ADVERTISEMENT

കാഴ്ച, കേൾവി, സംസാര ശേഷി, ശാരീരിക പ്രശ്നങ്ങൾ, ബുദ്ധി (ഐ ക്യു) എന്നിവയിൽ വെല്ലുവിളി നേരിടുന്നവരുടെ സാമൂഹിക ജീവിതത്തിൽ  അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഐക്യരാഷ്ട്ര സഭ ഡിസംബർ 3 രാജ്യാന്തര ഭിന്നശേഷി ദിനം ആയി ആചരിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്ന സ്റ്റാർട്ടപ്പ്‌ സംരംഭമായ ഓട്ടി-കെയറിന്റെ (Auti-care) പ്രവർത്തനങ്ങൾ ഈ ദിനത്തിൽ ശ്രദ്ധ നേടുന്നു. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന എംബ്രയിറ്റ് ഇൻഫോടെക്ക് (Embright infotech) ആണ് പഠന നൈപുണ്യ പരിശീലന പ്ലാറ്റ്‌ഫോമായ  ഓട്ടി-കെയർ തയ്യാറാക്കിയിരിക്കുന്നത്. 2020ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഈ സംരംഭം ഉത്ഘാടനം ചെയ്തത്.

എന്താണ് ഓട്ടി-കെയർ?

ഓട്ടിസമോ, ന്യുറോ സംബന്ധമായ വെല്ലുവിളികളോ നേരിടുന്ന കുട്ടികൾക്ക് നൈപുണ്യ വികസനത്തിനു സഹായിക്കുകയാണ് ഓട്ടി-കെയർ എന്ന തെറാപ്പി മോഡ്യുലിന്റെ  ലക്ഷ്യം. യാഥാർഥ്യത്തെ വെർച്ച്വൽ റിയാലിറ്റിയിലൂടെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. വീടുകളിലും, തെറാപ്പി സെന്ററുകളിലും, വ്യക്തിഗതമായും ഓട്ടിസം ബാധിച്ചവരിൽ സ്വയം പര്യാപ്തത വികസിപ്പിക്കാൻ ഇതിലൂടെ സാധിക്കും എന്ന്  എംബ്രയിറ്റ് ഇൻഫോടെക്ക് പറയുന്നു. ഓട്ടി-കെയർ പ്ലാറ്റ്‌ഫോമിലൂടെ രക്ഷിതാക്കൾക്ക് അവരുടെ കുട്ടിയുടെ ഓരോ പുരോഗതിയും കാണാനാകും. മാത്രമല്ല ഡോക്ടർമാർക്ക് രോഗം നിർണ്ണയിക്കുന്നതിനും തുടർ ചികിത്സയ്ക്കും ഓട്ടി-കെയർ സഹായിക്കും. സ്‌ക്രീനിങ്, വിലയിരുത്തൽ, വികസന ഘട്ടത്തിലുള്ള വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കൽ എന്നിവയെല്ലാം  ഈ പ്ലാറ്റ് ഫോമിലൂടെ സാധിക്കും എന്ന് എംബ്രയിറ്റ് ഇൻഫോടെക്ക് പറയുന്നു.

ഓട്ടി-കെയറിന്റെ പിന്നിലുള്ള ആശയം

autism1

എംബ്രെയിറ്റ് ഇൻഫോടെക് ചീഫ് എക്സിക്യൂട്ടീവ് എ. ആർ. സത്യ നാരായണൻ, ബോബിൻ ചന്ദ്ര. ബി എന്നിവർ ചേർന്നാണ് ഓട്ടി-കെയർ എന്ന സ്റ്റാർട്ട പ്പ്‌ സംരഭം വികസിപ്പിച്ചെടുത്തത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ ഭാഷാവിദഗ്ധയായി സേവനം ചെയ്യുന്ന അമ്മയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സത്യനാരായണൻ ഈ സംരഭത്തിനു തുടക്കം കുറിച്ചത്. സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകരിച്ചതും കേരള സ്റ്റാർട്ടപ്പ് മിഷൻ, മേക്കർ വില്ലേജ്, വെൽടെക് ടിബിഐ, ഐഐഎംകെ ലൈവ്, നാസ്‌കോം, ഐഐടി മാണ്ഡി, ഐഐടി കാൺപൂർ എന്നിവയുടെ പിന്തുണയുള്ളതുമായ എക്സ്ആർ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പാണ് എംബ്രൈറ്റ് ഇൻഫോടെക്. അജിഷ ബി (പ്രൊഡക്റ്റ് മാനേജർ), ടീന ജി എം (ബിഡി മാനേജർ), ജോവാന ജെയിംസ് (ആർ ആൻഡ് ഡി സൈക്കോളജിസ്റ്റ്), അമലു കെ അജിത്, സനു ജോസ് ( ഡവലപ്മെന്റ് ടീം), മനു ബി വി (അക്കൗണ്ട്സ് എക്സിക്യൂട്ടീവ്), ശങ്കരനാരായണൻ എ ആർ (ഇന്നവേഷൻ ഹെഡ്), വിജയ് കൃഷ്ണൻ ആർ (ആർ ആൻഡ് ഡി എഞ്ചിനീയർ) എന്നിവരാണ് ടീം അംഗങ്ങൾ 

ഓട്ടി-കെയർ പരിശീലന രീതി

സ്പർശനത്തിലൂടെയും, ശബ്ദത്തിലൂടെയും പരിശീലനം നൽകുക എന്നതാണ് ഇതിന്റെ രീതി. ഇതിനായി ഹെഡ് സെറ്റ് ഉപയോഗിച്ച് ത്രി ഡി ലോകത്ത് എത്തിക്കുന്നു. രണ്ടാമത്തേത് ബ്ലൂ റൂം എന്നറിയപ്പെടുന്ന കുറച്ചു കൂടി അഡ്വാൻസ്ഡ് ആയ പരിശീലന രീതിയാണ്. virtual reality ആണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. പൂന്തോട്ടമോ, ഷോപ്പിങ് മാളോ ഭിത്തിയിൽ ഒരുക്കുന്നു.ഇങ്ങനെ ഒരുക്കുന്ന ഏത് ദൃശ്യവും കുട്ടികൾക്കു സ്പർശിക്കാൻ  സാധിക്കും. ഇങ്ങനെ അവരുടെ നൈപുണ്യ വികസനം സാധ്യമാകുന്നു എന്ന് എംബ്രയിറ്റ് ഇൻഫോടെക് പറയുന്നു.

ഓട്ടി-കെയറിന് ലഭിച്ച നേട്ടങ്ങൾ 

ഏറ്റവും ഉയർന്ന ഇന്നൊവേഷൻ ഗ്രാന്റ് ജേതാവ് BIRAC BIG15, നിധി പ്രയാസ്, ജാൻകെയർ ചലഞ്ച്, മികച്ച അസിസ്റ്റീവ് ടെക്നോളജി അവാർഡ്, 2020 ലെ  മികച്ച സ്റ്റാർട്ടപ്പിനുള്ള TMA അദാനി അവാർഡ്, ദുബായ് ഓട്ടി-കെയർ ലോഞ്ച്, GITEX ദുബായ്, യു എസിലെ  ഓട്ടി-കെയർ പ്രദർശനം എന്നിവ നേട്ടങ്ങളാണ്.

പരിശീലന കേന്ദ്രങ്ങളിൽ എത്തി ഓട്ടി കെയർ ഇൻസ്റ്റാൾ ചെയ്തു കൊടുക്കുകയാണ് നിലവിലെ രീതി. ഡെമോയും ബോധവൽക്കരണ ക്ലാസുകളും ആദ്യ ഘട്ടത്തിൽ നൽകി വരുന്നു. embright infotech.com ലൂടെയോ, www.auticare.com വഴിയോ ഈ സ്ഥാപനത്തെ ബന്ധപ്പെടാവുന്നതാണ്.

English Summary : Auti Care, A Startup for the Upliftment of Autism Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com