ADVERTISEMENT

ഓരോ വ്യക്തിയുടെയും സ്വഭാവവും പെരുമാറ്റവും സംവേദനക്ഷമതയും വ്യത്യസ്തമാണ്. എങ്കിലും ചില പൊതു മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഉപയോക്താക്കളെ നാലായി തിരിക്കാം.

1. പ്രാവ് (dove personality)

ഉപയോക്താക്കളിൽ ഏകദേശം 35% പേരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. പ്രാവിനെപ്പോലെ ശാന്തരും മറ്റുള്ളവർക്ക് പ്രാധാന്യം കൊടുക്കുന്നവരും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുമാണ് ഇവർ. 

സ്വന്തമായി ഒരു തീരുമാനവും എടുക്കില്ല. മറ്റുള്ളവരുടെ കൂടി അഭിപ്രായം ആരാഞ്ഞേ കാര്യങ്ങൾ തീരുമാനിക്കൂ. അതിനാൽ, കാലതാമസം സ്വാഭാവികമാണ്.  കൂടിക്കാഴ്ച അനൗപചാരികമായിരിക്കും. വ്യക്തിപരമായുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം. ബിസിനസിനു മുൻപ് നിങ്ങളുടെ വിശ്വാസ്യതയും ഇടപാടിന്റെ സുരക്ഷിതത്വവും അവർ ഉറപ്പു വരുത്തുന്നു.

നിങ്ങൾ ആദ്യം ഉപയോക്താവിനോട് സൗഹാർദപരമായി പെരുമാറി നല്ല ബന്ധം ഉണ്ടാക്കി എടുക്കുക. അതിനുശേഷം എന്തെങ്കിലും റഫറൻസ് ഉണ്ടെങ്കിൽ ഉപയോഗിക്കാം. മറ്റ് ഉപയോക്താക്കൾക്ക് നിങ്ങളുടെ സ്ഥാപനത്തെയും ഉൽപന്നത്തെയും കുറിച്ചുള്ള അഭിപ്രായങ്ങൾ, പ്രശംസാപത്രങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് വിശ്വാസ്യത ഉറപ്പുവരുത്താം. നിങ്ങൾ ആ മേഖലയിൽ വിദഗ്ധൻ ആണെന്നു ബോധ്യപ്പെട്ടാൽ ഉപയോക്താവിന്റെ വിശ്വാസം വർധിക്കും. അതിനാൽ, ഒരു ഉപദേശകന്റെ രീതിയിൽ നിന്നുകൊണ്ട് നിങ്ങൾക്ക് ഇടപാട് പൂർത്തീകരിക്കുവാൻ സാധിക്കും

2. മൂങ്ങ (Owl personality) 

ഇവർ വസ്തുതകൾക്കും വിശകലനത്തിനും തെളിവുകൾക്കും വലിയ പ്രാധാന്യം കൊടുക്കുന്ന പൂർണതാവാദികളായിരിക്കും (Perfectionist). ഇത്തരം ഉപയോക്താക്കളെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. കാരണം, ഇവർ കാര്യങ്ങൾ തുറന്നു സംസാരിക്കുകയില്ല. വളരെ കുറച്ച് ഉപയോക്താക്കളേ (10%) ഇത്തരത്തിലുള്ളൂ. വളരെ അടുക്കോടെയും ചിട്ടയോടും കാര്യങ്ങൾ ചെയ്യും. യുക്തിസഹമായി ചിന്തിക്കും. സമയമെടുത്തേ തീരുമാനമെടുക്കൂ. 

ഇവരുമായുള്ള കൂടിക്കാഴ്ചകൾ ഔദ്യോഗികവും വിഷയസംബന്ധിയും ഗൗരവതരവും ആയിരിക്കും. വ്യക്തിപരമായി ഒന്നും ഉൾപ്പെടുത്താതെ വിഷയത്തിൽ ഊന്നി സംസാരിക്കും. പക്ഷേ, പറയുന്ന കാര്യങ്ങളുടെ വസ്തുത, തെളിവുകൾ എല്ലാം നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. വളരെയധികം ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഉൽപന്നത്തിനെക്കുറിച്ചുള്ള നിങ്ങളുടെ ജ്ഞാനം, മേഖലയിലുള്ള അറിവ്, ക്ഷമ തുടങ്ങിയവയെല്ലാം ഇവിടെ പരീക്ഷിക്കപ്പെടുന്നു. 

നിങ്ങൾ കൊടുക്കുന്ന ഓരോന്നിന്റെയും വിശദാംശങ്ങൾ ഇഴകീറി പരിശോധിച്ചു സമയമെടുത്തേ തീരുമാനങ്ങളെടുക്കൂ. ഓഫറിന്റെ അവസാന തീയതി വ്യക്തമാക്കി കൊടുക്കുക. ഉൽപന്നത്തിന്റെയും സേവനത്തിന്റെയും അനുബന്ധ രേഖകൾ കൊടുത്തു കൃത്യമായ തുടർനടപടിയിലൂടെ മാത്രമേ ഇവരുമായി ഇടപാടുകൾ പൂർത്തീകരിക്കാനാകൂ. പ്രത്യേകം ശ്രദ്ധിക്കുക, അനാവശ്യ ധൃതിയോ തിടുക്കമോ ഉണ്ടാക്കി തീരുമാനം വേഗത്തിലാക്കാൻ ശ്രമിക്കരുത്, ഇത് ദോഷമേ ഉണ്ടാക്കൂ.

3. മയിൽ (Pecock personality )

ഉപയോക്താക്കളിൽ വളരെ കൂടുതലുള്ള വിഭാഗമാണിത് (38%). ഇവരെ വേഗം തിരിച്ചറിയാനാകും. ഊർജ്വസ്വലരും ഉത്സാഹഭരിതരുമായ ഇവർ എവിടെയും ശ്രദ്ധാകേന്ദ്രമാകും. മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്തു പറയുന്നുവെന്ന് ചിന്തിക്കാത്ത ഇവർ ഏറ്റവും പുതിയ ഫാഷനും ശൈലിയും പിന്തുടരുന്നവരാണ്. മികച്ച ആശയവിനിമയശേഷിയുണ്ടാകുമെങ്കിലും ഒരിക്കലും സമയനിഷ്ഠ പാലിക്കാറില്ല. 

ഇവർക്ക് വിശകലനങ്ങളിലോ വസ്തുതകളിലോ താൽപര്യമില്ല. ഉൽപന്നം /സേവനം അവരുടെ ജീവിതത്തിലും ബിസിനസിലും ഉണ്ടാക്കാവുന്ന മാറ്റം അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പ്രധാനമായും വികാരപരമായി തീരുമാനങ്ങളെടുക്കുന്നവരാണ്. അതിനാൽ, ഒരു എമ്പതി സെയിൽസ് ക്ലോസ് ഉപയോഗിച്ച് ഇടപാടു പൂർത്തിയാക്കാം. അവരുടെ ആവശ്യം മനസ്സിലാക്കി വികാരം ഉൾക്കൊണ്ടാണ് ഉൽപന്നം നിങ്ങൾ നിർദേശിച്ചതെന്ന് അവർക്കു തോന്നണം. 

ബന്ധം കാത്തുസൂക്ഷിക്കുന്നത് അവർക്കിഷ്ടമാണ്. ഉൽപന്നം ഉപയോഗിച്ച ശേഷം ഫലം നിങ്ങളോടു പങ്കുവയ്ക്കാൻ അവർക്കു വലിയ താൽപര്യവുമാണ്. അവരുടെ ആവശ്യത്തിനു യോജിക്കുന്ന ഉൽപന്നങ്ങളും സേവനങ്ങളും നൽകി തൃപ്തിപ്പെടുത്തിയാൽ ആജീവനാന്ത ഉപയോക്താവായി മാറ്റാം. ഇവർ നിങ്ങളുടെ ഉൽപന്നം മറ്റുള്ളവർക്ക് റെഫർ ചെയ്യുകയും ചെയ്യും.

4. കഴുകൻ (Eagle personality )

ഉപയോക്താക്കളിൽ 17% മാത്രം ഉള്ള ഇവർ നേതൃശേഷി ഉള്ളവരും അന്തിമഫലം മുന്നിൽ കണ്ടു തീരുമാനങ്ങളെടുക്കാൻ കഴിവുള്ളവരും ആണ്. ബന്ധങ്ങളിൽ ഒന്നും താൽപര്യം ഇല്ല. നേരെ വാ നേരെ പോ മട്ടാണ്. ഇടപാടുകൾ സുതാര്യവുമാണ്. എന്താണ് തങ്ങൾക്കു വേണ്ടതെന്നു കൃത്യമായ ധാരണയുള്ള ഇവർ വേഗത്തിൽ കൃത്യമായ തീരുമാനം എടുക്കും. വളരെ പ്രഫഷനൽ ആയി നന്നായി വസ്ത്രധാരണം ചെയ്യും. അൽപം ഉയർന്ന ശബ്ദത്തിൽ അധികാരത്തോടെയാകും സംസാരം. കൈകാര്യം ചെയ്യൽ വളരെ ബുദ്ധിമുട്ടാണ്. നന്നായി തയാറെടുപ്പുകൾ നടത്തിയ ശേഷം മാത്രം കൂടിക്കാഴ്ചയ്ക്കു പോകുക. കൊടുക്കുന്ന വാഗ്ദാനങ്ങൾ (സമയം, ഗുണനിലവാരം) എല്ലാം പാലിക്കാൻ കഴിയുന്നതാകണം. ഒഴിവുകഴിവുകൾ പറയാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അനാവശ്യ സംസാരം വഴി അവരുടെ വിലയേറിയ സമയം പാഴാക്കുന്നത് അവർക്കിഷ്ടമല്ല. 

അന്തിമ ഫലത്തിനു പ്രാധാന്യം കൊടുത്തു, ചോദ്യങ്ങൾക്കു വളച്ചുകെട്ടാതെ കൃത്യമായ മറുപടി നൽകിയാൽ വളരെ വേഗത്തിൽ നിങ്ങൾക്ക് ആ ബിസിനസ് ഡീൽ ഉടൻ പൂർത്തിയാക്കാനാകും.

English Summary : How to Identify Different Personalities of Customers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com