോഴാണ് നാട്ടിൽ മികച്ച  ചീസ് കിട്ടാനില്ല എന്ന് മനസിലായത്. ഈ സാഹചര്യത്തിൽ  സ്വന്തമായി  ഉണ്ടാക്കി നോക്കിയാലോ എന്ന് ചിന്തിച്ചു. അമേരിക്കയിൽ ചീസ് ഫാക്ടറിയിൽ പോയി പഠിച്ചതിന്റെ അനുഭവത്തിൽ അടുക്കളയിൽ സ്വന്തമായി ഉണ്ടാക്കാൻ  തുടങ്ങി. കുറെ ശ്രമങ്ങൾ നടത്തി. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഒടുവിൽ വിജയം അനുവിനെ തേടിയെത്തി. വീട്ടുകാർക്കും കൂട്ടുകാർക്കുമാണ് ആദ്യം നൽകിയത്. എല്ലാവരും വീണ്ടും അന്വേഷിച്ചു എത്താൻ തുടങ്ങി. അങ്ങനെ  സംഭവം ഹിറ്റായതോടെ സഹോദരനും കസാരോയുടെ സിഇഓ യുമായ  ഫ്രഡി ജോർജാണ് വിപണന രംഗത്തേക്ക് ഇത് എത്തിച്ചാലോ എന്ന് അഭിപ്രായപ്പെട്ടത്. എന്നിട്ടും ഒന്നര വർഷത്തെ  ഗവേഷണത്തിനും പരീക്ഷണങ്ങള്‍ക്കും ഒടുവിലാണ് കസാരോ ക്രീമെറീസ് എന്ന സ്ഥാപനത്തിന് അനു ജോസഫ് തുടക്കം  കുറിക്കുന്നത്.

cassaro1-2-

ആദ്യ വിപണി കൊച്ചി

വിദേശത്തു നിന്നും മടങ്ങി വന്നവർ കൊച്ചിയിൽ  ധാരാളമുള്ളതിനാൽ ആദ്യത്തെ വിപണി കൊച്ചി ആയിരുന്നു. മലയാളികൾ തീൻ മേശയിലേക്ക് അധികം അടുപ്പിക്കാത്ത ചീസിനെ ആദ്യം വിദേശ രുചി ഇഷ്ടപ്പെടുന്നവർക്ക് വിൽക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അതിനായി എക്സിബിഷനിൽ ഒരു സ്റ്റാൾ ഇട്ട് ചീസ് കൊണ്ടുള്ള സ്നാക്സ് ഉണ്ടാക്കി നൽകി. അത്‌ വിജയം ആയിരുന്നു. അതിന് ശേഷം ചീസിനെ തീൻ മേശയിലേക്ക് അധികം അടുപ്പിക്കാതിരുന്ന മലയാളികൾ ഉൾപ്പെടെ  കസാരോ  ക്രീമെറീസ് അന്വേഷിച്ചു വരാൻ തുടങ്ങി. ഇന്ന്  ദക്ഷിണ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും കടന്നു കൊൽക്കത്ത വരെ എത്തി നില്കുന്നു ഈ മലയാളി സംരംഭത്തിന്റെ രുചി പെരുമ. 

ഉൽപ്പന്നങ്ങൾ

15 തരം ചീസ് ആണ് ഇവിടെ പ്രധാനമായും തയ്യാറാക്കുന്നത്. ചീസിൽ തന്നെ ഹാർഡ് ചീസ്, സോഫ്റ്റ്‌  ചീസ് എന്നിവയുടെ വില്‍പ്പനയുമുണ്ട്. കൂടാതെ ക്രീം ചീസിൽ തയാറാക്കുന്ന 8 തരം സ്നാക്ക്സും സ്പ്രെഡ്സും ഇവിടെ വില്പന നടത്തുന്നു. ബുറാട്ട, പാർമെസൻ,ചെദ്ദാർ, മോസ്റില്ല ബ്ലോക്ക്, ക്രീം ചീസ് തുടങ്ങി 15 ഓളം ചീസുകളും  ഹാലുമി ഫ്രൈസ്, റിക്കോട്ട സ്പിനാച്ച് സമോസ പോലെയുള്ള ചീസ് സ്നാക്സുകളും ഇവിടെ ഉൽപാദിപ്പിക്കുന്നു.

നിർമ്മാണം, വിതരണം 

cassaro3

പൂർണമായും പാസ്ച്ചുറൈസ്  ചെയ്ത പാലിൽ നിന്നുമാണ് ഇവിടെ ചീസ് ഉണ്ടാക്കുന്നത്.  ഇതിനായി കാട്ടുരിൽ നിന്നുള്ള ഫാമിൽ നിന്നുമാണ് പാൽ ശേഖരിക്കുന്നത്. തുടക്കത്തിൽ 10 മുതൽ 20 ലിറ്റർ പാലിൽ നിന്നും ചീസ് ഉണ്ടാക്കിയിരുന്നത് ഇപ്പോൾ 250 ലിറ്ററോളം പാലാണ് ദിവസവും ഇവിടെ ചീസ് ആകുന്നത്. ലോക്ക് ഡൗൺ കാലത്ത് ബിസിനസിനു നല്ല രീതിയിൽ വളർച്ച ഉണ്ടായി. ആളുകൾ യൂട്യൂബിലും മറ്റും പുതുരുചികൾ പരീക്ഷിക്കുന്ന സമയത്ത് കസാരോ ചീസിനും, ചീസ് ഉത്പന്നങ്ങൾക്കുമായി വന്നത് നിരവധി അന്വേഷണങ്ങൾ ആയിരുന്നു. ലോക്‌ഡൗൺ  വരെ വില്പന കുറഞ്ഞ  ക്രീം ചീസ്  100 കിലോ എന്ന നിലയിലേക്കെത്തിയത് വരുമാനം വർധിപ്പിച്ചു. വാങ്ങുന്നവർ നൽകുന്ന റിവ്യൂ  ആണ് ഏറ്റവും വലിയ പരസ്യം എന്ന് അനു പറയുന്നു.അങ്ങനെയാണ് കൊൽക്കത്തയിൽ കസാരിയോയുടെ  പ്രോഡക്റ്റ് എത്തിയതും. വാട്സാപ്പിലും, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിലും ഇവരുടെ ചീസിനു അന്വേഷണം എത്താറുണ്ട്. ഓൺലൈനിലും ഓർഡർ നൽകാം. തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ബേക്കറികളിലും, കേറ്ററിങ് യൂണിറ്റ്, സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലും ഇവ നേരിട്ട് എത്തിക്കുന്നു. അല്ലാത്തവ കൊറിയർ ആയാണ് വിൽക്കുന്നത് 200 gm മുതൽ വിൽപ്ന ഉണ്ട്.

ചീസിലെ പുതുരുചികൾ

കേടാകാതെ ഇരിക്കാൻ പ്രിസർവേറ്റിവുകൾ ചീസിൽ ചേർക്കാറില്ല. നിർമാണം മുതൽ വിപണനം വരെ അനുവിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ആളുകൾ കൂടുതൽ അന്വേഷിക്കുന്ന ചീസ് വിഭവത്തെ വ്യത്യസ്തമായ രുചിയിൽ അവതരിപ്പിക്കാനുള്ള പരീക്ഷണവും ഇവിടെ നടക്കുന്നു. അങ്ങനെ കണ്ടുപിടിച്ചതാണ് കശ്‍മീരി മുളകും കുരുമുളകും ചേർത്തുള്ള ചീസ്. ധാരാളം ഓർഡറുകൾ ഇതിനു ലഭിക്കുന്നുണ്ട്

സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകളോട്

∙കുറെ തവണ പരാജപ്പെട്ടതിനു ശേഷമാണ് നല്ലൊരു ചീസ് ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞത്. ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഞാൻ ചെയ്തത്. 

∙മനസിലുള്ള ആഗ്രഹം ഒരിക്കലും വിട്ടുകൊടുക്കില്ല എന്നതാണ് ഒരു സംരംഭകയാകാൻ ആദ്യം വേണ്ടത്.

∙ഒരു സംരംഭം തുടങ്ങാൻ സാമ്പത്തിക അടിത്തറ ആവശ്യം ആണ്. യൂണിറ്റ് തുടങ്ങാൻ ഉള്ള സ്ഥലം, മെഷീനുകൾ, തൊഴിലാളികൾക്കുള്ള ശമ്പളം, വെള്ളം, വൈദ്യുതി, അസംസ്കൃത വസ്തുക്കൾ വാങ്ങാനുള്ള ചിലവ് ഇതൊക്കെ ഉണ്ട്. പക്ഷെ എന്ന് കരുതി ആരും സ്വന്തം ലക്ഷ്യത്തിൽ നിന്നും പിന്മാറരുത്.

English Summary : Success Story of a Cheese Manufacturing Unit in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com