ഫെമിസേഫ് :ആർത്തവ ശുചിത്വത്തിൽ സ്ത്രീകൾക്കൊപ്പം ഒരു ചുവട് മുന്നോട്ട്

Mail This Article
ആർത്തവ കാലത്ത് സ്ത്രീകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് സാനിറ്ററി പാഡുകൾ. എന്നാൽ ഉപയോഗ ശേഷമുള്ള ഇവയുടെ നിർമാർജനം വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ചും നഗര പ്രദേശങ്ങളിൽ. ഇത്തരത്തിൽ ഒരു സാഹചര്യത്തിലൂടെ കടന്നു പോയ കോഴിക്കോട് സ്വദേശിനി നൗറിൻ ആയിഷയ്ക്കും ഭർത്താവ് നസീഫ് നാസറിനും തോന്നിയ ആശയമാണ് ഹെമി സേഫ് എന്ന സംരംഭം. സ്ത്രീകൾക്ക് ആവശ്യമായ ഹൈജീൻ – പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ ആണ് ഫെമിസേഫ് (Femi safe)വിപണിയിൽ എത്തിക്കുന്നത്. Menstrual Cup ആണ് ഫെമിസേഫിന്റെ ഒരു പ്രധാന ഉൽപ്പന്നം. നിലവിൽ സ്ത്രീകളുടെ ഒരു ഇഷ്ട ബ്രാൻഡ് ആയി ഫെമിസേഫ് വളർന്നു കഴിഞ്ഞു.
തുടക്കം
പൊതുവെ ആർത്തവത്തേക്കുറിച്ചും, ലൈംഗീകാരോഗ്യത്തെ കുറിച്ചുമൊക്കെ സംസാരിക്കാൻ വിമുഖത കാണിക്കുന്ന കേരളത്തിൽ ഇത്തരം ഒരു സംരഭത്തിന്റെ തുടക്കം വളരെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. 2020 ൽ വിവാഹ നിശ്ചയം കഴിഞ്ഞ സമയത്താണ് നൗറിനും ഭർത്താവ് നസീഫും ചേർന്ന് ഇതൊരു സംരംഭം ആക്കി മാറ്റാൻ തീരുമാനിച്ചത്. കോഴിക്കോട് സ്വദേശി ആയ നൗറീൻ മഹീന്ദ്രയിൽ എച്ച് ആർ മാനേജരായും ഭർത്താവ് നസീഫ് നാസർ സോഫ്റ്റ്‌വെയർ എൻജിനീയറായും ജോലി നോക്കി വരുന്ന സമയത്താണ് തികച്ചും വ്യത്യസ്തമായ മേഖലയിലേക്ക് എത്തുന്നത്. ശുചീകരണ തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ട്, കൂടാതെ കോവിഡ് ലോക് ഡൗൺ സമയത്ത് സാനിട്ടറി പാഡുകൾ നശിപ്പിച്ചു കളയാനുള്ള പലരുടെയും വെല്ലുവിളി എന്നിവ മനസിലാക്കിയ നൗറിൻ സാനിട്ടറി പാഡിൽ നിന്നും മെൻസ്‌ട്രുൽ കപ്പിലേക്ക് സ്ത്രീകൾ മാറേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. വർഷങ്ങളായി കപ്പ് ഉപയോഗിക്കുന്ന നൗറിന് ഇതിൽ ബോധവൽക്കരണം നടത്താൻ സാധിക്കും എന്ന് പറഞ്ഞത് ഭർത്താവ് ആയിരുന്നു. അങ്ങനെ Menstrual Cupനെ പറ്റി ആളുകൾക്കിടയിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തിൽ പല പഠനങ്ങളും നടത്തി. തുടർന്നാണ് 2020 ൽ ഫെമിസേഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിക്കുന്നത്.കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ അംഗീകാരത്തോടെ കൊച്ചി കലൂരിൽ ആണ് നിലവിൽ സ്ഥാപനം പ്രവർത്തിക്കുന്നത്.
ഹെമി സേഫ്ന്റെ ഉത്പന്നങ്ങൾ

ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ ആണ് പ്രധാനമായും ഹെമി സേഫിന്റേത്. 100% മെഡിക്കൽ ഗ്രേഡ് സിലിക്കോൺ ഉപയോഗിച്ച് നിർമ്മിച്ച മെൻസ്ട്രുൽ കപ്പ് ആയിരുന്നു ആദ്യത്തെ പ്രൊഡക്ട്. നിലവിൽ ഇത് കൂടാതെ സ്ത്രീകൾക്ക് ആവശ്യമായ വിവിധ ഹൈജീൻ ഉൽപ്പന്നങ്ങൾ, പേഴ്സണൽ കെയർ ഉൽപ്പനങ്ങൾ എന്നിവ ഫെമിസേഫ് വിപണിയിൽ എത്തിക്കുന്നു. അതിൽ പ്രധാനം മെൻസ്ട്രൽ കപ്പ് സ്റ്റെറിലൈസറുകൾ, ഫേസ് റേസറുകൾ, ബോഡി റേസറുകൾ, കറ്റാർവാഴ ജെൽ, ഹെർബൽ ഇന്റിമേറ്റ് വാഷ് എന്നിവയാണ്. കൂടാതെ, മെൻസ്ട്രൽ കപ്പ് അണുവിമുക്തമാക്കുന്നതിന് ഇലക്‌ട്രിക്കൽ അല്ലാത്ത താങ്ങാനാവുന്ന സ്റ്റെറിലൈസർ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് ഫെമിസേഫ് ആണ്. ലൈംഗിക ആരോഗ്യത്തെക്കുറിച്ചും ആർത്തവ കപ്പുമായി ബന്ധപ്പെട്ട സംശയങ്ങളുമായും ബന്ധപ്പെട്ട് സ്കൂൾ, കോളേജ് തലങ്ങളിൽ ഹെമി സേഫ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പേജ് വഴി ആളുകൾ സംസാരിക്കാൻ മടിക്കുന്ന ഈ കാര്യങ്ങളെക്കുറിച്ചെല്ലാം ഫെമിസേഫ് സംസാരിക്കുന്നു. കപ്പ് ഓഫ് ലൈഫ് ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമാകാനും ഹെമി സേഫിന് കഴിഞ്ഞു. ടൈ കേരളയുടെ (TiE Kerala) ഈ വർഷത്തെ സോഷ്യൽ ഇംപാക്ടർ (social impactor) പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
വിതരണം
ഹെമി സേഫിന്റെ വെബ്‌സൈറ്റിൽ ആക്‌സസ് ചെയ്യുന്നതിനു പുറമേ, കമ്പനിയുടെ ഉൽപ്പന്നങ്ങൾ ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ, സ്‌നാപ്ഡീൽ, എന്നിവയിൽ ലഭ്യമാണ്. കഴിഞ്ഞ രണ്ട് മാസമായി കൊച്ചിയിൽ റീറ്റെയിൽ വിപണനം ആരംഭിച്ചിട്ടുണ്ട്.
English Summary : Femisafe Products for Women Hygiene