കിസാൻ സമ്മാൻ നിധി: അക്കൗണ്ടിൽ പണം എത്തിയോ?
Mail This Article
കേന്ദ്ര സർക്കാറിന്റെ കർഷകർക്കുള്ള ദീപാവലി സമ്മാനമായി പിഎം കിസാൻ സമ്മാൻ നിധിയുടെ പന്ത്രണ്ടാം ഗഡു 2000 രൂപ കർഷകരുടെ അക്കൗണ്ടിൽ എത്തി. 16,000 കോടി രൂപയാണ് രാജ്യത്തെ അർഹരായ കർഷകരുടെ അക്കൗണ്ടിലേക്ക് ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫറിലൂടെ ഇന്നലെ പ്രധാനമന്ത്രി കൈമാറിയത്. രാജ്യത്തൊട്ടാകെ പതിനൊന്നു കോടി കർഷകർ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
2019 ൽ തുടങ്ങി
ചെറുകിട കർഷകരെ സഹായിക്കാൻ 2019 ലാണ് കേന്ദ്ര സർക്കാർ പിഎം സമ്മാൻ നിധി ആരംഭിച്ചത്. പ്രതിവർഷം 6000 രൂപ മൂന്നു തുല്യ ഗഡുക്കളായി കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് എത്തിക്കുന്നതാണ് പദ്ധതി. ഏപ്രിൽ - ജൂലായ്, ആഗസ്റ്റ് - നവംബർ, ഡിസംബർ - മാർച്ച് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി 2000 രൂപ വീതം അർഹരായ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നു. ഇതു വരെയായി 2.16 ലക്ഷം കോടി രൂപ ഈ ഇനത്തിൽ നൽകിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ 3,731,150 കർഷകർ പദ്ധതിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
പണം എത്തിയോ, അറിയാം
https://pmkisan.gov.in എന്ന വെബ് പോട്ടലിൽ പ്രവേശിച്ച് സ്റ്റാറ്റസ് മനസ്സിലാക്കാം. ബെനിഫിഷ്യറി സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുമ്പോൾ തുറക്കുന്ന പേജിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകി കാപ്ച കോഡ് അടിച്ച് Get Data കൊടുത്താൽ പേയ്മെന്റ് വിവരം അറിയാം. ആദ്യ ഗഡു മുതൽ പന്ത്രണ്ടു ഗഡു വരെയുള്ള സംഖ്യ കൈമാറിയ വിവരങ്ങൾ ഇവിടെ ദൃശ്യമാകും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, സംഖ്യ ക്രെഡിറ്റ് ചെയ്ത തീയതി തുടങ്ങിയ കാര്യങ്ങൾ ഇവിടെ കാണാം. പണം കൈമാറുന്നതിൽ എന്തെങ്കിലും സാങ്കേതിക പിഴവുകളോ മറ്റു കാരണങ്ങളോ ഉണ്ടെങ്കിൽ അക്കാര്യവും അറിയാം. വില്ലേജിലെ പിഎം കിസാൻ ഗുണഭോക്താക്കളുടെ പട്ടികയും പോർട്ടലിൽ നിന്നു ലഭിക്കും. ബെനിഫിഷ്യറി ലിസ്റ്റ് എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സംസ്ഥാനം, ജില്ല, ബ്ലോക്ക്, വില്ലേജ് തുടങ്ങിയ വിവരങ്ങൾ നൽകി റിപ്പോർട്ട് ( Get report) ആവശ്യപ്പെട്ടാൽ മതി.
English Summary : Did You Receive PM Kissan Twelth Instalment