ADVERTISEMENT

സംരംഭം തുടങ്ങാൻ ഒരു പുത്തൻ ആശയം നിങ്ങളുടെ മനസിലുണ്ടോ? എങ്കിൽ അത് പ്രാവർത്തികമാക്കാനുള്ള സമയം ഇതാണ്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും (ഗ്രാമപഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ) ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം (One Local Government One Idea - OLOI) എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഈ അവസരം പ്രയോജനപ്പെടുത്തി നിങ്ങളുടെ സംരംഭകത്വ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാം

എന്താണ് പദ്ധതി ?

സംസ്ഥാന സർക്കാർ കെ-ഡിസ്ക് എന്ന സംവിധാനത്തിന്റെ നേതൃത്വത്തിൽ രൂപം നൽകിയ പദ്ധതിയാണ് ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം (OLOI). ഓരോ പ്രദേശങ്ങളിലും അപരിഹാര്യമായി തുടരുന്ന വികസന പ്രശ്നങ്ങളെയും അവ പരിഹരിക്കാൻ ഉതകുന്ന പുത്തൻ ആശയങ്ങളെയും സമന്വയിപ്പിച്ച് പരിഹാരം കണ്ടത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. പ്രാദേശിക തലത്തിൽ ലഭ്യമായ പുത്തൻ ആശയ ദാതാക്കളെയും ഗവേഷണ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവരുടെ  വൈദഗ്ധ്യങ്ങളെയും കൂട്ടിയിണക്കി നാടിന് വികസനക്കുതിപ്പേകാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിലും ജനപങ്കാളിത്തത്തോടെ ഒരു നൂതന ആശയമെങ്കിലും കണ്ടെത്തി ഫലപ്രദമായി നടപ്പാക്കാനാണ് നിർദ്ദേശം.

ആശയത്തിൽ പുതുമ വേണം

പരമ്പരാഗത പദ്ധതികളുടെ ആവർത്തനമല്ലാത്ത നൂതനാശയങ്ങളുടെയും സംരംഭങ്ങളുടെയും പ്രോത്സാഹനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സമൂഹത്തിൽ നിന്നും ഉയർന്നു വരുന്ന പുത്തൻ ആശയങ്ങൾ സ്വീകരിച്ച് പ്രായോഗികമായി നടപ്പാക്കും. തദ്ദേശ സ്ഥാപനത്തിലെ തൊഴിൽ രഹിതരായ യുവജനങ്ങളുടെ തൊഴിൽ നൈപുണ്യം ഉയർത്തി സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് പ്രാദേശിക വികസനം സാധ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടണം

ഒരു നൂതന ആശയം നിങ്ങൾക്കുണ്ടെങ്കിൽ തദ്ദേശ സ്ഥാപനവുമായി ഉടൻ ബന്ധപ്പെടൂ. തൊഴിൽ സംരംഭം ആരംഭിക്കാനുള്ള എല്ലാ സഹായങ്ങളും അവിടെ നിന്ന് ലഭിക്കും. സബ്സിഡി, ബാങ്ക് വായ്പ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അറിയാം. അവിടെ നിയമിതരായിട്ടുള്ള ഇന്റെണുകളുടെ സേവനം പ്രയോജനപ്പെടുത്താം.  എന്റെ സംരംഭം, എന്റെ അഭിമാനം, എന്റെ തൊഴിൽ എന്റെ അഭിമാനം തുടങ്ങിയ പദ്ധതികളും ഇതുമായി കണ്ണി ചേർന്നവയാണ്. തദ്ദേശ സ്ഥാപനം നടത്തുന്ന തൊഴിൽ സഭയിലും സംരംഭകർക്ക് പ്രധാന പങ്കുണ്ട്. നിങ്ങളുടെ തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാം.

English Summary : Know More about One Local Government One Idea - OLOI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com