ADVERTISEMENT

വനിതകളെ, നിങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യമുണ്ടോ? "അയ്യോ അതെന്താ" എന്നാവും സ്വാഭാവികമായും പലരുടെയും മറുചോദ്യം. ജോലിക്കാരായ വനിതകൾ പോലും ഇങ്ങനെ ചോദിച്ചേക്കാം. നിങ്ങൾ ആഗ്രഹിക്കുന്ന ജീവിതം നയിക്കാനും സ്വന്തം സാമ്പത്തിക തീരുമാനങ്ങൾ എടുക്കാനും സാമ്പത്തിക ലക്ഷ്യങ്ങൾ നേടാനുമുള്ള കഴിവാണ് സാമ്പത്തിക സ്വാതന്ത്ര്യം. എന്നാൽ കിട്ടുന്ന ശമ്പളം അങ്ങനെതന്നെ ഭർത്താവിനെ ഏൽപ്പിക്കുന്ന നമ്മുടെ സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം തിരിച്ചറിയാതെ പോകുന്നു. സാമ്പത്തിക അജ്ഞത കൊണ്ട് പലപ്പോഴും തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടിയും വരുന്നു. ഇത്തരക്കാർക്ക് സാമ്പത്തിക തീരുമാനങ്ങളെടുക്കാൻ സഹായിക്കാൻ ഹെർമണി ടോക്സ്(HerMoneyTalks) എന്ന സ്റ്റാർട്ടപ്പ്‌ ഉണ്ട്. തൃശൂർ സ്വദേശി നിസരി മഹേഷ് ആണിതിന്റെ സ്ഥാപക.

ഹെർമണി ടോക്സിന്റെ പിറവി 

ബാങ്കിൽ ആയിരുന്നു നിസരി ജോലി നോക്കിയിരുന്നത്. 8 വർഷത്തോളം ജോലി ചെയ്തു. അവിടെ വിരസത അനുഭവപ്പെട്ട നിസരി ഏറ്റവും ഇഷ്ടം ഉള്ള എഴുത്ത് തിരഞ്ഞെടുക്കുക ആയിരുന്നു.ഫ്രീലാൻസ് ആയി കോർപ്പറേറ്റ് ലേഖനങ്ങളും, ആർട്ടിക്കിളുകളും എഴുതി. പിന്നീട് 2009ല്‍ കണ്ടന്‍റ് റൈറ്റിങ്, ഓൺലൈന്‍ ബ്രാന്‍ഡിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനങ്ങളുമായി ഹബ് വേര്‍ഡ്സ് മീഡിയ എന്ന സ്ഥാപനം തുടങ്ങി. തൃശൂരിന് പുറമെ ബാംഗളൂരിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ 40ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നു. "ആർട്ടിക്കിളുകൾ തയ്യാറാക്കുന്ന സമയത്താണ് സ്ത്രീകൾ അനുഭവിക്കുന്ന സാമ്പത്തിക നിരക്ഷരതയുടെ ആഴം മനസിലായത്. സ്വര്‍ണം, ഫിക്സഡ് ഡിപ്പോസിറ്റ് എന്നതിന് പുറത്തേക്ക് സമ്പാദ്യത്തെ കുറിച്ച്  ചിന്തിക്കാത്തവരാണ് സ്ത്രീകൾ ഏറെയും എന്ന് മനസിലാക്കാൻ കഴിഞ്ഞു" നിസരി പറയുന്നു. ഇത്തരക്കാര്‍ക്ക് സാമ്പത്തികാസൂത്രണം നല്‍കുന്ന ഹെർമണി  ടോക്ക്സിന്റെ പിറവി അങ്ങനെയായിരുന്നു.

എന്താണ് ഹെർമണി ടോക്സ്

വനിതകളുടെ സാമ്പത്തിക ശാക്തീകരണവും ബോധവൽക്കരണവും അവരുടെ കൂട്ടായ്മയുമാണ് ഹെർമണി ടോക്സിന്റെ പ്രധാന ലക്ഷ്യം. വനിതാ സംരംഭകര്‍ക്ക് വേണ്ടി ശില്‍പശാലകളും പരിശീലന പരിപാടികളും ഇതോടൊപ്പം നടത്തുന്നു. സാമ്പത്തിക മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, വിവാഹബന്ധം വേര്‍പെടുത്തുന്ന ഘട്ടത്തിലെ സാമ്പത്തിക വീതംവെപ്പ്, വിധവകള്‍ക്കുള്ള സാമ്പത്തിക സഹായം എന്നിവക്കെല്ലാം ഈ സംരംഭത്തിന്‍റെ സഹായം തേടാവുന്നതാണ്. കേരള സ്റ്റാർട്ടപ്പ്‌  മിഷന്റെ ഐഇഡിസി പ്രോഗ്രാം വഴി പല കോളേജുമായും ചേർന്ന് ഹെർമണി ടോക്സിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കോളേജുകളിൽ നടത്തുന്ന ശില്പശാലകളും ക്ലാസുകളും പുതിയ തലമുറയിലെ എല്ലാവർക്കും സാമ്പത്തിക മേഖല പരിചയപ്പെടുത്തുന്നു. മോട്ടിവേഷൻ ക്ലാസ് ആണ് ആദ്യം നൽകുന്നത്. ഇതിൽ കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നവർക്ക് ആഴത്തിലുള്ള അറിവും പിന്തുണയും നൽകുന്നു. എന്തെങ്കിലും സംരംഭം തുടങ്ങുവാൻ ലോൺ ആവശ്യമുള്ള സ്ത്രീകൾക്ക്  അതിനുള്ള സഹായങ്ങളും ഹർമണി ടോക്സ് നൽകിവരുന്നു. മാത്രമല്ല ഇൻഫോപാർക്ക്, ടെക്നോപാർക്ക് തുടങ്ങിയ ഐ ടി കമ്പനികളിലും സേവനം ലഭ്യമാണ്.   

ഹെർമണി ടോക്സിലേക്ക് എത്താൻ

കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലാണ് ഹെർമണി  ടോക്സിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. മറ്റൊരു ഓഫീസ് ബംഗളൂരുലാണ്. ഓഫീസ് പ്രവർത്തനത്തിലുപരി വെർച്വൽ നെറ്റ്‌വർക്കിലൂടെയാണ് സേവനം. ഓരോന്നും കൈകാര്യം ചെയ്യുന്നത് ആ വിഭാഗത്തിൽ വൈദഗ്ധ്യം നേടിയവരാണ്. നിക്ഷേപ ഉപദേശകര്‍, വെൽത്ത് മാനേജ്മെന്‍റ് കൺസള്‍ട്ടന്‍റുകള്‍, അഭിഭാഷകര്‍, ചാറ്റേഡ് അക്കൗണ്ടന്‍റുമാര്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവരുടെ സേവനവും ഹെര്‍മണി ടോക്സ് നല്‍കി വരുന്നു. 

ഫിനാൻസ് ക്ലബ്‌

nisari1

ഹെർമണി ടോക്സ് നിലവിൽ ബാംഗ്ലൂരിൽ ഐ ടി കമ്പനികളിൽ ഫിനാൻസ് ക്ലബ് ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസവും ഉയർന്ന ജോലിയും ഉള്ളവരാണെങ്കിൽ പോലും പലരും സാമ്പത്തികമായി അജ്ഞത തുടരുന്നവരാണ് വനിതകൾ പലരും.  ടാക്സ് ഫയലിങ്,  ഇൻവെസ്റ്റ്മെന്റ് എന്നിവയിൽ  ഹെർമണി  ടോക്സിന്റെ ഫിനാൻസ് ക്ലബ് വളരെ ഉപകാരപ്രദമായി തീർന്നിട്ടുണ്ടെന്ന് നിസരി മഹേഷ് പറഞ്ഞു. ബാംഗ്ലൂരിൽ തന്നെ പല കോളേജുകളിലും ഫിനാൻസ് ക്ലബ് ആരംഭിക്കാനുള്ള പദ്ധതിയിലാണ്. പഠിച്ചു കൊണ്ട് ജോലി നോക്കുന്നവർ, സർട്ടിഫിക്കേഷന്‍ കോഴ്സ് ചെയ്യുന്നവർ തുടങ്ങിയ എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലും ഉടൻ പ്രവർത്തനം ആരംഭിക്കും 

പ്രവാസി വനിതകൾക്കും സഹായം

കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ നഴ്സായവർ ധാരാളം പേരുണ്ട്. ഉയർന്ന വരുമാനമുള്ള ഇവർ പണം നാട്ടിലേക്ക് അയക്കുമ്പോൾ പലരീതിയിൽ ദുരൂപയോഗപ്പെടാനുള്ള സാധ്യത ഏറെയാണ്. പലർക്കും ഈ പണം എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. തങ്ങൾക്കറിയാത്ത നിക്ഷേപങ്ങളിലും റിയൽ എസ്റ്റേറ്റിൽ മുടക്കിയും നഷ്ടം സംഭവിച്ചവർ  ഒരുപാട് പേരുണ്ട്. ഹെർമണി ടോക്സിനെ കേട്ടറിഞ്ഞു വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന ധാരാളം പേർ തങ്ങളെ സമീപിച്ചിരുന്നതായും  അവരുടെ പണം എങ്ങനെ ഉപയോഗപ്രദമായി കൈകാര്യം ചെയ്യാം എന്നതിൽ കൺസൾട്ടേഷൻ കൊടുക്കുകയും  അവർ  വിജയം കണ്ടെത്തുകയും ചെയ്തു എന്നുള്ളതാണ് നേട്ടമായി ഹെർമണി  ടോക്സിന്റെ സ്ഥാപക നിസരി മഹേഷ് ചൂണ്ടിക്കാണിക്കുന്നത്.

പുതിയ ചുവട്വയ്പ് 

ഇപ്പോള്‍ www.hermoneytalks.com എന്ന വെബസൈറ്റ് വഴി നല്‍കി വരുന്ന സേവനങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നല്‍കുന്നതിനുള്ള ആപ്പ് രൂപീകരണം അന്തിമഘട്ടത്തിലാണ്.

മണി മാനേജ്മെന്റ് ഒരു ലൈഫ് സ്കിൽ ആണ്. തീർച്ചയായും നമ്മുടെ പഠന ശാഖയിൽ ചെറിയ ക്ലാസ്സ് മുതൽ ഉൾപ്പെടുത്തേണ്ട ഒരു വിഷയമാണിതെന്ന് നിസരി മഹേഷ് പറയുന്നു. കേരളത്തിൽ ഇപ്പോഴും സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് അജ്ഞരായിരിക്കുന്നവരാണ് ഏറെയും. കേരളത്തെ സാമ്പത്തിക തട്ടിപ്പിന് പലരും ഉപയോഗപ്പെടുത്തുന്നത് ഈ അജ്ഞത മുതലെടുത്താണ്. വർധിച്ചുവരുന്ന ഓൺലൈൻ വായ്പാ തട്ടിപ്പുകളും ഒക്കെ ഇതിന് തെളിവാണ്. നമ്മുടെ പണം എങ്ങനെ ഉപയോഗിക്കണം എന്നുള്ള അറിവ്  ഉണ്ടായിരിക്കുക വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള ഒരു ബോധവൽക്കരണമാണ് തങ്ങളുടെ സ്റ്റാർട്ടപ്പ്‌  കൊണ്ട് ഉദ്ദേശിക്കുന്നത്.

English Summary : Know HerMoneyTalks, The One Stop Platform for Women Financial Freedom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com