ഇത് മണ്ണ് നൽകും വിജയം, മാസം ഒരു ലക്ഷം വരുമാനം

HIGHLIGHTS
  • വലിയ നിക്ഷേപങ്ങളൊന്നുമില്ലാതെ മികച്ച വരുമാനം ഉണ്ടാക്കുന്ന സംരംഭം
B4U-nov1
SHARE

ചില ബിസിനസുകൾ ഇങ്ങനെയാണ്. വളരെ നിസ്സാരമായി ചെയ്യാൻ കഴിയും. ഉയർന്ന നിക്ഷേപം കൂടാതെ, ഒരുപക്ഷേ, ഒരു നിക്ഷേപവും ഇല്ലാതെ തന്നെ, മത്സരം ഒഴിവാക്കി, കൊള്ളാവുന്ന ലാഭം കിട്ടുന്ന അത്തരം ബിസിനസുകൾ കണ്ടെത്തിയാൽ വിജയം പിന്നാലെയെത്തും. സംരംഭകരായ മിനിയും ദിനേശനും തൃശൂർ അയ്യൻകുന്നിൽ സ്വന്തം വീടിനോടു ചേർന്ന് അങ്ങനെ നടത്തുന്ന ലഘുസംരംഭമാണ് ‘മാസ് അഗ്രികൾച്ചർ ഗ്രോയിങ് മീഡിയ’.

‘പോട്ടിങ് മിക്സ്’ എന്നു പൊതുവേ അറിയപ്പെടുന്ന മണ്ണും വളങ്ങളും ചേർത്തു തയാറാക്കിയ മിശ്രിതം ചാക്കുകളിലാക്കി വിൽക്കുന്നതാണ് ഇവരുടെ ബിസിനസ്. മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി, ചാരം, കരി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കുമ്മായം തുടങ്ങിയവയെല്ലാം നിശ്ചിത അനുപാതത്തിൽ മിശ്രണം നടത്തിയാണ് ഉൽപന്നം തയാറാക്കുക. 3:1 എന്ന അനുപാതത്തിലാണ് മണ്ണും മറ്റു വളങ്ങളും ചേർക്കുന്നത്. ഇതിനു വളക്കൂറുള്ള മേൽമണ്ണാണ് അത്യുത്തമം. നല്ല ചുവന്ന അടിമണ്ണും നല്ലതാണ്. അവയും േചർത്താണ് മണ്ണു മിക്സ് ചെയ്യുക. വീടിനു തൊട്ടടുത്തുള്ള പറമ്പിൽനിന്നുമാണ് ഇതിനാവശ്യമായ മണ്ണു ശേഖരിക്കുന്നത്. ഇതിനു മെഷിനറികൾ ഉപയോഗിക്കുന്നില്ല. തൂമ്പാ കൊണ്ട് കോരി അരിച്ചെടുക്കുകയാണ്.

ഏക മെഷിനറി മണ്ണ് അരിപ്പ

പത്തു വർഷമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ മണൽ അരിക്കാൻ ഉപയോഗിക്കുന്ന അരിപ്പ മാത്രമാണ് മെഷിനറി എന്നു പറയാനുള്ളത്. വലിയ തരികൾ കൂടി അരിക്കാവുന്ന അരിപ്പയാണ് ഇത്. മണ്ണിലെ െചറിയ കല്ലുകളും കരടുകളും മറ്റും ഈ പ്രക്രിയയിലൂടെ പുറന്തള്ളാൻ കഴിയും. അരിച്ചെടുക്കുന്ന മണ്ണ് മുഖ്യ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നു. ഈ മണ്ണ് മറ്റു വളങ്ങളുമായി തൂമ്പ ഉപയോഗിച്ചു ഇളക്കിച്ചേർക്കുന്നു. ചകിരിച്ചോറ്, ചാണകപ്പൊടി, ചാരം, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കുമ്മായം, കരി എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്താണു മിശ്രണം നടത്തുന്നത്. 

ഈ മിക്സ് 10 കിലോഗ്രാമിന്റെ ചാക്കിൽ നിറയ്ക്കുന്നു. ചാക്ക് സീൽ ചെയ്യുന്നതിന് സ്റ്റിച്ചിങ് മെഷീനും തൂക്കം നോക്കാൻ വേയിങ് ബാലൻസും ഉണ്ട്. പോളിത്തീൻ ചാക്കിലാണ് മിക്സ് നിറയ്ക്കുക. ‘MAAS Agriculture Growing Media' എന്ന ബ്രാൻഡ് നെയിമിലാണ് ഉൽപന്നം വിപണിയിലെത്തുന്നത്. സ്റ്റിച്ചിങ് മെഷീനും േവയിങ് ബാലൻസും എല്ലാം പലപ്പോഴായി വാങ്ങിച്ചതാണ്. ഇതൊന്നുമില്ലാതെയായിരുന്നു തുടക്കം. 

വിപണി േകരളം മുഴുവനും

ഇന്നു േകരളത്തിലെ എല്ലാ ജില്ലകളിലും മാസിന്റെ ഉൽപന്നങ്ങൾ എത്തുന്നുണ്ട്. സ്വന്തം വാഹനത്തിലാണു വിതരണം. 10 കിലോഗ്രാമിന്റെ ചാക്കിനു 90 രൂപ മുതൽ 130 രൂപ വരെ വിലയ്ക്കാണ് വിൽക്കുക. നേരിട്ടും വളംവിതരണക്കാർ, വളം വിൽക്കുന്ന ഷോപ്പുകൾ, നഴ്സറികൾ എന്നിവിടങ്ങൾ വഴിയും കച്ചവടം നടക്കുന്നു. തൃശൂർ ജില്ലയിലെ മണ്ണുത്തിക്കടുത്തുള്ള നഴ്സറികളിൽ നന്നായി വിറ്റുപോകുന്നു. പ്രതിമാസം ഏകദേശം 5 ലക്ഷം രൂപയുടെ കച്ചവടമാണ് ഇപ്പോൾ ലഭിക്കുന്നത്. അതിൽ 20 ശതമാനമാണ് എല്ലാ ചെലവും കഴിച്ചുള്ള അറ്റാദായം. സംരംഭം നേരിടുന്ന ഏക വെല്ലുവിളി ക്രെഡിറ്റ് കച്ചവടം വേണ്ടിവരുന്നുവെന്നതാണ്.

തൃശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ തേങ്ങാ തൊണ്ട് സംസ്കരണ പ്ലാന്റുകളിൽനിന്നു ശേഖരിക്കുന്ന ചകിരിച്ചോറിന്റെ ബ്രിക്സും ഇതിനൊപ്പം വിതരണം ചെയ്യുന്നുണ്ട്. ഇവരുടെ മകൻ മനു വെറ്ററിനറി യൂണിവേഴ്സിറ്റി ജീവനക്കാരനാണ്. മകൾ സ്വാതി പോസ്റ്റ് വുമണായും ജോലി ചെയ്യുന്നു. ഇവരുടെ സഹായവും സഹകരണവും സംരംഭത്തിനു ലഭിക്കുന്നുണ്ട്. എങ്കിലും, വളരെ അത്യാവശ്യഘട്ടങ്ങളിൽ ദിവസക്കൂലിക്കു തൊഴിലാളികളെ കൂട്ടാറുണ്ട്. 

മെക്കനൈസേഷൻ

ഈ ഉൽപന്നത്തിന്റെ വിപണിസാധ്യതകൾ മനസ്സിലാക്കിയ ദമ്പതികൾ നിലവിലെ ഉൽപാദനം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി മിശ്രണം, പാക്കിങ് എന്നിവയിൽ യന്ത്രസഹായം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നു. വീടിനോടു ചേർന്നുള്ള ഷെഡും ഇതിനായി വിനിയോഗിക്കാനാണ് തീരുമാനം. സംരംഭം വിജയം നേടുന്നതിനൊപ്പം കുറച്ചു പേർക്കു കൂടി തൊഴിൽ കൊടുക്കുക എന്ന ലക്ഷ്യവും ഈ വിപുലീകരണത്തിനു പിന്നിലുണ്ട്.

പുതുസംരംഭകർക്ക്

ഇത്തരത്തിൽ കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാവുന്ന സംരംഭങ്ങൾക്കു നമ്മുടെ നാട്ടിൽ ഏറെ സാധ്യതയുണ്ട്. ൈജവവളം പലരീതിയിലും നിർമിച്ചു വിൽക്കാനാകും. ൈജവ മാലിന്യങ്ങൾ സംസ്കരിച്ച് ൈജവവളം നിർമിക്കാം. മണ്ണ് അതേ രീതിയിൽ അരിച്ചു പാക്ക് ചെയ്തു വിൽക്കാം. അങ്ങനെ പലരീതികളും പരീക്ഷിക്കാവുന്നതാണ്. മികച്ച ലാഭവിഹിതം തരുന്നതും മത്സരം താരതമ്യേന കുറഞ്ഞതുമായ ഇത്തരം സംരംഭങ്ങൾ തുടങ്ങാൻ അധികം മുന്നൊരുക്കങ്ങൾ വേണ്ട. തുടങ്ങി 6 മാസത്തിനുള്ളിൽ പ്രതിമാസം 60,000 രൂപയെങ്കിലും അറ്റാദായവും നേടാം. 

ലേഖകൻ സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ‍ഡയറക്ടറാണ്

English Summary : Know These Small Enterprise Which is Having High Growth Potential

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS