ADVERTISEMENT

മനുഷ്യന്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്ന വലിയൊരു പ്രശ്നമാണ് ഇ-മാലിന്യം. ഈ വർഷം ലോകത്തിൽ  5 ബില്യൺ ഫോണുകൾ വലിച്ചെറിയും എന്നൊരു ഞെട്ടിപ്പിക്കുന്ന കണക്ക് അടുത്തിടെ പുറത്തു വന്നിട്ടുണ്ട്.ഇങ്ങനെ വലിച്ചെറിയുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ നിന്ന്  വിലയേറിയ ധാതുക്കളായ സ്വർണം, ചെമ്പ് , കോബാൾട്ട് എന്നിവ വേർതിരിച്ചെടുക്കാൻ സാധിക്കും. ഉദാഹരണത്തിന് ഒരു ടൺ മൊബൈൽ ഫോണുകളിൽ പതിനായിരക്കണക്കിന് ഡോളർ വിലമതിക്കുന്ന 130 കിലോ ചെമ്പ്, 340 ഗ്രാം സ്വർണ്ണം, 140 ഗ്രാം പലേഡിയം തുടങ്ങിയവ ഉണ്ട്.

എന്തൊക്കെ ഇ–മാലിന്യ ബിസിനസിൽ ഉൾപ്പെടുത്താം?

എല്ലാ ഇലക്‌ട്രോണിക് ഇനങ്ങളും ഇ-മാലിന്യ ബിസിനസിന്റെ പരിധിയിൽ വരും. എങ്കിലും, ചിലത് എളുപ്പത്തിൽ പുനരുപയോഗം ചെയ്യാം. കാലഹരണപ്പെട്ട ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, ഉപേക്ഷിച്ച സർക്യൂട്ട് ബോർഡ്, പാഴായ ഫോണുകൾ,ബാറ്ററികൾ, പഴയ  ടെലിവിഷനുകൾ, കമ്പ്യൂട്ടർ മോണിറ്ററുകൾ, കീബോർഡുകൾ അല്ലെങ്കിൽ മൗസ്, ക്യാമറ, ഡിവിഡി, ക്ലോക്കുകൾ, മൈക്രോവേവ്, ടോസ്റ്ററുകൾ, റഫ്രിജറേറ്റർ,കാൽക്കുലേറ്ററുകൾ, എയർ കണ്ടീഷണറുകൾ, മറ്റ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ തുടങ്ങിയവയെല്ലാം പുനരുപയോഗിക്കാം. വിഷ മാലിന്യത്തെ ഉയർന്ന മൂല്യമുള്ള ലോഹസങ്കരങ്ങളാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ നിലവിൽ വികസിച്ചു വരുന്ന ഒരു മേഖലയാണ്.

ഇ ബിസിനസ് ലാഭകരമാകുമോ?

ഇ ബിസിനസ് തുടങ്ങുകയാണെങ്കിൽ അസംസ്കൃത സാധനങ്ങൾ തേടി എവിടെയും പോകേണ്ടതില്ല. വളരെ നിസാരമെന്ന് തോന്നുമെങ്കിലും നല്ല ലാഭം കിട്ടും.യുക്രെയ്ൻ റഷ്യ യുദ്ധം തുടങ്ങിയതില്‍ പിന്നെ പല ലോഹങ്ങളുടെയും വിതരണ ശൃഖലയിൽ പ്രശ്നങ്ങൾ വന്നിട്ടുണ്ട്. ഇ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനു പകരം വീടുകളിൽ നല്ലൊരു ഇ മാലിന്യ ശേഖരം പലർക്കുമുണ്ട്. ഇ മാലിന്യത്തിനു പകരം പണം അല്ലെങ്കിൽ ഗൃഹോപയോഗ സാധനങ്ങൾ എന്നൊരു രീതി കൊണ്ടുവരികയാണെങ്കിൽ ഇ മാലിന്യങ്ങൾ സുരക്ഷിതമായി പുനരുപയോഗിക്കാനുള്ള സംവിധാനം ഉണ്ടാക്കാം. ഇലക്ട്രോണിക് സാധനങ്ങളുടെ ഡിമാൻഡ് ഉയരുന്നതിനാൽ ഇത് തീർച്ചയായും ഭാവിയിലെ ഒരു സുസ്ഥിരമായ ബിസിനസ് ആയി മാറും. കൂടാതെ ഇ മാലിന്യം ഉയർത്തുന്ന വലിയൊരു പ്രശ്നത്തെ ഒരു അവസരമാക്കി മാറ്റുകയും ചെയ്യാം. 

എന്തെല്ലാം ഇ മാലിന്യത്തിൽ നിന്നും ഉണ്ടാക്കാം? 

∙ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാം.ആപ്പിൾ, ഡെൽ എന്നീ കമ്പനികൾ അവരുടെ പഴയ ഉൽപ്പന്നങ്ങളിൽ നിന്നും പുതിയവ ഉണ്ടാക്കുന്നുണ്ട്. 

∙വീട്ടുപകരണങ്ങൾ, റെഫ്രിജറേറ്റർ ഭാഗങ്ങൾ എന്നിവ ഉണ്ടാക്കാം 

∙വ്യായാമത്തിനുള്ള ഉപകരണങ്ങൾ ഇ മാലിന്യത്തിൽ നിന്നും വരുന്നുണ്ട്.

∙കാറുകളുടെ ഭാഗങ്ങളും, കണ്ടൈയ്നറുകളും ഇ മാലിന്യത്തിൽ നിന്നും ഉണ്ടാക്കാം 

∙ഒരു നൈജീരിയൻ കമ്പനി ഇ മാലിന്യത്തിൽ നിന്നും സോളാർ വിളക്കുകൾ ഉണ്ടാക്കുന്നുവെന്ന്  റിപ്പോർട്ടുകളുണ്ട് 

ദശലക്ഷക്കണക്കിന് ടൺ ഇ-മാലിന്യം ലോകമാസകലം ഉള്ളതിനാൽ അത് ഗുരുതരമായ ആഗോള പ്രശ്നത്തിലേക്ക് നയിക്കുന്നു. ഈ ഇ-മാലിന്യം അവ വലിച്ചെറിയുന്ന സ്ഥലത്തെ മലിനമാക്കുന്നു, അതിനാൽ തന്നെ  അവ പുനരുപയോഗം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇലക്ട്രോണിക് സാധനങ്ങൾ ഉണ്ടാക്കാൻ ആവശ്യമായ ലോഹങ്ങൾ പരമ്പരാഗതമായ ഖനനത്തിൽ നിന്നും ശേഖരിക്കുന്നതിനേക്കാൾ  ലാഭകരമാണ് ഇ മാലിന്യം വേർതിരിച്ചെടുക്കുന്ന രീതി. പ്രകൃതിക്കും, പോക്കറ്റിനും അനുയോജ്യമായ ഈ രീതി മനുഷ്യ കുലത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിനും നല്ലതാണ്.

English Summary : E Waste Business is Very Profitable 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com